Image

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതുമുന്നണിക്ക് മികച്ച വിജയം

Published on 29 July, 2016
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതുമുന്നണിക്ക് മികച്ച വിജയം
തിരുവന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. അഞ്ചിടത്ത് യു.ഡി.എഫിന് വിജയിക്കാനായപ്പോള്‍ രണ്ടിടത്തെ അട്ടിമറിവിജയമടക്കം മൂന്നിടത്ത് ബി.ജെ.പി വിജയിച്ചു. ഉദുമ ഡിവിഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

തിരുവന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ 35 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആശാനാഥ് വിജയിച്ച് സീറ്റ് നിലനിര്‍ത്തി. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. തൃപ്പൂണിത്തുറ നഗരസഭയിലെ 39ാം വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്റെ ശബരിഗിരീശനാണ് 94 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാര്‍ഡ് തിരിച്ചുപിടിച്ചത്.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഈസ്റ്റ് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ ഭാസ്‌കരന്‍ 98 വോട്ടിന് വിജയിച്ച് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിത 151 വോട്ട് നേടി വിജയിച്ചു. വെട്ടൂര്‍ പഞ്ചായത്തിലെ അരക്കവിള വാര്‍ഡിലും എല്‍ഡിഎഫിനാണ് വിജയം. 71 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ റീനയാണ് ഇവിടെ വിജയിച്ചത്.

എന്നാല്‍ ചേര്‍ത്തല നഗരസഭയിലെ സിവില്‍സ്‌റ്റേഷന്‍ വാര്‍ഡില്‍ വിജയിച്ച് ബിജെപി നഗരസഭയില്‍ അക്കൗണ്ട് തുറന്നു. ബിജെപി സ്ഥാനാര്‍ത്ഥി ജ്യോതിഷ് ആണ് 134 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചത്. തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് എല്‍ഡിഎഫിന്റെ കെഎ ഹൈദ്രോസ് 98 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനാശാല വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി രാമകൃഷ്ണന്‍ 385 വോട്ടിന് വിജയിച്ച് സീറ്റ് നിലനിര്‍ത്തി.

കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ എല്‍.ഡി.എഫിലെ രമ 505 വോട്ടിന് വിജയിച്ചു. ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് സിറ്റിങ് മെമ്പര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് വാര്‍ഡില്‍ എല്‍ഡിഎഫിലെ തോമസ് ലൂക്കോസ് 235 വോട്ടിന് വിജയിച്ചു. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒകെഎം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക