Image

കര്‍മശേഷിയും കരുത്തുറ്റ നേതൃത്വവുമായി ജോയി കുറ്റിയാനി

ജോര്‍ജ് തുമ്പയില്‍ Published on 27 July, 2016
കര്‍മശേഷിയും കരുത്തുറ്റ നേതൃത്വവുമായി ജോയി കുറ്റിയാനി
മയാമി ഫോമ കണ്‍വന്‍ഷന്‍. നെപ്പോളിയന്‍ ബാള്‍ റൂം എന്ന് പേരുള്ള ബാങ്ക്വറ്റ് ഹാളിനു മുന്നില്‍ മുഴുവന്‍  ഫ്‌ളാറ്റ് വില്‍പനക്കാരുടെ ബൂത്തുകള്‍. തിരക്കില്ല. ഹാളിന് ഇടതുവശത്തായി നീണ്ട ഇടനാഴി. സ്വിമ്മിംഗ് പൂളിലേക്ക് പോകാനുള്ള ഒരു വഴിയും ഈ ഇടനാഴിയിലൂടെ. ഡിസൈനര്‍ ചുരിദാറും കുര്‍ത്തിയുമൊക്കെയായി ഒരു ബൂത്ത്. പിന്നെ കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ. അടുത്ത ബൂത്തിന് ഒരു ആഢ്യരൂപം. ഇടതുവശത്ത് അമേരിക്കന്‍ പതാക. വലത് ഫ്‌ളോറിഡ സ്‌ളോവാര്‍ഡ് കൗണ്ടിയുടെ  പതാക. ഇവിടെ കൗണ്ടി കോടതിയില്‍ ഒഴിവുള്ള പത്ത് തസ്തികകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്റര്‍. മേശപ്പുറത്ത് അപേക്ഷാഫോറങ്ങളും വിവരങ്ങള്‍ അടങ്ങിയ നോട്ടിസും. നടുവില്‍ ചിരിച്ച മുഖവുമായി ജോയി കുറ്റിയാനിയും. 

അമേരിക്കന്‍ മലയാളികള്‍ക്ക് കുറ്റിയാനിയെ  അറിയാം, നന്നായി അറിയാം. പലതും കൊണ്ടും. കര്‍മ രംഗത്ത് മാത്രമല്ല സേവനരംഗത്തും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയാണ് കുറ്റിയാനി. അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല കേരളത്തിലെ മലയാളികള്‍ക്കും കുറ്റിയാനി സുപരിചിതന്‍. അത് മയാമി ഫോമ കണ്‍വന്‍ഷന്റെ  നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയതുകൊണ്ടല്ല. ഒട്ടനവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെ പേരുടെ മനസില്‍ ഇടം പിടിച്ചതുകൊണ്ടാണ്. 
പരിചയസമ്പത്തും പ്രവര്‍ത്തനമികവും ഇടകലര്‍ന്ന വ്യക്തിത്വമികവിനുള്ള അംഗീകാരമെന്നോണം ഫ്‌ളോറിഡയിലെ പ്രശസ്ത കെയ്‌സര്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാഡമിക് അഡൈ്വസ്‌മെന്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദാരവുമായാണ് കുറ്റിയാനി മറ്റൊരു പ്രത്യേക ദൗത്യവുമായി ഈ ബൂത്തിന്റെ നാഥനായിരിക്കുന്നത്. 

ബ്രോവാര്‍ഡ് കൗണ്ടി ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ ഭാഗമായ ബ്രോവാര്‍ഡ് കൗണ്ടി ക്ലാര്‍ക്ക് ഓഫ് കോര്‍ട്ടില്‍ ഉള്ള 10  ഒഴിവുകളിലേക്ക് പറ്റുമെങ്കില്‍ മലയാളികള്‍ക്ക് അവസരമൊരുക്കുക! അതിനായി ഹ്യുമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എംപ്ലോയീ ട്രെയിനിംഗ് കോഓര്‍ഡിനേറ്ററായുള്ള പദവി മലയാളികള്‍ക്കായി വിനിയോഗിക്കുക. ആയിരം ജോലിക്കാരാണ് ഈ കോടതിയില്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ മൂന്ന് മലയാളികളേ ഉള്ളൂ. നിരവധി ജോലി സാധ്യതകളാണ് നിലവിലുള്ളത്. ഏതെങ്കിലും ഒരു തസ്തികയില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞാല്‍ (ഒരു വര്‍ഷത്തിനകം തന്നെ) പ്രൊമോഷനും ശമ്പളവര്‍ധനവിനും ഉള്ള അവസരങ്ങള്‍ ഏറെ. ഈ അവസരങ്ങള്‍  മലയാളികളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റിയാനി  ഈ ബൂത്ത് എടുത്തിരിക്കുന്നതും. കുറേപ്പേര്‍ വന്ന് അപേക്ഷാഫോറവും മറ്റും എടുത്തുകൊണ്ട് പോയിയെന്ന് കുറ്റിയാനി പറഞ്ഞു. വിവരങ്ങള്‍ക്കായി www.browardclark.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആഗസ്റ്റ് 11 ന് ശേഷം കുറ്റിയാനിയെ നേരിട്ട് ബന്ധപ്പെടുകയും ചെയ്യാം. :- (954)-708 -6614.

പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മികവുറ്റ സംഘാടകനെന്ന നിലയില്‍ കഴിവ് തെളിയിച്ച്  ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയാണ് ജോയി കുറ്റിയാനി. ഫോമയുടെ 2016 മയാമി കണ്‍വെന്‍ഷന്റെ നാഷണല്‍ കോഓര്‍ഡിനേറ്ററായി കഴിവ് തെളിയിച്ച ജോയി കുറ്റിയാനിക്ക്   വിവിധ അസോസിയേഷനുകളുമായി ബന്ധപ്പെട്ട്  പദ്ധതികളും, പരിപാടികളുമേറെ വിജയകരമായി നടപ്പാക്കിയ ചരിത്രമുണ്ട്. 
കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായിരുന്ന 2012 കാലഘട്ടത്തില്‍  ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയെ ഒരുമിച്ചു ചേര്‍ത്ത് ഡേവി നഗരസഭയുടെ ഫാല്‍ക്കണ്‍ ലീയാ പാര്‍ക്കില്‍ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്മാരകം  നിര്‍മിക്കുന്നതിനു നേതൃത്വം നല്‍കി. 

 മുന്‍  ഇന്ത്യന്‍ പ്രസിഡന്റ്  ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഉദ്ഘാടനം നിര്‍വ്വഹിച്ച് രാഷ്ട്രത്തിനു സമര്‍പ്പിച്ച ഈ സ്വപ്ന പദ്ധതിക്കുവേണ്ടി ഇന്ത്യന്‍-അമേരിക്കന്‍ സമൂഹങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ ജോയി കുറ്റിയാനി നടത്തിയ കഠിനപ്രയത്‌നം പ്രശംസനീയമാണ്.
 ഡേവി സിറ്റി മേയറുമായി തനിക്കുള്ള ബന്ധങ്ങള്‍ ഇദ്ദേഹം  പ്രയോജനപ്പെടുത്തിയതിലൂടെ, ഈ സ്വപ്നപദ്ധതിക്കുവേണ്ടി മേയര്‍ സ്ഥലം ദാനമായി നല്‍കി. പദ്ധതിക്ക് ഫണ്ട് സമാഹരിക്കാനും ജോയി കുറ്റിയാനി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെയും ചരിത്രത്തെയും വിളിച്ചോതും വിധം ഫാല്‍കന്‍ ലീ പാര്‍ക്കില്‍  തലയുയര്‍ത്തി നില്‍ക്കുന്ന ഗാന്ധി പ്രതിമ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പകര്‍ന്നേകുന്നത് ഇന്ത്യന്‍ സമൂഹത്തിന് തന്നെ അഭിമാനകരമായ വസ്തുതയാണ്.  വളരെ പരിമിതമായ കാലയളവിനുള്ളില്‍  സമയവും പണവും നിര്‍മാണസഹായവും നല്‍കി   ഈ വന്‍ പദ്ധതിക്കായി ആളുകളെ ഒരുമിച്ച് ചേര്‍ക്കുവാനായത് ഇദ്ദേഹത്തിന്റെ നേതൃപാടവം വിളിച്ചോതുന്നു.

ആ വര്‍ഷം തന്നെ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പെംബ്രൂക്ക് നഗരസഭയുടെ 52-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയ്ക്കുവേണ്ടി മൂന്ന് ദിവസം നീളുന്ന ഇന്ത്യന്‍-അമേരിക്കന്‍ ഫെസ്റ്റ് 'കാര്‍ണിവല്‍' നടത്തി ആയിരക്കണക്കിന് അമേരിക്കന്‍ സമൂഹത്തിന് ഇന്ത്യന്‍ തനതു കലകളുടെ സ്‌റ്റേജ് ഷോയും, ഫുഡ്‌ഫെസ്റ്റും ആസ്വദിക്കാന്‍ അവസരമൊരുക്കി. ഇന്ത്യന്‍ സംസ്‌കാരത്തെയും കലകളെയും ഇന്ത്യന്‍ പാരമ്പര്യത്തെയും രുചികളെയും അമേരിക്കന്‍ സമൂഹത്തിന് പരിചയപ്പെടുത്താന്‍ അവസരമേകിയ ഈ ഫെസ്റ്റ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം എന്നും മനസില്‍ സൂക്ഷിക്കുന്ന നിറപ്പകിട്ടാര്‍ന്നൊരോര്‍മയാണ്. 

അമേരിക്കയിലെ പ്രാദേശിക രാഷ്ട്രീയത്തിലും തല്‍പരനായ കുറ്റിയാനി ഇത്തവണ ഡേവി സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍  ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കി നിലവിലുള്ള മേയര്‍ക്ക്  വിജയം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ജന്റം പദ്ധതിയുമായി സഹകരിച്ച് 75 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയ പദ്ധതിയുടെ ചീഫ് കോഓര്‍ഡിനേറ്ററായിരുന്നു.  ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (SMCC)  ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ദ്ധനരായ 1000 പേര്‍ക്ക് തിമിരരോഗ ശസ്ത്രക്രിയ നടത്തി കാഴ്ച തിരിച്ചു നല്‍കുന്നതിന് നടപ്പാക്കിയ 'കണ്ണും കണ്ണാടിയും'  പദ്ധതിയുടെ പ്രോജക്ട് കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. 

2007ല്‍ മയാമിയില്‍ വെച്ചു നടന്ന സീറോ മലബാര്‍ കാത്തലിക് രൂപതാ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. 
കുറ്റിയാനി സ്ഫാപക പ്രസിഡന്റായി 2003ല്‍ പിറവിയെടുത്ത്, ലാഭേഛയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന അമല(AMALA)യുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു.  കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷം തോറും അമലയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ഇദ്ദേഹം അമലയുടെ പ്രസിഡന്റായിരുന്ന കാലത്ത് സൗത്ത് ഫ്‌ളോറിഡയിലെ 16 അസോസിയേഷനുകളെ  സഹകരിപ്പിച്ച്  കേരളത്തിലെ സുനാമി ബാധിതര്‍ക്കായി ഫണ്ട് സമാഹരിച്ച് നല്‍കിയിരുന്നു.  അമലയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ അസീസി ബധിരമൂക വിദ്യാലയത്തിന് പുതിയ സ്‌കൂള്‍ ബസ് വാങ്ങി നല്‍കി. 
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റായിരുന്ന 2014ല്‍ ബിഷപ്പ് ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍  എക്യുമെനിക്കല്‍ ടൂര്‍ സംഘടിപ്പിച്ചത്  ശ്രദ്ധേയമായി. 2015 ലെ ക്രിസ്മസ് ദിനത്തില്‍ ബ്രോവാര്‍ഡ് കൗണ്ടി ജയിലില്‍ 75 തടവുകാര്‍ക്കായി ദിവ്യബലിയും ക്രിസ്മസ് വിരുന്നും ഒരുക്കി കാരുണ്യത്തിന്റെ സന്ദേശം പകര്‍ന്നു  നല്‍കി. 

ഫ്‌ളോറിഡ സംസ്ഥാന ഗവര്‍ണ്ണര്‍, അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥികളുടെയും, കൗണ്ടി സ്‌കൂള്‍ ബോര്‍ഡ്, നഗരസഭ സ്ഥാനാര്‍ത്ഥികളുടെയും ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് നേതൃത്വം കൊടുക്കുകയും, ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി ഇലക്ഷന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്ത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ സജീവമാക്കി.

കര്‍മശേഷിയും കരുത്തുറ്റ നേതൃത്വവുമായി ജോയി കുറ്റിയാനികര്‍മശേഷിയും കരുത്തുറ്റ നേതൃത്വവുമായി ജോയി കുറ്റിയാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക