Image

നമ്മളൊരേ...(കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 27 July, 2016
നമ്മളൊരേ...(കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ചിരകാലമായി നാം കേള്‍ക്കുന്നിവര്‍ക്കുമേല്‍*
ചാര്‍ത്തുവാറുളളപേര്‍­"കളളപ്പരിശകള്‍"
സൃഷ്ടിച്ചിടുന്നു തെ,റ്റാരുചെയ്തീടിലും;
കരിവാക്കുകള്‍ക്കൊണ്ടിടയ്‌കേറെ വാര്‍ത്തകള്‍!
മുറിയുന്നിതോരോ മനവുമെന്നോര്‍ക്കാതെ
വെറുതെയിന്നിവരെപ്പഴിക്കുന്നുറക്കെനാം
എന്തിനീ പാവങ്ങളെ നാം വെറുക്കണം;
പകലോന്റെ ചൂടിനൊപ്പം നാം ജ്വലിക്കണം?

അദ്ധ്വാനശീലരായോരിവര്‍ ധരയിതിന്‍
വൃദ്ധിയ്ക്കുണര്‍വ്വേകിടാന്‍ ശ്രമിക്കുന്നവര്‍
കൂരകളില്‍നിന്നുണര്‍ന്നുണര്‍ന്നൊരുപോലെ
യാശാചെരാതും തെളിച്ചണഞ്ഞീടുവോര്‍
"സോദരരാണുനാം ഭാരതീയര്‍”­സദാ
വേദമോതുന്നപോലോതുന്നു കാതിലായ്
പാതിമാത്രം തുറന്നീടുന്ന മനസ്സിനാല്‍
പാടേ മറന്നതും പതിവുപോല്‍ ഝടിതിനാം.

പെരിയകാര്യങ്ങള്‍ക്കടിത്തറപാകുവോര്‍­
ക്കെതിരെയിന്നെന്തിന്നിടുങ്ങുന്ന പാതകള്‍
ചിരകാല വൈരികള്‍പോലിവര്‍ക്കെന്തിനായ്
തീര്‍ക്കുന്നകമെയീ, കൂര്‍ത്തമുള്‍വേലികള്‍?
മണ്ണിന്റെ മക്കളായ് തന്‍ കര്‍മ്മചിന്തകള്‍
നിര്‍ണ്ണയം വെട്ടിത്തെളിക്കുന്നവര്‍ക്കുമേല്‍
കാട്ടേണ്ടതില്ലിന്നയിത്തമീ മണ്ണിലും;
വര്‍ണ്ണാഭമാകട്ടെയിന്നവര്‍ക്കുളളിലും!!

കാണ്‍മതെല്ലാം കരട്മാത്രമാണെന്നപോ­
ലഭിമാന മലയാളമേ,യിന്നിവര്‍ക്കഴല്‍­
ചാര്‍ത്തരുത്; ചില കളളനാണയങ്ങള്‍ക്കുമേ­
ലൊരുകണ്ണുവേണ്ടതാണെങ്കിലും­മേലിലും.
തൃണതുല്യമാക്കിനാ,മിതരര്‍ക്കൊരിക്കലും
വ്രണിതഹൃത്തേകിയിട്ടില്ലെന്ന പൈതൃകം
അകമേയുണര്‍ത്തേണ്ടതാണെന്നുമീവിധം
ഹൃദ്യമായ് നല്‍കാമിവര്‍ക്കുദയ സുസ്മിതം!!
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
*കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാ­ളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക