Image

നീതി നടപ്പാക്കുന്നതില്‍ മുഖം നോക്കരുത് (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 26 July, 2016
നീതി നടപ്പാക്കുന്നതില്‍ മുഖം നോക്കരുത് (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ വധത്തിലെ പ്രതിയെ കേരള പോലീസ് അറസ്റ്റുചെയ്തു. കേരളാ പോലീസിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. ഈ കേസിന്റെ തുടക്കം മുതല്‍ അറസ്റ്റ് വരെയുള്ള കാലങ്ങളില്‍ ഇതിന്റെ അന്വേഷണത്തില്‍ നേതൃത്വം നല്‍കിയ അതിനു പിന്നില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനം നല്‍കേണ്ടതാണ്. കാരണം അവരെല്ലാവരും ഒരുപോലെ ഇതിന്റെ സത്യം കണ്ടെത്താന്‍ പരിശ്രമിച്ചിട്ടുണ്ട്.

ഊര്‍ജ്ജസ്വലമായും നീതിപൂര്‍വ്വമായും അന്വേഷണം നടത്തുന്നതില്‍ ഈ കേസിന്റെ അന്വേഷണത്തില്‍ സഹകരിച്ച പോലീസ് ഉദ്യോഗസ്ഥരെല്ലാവരും ശ്രമിച്ചിരുന്നുയെന്നു തന്നെ പറയാം. അതിക്രൂരവും പൈശാചികവുമായി നടത്തിയ കൊലപാതകത്തില്‍ കേരളക്കരതരിച്ചിരുന്നപ്പോള്‍ കേരള പോലീസിന്റെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം കേരള ജനതയെ ശക്തിപ്പെടുത്തുകയാണുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പു പ്രചരണവേളയില്‍ നടന്ന ഈ കൊലപാതകം കേരളത്തില്‍ സൃഷ്ടിച്ച വാദകോലാഹലങ്ങള്‍ ചെറുതൊന്നുമല്ല. ജനത്തിന്റെ പിന്തുണയും വോട്ടും കിട്ടാന്‍ വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ കേരള പോലീസിനെ നോക്കുകുത്തികളായിപ്പോലും ചിത്രീകരിച്ചു.കര്‍മ്മനിരതരായ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും നിര്‍ക്ഷുണ പരബ്രഹ്മങ്ങളായി ഇടതുപക്ഷവും ബി.ജെ.പി.യും ചിത്രീകരിച്ചു. ഒടുവില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ആ പോലീസിനു കഴിഞ്ഞു.

ജിഷ വധത്തിന്റെ ചുരുളഴിയിച്ച് സത്യം പുറത്തുകൊണ്ടുവന്നത് പിണറായി സഖാവിന്റെ കര്‍ക്കശവും ശക്തവുമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് ചില മാധ്യമങ്ങളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാഴ്ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമൊന്നുകൊണ്ടു മാത്രമാണ് ജിഷ വധത്തിന്റെ ചുരുളഴിഞ്ഞതും പ്രതിയെ അറസ്റ്റു ചെയ്തതെന്നുമാണ് ഇവരുടെ അഭിപ്രായം. ആദര്‍ശധീരനും നേരെ വാനേരെപോയെന്ന കണിശക്കാരനുമായ പിണറായി സഖാവ് വന്നതുകൊണ്ടുമാത്രമാണ് ജിഷയെ കൊന്നയാളിനെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞതെന്നു പറയുമ്പോള്‍ ഇവരോടും പിണറായി സഖാവിനോടും പറയാനുള്ളത് ജിഷയുടെ കുടുംബത്തിന് നീതി കിട്ടിയതുപോലെ ശാരിയെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിനും നീതി കിട്ടിക്കൂടെയെന്നാണ്.

ജിഷയുടേതുപോലെ സമാനമായ കേരളക്കരയെ ഞെട്ടിച്ച മറ്റൊരു കേസ്സായിരുന്നു ശാരിയുടേതും. ജിഷയുടെ കൊലപാതകി അന്യസംസ്ഥാന തൊഴിലാളിയും രാഷ്ട്രീയമായും ഉന്നതരുമായും യാതൊരു പിടിപാടുമില്ലാത്ത ഒരു കുറ്റവാളിയാണെങ്കില്‍ ശാരിയുടെ കൊലപാതകത്തില്‍ അതിനു വിപരീതമായ വ്യക്തിയാണ്. ഇന്നും സമൂഹത്തില്‍ പകല്‍മാന്യരായും വി.ഐ.പി. പരിവേഷത്തോടെ ജീവിക്കുന്നവരാണ് വി.എസ്. അച്യുതാന്ദന്‍ ശാരി കൊല്ലപ്പെട്ടു കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത് അവര്‍ മരണത്തിലേക്ക് പോകാന്‍ കാരണം ഒരു വി.ഐ.പി. അവരെ സന്ദര്‍ശിച്ചശേഷമാണെന്ന് ഡോക്ടര്‍ തന്നോടു പറഞ്ഞതായാണ്.

ശാരി വി.ഐ.പി.യുടെ സന്ദര്‍ശനത്തോടെയാണ് കൂടുതല്‍ അവശയായതത്രെ. അവര്‍ക്ക് അണുബാധയുണ്ടായതും അവര്‍ ഏറെ ഭയപ്പെട്ടതും അതിനുശേഷമാണത്രെ. അതിനുശേഷം മരണസമയത്ത് അവരുടെ ഉള്ളില്‍ വിഷാംശം ഉണ്ടായതായാണ് പറയപ്പെടുന്നത്. ഇതെല്ലാം നടന്നത് ഒരു വി.ഐ.പി.യുടെ സന്ദര്‍ശനത്തിനുശേഷം. ഇത് അടിവരയിടുന്ന രീതിയിലായിരുന്നു വി.എസ്. അച്യുതാനന്ദന്‍ വി.ഐ.പി.യെ പരാമര്‍ശിച്ചുകൊണ്ട് അതിനുശേഷം പത്രസമ്മേളനം നടത്തിയത്. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തനിക്ക് ആ വി.ഐ.പി.യെ അറിയാമെന്നും അധികാരം കിട്ടായാല്‍ ആ വി.ഐ.പി.യെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പറയുകയുണ്ടായി. ഇടതുപക്ഷത്തെ ജനം അധികാരത്തിലെത്തിച്ചതിന് ഒരു കാരണം വി.എസ്സിന്റെ ആ ഉറപ്പായിരുന്നു. ജനം ഉറച്ച് വിശ്വസിച്ചിരുന്നു വി.എസ്. മുഖ്യമന്ത്രിയായാല്‍ ആ വി.ഐ.പി.യെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന്.

എന്നാല്‍ വി.എസ്സിന് അധികാരം കിട്ടിയിട്ടും ആ വി.ഐ.പി.യെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തനിക്ക് അറിയാമായിരുന്നിട്ടും ആ വി.ഐ.പി. ആരെന്നു പറയാന്‍ പോലും വി.എസ്സിനു കഴിഞ്ഞില്ല. ആ വി.ഐ.പി. അതിനേക്കാള്‍ വി.ഐ.പി.യായി വി.എസ്സിനു മുകളില്‍ പറന്നു നടന്നപ്പോള്‍ ജനത്തെ നോക്കി കൊഞ്ഞനം കാട്ടി ചിരിച്ചപ്പോള്‍ അവര്‍ വി.എസ്സിനെ നോക്കി ചോദിച്ചു അങ്ങനെയൊരുറപ്പ് ജനത്തിനെന്തിനു നല്‍കിയെന്ന്. അത് കേട്ട് അദ്ദേഹം കൈമലര്‍ത്തുക മാത്രമേ ചെയ്‌തൊള്ളു.

കാരണം ആ വി.ഐ.പി. തന്റെ പാളയത്തില്‍ തന്നെയുള്ളതത്രെ. പ്രതിപക്ഷത്തുള്ള ആരെങ്കിലുമായിരുന്നെങ്കില്‍ കൈവിലങ്ങു വയ്ക്കാമായിരുന്നു. അതിന്റെ രാഷ്ട്രീയലാഭം കൊയ്യാമായിരുന്നു. എന്നാല്‍ സ്വന്തം പാളയത്തിലാണെങ്കിലോ പണി പാളുകതന്നെ ചെയ്യും. അതു മാത്രമല്ല വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുകയും ചെയ്യും. അതറിയാവുന്നതുകൊണ്ടായിരുന്നത്രെ വി.എസ്. മൗനം പാലിച്ചത്. ആ വി.ഐ.പി. ഇന്നും സമൂഹത്തില്‍ വി.ഐ.പി.യായി തന്നെ വിലസുന്നുയെന്നതാണ് സത്യം. എന്നാല്‍ ആ വി.ഐ.പി.യെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആര്‍ക്കും സാധിക്കുകയില്ലയെന്ന് വി.എസ്. പോലും തെളിയിക്കുകയുണ്ടായി.

നിയമം വിട്ട് ഒന്നും തന്നെ ചെയ്യാത്ത വ്യക്തിയായ സാധാരണക്കാര്‍ക്ക് നീതി ഉറപ്പു വരുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സഖാവിന് ആ വി.ഐ.പി.യെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമോ. ചിത്രം എന്ന സിനിമയില്‍ മോഹന്‍ലാല്‍ സോമനോട് സാര്‍ ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുകയാണ് എന്നെ അറസ്റ്റ് ചെയ്യാതെയിരിക്കാനാകുമോ ഇല്ലയല്ലെ എന്ന് ചോദ്യവും ഉത്തരവും പറയുന്ന ഒരു രംഗമുണ്ട്. അതുപോലെ പിണറായി സഖാവിനോട് ആ ചോദ്യം ചോദിക്കുമ്പോള്‍ തന്നെ ഉത്തരം അതിലുണ്ട് ഇല്ലയല്ലെയെന്ന്. കാരണം നിസ്സാരം തന്നെ കള്ളന്‍ കപ്പലില്‍ തന്നെയെന്ന്. ആ വി.ഐ.പി.യെ പിടിച്ചാല്‍ പിന്നെയുണ്ടാകുന്ന പൊല്ലാപ്പ് എന്താണെന്നറിയാവുന്നതു തന്നെ അതിനുകാരണം. അത് പാര്‍ട്ടിയെ നാണം കെടുത്തും ചിലപ്പോള്‍ പാര്‍ട്ടി തന്നെ ഇല്ലാതാകും. അപ്പോള്‍ ആദര്‍ശ ധീരത്വവും എല്ലാം അവനവന്റെ നിലനില്‍പ്പിനും വേണ്ടിമാത്രമോ.

ശാരി മാത്രമല്ല ഈ അടുത്തകാലത്തു നടന്ന രാഷ്ട്രീയ കൊലപാതകമായ ടി.പി.യുടെ കുടുംബത്തിനും നീതി കിട്ടേണ്ടതുതന്നെ. രാഷ്ട്രീയ കൊലപാതകമെന്ന ഓമനപ്പേരില്‍ നടന്ന ഈ കൊലപാതകത്തിന്റെ ലക്ഷ്യം രാഷ്ട്രീയ പ്രതികാരവും ശത്രുസംഹാരവുമാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന സത്യമാണ്. യു.ഡി.എഫിന്റെ ഭരണകാലത്തു നടന്ന കൊലപാതക മായതുകൊണ്ട് പോലീസ് കുറെയൊക്കെ നിഷ്പക്ഷമായി അന്വേഷിച്ചുയെന്നു പറയാം. പ്രഥമദൃഷ്ട്യായുള്ള പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു. പക്ഷേ അവരെക്കൊണ്ട് അത് ചെയ്യിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായതും നീതിയുക്തവു മായ പ്രവര്‍ത്തനത്തില്‍ ജനത്തിന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ആ ഉദ്യോഗസ്ഥരുടെ മാറ്റത്തോട് അതും വെള്ളത്തിലെ വരപോലെയായിയെന്നു പറയാം.

ടി.പി.യുടെ കൊലപാതകത്തെക്കുറിച്ച് വീണ്ടുമൊരന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമോ. ഇല്ലെന്നു തുറന്നു പറയാം. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ ഒരന്വേഷണം നടത്തിയാല്‍ അതില്‍ കുടുങ്ങുക ആരെന്ന് ജനത്തിനും ജനത്തെ നയിക്കുന്നവര്‍ക്കുമറിയാം. ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ആര്‍ക്കെങ്കിലും ഇഷ്ടമുണ്ടോയെന്നാണ് ആ ജനം ചോദിക്കുന്നതത്രെ. രാഷ്ട്രീയത്തിന്റെ പകപോക്കലോടൊപ്പം സ്വേച്ഛാധിപത്യത്തിന്റെ വാള്‍മുന കുത്തികയറ്റി ടി.പി. ചന്ദ്രശേഖറിനെ ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍ അന്ന് പിണറായി വിജയന്‍ നീതി നടപ്പാക്കുന്നതില്‍ പക്ഷാഭേദം കാണിക്കാത്ത ഭരണ കര്‍ത്താവെന്നു പറയാം.

അങ്ങനെയെത്രയെത്ര കേസ്സുകള്‍ അന്വേഷണം എങ്ങുമൊത്താതെ തേഞ്ഞുമാഞ്ഞു പോയിട്ടുണ്ട്. അതില്‍ നീതികിട്ടാത്ത കുടുംബാംഗങ്ങള്‍ ധാരാളം പേരുണ്ട്. കൊലപാതകം മാത്രമല്ല സ്ത്രീ പീഡനക്കേസുകളും അക്കൂട്ടത്തിലുണ്ട്. അതിലെ യഥാര്‍ത്ഥ പ്രതികള്‍ ഇന്നും മാന്യന്മാരായി സമൂഹത്തിലുണ്ട്. അവരെയൊക്കെ നീതി പീഠത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍ പിണറായി വിജയന്റെ വിശ്വാസീയതയെ ചോദ്യം ചെയ്യേണ്ടതായി വരികയില്ല. അല്ലാത്തിടത്തോളം അദ്ദേഹം നീതി നടപ്പാക്കുന്നുയെന്നു പറയാന്‍ കഴിയില്ല. നീതിക്കായി കേഴുമ്പോള്‍ അവിടെ മുഖം നോക്കേണ്ട, വ്യക്തിതാല്പര്യങ്ങളോ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പോ നോക്കേണ്ട. അവിടെ നീതി നടപ്പാക്കുക. അതാണ് നീതിമാനായ ഭരണാധികാരി ചെയ്യേണ്ടത്.

നീതി നടപ്പാക്കുമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ ആയിരം വട്ടം പറയുകയും ഇലയ്ക്കും മുള്ളിനും കേടുവരാത്ത രീതിയില്‍ നീതി നടപ്പാക്കുകയും ചെയ്യുമ്പോള്‍ പിന്തിയില്‍ പക്ഷഭേദം എന്നതിനപ്പുറം എന്തു പറയാന്‍. അധികാരത്തിന്റെ അകത്തളത്തില്‍ എത്തുന്നതുവരെ ആദര്‍ശ പോരാട്ടവും അതുകഴിഞ്ഞാല്‍ അടുത്തവര്‍ക്കുവേണ്ടിയെന്ന രീതിയില്‍ ഭരണത്തെ നയിക്കുന്നത് രാഷ്ട്രതന്ത്രജ്ഞതയല്ല മറിച്ച് വിലകുറഞ്ഞ രാഷ്ട്രീയമാണ്. അത് ജനത്തെ കബളിപ്പിക്കുന്നതിനു തുല്യമായ പ്രവര്‍ത്തിയായെ കാണാന്‍ കഴിയൂ. അതിനുള്ള മറുപടി അവര്‍ നല്‍കുമെന്ന് ഓര്‍ക്കുന്നത് നല്ലത്.
നീതി നടപ്പാക്കുന്നതില്‍ മുഖം നോക്കരുത് (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക