Image

ഫാ. ജോസഫ് സ്രാമ്പിക്കല്‍ ബ്രിട്ടനിലെ പ്രഥമ ബിഷപ്, സ്റ്റീഫന്‍ ചിറപ്പണത്ത് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍

Published on 28 July, 2016
ഫാ. ജോസഫ് സ്രാമ്പിക്കല്‍ ബ്രിട്ടനിലെ പ്രഥമ ബിഷപ്, സ്റ്റീഫന്‍ ചിറപ്പണത്ത് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍
കാക്കനാട്: സിറോ മലബാര്‍ സഭയ്ക്കു ബ്രിട്ടണ്‍ ആസ്ഥാനമായി പുതിയ രൂപതയും യൂറോപ്യന്‍ രാജ്യങ്ങളിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി അപ്പസ്‌തോലിക് വിസിറ്റേറ്ററെയും പ്രഖ്യാപിച്ചു. ബ്രിട്ടണിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി രൂപീകരിച്ച രൂപതയുടെ പ്രഥമ മെത്രാനായി പാലാ രൂപതാംഗം ഫാ. ജോസഫ് സ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാഗം മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും നിയമിച്ചു.

മാര്‍പ്പാപ്പയുടെ നിയമന ഉത്തരവു വത്തിക്കാനിലും സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസിലും, പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലും ഒരേ സമയം വായിച്ചു.

നിയുക്ത ബിഷപ്പുമാരെ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. ഇവരുടെ സ്ഥാനാരോഹണ തീയതിയും സ്ഥലവും പിന്നീടു തീരുമാനിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഉരുളികുന്നം ഇടവകാംഗമായ ഫാ. ജോസഫ് സ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. മൂന്നു വര്‍ഷമായി ഇംഗ്ലണ്ടില്‍ സിറോമലബാര്‍ വിശ്വാസികളുടെ ശുശ്രൂഷാ കാര്യങ്ങളില്‍ സഹായിച്ചു വരികയായിരുന്നു. കാരുണ്യ വര്‍ഷത്തില്‍ മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തോളം വരുന്ന കരുണയുടെ പ്രേഷിതരില്‍ ഒരാളാണ്.

ഇരിങ്ങാലക്കുട പുത്തന്‍ചിറ ഇടവക കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോള്‍– റോസി ദമ്പതികളുടെ മകനാണ് മോണ്‍. സ്റ്റീഫന്‍ ചിറപ്പണം. അഞ്ചു വര്‍ഷമായി റോമില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രൊക്യുറേറ്ററായും റോമാ രൂപതയിലെ സഭാ വിശ്വാസികളുടെ വികാരിയായും ഇറ്റലിയിലെ സിറോ മലബാര്‍ വിശ്വാസികളുടെ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക