Image

സര്‍ക്കാര്‍ പ്ലീഡര്‍ വഴിയാത്രക്കാരിയെ കടന്നു പിടിച്ചെന്ന് ദൃക്‌സാക്ഷി

Published on 29 July, 2016
സര്‍ക്കാര്‍ പ്ലീഡര്‍ വഴിയാത്രക്കാരിയെ കടന്നു പിടിച്ചെന്ന് ദൃക്‌സാക്ഷി
കൊച്ചി: ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പിടിച്ചെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. സംഭവത്തിന് സാക്ഷിയായ ഒരു ഹോട്ടലുടമ അടക്കമുള്ളവരാണ്  പോലിസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എറണാകുളം കോണ്‍വെന്റ് ജങ്ഷനു സമീപം വച്ചാണ് ധനേഷ് യുവതിയെ കയറിപ്പിടിച്ചതെന്ന് ഹോട്ടല്‍ നടത്തുന്ന പാലാരിവട്ടം സ്വദേശി ഷാജി ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുവതിയെ ഉപദ്രവിച്ച ധനേഷ് സര്‍ക്കാര്‍ അഭിഭാഷകനാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷാജി പറഞ്ഞു. സുഹൃത്തിനൊപ്പം പച്ചക്കറി വാങ്ങാന്‍ എറണാകുളം മാര്‍ക്കറ്റിലേക്ക് പോവുന്നതിനിടെയാണ് ധനേഷ് യുവതിയെ കയറിപ്പിടിക്കുന്നത് കണ്ടത്. യുവതി നിലവിളിച്ചതോടെ ധനേഷ് അടുത്തുള്ള ഷോപ്പിങ് മാളിലേക്ക് ഓടി ഇതു കണ്ട് ഏതാനും പേര്‍ ഇയാളുടെ പിറകെ ചെന്ന് പിടികൂടി. സ്ഥലത്തെത്തിയ പോലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

പിറ്റേന്നാണ് ധനേഷ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനാണെന്ന വിവരം അറിയുന്നത്. യുവതിയെ പരിചയമില്ലായിരുന്നുവെന്നും ഷാജി പറഞ്ഞു. പരസ്യമാനഭംഗശ്രമത്തിനിരയായ വൈപ്പിന്‍ സ്വദേശിനിയായ യുവതിയടക്കം ഇരുപത്തിയഞ്ചോളം പേരുടെ മൊഴികള്‍ ഇതുവരെ  രേഖപ്പെടുത്തിയതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവസാന ഘട്ടത്തിലാവും ധനേഷ് മാഞ്ഞൂരാന്റെ മൊഴി രേഖപ്പെടുത്തുക. യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ മാഞ്ഞൂരാന്റെ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. മകന്‍ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചുകൊണ്ടും ക്ഷമചോദിച്ചുകൊണ്ടും ധനേഷ് മാഞ്ഞൂരാന്റെ പിതാവ് ഒപ്പിട്ട് യുവതിക്ക് നല്‍കിയ കത്തിന്റെയും മൊഴി മാറ്റിക്കാന്‍ പ്രതിഭാഗം നടത്തിയ ശ്രമങ്ങളെക്കുറിച്ച് യുവതി നല്‍കിയ മൊഴികളുടെയും വിശ്വാസ്യത അന്വേഷണ സംഘം പരിശോധിക്കും.

ആരോപണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടിയിലേക്ക് പോലിസ് നീങ്ങുമെന്നും സൂചനകളുണ്ട്. അഭിഭാഷകന്‍ യുവതിയെ കയറിപ്പിടിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നു. ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ തിരിയാന്‍ തുടങ്ങിയത്.

തുടര്‍ന്ന് ഇവര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചുപൂട്ടുകയും ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍വരെ എത്തി നില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക