Image

''ജനപ്രിയ ഫോര്‍മുലയുമായി ഫോമ സമൂഹ മധ്യത്തിലേയ്ക്ക്'': ബെന്നി വാച്ചാച്ചിറ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 17 July, 2016
''ജനപ്രിയ ഫോര്‍മുലയുമായി ഫോമ സമൂഹ മധ്യത്തിലേയ്ക്ക്'': ബെന്നി വാച്ചാച്ചിറ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
''നവമുഖത്തോടെ ജനപ്രിയ മന്ത്രങ്ങളുടെ താക്കോലുമായി ഫോമ ജനങ്ങളിലേയ്ക്കിറങ്ങുകയാണ്. ഈ പ്രവാസ ഭൂമിയില്‍ ജാതി-മത ഭേദമെന്യേ, വലിപ്പ ചെറുപ്പങ്ങളുടെ പരിഗണനകളില്ലാതെ എല്ലാ വിഭാഗത്തിലും പെട്ടവരുടെയും വിശ്വാസമാര്‍ജിച്ച് കൂടുതല്‍ കരുത്തോടെ കൂടുതല്‍ വേഗത്തോടെ ഫോമ ഷിക്കാഗോ കണ്‍വന്‍ഷനിലേയ്ക്ക് മാര്‍ച്ച് ചെയ്ത് തുടങ്ങുകയാണ്...'' അമേരിക്കന്‍ മലയാളി മനസില്‍ സംഘശേഷിയാല്‍ തുല്യം ചാര്‍ത്തപ്പെട്ട ഫോമയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറ എന്ന സമശീര്‍ഷനായ പൊതുപ്രവര്‍ത്തകന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. പ്രസിഡന്റ് പദത്തിലേയ്ക്കുള്ള വിജയത്തില്‍ അമിതാഹ്ലാദത്തിന്റെ നാട്യപ്രകടനങ്ങളോ പാഴ്‌വാഗ്ദാനങ്ങളുടെ കൂമ്പാരമോ ഇല്ലാതെ കൊക്കിലൊതുങ്ങുന്ന ജനപക്ഷ പദ്ധികളും പരിപാടികളും മാത്രം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയായിരിക്കും തന്റെ ടീം മുന്നോട്ടു പോവുകയെന്ന് വെന്നി വാച്ചാച്ചിറ വ്യക്തമാക്കുന്നു, 2018ലെ ഷിക്കാഗോ കണ്‍വന്‍ഷനില്‍ ഇതുവരെയില്ലാത്ത എന്തെങ്കലും പ്രത്യേകതയും പുതുമയും ഉണ്ടായിരിക്കുമെന്ന ഉറപ്പോടെ... 
    
    ഷിക്കാഗോ ട്രാന്‍സിറ്റിലെ ട്രെയിന്‍ ഓപ്പറേറ്ററായ ബെന്നിക്ക് ഫോമയെ പ്രവര്‍ത്തന വസന്തത്തിന്റെ സമാന്തരപാതയില്‍ നയിക്കാനുള്ള ശേഷിയും ശേമുഷിയുമുണ്ടെന്നതിന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന നേട്ടങ്ങള്‍ തന്നെ സാക്ഷി. താന്‍ ഓടിക്കുന്ന ട്രെയിനിലെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വേഗനിയോഗം പോലെതന്നെയാണ് ഫോമയെന്ന ബഹുജനരഥത്തെ ബെന്നി ഇപ്പോള്‍ നെഞ്ചേറ്റിയിരിക്കുന്നത്. ലോക സഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ തിലകക്കുറിയായ കുമരകത്തെ ആഭിജാത കുടുംബമായ വാച്ചാച്ചിറയുടെ ഈ ഇളയ പുത്രന്‍ 1984ലാണ് അമേരിക്കയിലെത്തിയത്. ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയില്‍ സജീവപ്രവര്‍ത്തകനായി രംഗത്തെത്തിയ ബെന്നി ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് അവിഭക്ത ഫൊക്കാനയുടെ ഫൗണ്ടേഷന്‍ കമ്മിറ്റി സെക്രട്ടറി, റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലൂടെ സാമൂഹിക സംഘാടകത്വത്തിന്റെ ദീപശിഖയേന്തി ജൈത്രയാത്ര തുടങ്ങി. 1990ല്‍ ഷിക്കാഗോ ട്രാന്‍സിറ്റില്‍ ജോലിക്ക് കയറി. '92 മുതല്‍ ട്രെയിന്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്നു.

    ബെന്നിക്ക് സംഘാടനത്തിന്റെ അറിവും അഗ്നിയും പകര്‍ന്നു കൊടുത്തത് അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ജോയി വാച്ചാച്ചിറയാണ്. അവിഭക്ത ഫൊക്കാന പ്രസിഡന്റായി മത്സരിച്ച ജോയി വാച്ചാച്ചിറ പിന്നീട് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ആയി സമാനതകളില്ലാത്ത പ്രവര്‍ത്തനം കൊണ്ട് അമേരിക്കന്‍ മലയാളികളെ അഡ്രസ് ചെയ്തിട്ടുണ്ട്. “ആര്‍ജവമുള്ള സാധാരണക്കാരായ അമേരിക്കന്‍ മലയാളികളുടെ കരുത്തുറ്റ സംഘടനയാണ് ഫോമ. ഈ കര്‍മ ഭൂമിയിലെ അവരുടെ പ്രതിദിന ജീവിത വ്യാപാരത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങളും പരാതികളും ആകുലതകളും പരിഹരിച്ചു കൊടുക്കുവാന്‍ പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തിക്കുന്ന ബൃഹത്തായ കൂട്ടായ്മയാണ് ഫോമ. ഈ കാഴ്ചപ്പാടും കടമയും നിലനിര്‍ത്താന്‍ ഏവരും ആശ്രയിക്കുന്ന, ആദരിക്കുന്ന ബഹുജനമുന്നേറ്റ സംഘടനയായി ഫോമ അമേരിക്കന്‍ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടണം...’’ ഈ പ്രതിജ്ഞാ വാചകത്തോടെയും പൊതു സേവന തത്പരതയോടെയുമാണ് അദ്ദേഹം ഫോമയുടെ സാരഥിയായി  സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്. 

   മല്‍സരിക്കാനിറങ്ങിയപ്പോള്‍ ബെന്നിയോട്, ''എന്തൊക്കെയാണ് ഡ്രീം പ്രോജക്ടുകള്‍...''എന്ന് ചോദിക്കുകയുണ്ടായി. ''തീര്‍ച്ചയായും ഉണ്ട്. തിരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുന്നതുകൊണ്ട് തല്‍ക്കാലം ഇക്കാര്യം സസ്‌പെന്‍സായിരിക്കട്ടെ...'' എന്നായിരുന്നു മറുപടി. ഇപ്പോള്‍ അങ്കം ജയിച്ച് അമരക്കാരനുമായി. ജനാധിപത്യത്തിന്റെ ഭാഷയില്‍ ഇ-മലയാളിയുടെ ആദരിക്കപ്പെടുന്ന അനുവാചകര്‍ക്കായി വെന്നി വാച്ചാച്ചിറ ചില സസ്‌പെന്‍സുകള്‍ പൊട്ടിക്കുകയാണ്, ആത്മവിശ്വാസത്തോടെ...ആത്മാര്‍ത്ഥതയുടെ വിജയത്തിളക്കത്തോടെ...
? ആദ്യമായി ബെന്നിക്കും താങ്കളുടെ ടീമിനും ഈ ഗംഭീര വിജയത്തില്‍ ഇ-മലയാളിയുടെ അഭിനന്ദനങ്ങള്‍. വിജയത്തെ പറ്റി എന്താണ് പറയാനുള്ളത്...
* അമേരിക്കയില്‍ ഉടനീളം വ്യക്തിപരമായും സംഘടനാപരമായും ഒരുപാടു പേര്‍ ഈ ടീം ഭരണത്തിലേറാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം 2018 ഷിക്കാഗോ കണ്‍വന്‍ഷന്റെ പേരില്‍ ഞങ്ങളുടെ മനം നിറഞ്ഞ നന്ദിയും സ്‌നേഹവും ഇത്തരുണത്തില്‍ അറിയിക്കുകയാണ്. 

? പ്രതീക്ഷിച്ച വിജയമായിരുന്നോ...
* തീര്‍ച്ചയായിട്ടും. നൂറു ശതമാനം വിജയം ഞങ്ങള്‍ക്കുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടു എന്നു വേണം പറയാന്‍. ഷിക്കാഗോയില്‍ കണ്‍വന്‍ഷന്‍ വരുന്നതിനായി ഏവരും അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

? രണ്ടു വര്‍ഷക്കാലം കൊണ്ട് എന്തെല്ലാം പ്രവര്‍ത്തന പദ്ധതികളാണ് മനസിലുള്ളത്...
* ഫോമയ്ക്ക് പതിനൊന്നു റീജിയനുകളില്‍ നിന്നായി 65 അംഗ സംഘടനകളുണ്ട്. അവയെ ശാക്തീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. കാരണം ഫോമയുടെ ബലം എന്നു പറയുന്നത് ഈ 65 സംഘടനകളാണ്. അമേരിക്കയുടെ പല ഭാഗത്തും ഫോമയില്‍ അംഗത്വം എടുക്കാത്ത സംഘടനകളും ഉണ്ട്. അവര്‍ക്കും താമസിയാതെ മെമ്പര്‍ഷിപ്പ് നല്‍കും. 

? എപ്രകാരമാണ് മേല്‍ സൂചിപ്പിച്ച ശാക്തീകരണം പ്രാവര്‍ത്തികമാക്കുന്നത്...
* എല്ലാ മൂന്നു മാസം കൂടുമ്പോഴും റീജിയണല്‍ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അംഗസംഘടനകളുമായി ബന്ധം പുലര്‍ത്തും. ഓരോ ആറുമാസം കൂടുമ്പോഴെങ്കിലും പ്രസിഡന്റും സെക്രട്ടറിയും എല്ലാ അംഗസംഘടനകളുമായി നേരിട്ട് ആശയ വിനിമയം നടത്തും. കമ്മ്യൂണിക്കേഷന്‍ കുറഞ്ഞതിന്റെ ഫലമായി പല പ്രശ്‌നങ്ങളും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അംഗസംഘടനകളുടെ പ്രവര്‍ത്തനം ഫോമ അറിയുന്നില്ല. അതുപോലെ തിരിച്ചും.

? അടിയന്തിര പ്രാധാന്യം കൊടുക്കുന്ന മറ്റു കാര്യങ്ങള്‍...
* അമേരിക്കന്‍ മലയാളികള്‍ക്ക് വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട്. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കും. പ്രശ്‌നങ്ങളെ പറ്റി സൂചിപ്പിച്ചല്ലോ. രണ്ടു വര്‍ഷം മുമ്പ് നടന്ന പ്രവീണ്‍ കൊലപാതകത്തെ പറ്റി തന്നെ പറയാം. കോളേജ് വിദ്യാര്‍ത്ഥിയായ പ്രവീണിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് രണ്ടാമത്തെ ഓട്ടോപ്‌സിയില്‍ തെളിഞ്ഞു. ഈയിടെയാണ് ആ ഓട്ടോപ്‌സി റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തു വിട്ടത്. ഫോമ ഇലക്ഷനു മുമ്പു തന്നെ, ഇപ്പോള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജിബി തോമസ് ഒരു ടെലി കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് 250 പേര്‍ പങ്കെടുത്ത ഒരു ടെലി കോണ്‍ഫറന്‍സ് നടക്കുന്നത്. ഇതെ തുടര്‍ന്നാണ് ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കൊലപാതകമാണെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ശാശ്വതമായ നീതി ലഭിക്കുന്നതിനു വേണ്ടി വരുന്ന 29-ാം തീയതി ഷിക്കാഗോ ഡൗണ്‍ ടൗണില്‍ ഫോമയുട നേതൃത്വത്തില്‍ ഒരു വന്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിട്ടുണ്ട്. അതോടൊപ്പം ജൂലൈ 29 പ്രവീണ്‍ ദിനമായി ആചരിക്കുകയും ചെയ്യും. 
? മേല്‍പ്പറഞ്ഞ കമ്മിറ്റിയുടെ വിശദാംശങ്ങള്‍ എന്തൊക്കെ...
* പ്രവീണ്‍ കൊലപാതകം പോലുള്ള വിഷയങ്ങള്‍ നമ്മുടെ മലയാളി കമ്മ്യൂണിറ്റിയില്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ ഇരകളുടെ ബന്ധുമിത്രാദികള്‍ക്ക് എപ്രകാരം നിയമപരിരക്ഷ കിട്ടാന്‍ പറ്റും, ഏത് റൂട്ടില്‍ നീങ്ങണം എന്നൊക്കെ നിര്‍ദേശിക്കുവാന്‍ ഫോമ ലീഗല്‍ അഡൈ്വസ് കമ്മിറ്റി ആണ് രൂപീകരിക്കാന്‍ പോകുന്നത്. ഈ കമ്മറ്റിയിലേക്ക് അമേരിക്കന്‍ മലയാളി ലോയര്‍മാരുടെ സേവനം ലഭ്യമാക്കും. പലരും ഇതിനോടകം തന്നെ കമ്മിറ്റിയില്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ മലയാളികളായ പോലീസ് ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തും.
? ഇത്തരമൊരു ആശയം പുതിയതാണെന്ന് തോന്നുന്നല്ലോ...
* അതെ. ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് ഫോമ അവരുടെ ഇടയിലേക്ക് ഇറങ്ങുകയാണ്. അമേരിക്കന്‍ മലയാളികളില്‍ ഭൂരിഭാഗവും ഇവിടെ തന്നെ സ്ഥിരമായി താമസിക്കാന്‍ തീരുമാനിച്ചവരാണല്ലോ. അതുകൊണ്ട് ഒരു ദേശീയ സംഘടന എന്ന നിലയില്‍ അമേരിക്കയിലെമ്പാടുമുള്ള മലയാളികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി സത്വരമായ പരിഹാരം കാണുവാനുള്ളത് തന്നെയാണ് ഈ മഹാ സംഘടന. 
? ഫോമയില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവ് നികത്തുവാനുള്ള ശ്രമങ്ങളെ പറ്റി...
* ഫോമയുടെ കണ്‍വന്‍ഷനുകള്‍ ഫാമിലി കണ്‍വന്‍ഷനുകള്‍ ആക്കി മാറ്റണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാമിലി കണ്‍വന്‍ഷനുകള്‍ നടത്തിയ ചരിത്രം ഉണ്ട്. കുടുംബത്തിന്റെ മൊത്തത്തിലുള്ള പങ്കാളിത്തം ഇപ്പോള്‍ കുറഞ്ഞുവരുന്നു. കുടുംബത്തിന്റെ സാന്നിദ്ധ്യം സാര്‍ത്ഥകമാക്കുന്നതിനായി ദേശീയ തലത്തില്‍ ഒരു വിമന്‍സ് ഫോറം ഉടന്‍ തന്നെ രൂപീകരിക്കും. ഇതിലൂടെ വനിതകള്‍ക്ക് ഫോമയില്‍ കൂടുതല്‍ സഹകരിക്കാനും അവരുടെ കഴിവുകള്‍ നമ്മുടെ വേദികളില്‍ പ്രകടിപ്പിക്കുവാനും കഴിയും. 
? യുവജനങ്ങളുടെ പ്രാതിനിധ്യത്തെപ്പറ്റി...
* യുവജനങ്ങളെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് ഫോമ യൂത്ത് ഫോറം ഉണ്ടാക്കും. ഫോമയില്‍ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ച, വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നുള്ള ബിനോയ് തോമസ്, ഷിക്കാഗോയിലെ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, വിന്‍സന്‍ പാലത്തിങ്കല്‍, നമ്മുടെ സെക്രട്ടറി ജിബി തോമസ് തുടങ്ങിയവരൊക്കെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമാണ്. ഇവരുടെ നേതൃത്വത്തിലാണ് യുവജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി യൂത്ത് ഫോറം രൂപീകരിക്കുക. 
? അമേരിക്കന്‍ മലയാളി സമൂഹത്തിലെ വളരെ സീനിയറായിട്ടുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ മിക്കവരും പലവിധ വിഷമതകളും അവശതകളും അനുഭവിക്കുന്നവരാണ്. അവരുടെ ദുരവസ്ഥയെ ഫോമ എങ്ങനെയാണ് അഡ്രസ് ചെയ്യുക...
* ഫോമയുടെ 12 ഇന പരിപാടിയിലുള്ള ഒരുകാര്യമാണത്. അമേരിക്കയിലെ ബെനഫിറ്റുകള്‍, അതായത് മെഡിക്കെയ്ഡ് പോലുള്ളവ സീനിയേഴ്‌സിന് കിട്ടുന്നതിനെപ്പറ്റി കൂടുതലായി അറിയുന്നത് സോഷ്യല്‍ വര്‍ക്കേഴ്‌സ് വഴിയാണ്. ധാരാളം മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ അമേരിക്കയില്‍ ഉണ്ട്. ഓരോ സ്റ്റേറ്റിലേയും നിയമങ്ങള്‍ വ്യത്യസ്തമാണല്ലോ. പക്ഷേ, വിവിധ സ്റ്റേറ്റുകളിലുള്ള സോഷ്യല്‍ വര്‍ക്കേഴ്‌സിനെ ഉള്‍ക്കൊള്ളിച്ചും ഒരു കമ്മിറ്റി രൂപീകരിക്കപ്പെടും. സീനിയേഴ്‌സിനായി ഒട്ടനവധി ആനുകൂല്യങ്ങള്‍ ഇവിടെയുണ്ട്. അത് ഫോമ വഴി ലഭ്യമാക്കാന്‍ നമ്മുടെ വെബ് സൈറ്റിലൂടെ അക്കാര്യങ്ങള്‍ ജനങ്ങളെ യഥാസമയങ്ങളില്‍ അറിയിക്കും. 

? പുതിയ ടീമിന്റെ പ്രവര്‍ത്തനം നാട്ടിലേയ്ക്ക് ബന്ധിപ്പിക്കുവാനുള്ള പദ്ധതികള്‍...
* കാലാകാലങ്ങളില്‍ ജനോപകാരപ്രദമായ പല പ്രോജക്ടുകളും ജീവകാരുണ്യ പരിപാടികളും നാടിനുവേണ്ടി ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് ധാരാളം വീടുകള്‍ നിര്‍മിച്ചു നല്‍കുകയുണ്ടായി. ഒട്ടേറെ മെഡിക്കല്‍ ക്യാമ്പുകളും നടത്തി. ഫോമയുടെ അഭിമാന പരിപാടികളില്‍ ഒന്നാണ് ആര്‍.സി.സി പ്രോജക്ട്. ഇതുപോലെയുള്ള പരിപാടികള്‍ തുടര്‍ന്നും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ വലിയ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കാതെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം കൂട്ടായ തീരുമാനത്തോടെ ഏറ്റെടുത്ത് പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. 

? ഇക്കുറിയും കേരള കണ്‍വന്‍ഷന്‍ ഉണ്ടാവുമോ...
* അതില്‍ ഒരു സംശയവും വേണ്ട. ഇത്തവണത്തെ കേരള കണ്‍വന്‍ഷന്‍ 2017ല്‍ നടത്താനാണ് ആഗ്രഹിക്കുന്നത്. അതിന്റെ സമയവും മറ്റ് വിശദാംശങ്ങളും താമസിയാതെ തീരുമാനിക്കും. ഫോമയെന്താണ്, അതിന്റെ പ്രവര്‍ത്തനം എന്താണ്  എന്നൊക്കെ തീര്‍ച്ചയായും നാട്ടിലുള്ളവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. 

? ഇക്കഴിഞ്ഞ മയാമി കണ്‍വന്‍ഷനെപറ്റി പുതിയ പ്രസിഡന്റിന്റെ വിലയിരുത്തല്‍...
* ആസൂത്രണം ചെയ്ത പോലെ തന്നെ പരിപാടികള്‍ യഥാസമയം നടത്തുവാനായത് നേട്ടമാണ്. എന്നാല്‍ നടത്തിപ്പിന്  ഇനിയും ഗുണപരമായ മാറ്റം ഉണ്ടാവണം. ഭക്ഷണം, താമസം, രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ മികച്ച സംഘാടനം ഉണ്ടാവേണ്ടിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഷിക്കാഗോ കണ്‍വന്‍ഷന്‍ ഒരു കംപ്ലെന്റ് ഫ്രീ കണ്‍വന്‍ഷന്‍ ആക്കിമാറ്റാന്‍ പറ്റുമെന്ന് ഈ ടീം ഉറച്ചു വിശ്വസിക്കുന്നു. 

? മയാമി കണ്‍വന്‍ഷന്‍ യുവജനങ്ങളുടെ കണ്‍വന്‍ഷന്‍ ആയിരിക്കുമെന്നു പറയപ്പെട്ടിരുന്നു. യുവജനങ്ങളെ കൂടുതലായി ഫോമയിലേക്ക് കൊണ്ടുവരാന്‍ ഈ കണ്‍വന്‍ഷന് സാധിച്ചിട്ടുണ്ടോ...
* ആദ്യകാല കണ്‍വന്‍ഷനുകളില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം വളരെയേറെ ഉണ്ടായിരുന്നു. അടുത്ത കാലത്തായി അവരുടെ പങ്കാളിത്തം വല്ലാതെ കുറഞ്ഞുവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കര്‍മപരിപാടികളുടെ അഭാവമാണിതിനു കാരണം. ഷിക്കാഗോ കണ്‍വന്‍ഷനിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പരമാവധി ശ്രമിക്കും. അതിന്റെ ഭാഗമാണ് നേരത്തെ സൂചിപ്പിച്ച ഫോമ യൂത്ത് ഫോറം.

? താങ്കളുടെ ഈ ആത്മവിശ്വാസത്തിന് ഫലമുണ്ടാകാനുള്ള സാദ്ധ്യത എത്രത്തോളമാണ്...
* എന്റെ തന്നെ അനുഭവം പറയാം. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ഞാനാണ് ആദ്യമായി ഒരു യൂത്ത് ഫോറം തുടങ്ങിയത്. യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ബാസ്‌ക്കറ്റ് ബോള്‍. പണ്ട് നൂറുകണക്കിന് മലയാളി കളിക്കാരെ ഉള്‍ക്കൊള്ളിച്ച് വലിയ വലിയ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യുവജനങ്ങളൊക്കെ വിദ്യാര്‍ത്ഥികളാണ്. അവരുടെ വെക്കേഷന്‍ സമയത്ത് വേണം അവര്‍ക്കിഷ്ടപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ഏതായാലും മുതിര്‍ന്നവരുടെ ഗൈഡന്‍സിലായിരിക്കും ഇനി കാര്യങ്ങള്‍ യൂത്ത് ഫോറത്തെ ഏല്‍പ്പിക്കുക. 

? ഷിക്കാഗോ കണ്‍വന്‍ഷന്‍, ഫോമയുടെ വ്യത്യസ്തമായ മറ്റൊരു മാമാങ്കമായിരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ...
* നൂറു ശതമാനം പ്രതീക്ഷിക്കാം. ഫോമ പിറന്നതിനു ശേഷം ഷിക്കാഗോയില്‍ കണ്‍വന്‍ഷന്‍ നടന്നിട്ടില്ല. ആയതുകൊണ്ട് ആയിരങ്ങളുടെ സജീവ പങ്കാളിത്തമുള്ള ഒരു കണ്‍വന്‍ഷനാണ് അവിടെ നടത്തുവാനുദ്ദേശിക്കുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഇടമാണ് ഷിക്കാഗോ. 40-50 മിനിട്ടില്‍ ഡ്രൈവ് ചെയ്ത് എത്താന്‍ പറ്റുന്ന ചുറ്റളവിലാണ് മലയാളികള്‍ ഇവിടെ താമസിക്കുന്നത്. ഇത്രയും മലയാളികള്‍ അടുത്തടുത്ത് താമസിക്കുന്ന സ്ഥലം അമേരിക്കയില്‍ വേറെ എവിടെയുമില്ല. ഒരു കണ്‍വന്‍ഷന്റെ വിജയത്തിനാധാരം അത് നടക്കുന്ന സ്ഥലത്തെ ജനങ്ങളുടെ പ്രാദേശിക പിന്തുണയാണ്. ഫ്‌ളോറിഡ കണ്‍വന്‍ഷന് പോകും മുമ്പ് ഷിക്കാഗോയിലെ എല്ലാ വിഭാഗങ്ങളിലും പെട്ട മലയാളികളുടെ പിന്തുണ ആര്‍ജിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതുകൊണ്ട് 2018ലെ ഷിക്കാഗോ ഇവന്റ് പുതുമ നിറഞ്ഞ ഒന്നായിരിക്കും. 

? ഫോമയുടെ അഭിമാന പരിപാടികള്‍ വിജയപ്രദമായി നടപ്പിലാക്കാന്‍ താങ്കള്‍ക്ക് സമയം ലഭിക്കുമോ...
* ഫോമ പ്രസിഡന്റിന്റെ പ്രവര്‍ത്തനം ഒരു ഫുള്‍ടൈം ജോലിയാണെന്ന് ഞാന്‍ കരുതുന്നു. വരുന്ന ഡിസംബര്‍ ഒന്നാം തീയതി ഷിക്കാഗോ ട്രാന്‍സിറ്റില്‍ നിന്ന് ഞാന്‍ റിട്ടയര്‍ ചെയ്യുകയാണ്. അതുകൊണ്ട് ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ എനിക്ക് ഒരുപാട് സമയം ഉണ്ട്. അതുപോലെ തന്നെ സ്വന്തമായി ബിസിനസ് നടത്തുന്ന സെക്രട്ടറിക്കും, ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച ട്രഷറാര്‍ക്കും ഒക്കെ സമയം കണ്ടെത്താനാവും. സമയക്കുറവു മൂലം പരിപാടികള്‍ ഭംഗിയായി നടത്താന്‍ പറ്റിയില്ല എന്ന് ഞങ്ങള്‍ ഒരിക്കലും എക്‌സ്‌ക്യൂസ് പറയില്ല. 

***
ഫോമയുടെ വരും കാല പ്രവര്‍ത്തനങ്ങളില്‍ ഓരോ അമേരിക്കന്‍ മലയാളികളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബെന്നി വാച്ചാച്ചിറ സംഭാഷണം അവസാനിപ്പിച്ചത്. അതുപോലെ ഇലക്ഷന്‍ പ്രചാരണക്കാലത്ത് തന്നെ ആവോളം പ്രമോട്ട് ചെയ്ത ഇ-മലയാളി, കേരള എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സംഘാടകന്‍ എന്ന ലേബലിനു പുറമെ ചിക്കാഗോയില്‍ അനുവാചക ലോകത്തിന്റെ അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതനായ വ്യക്തികൂടിയാണ് ബെന്നി വാച്ചാച്ചിറ. വാച്ചാച്ചിറ സിസ്റ്റേഴ്‌സിന്റെ ബാനറില്‍ പതിറ്റാണ്ടുകളായി ഇദ്ദേഹം നടത്തിയിട്ടുള്ള നിലവാരത്തികവുള്ള പരിപാടികളില്‍, ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസ്, ചിത്ര, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങള്‍ നിറഞ്ഞാടിയിട്ടുണ്ട്. ചിക്കാഗോയിലെ വിഖ്യാതമായ എറിക് ക്രൗണ്‍ തീയേറ്ററിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്റ്റേജ് ഷോകള്‍ നടത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി ബെന്നി വാച്ചാച്ചിറ മനസില്‍ സൂക്ഷിക്കുന്നു. 5000 പേരെ വരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ സ്റ്റേജ് ഷോകളിലൂടെ മലയാളി സമൂഹത്തെ ആസ്വാദനത്തിന്റെ ആകാശസീമകളിലെത്തിച്ച് നിലയ്ക്കാത്ത കരഘോഷം നേടിയ ബെന്നി തന്റെ പുത്തന്‍ നിയോഗത്തിലൂടെ പൊതുപ്രവര്‍ത്തന മികവിന്റെ മറ്റൊരു വിശാലതയിലേയ്ക്കിറങ്ങിയെത്തുകയാണ്.    
    
തിരുവനന്തപുരം സ്വദേശിയായ അനിയാണ് ബെന്നിയുടെ ഭാര്യ. യു.എസ് പോസ്റ്റ് ഓഫീസിന്‍ ഉദ്യോഗസ്ഥ. 1991ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളാണ്. ഫിയോണ, അനിസ, മരിയ, ജോസഫിന്‍. ഫിയോണയും അനീസയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിചെയ്യുന്നു. മരിയ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും ജോസഫിന്‍ ഹൈസ്‌കൂളിലുമാണ്.

''ജനപ്രിയ ഫോര്‍മുലയുമായി ഫോമ സമൂഹ മധ്യത്തിലേയ്ക്ക്'': ബെന്നി വാച്ചാച്ചിറ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Mathew Joseph 2016-07-18 05:10:59
Benny and Jiby were never part of Pravin action council for the last 2 years or did not help with the investigation or not part of fundraising. Benny lives 2 blocks from all these event happend, where were he? Now they trying to become a part of this as a Election stunt. People in America (Indians) can understand that. 
A reader 2016-07-18 12:16:12

The write up says.... The police report was released because 250 malayalees attended the teleconference...! What a shame... to write and publish such a lie and bullshit.... You are telling us that the American judicial system is running their business based on our meetings and they are scared of us...!  APAARA THOLIKATTY......

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക