Image

ദിവ്യബലിക്കിടെ മാര്‍പാപ്പ കാല്‍തെറ്റി വീണു

Published on 28 July, 2016
ദിവ്യബലിക്കിടെ മാര്‍പാപ്പ കാല്‍തെറ്റി വീണു

  ക്രാക്കോവ്: പോളണ്ടിലെ ജാസ്‌ന ഗോറ ആശ്രമത്തില്‍ ദിവ്യബലിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ കാല്‍തെറ്റി വീണു. തെക്കന്‍ നഗരമായ ചെസ്റ്റോകോവയിലാണു ജാസ്‌ന ഗോറ ആശ്രമം. ദിവ്യബലി അര്‍പ്പിക്കാന്‍ സഹകാര്‍മികര്‍ക്കൊപ്പം വേദിയിലേക്കു വരുമ്പോള്‍ മാര്‍പാപ്പ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നു വൈദികര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വീഴ്ചയില്‍ പരിക്കൊന്നും ഏറ്റില്ല. ബലിവേദിയില്‍ എത്തി ദിവ്യബലി അര്‍പ്പിച്ച മാര്‍പാപ്പ വിശ്വാസികള്‍ക്കു സന്ദേശവും നല്‍കി. 

ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയത്. മാര്‍പാപ്പ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും വിശുദ്ധ ഫൗസ്റ്റിനായുടെയും തീര്‍ഥാടന കേന്ദ്രങ്ങളും പോളണ്ടിലെ നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, ഞായറാഴ്ച വത്തിക്കാനിലേക്കു മടങ്ങും. 

ക്രാക്കോവിലെ ബൊളോണിയ പാര്‍ക്കില്‍ ദിവ്യബലിയോടെയാണു കഴിഞ്ഞദിവസം യുവജനസമ്മേളനം ആരംഭിച്ചത്. 400 കേന്ദ്രങ്ങളിലായി 12 ഭാഷകളിലാണ് മതബോധന പരിപാടികള്‍ നടക്കുന്നത്. കലാപരിപാടികളില്‍ ഇന്ത്യയില്‍നിന്നുള്ള ജീസസ് യൂത്ത് ഒരുക്കുന്ന റെക്‌സ് ബാന്‍ഡും ഐസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ കല്യാണ്‍ രൂപത ഒരുക്കുന്ന കലാവിരുന്നും ഉള്‍പ്പെടുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക