Image

മുന്‍ ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ കോട്ടണ്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍

Published on 28 July, 2016
 മുന്‍ ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ കോട്ടണ്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍

മുന്‍ ലൂസിയാന ഗവര്‍ണറും 2016 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുന്‍ സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാലിനെ തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തതായി ടെക്‌സസ് ആസ്ഥാനമായുള്ള കോട്ടണ്‍ ഹോള്‍ഡിംഗ്‌സ് അറിയിച്ചു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തില്‍ നിന്നും ഇടയ്ക്ക് വച്ച് പിന്‍മാറിയത് ജിന്‍ഡാലിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ചിരുന്നു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന ആദ്യ ഇന്ത്യന്‍വംശജനായിരുന്നു ജിന്‍ഡാല്‍. 

നിരവധി വര്‍ഷങ്ങളായി ബോബി ജിന്‍ഡാലിനെ അറിയുന്നതിനാലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ളതിനാലും അദ്ദേഹത്തെ തങ്ങളുടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് കോട്ടണ്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ പീറ്റ് ബെല്‍ അറിയിച്ചു. 

അമേരിക്കയിലും അന്താരാഷ്ട്രതലത്തിലും ബിസിനസുകളുള്ള തങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം ജിന്‍ഡാലിനെ പോലെ വൈദഗ്ധ്യവും ഗവണ്‍മെന്റ് തലത്തില്‍ ആഴത്തിലുള്ള പരിചയവും കമേര്‍ഷ്യല്‍ അനുഭവസമ്പത്തുമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം കമ്പനിയുടെ മൂല്യമേറ്റുമെന്നും തങ്ങളുടെ ഷെയര്‍ഹോള്‍ഡേഴ്‌സിന് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പഞ്ചാബ് സ്വദേശികളായ രാജ് ജിന്‍ഡാല്‍ - അമര്‍ ജിന്‍ഡാല്‍ ദമ്പതിമാരുടെ മകനായ ബോബി ജിന്‍ഡാല്‍ 2007 ലാണ് ആദ്യമായി ലൂസിയാന ഗവര്‍ണറായത്.

 അന്ന് 36 വയസ്സ് പ്രായമുണ്ടായിരുന്ന ജിന്‍ഡാല്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍, ആദ്യ ഇന്‍ഡോ -അമേരിക്കന്‍ ഗവര്‍ണര്‍ എന്നീ വിശേഷണങ്ങള്‍ക്കര്‍ഹനായിരുന്നു. 

താനൊരു ഇന്തോ-അമേരിക്കനല്ലെന്നും അമേരിക്കനാണെന്നും ജിന്‍ഡാല്‍ നടത്തിയ പ്രസ്താവന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ജിന്‍ഡാലിന്റെ ജനപ്രീതി കുറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക