Image

മോദിയുടെ സിംഹാസനത്തെ മുക്കിത്താഴ്ത്തുന്ന കാലം; ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യപ്രഖ്യാപനം (രമേശ് ചെന്നിത്തല)

Published on 25 July, 2016
മോദിയുടെ സിംഹാസനത്തെ മുക്കിത്താഴ്ത്തുന്ന കാലം; ഇന്ത്യയുടെ  രണ്ടാം സ്വാതന്ത്ര്യപ്രഖ്യാപനം (രമേശ് ചെന്നിത്തല)
ചത്ത പശുവിന്റെ തോലുരിഞ്ഞുവെന്നാരോപിച്ചു ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യവും കണ്ടു ഞെട്ടിയത് ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവനുമായിരുന്നു. കാരണം, താനും പിന്‍ഗാമിയും ഭരിച്ചതിന്റെ ഫലമായി തേനും പാലുമൊഴുക്കുന്നതാക്കിയെന്നു നരേന്ദ്രമോദി മേനി നടിക്കുന്ന ഗുജറാത്തില്‍നിന്നാണ് ആ വാര്‍ത്തയും ദൃശ്യവും വന്നത്. ആ വാര്‍ത്ത മാത്രമല്ല, ദലിത്, ന്യൂനപക്ഷ പീഡനങ്ങളുടെയും അതിനെതിരേയുള്ള ചെറുത്തു നില്‍പ്പിന്റെയുമൊക്കെ നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ ആ സംസ്ഥാനത്തു നിന്നു വന്നുകൊണ്ടിരിക്കുന്നത്.
സഹസ്രാബ്ദങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയുടെ ശിരസ് അപമാനഭാരത്താല്‍ കുനിഞ്ഞു പോവുകയാണിവിടെ. 

ഭരണഘടന നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ജീവിത സുരക്ഷയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്നുണ്ട്. ആ നാട്ടിലാണു ഒരു വിഭാഗത്തെ, തെരുവു പട്ടികളോടുപോലും സ്വീകരിക്കാന്‍ പാടില്ലാത്ത ക്രൂരതയോടെ, തല്ലിച്ചതയ്ക്കുകയും അവരുടെ ആത്മാഭിമാനത്തെ സമ്പൂര്‍ണ്ണമായി നിരാകരിക്കുകയും ചെയ്യുന്നത്. 

അങ്ങനെ ചെയ്യുന്നവര്‍ക്കെതിരേ ഗുജറാത്തിലെയും കേന്ദ്രത്തിലെയും ഭരണകൂടം ചെറുവിരലനക്കുന്നില്ലെന്നു മാത്രമല്ല, മൗനമായി പ്രോത്സാഹനം കൊടുക്കുകയും ചെയ്യുകയാണ്. 

ജീവിതമവസാനിപ്പിച്ചുള്ള പ്രതിഷേധം രോഹിത് വെമുലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നതു നമ്മെ ആശങ്കപ്പെടുത്തുകയും രോഷംകൊള്ളിക്കുകയും ചെയ്യുന്നു. കടുത്ത അവഗണനയും ആക്രമണവും സഹിക്ക വയ്യാതെ പതിനേഴ് ദലിതര്‍ ഗുജറാത്തില്‍ ആത്മഹത്യക്കു ശ്രമിച്ചു. അതിലൊരാള്‍ മരിക്കുകയും ചെയ്തു. ദലിതരും ന്യൂനപക്ഷക്കാരുമായ ശത്രുക്കളെയെല്ലാം കൊന്നൊടുക്കല്‍ ബുദ്ധിമുട്ടായതുകൊണ്ട്, സ്വയമില്ലാതാക്കാന്‍ ഇരകളെ പ്രേരിപ്പിക്കുകയാണോ മോദി ഭരണകൂടമെന്നു തോന്നിപ്പോകുന്നു. 

ബി.ജെ.പിയുടെ യജമാന സ്ഥാനത്തുള്ള ആര്‍.എസ്.എസിനു ദലിത് വിഭാഗങ്ങളെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ദലിത്-ന്യുപക്ഷ വിരോധത്തില്‍നിന്നു പിറന്ന പ്രസ്ഥാനമാണത്. ഗാന്ധിജി മുന്നോട്ടുവച്ച ഹിന്ദു മുസ്‌ലിം മൈത്രി, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം എന്നിവയോടു മാനസികമായ അകല്‍ച്ചയുണ്ടായിരുന്ന ഡോ. ഹെഡ്‌ഗേവാറിനെപ്പോലുള്ള ചിലര്‍ കോണ്‍ഗ്രസ് വിട്ടുപോയി രൂപീകരിച്ച ഹിന്ദു വര്‍ഗീയതയിലധിഷ്ഠിതമായ സംഘടനയാണത്. ബ്രിട്ടീഷുകാരേക്കാള്‍ വലിയ ശത്രുക്കള്‍ മുസ്‌ലിംകളടക്കമുള്ള ന്യുനപക്ഷ വിഭാഗക്കാരാണെന്നു വിശ്വസിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തവരാണവര്‍. 

2014ല്‍ മോദി അധികാരത്തിലെത്തിയ ശേഷം ദലിതര്‍ക്കുനേരേയുള്ള അക്രമങ്ങള്‍ പെരുകി. അവയില്‍പ്പലതും സംഘടിപ്പിച്ചതു സംഘപരിവാറിന്റെ പോഷക സംഘടനകളായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യക്കു പിന്നില്‍ എ.ബി.വി.പിയും അവരുടെ താളത്തിനു തുള്ളിയ രണ്ടുകേന്ദ്രമന്ത്രിമാരുമായിരുന്നെന്ന വാര്‍ത്ത അക്കാലത്തേ ഉണ്ടായിരുന്നല്ലോ. 

മായവതിക്കെതിരായ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളെയും ലംഘിക്കുന്നതായിരുന്നു. 

ഗുജറാത്തില്‍ കഴിഞ്ഞദിവസമുണ്ടായ സംഭവവികാസങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയാല്ലാത്തതാണ്.  ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമെന്നു മോദി പൊങ്ങച്ചം പറഞ്ഞ ഗുജറാത്ത് ഇന്ത്യയിലെയെന്നല്ല, ലോകത്തിലെത്തന്നെ ഏറ്റവും അപരിഷ്‌കൃതമായ ഇടമാണെന്നു വെളിവാക്കുന്നതാണ് അവിടത്തെ അക്രമങ്ങള്‍. പശുവിന്റെ തോല്‍പൊളിച്ചുവെന്നാരോപിച്ചു ദലിത് യുവാക്കളെ നിരത്തി നിര്‍ത്തി പൈശാചികമായി മര്‍ദ്ദിച്ചുവെന്നു മാത്രമല്ല, അതു വീഡിയോയില്‍ പകര്‍ത്തി ധീരകൃത്യമെന്ന വിധത്തില്‍ നാടൊട്ടുക്കു പ്രചരിപ്പിക്കുകയും ചെയ്തു.
 
ദലിതരെ ആക്രമിക്കുന്നവര്‍ സംഘപരിവാറിന്റെ കണ്ണില്‍ ധീരന്മാരായിരിക്കാം. എന്നാല്‍, ശരാശരി ഇന്ത്യാക്കാരന്റെ മനസില്‍ അവര്‍ ശപിക്കപ്പെട്ടവരാണ്. ഇതിനെത്തുടര്‍ന്നു അവിടെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധക്കൊടുങ്കാറ്റ് അവസാനിച്ചിട്ടില്ല. ദലിത്- ജനാധിപത്യ സംഘടനകളുടെ പ്രതിഷേധം തെരുവിലേയ്ക്കു വ്യാപിച്ചതോടെ ഗുജറാത്ത് വീണ്ടും അസ്വസ്ഥബാധിതപ്രദേശമായി മാറുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍മാത്രം ദലിത് പീഡനം വ്യാപകമാകുന്നതിന്റെ രഹസ്യം അവിടെ അക്രമികള്‍ക്കു ഭരണകൂടസംരക്ഷണം ലഭിക്കുന്നുവെന്നതുതന്നെയാണ്.

മായാവതിക്കെതിരായുള്ള ബി.ജെ.പി നേതാവിന്റെ അപകീര്‍ത്തികരമായ പരാമര്‍ശവും ഇവിടെ പ്രസക്തമാണ്. തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് പിടിക്കാന്‍ കഴിയില്ലെന്ന നിരാശയില്‍നിന്ന് ഉടലെടുത്തതാണ് ആ പരാമര്‍ശം. കോണ്‍ഗ്രസുള്‍പ്പെടെയുള്ള മതേതരശക്തികളുടെ കൂട്ടായ്മ ഉത്തര്‍പ്രദേശില്‍ നേട്ടമുണ്ടാക്കുമെന്നും ബി.ജെ.പിക്കു പച്ചതൊടാന്‍ കഴിയില്ലന്നും മനസിലായപ്പോഴാണ് അത്തരമൊരു പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രിയായിരുന്ന മായവതിയുടെ അവസ്ഥയിതാണെങ്കില്‍ സാധാരണക്കാരനായ ദലിതന്റെ അവസ്ഥയെന്തായിരിക്കും.

ജാതിയില്ലാത്ത ഹിന്ദുമതത്തെയാണു തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു സംഘപരിവാര്‍ അവകാശപ്പെടുമ്പോഴും ആ സംഘടനയുടെ ബ്രാഹ്മണിക്കല്‍ ഘടന അതിനെ ദലിത് വിരുദ്ധമായിത്തന്നെ നിലനിര്‍ത്തുന്നു. ഗാന്ധിജിയെയും അംബേ്ദക്കറെയും തങ്ങളുടെ നിലനില്‍പ്പിനായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഗാന്ധിയന്‍- അംബേ്ദകറിസ്റ്റ് ആശയധാരകളുടെ കടുത്ത എതിരാളികളാണവര്‍. ഇക്കാലത്ത് രോഹിത് വെമുലമാരെ ഉള്‍ക്കൊള്ളാന്‍ സംഘപരിവാറിനു കഴിയാതിരിക്കുന്നതും അതുകൊണ്ടാണ്. 

ദലിത് ആക്രമണങ്ങള്‍ക്കെതിരേ ഗുജറാത്തില്‍ ആഞ്ഞടിക്കുന്ന പ്രതിഷേധകൊടുങ്കാറ്റ് അവിടെത്തന്നെ കെട്ടടങ്ങുമെന്നാണു മോദിയും സംഘവും ചിന്തിക്കുന്നതെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിപ്പോയെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തുകയും മര്‍ദ്ദനമേറ്റ ദളിത് യുവാക്കളെയും അവരുടെ കുടംബങ്ങളെയും സന്ദര്‍ശിക്കുകയുണ്ടായി. ഇതു വലിയൊരു രാഷ്ട്രീയ മാറ്റമാണ് അവിടെ സൃഷ്ടിക്കുന്നത്. ഗുജറാത്തിലെ ദലിത് സമൂഹത്തിന് ഇന്ത്യയിലെ എല്ലാ ജനാധിപത്യമതേതര വിശ്വാസികളുടെയും പിന്തുണ പ്രഖ്യാപിക്കുകയെന്നതുകൂടിയായിരുന്നു ആ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. 

മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയാത്ത അഭിശപ്ത പ്രത്യശാസ്ത്രത്തിന്റെ കുഴലൂത്തുകാരനായി അനന്തകാലം രാജ്യം ഭരിക്കാമെന്നു നരേന്ദ്രമോദി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തോടു സഹതപിക്കാനേ കഴിയൂ. ഗുജറാത്തില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പോടുകൂടി മോദി കെട്ടിപ്പൊക്കിയ പൊള്ളയായ ഗുജറാത്ത് മാതൃക തകര്‍ന്നടിയുമെന്നുറപ്പ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആ പ്രതിഭാസം ഇന്ത്യ മുഴുവന്‍ വ്യാപിക്കും. 

ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ മനുഷ്യരുടെയും കണ്ണുനീര്‍ മഹാപ്രവാഹമായി മാറി മോദിയുടെ സിംഹാസനത്തെ മുക്കിത്താഴ്ത്തുന്ന കാലം അടുത്തെത്തിക്കഴിഞ്ഞു. ആ നിമിഷമായിരിക്കും ഇന്ത്യുടെ രണ്ടാം സ്വാതന്ത്ര്യപ്രഖ്യാപനം.
മോദിയുടെ സിംഹാസനത്തെ മുക്കിത്താഴ്ത്തുന്ന കാലം; ഇന്ത്യയുടെ  രണ്ടാം സ്വാതന്ത്ര്യപ്രഖ്യാപനം (രമേശ് ചെന്നിത്തല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക