Image

മഹാശ്വേതാദേവി അന്തരിച്ചു

Published on 28 July, 2016
മഹാശ്വേതാദേവി അന്തരിച്ചു
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. 

വ്യാഴാഴ്ച ശെവകീട്ട് മുന്നരയോടെയാണ് അന്ത്യം. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ രണ്ടുമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. 


ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ചൂഷിതവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു മഹാശ്വേതാ ദേവി.

 1926 ല്‍ ധാക്കയിലായിരുന്നു ജനനം. പ്രശസ്തനായ കവിയും നോവലിസ്റ്റുമായ മനീഷ് ഘട്ടക്കിന്റെ പുത്രിയാണ്. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. 

പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്. 

സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി  പശ്ചിമബംഗാളിലേക്ക് കുടിയേറി.

 ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 

 

 1969 ല്‍ ബിജോയ്ഗര്‍ കോളജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോയി. 

പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.

 ഹസാര്‍ ചൗരാസി കി മാ, അരണ്യേര്‍ അധികാര്‍, തിത്തു മിര്‍, അഗ്‌നിഗര്‍ഭ, ദ്രൗപദി, രുധാലി തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്.

ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ തന്റെ രചനകള്‍ക്കു പ്രമേയമാക്കി. 


മഹാശ്വേതാ ദേവിയുടെ രുദാലി എന്ന ചെറുകഥ 1993 ല്‍ സിനിമയായി. ഹിന്ദിയില്‍ കല്‍പ്പനാ ലജ്മി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയിലും അവര്‍ സഹകരിച്ചു.

1956 ല്‍ പുറത്തുവന്ന ഝാന്‍സി റാണിയാണ് ആദ്യ കൃതി. പ്രധാന കൃതികള്‍. പരുഭാഷകളിലൂടെ മലയാള വായനക്കാര്‍ക്കും  പരിചിതയാണ് മഹാശ്വേതാദേവി.

1979ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 'ആരണ്യേര്‍ അധികാറിന്' ലഭിച്ചു.1986ല്‍ പത്മശ്രീയും 1996ല്‍ ജ്ഞാനപീഠവും ലഭിച്ചു. 2006ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചു. 1997ല്‍ മാഗ്‌സസെ അവാര്‍ഡും ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക