Image

ട്രമ്പിന്റെ കുതിപ്പും ബിനോയി വിശ്വത്തിന്റെ കിതപ്പും...(പകല്‍ക്കിനാവ്-12)ജോര്‍ജ് തുമ്പയില്‍

ജോര്‍ജ് തുമ്പയില്‍ Published on 23 July, 2016
ട്രമ്പിന്റെ കുതിപ്പും ബിനോയി വിശ്വത്തിന്റെ കിതപ്പും...(പകല്‍ക്കിനാവ്-12)ജോര്‍ജ് തുമ്പയില്‍
മുന്‍ വൈക്കം എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥന്‍, സി.കെ ഓമന എന്നിവരുടെ മകനായി വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുന്‍ മന്ത്രിയാണ് ശ്രീ ബിനോയ് വിശ്വം. അദ്ദേഹവും ഡൊണാള്‍ഡ് ജോണ്‍ ട്രമ്പും തമ്മില്‍ എന്താണ് ബന്ധം? ഇരുവരും തമ്മില്‍ അങ്ങനെ ആപേക്ഷികമായ ബന്ധമൊന്നുമില്ല. ഇരുവരും പ്രതിനിധാനം ചെയ്യുന്ന സംവിധാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആശയങ്ങളും തമ്മിലും വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ ബിനോയ് വിശ്വവും ട്രമ്പും പത്രപ്രവര്‍ത്തനം എന്ന ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിനോയ് വിശ്വം കോഴിക്കോട് ജനയുഗം എഡിറ്ററായിരുന്നു. ട്രമ്പ് സ്വന്തം നിലയ്ക്ക് എന്റര്‍ടെയന്‍മെന്റ് മീഡിയ നടത്തുന്നു. 

ട്രേഡ് യൂണിയന്‍ മാസികയുടെ എഡിറ്ററായിരുന്നു ബിനോയ്. ഒപ്പം നിരവധി ലേഖനങ്ങളും കവിതകളും വിദേശഭാഷയില്‍ നിന്നും തര്‍ജിമ ചെയ്തിട്ടുണ്ട്. ഹോചിമിന്നിന്റെ പ്രസംഗങ്ങള്‍, ഗ്രിഗ്‌റി ദിമിത്രോവിന്റെ പുസ്തകങ്ങള്‍ എന്നിവയും മലയാളത്തിലാക്കിയിട്ടുണ്ട.് (ട്രമ്പ് 18 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, അത്രത്തോളം സിനിമയിലും സീരിയലിലും തല കാണിച്ചു. ഹൗ ടു മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന പുതിയ പുസ്തകം ഇപ്പോഴും ഹിറ്റ്‌ലിസ്റ്റിലുണ്ട്.) കമ്യൂണിസത്തെ സ്‌നേഹിക്കുകയും അതിനെ രക്തത്തിലും ഹൃദയത്തിലും ആവാഹിച്ചു നടക്കുന്നയൊരാള്‍ എന്ന നിലയ്ക്ക് ബിനോയ് അമേരിക്കന്‍ ബൂര്‍ഷ്വാസികളുടെ വര്‍ഗ്ഗശത്രുവാണെന്നു വേണം പറയാന്‍. കാരണം, ആശയങ്ങളുടെ വ്യവസ്ഥകള്‍ വച്ചും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ തത്വസംഹിതകള്‍ വച്ചും അങ്ങനെയാവണമല്ലോ. അതു കൊണ്ടാണോ എന്നറിയില്ല, ഫോമയുടെ മയാമി കണ്‍വന്‍ഷന്‍ നടന്ന ഡോവില്‍ ബീച്ച് റിസോര്‍ട്ടിന്റെ ബാങ്ക്വിറ്റ് ഹാളില്‍ വച്ച് ബിനോയ് ഒരു വര്‍ഗ്ഗസമര പ്രസംഗം തന്നെ നടത്തി. അതിനിടയില്‍ ആരാണ്, ഏതാണ്, എവിടെയാണ് ഈ ട്രമ്പ് എന്നൊക്കെ പറഞ്ഞത് സദസ്യര്‍ക്ക് അത്ര സുഖിച്ചില്ലെന്നു തോന്നിയതു കൊണ്ടാവണം, വീണിടത്തു കിടന്നു ഉരുണ്ട് മറിഞ്ഞ് തന്റെ ഭാഗം ആവുന്നത്ര അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. 

സദസ്സിനെ അലോസരപ്പെടുത്തി കൊണ്ട് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേരെ ബിനോയ് ഘോരഘോരം പ്രസംഗിച്ച് എന്തിനാവണം? അതും മലയാളികള്‍ക്ക് മുന്നില്‍? അവിടെയാണ് കിട്ടുന്ന ഓരോ വേദിയെയും തങ്ങളുടെ സദസ്സാക്കി മാറ്റാനുള്ള ഒരു രാഷ്ട്രീയക്കാരന്റെ മുഖം ബിനോയിയില്‍ തെളിയുന്നത് ഡോവില്‍ ബീച്ച് റിസോര്‍ട്ടിന്റെ ബാങ്ക്വിറ്റ് ഹാളില്‍ കണ്ടത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തില്‍നിന്നുള്ള ഒരു നേതാവായ ബിനോയ് വിശ്വം എന്തിന് ട്രമ്പ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടേ മേല്‍ ഇത്രയധികം കുതിര കയറിയതെന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തിന്റെ ചോരയുടെ തിളപ്പാണെന്നു വേണം കരുതാന്‍. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചതും അതിനു മുന്‍പ് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതുമൊക്ക അമേരിക്കയിലെ മലയാളികള്‍ക്ക് അറിയാം. എ.ഐ.എസ്.എഫ് സംസ്ഥാനപ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു തൊഴില്‍ സമരങ്ങളില്‍ പങ്കെടുത്ത് തടവനുഭവിച്ചിട്ടുണ്ടെന്നതുമൊക്കെ അറിയാം. പക്ഷേ, അമേരിക്കയില്‍ വരുമ്പോള്‍ അമേരിക്കയിലുള്ള മലയാളികളോട് മൈക്ക് എടുത്തു സംസാരിക്കുമ്പോള്‍ എന്ത് പറയണം, എങ്ങനെ പറയണമെന്ന സാമാന്യബുദ്ധി അദ്ദേഹത്തിനു വേണം. 

സദസ്സില്‍ ഇരിക്കുന്നവരില്‍ ട്രമ്പിന്റെയും ഹിലരിയുടെയുമൊക്കെ ആരാധകരുണ്ടാവും. അതില്‍ ഒരാളുടെ പക്ഷം പിടിച്ചു സംസാരിക്കുന്നത് ന്യായമാണോ സര്‍? അമേരിക്കന്‍ മലയാളികളാണ്, അവര്‍ക്ക് നാടുമായി യാതൊരു ബന്ധവുമില്ല, അവര് എന്തു പറഞ്ഞാലും വിശ്വസിക്കും തുടങ്ങിയ മുന്‍വിധികളുമായി മൈക്ക് കിട്ടുമ്പോള്‍ എന്തും തട്ടിക്കൂട്ടി വിടുന്ന സാദാ രാഷ്ട്രീയക്കാരിലൊരാളായി ഞങ്ങള്‍ ബിനോയ് വിശ്വത്തെ കാണുന്നില്ല, ഇനി കാണുകയുമില്ല. ആ ഒരു ബഹുമാനം നിലനിര്‍ത്തി കൊണ്ട് പറയട്ടെ, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുകളുണ്ട്, കാഴ്ചപ്പാടുകളുണ്ട്. ആരെ ജയിപ്പിക്കണം ആരെ തോല്‍പ്പിക്കണമെന്നതിന് വിശ്വമൊട്ടാകെ പ്രചാരകനായി നടക്കുന്ന വിശ്വകാര്യ വിദഗ്ധനായ അങ്ങയുടെ ഉദ്‌ബോധനം ആവശ്യമില്ലെന്നു വിനയപൂര്‍വ്വം അറിയിക്കട്ടെ. അതു കൊണ്ടു തന്നെ, അങ്ങയുടെ ആശയസംഹിതകളുടെ പ്രചരണപരിപാടികള്‍ക്കായി ഞങ്ങളുടെ രാഷ്ട്രീയേതര സാംസ്‌ക്കാരിക വേദികള്‍ ഉപയോഗിക്കരുതെന്നും അത്ര മേല്‍ സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു കൊള്ളട്ടെ.. നന്ദി നല്ല നമസ്‌ക്കാരം.

ട്രമ്പിന്റെ കുതിപ്പും ബിനോയി വിശ്വത്തിന്റെ കിതപ്പും...(പകല്‍ക്കിനാവ്-12)ജോര്‍ജ് തുമ്പയില്‍
Join WhatsApp News
മലീന 2016-07-25 12:59:49
ഇപ്പോൾ പണ്ടത്തെ പോലെ കുത്തിപ്പൊന്നും ഇല്ല. കിതപ്പെ ഉള്ളു.  കൂടെ കിടക്കുന്നോർക്കല്ലേ രാപ്പനി അറിയാവൂ ചേട്ടാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക