Image

പാ.വ : മനസിന്റെ മടക്കയാത്ര

ആശ പണിക്കര്‍ Published on 26 July, 2016
പാ.വ : മനസിന്റെ മടക്കയാത്ര
സംവിധായകന്‍ സൂരജ് ടോം, തിരക്കഥാകൃത്ത് അജീഷ് തോമസ് എന്നിവരുടെ ആദ്യ ഉദ്യമം എന്ന നിലയ്ക്ക് ഒരു മികച്ച സിനിമയാണ് പാ.വ. ജീവിത്തിന്റെ പകുതിയിലേറെയും പിന്നിട്ട് ഒടുവില്‍ കണക്കെടുപ്പുകളിലൂടെ കടന്നു പോകുന്ന രണ്ട് ഹൃദയങ്ങളുടെ സഞ്ചാരമാണ് പാ.വ. ഒരു മനുഷ്യായുസില്‍ നേടിയതും നഷ്ടമായതും സന്തോഷവും സങ്കടങ്ങളുമെല്ലാം കൃത്യമായി തിരിച്ചറിയുന്നതിന്റെ കഥ. അതാണ് അതിഭാവുകത്വങ്ങളില്ലാതെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കാലഘട്ടത്തിന്റെ പ്രതീകങ്ങളാണ് പുലിമൂട്ടില്‍ ദേവസി പാപ്പനും (മുരളീ ഗോപി), പെരുന്താനം വര്‍ക്കിച്ചന്‍(അനൂപ് മേനോന്‍)എന്നിവരുടെ കഴിഞ്ഞ കാല ജീവിതത്തിലൂടെയുള്ള ഒരു തിരിഞ്ഞു നടത്തമാണ് കഥ. ഇന്നു രണ്ടു പേരും വൃദ്ധരായിരിക്കുന്നു. അവര്‍ക്കിരുവര്‍ക്കും ഒരുപാട് അനുഭവങ്ങളുമുണ്ട്. വാര്‍ധക്യം, മരണം ഇവ സംബന്ധിച്ച ആകുലതകള്‍, പഴയ ഓര്‍മകള്‍,പുതിയ തലമുറയുമായുള്ള ജീവിതം അങ്ങനെ പലതും സിനിമ കാണിച്ചു തരുന്നുണ്ട്. അവരുടെ കൗമാരകാലത്തെ പ്രണയഭാജനമായിരുന്ന മേരിയും ശക്തമായ ഒരു കഥാപാത്രമാണ്.

പാപ്പനും വര്‍ക്കിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരെ ചുറ്റിപ്പററിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ വികാരത്രീവമാണ്. ഏറെ അഭിനയമുഹൂര്‍ത്തങ്ങളുള്ളതും ഇവര്‍ സ്ക്രീനില്‍ ഒരുമിക്കുമ്പോഴാണ്. ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളും മനോഹരമാണ്. അത് കഥയോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഒട്ടും അസ്വാഭാവികത തോന്നുന്നില്ല. അതുപോലെ തന്നെയാണ് ഫാന്റസിയും . പ്രധാന പ്രമേയത്തില്‍ നിന്നും വേറിട്ടു നില്‍ക്കാതെ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പള്ളികളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് പാപ്പന്റെ ജീവിതം മുന്നോട്ടു പോകുന്നത്. സമ്പത്തും പ്രതാപവും ബന്ധങ്ങളുടെ സ്‌നേഹവാത്സല്യങ്ങളുമൊന്നും ഒരു പരിധിയില്‍ കഴിഞ്ഞ് പാപ്പനെ അലട്ടുന്നില്ല, സ്വാധീനിക്കുന്നുമില്ല. തന്റേതായ ചില ആഗ്രഹങ്ങളുടെയും മനോവിചാരങ്ങളുടേയും നടുവിലാണ് അയാള്‍.

ചിത്രത്തില്‍ കൂട്ടുകുടുംബ രീതികള്‍ കാണിക്കുന്നതിനാല്‍ തന്നെ നിരവധി കഥാപാത്രങ്ങളാണ് സ്ക്രീനില്‍ വന്നു പോകുന്നത്. പക്ഷേ കഥയുമായി ഇവര്‍ക്കെല്ലാമുള്ള ബന്ധം അടയാളപ്പെടുത്തുന്നതില്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടില്ല.

എണ്‍പതുകാരനായ പാപ്പനായി മുരളീഗോപി മികച്ച അഭിനയം തന്നെ കാഴ്ചവച്ചിട്ടുണ്ട്. അയാളുടെ മനസാക്ഷിയുടെ പ്രതിരൂപമായി അനൂപ് മേനോനും ചിത്രത്തിലെത്തുന്നു. യഥാസമയങ്ങളില്‍ വര്‍ക്കിച്ചനായും അനൂപ് മേനോന്‍ എത്തുന്നു. മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച പാപ്പന്റെ സന്തതസഹചാരിയായ കുഞ്ഞ് എന്ന കഥാപാത്രവും പി.ബാലചന്ദ്രന്‍ അവതരിപ്പിച്ച കല്ലായി അച്ചന്‍ എന്ന കഥാപാത്രവുമാണ്. രണ്‍ജി പണിക്കരും മികച്ചു നിന്നു. ഷമ്മിതിലകന്‍ അവതരിപ്പിച്ച ഇട്ടിപ്പറമ്പില്‍ അച്ചന്‍ എന്ന കഥാപാത്രവും മികച്ചതായി. നായികയായി എത്തിയ പ്രയാഗ മാര്‍ട്ടിന്‍, അനുപേ മേനോന്റെ ഭാര്യാവേഷത്തിലെത്തിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ആനന്ദ് മധുസൂദനന്‍ ഈണം നല്‍കി ജയചന്ദ്രന്‍ ആലപിച്ച "പൊടിമീശ മുളയ്ക്കണ' എന്ന ഗാനം അവതരണം കൊണ്ടും ഈണം കൊണ്ടും ശ്രദ്ധേയമായി. എന്നാല്‍ പശ്ചാത്തല സംഗീതം ശരാശരി നിലവാരത്തിലൊതുങ്ങി. ഗ്രാണീണ സൗന്ദര്യം ഒട്ടും ചോരാതെ നില്‍ക്കാന്‍ സതീഷ് കുറുപ്പിന്റെ ക്യാമറയ്ക്കു കഴിഞ്ഞിട്ടുണ്ട്. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമൊന്നുമില്ലെങ്കിലും കുടുംബമേതം കാണാന്‍ കഴിയുന്ന ലാളിത്യമുള്ള സിനിമയാണ് പാ.വ.
പാ.വ : മനസിന്റെ മടക്കയാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക