Image

വധ ഭീഷണി: പ്രധാനമന്ത്രിക്ക് അതീവ സുരക്ഷ

Published on 29 July, 2016
വധ ഭീഷണി: പ്രധാനമന്ത്രിക്ക് അതീവ സുരക്ഷ
ന്യൂഡല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സുരക്ഷാ ഏജന്‍സികള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതുപോലുള്ള ഭീഷണികളല്ല ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്‍ ആയിരിക്കണം എന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശം. ഇക്കാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു. എന്നാല്‍ ഇത്തവണ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി തള്ളിക്കളയില്ലെന്നാണ് വിലയിരുത്തല്‍. മുന്നറിയിപ്പ് സ്വീകരിച്ചാല്‍ ഇതാദ്യമായിട്ടാകും അദ്ദേഹം ഇത്രയും കനത്ത സുരക്ഷാവലയത്തിനുള്ളില്‍ നില്‍ക്കുന്നത്.

കശ്മീരില്‍ അടുത്തിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളും ഭാരതത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഐസിസ് ഭീഷണിയും സുരക്ഷാ ഏജന്‍സികളെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിവിധ ഭീകര സംഘടനകള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം ചോര്‍ത്തിയ സുരക്ഷാ ഏജന്‍സികളാണ് പ്രധാനമന്ത്രിയ്ക്ക് നേരെ വധ ശ്രമം ഉണ്ടായേക്കാം എന്നത് സംബന്ധിച്ച സൂചന നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്‌റ്റേറ്റിന് പുറമേ ലഷ്‌ക്കര്‍ ഇത്വയ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്‌ളാമി എന്നിവയെല്ലാം മോദിയെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.

അല്‍ ക്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും സൈന്യത്തെയൂം പോലീസിനെയും ലക്ഷ്യമിട്ടേക്കാനുള്ള സാധ്യത നേരത്തേ തന്നെ വിവരം നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ഐബി, അര്‍ദ്ധസൈനിക വിഭാഗം, ദല്‍ഹി പോലീസ് തുടങ്ങി റെഡ്‌ഫോര്‍ട്ടിന് മാത്രം 5000 പേര്‍ സുരക്ഷാ ജോലിയില്‍ ഉണ്ടാകും. ഇതിനൊപ്പം ഡ്രോണ്‍ ആക്രമണം തടയാനുള്ള നിരീക്ഷണങ്ങളും ഉണ്ടാകുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക