Image

അമേരിക്ക(നോവല്‍-18) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 28 June, 2016
അമേരിക്ക(നോവല്‍-18) മണ്ണിക്കരോട്ട്
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ബോര്‍ഡിന്റെ ഫലം അറിഞ്ഞു. അമ്മിണിയേയും ലില്ലിക്കുട്ടിയേയും സംബന്ധിച്ചിടത്തോളം അത് വളരെ നിര്‍ണ്ണായകമായിരുന്നു. അവര്‍ക്കു സൈക്ക് മാത്രമേ കിട്ടാനുണ്ടായിരുന്നുള്ളൂ. അതിനുവേണ്ടി രണ്ടുപേരും പ്രത്യേകം ട്യൂഷനെടുത്തു. 

പാടുപെട്ട് പഠിച്ചു. റോസിക്കാണെങ്കില്‍ സൈക്കുള്‍പ്പെടെ മൂന്നുവിഷയം കിട്ടാനുണ്ടായിരുന്നു. റോസി പാസ്സായി. അമ്മിണിയും ലില്ലിക്കുട്ടിയും തോറ്റു. അമ്മിണി ലില്ലിക്കുട്ടിയെ വിളിച്ചു. പല വട്ടം വരച്ചിട്ടും തലേവര മാറാത്തതില്‍ പരസ്പരം സങ്കടം പറഞ്ഞു കരഞ്ഞു.

ലില്ലിക്കുട്ടിയുടെ കൂടെ താമസിച്ചിരുന്ന അഞ്ചുപേരില്‍ നാലുപേരും പാസ്സായിരിക്കുന്നു. അതറിഞ്ഞപ്പോള്‍ അവളുടെ സങ്കടം ഇരട്ടിച്ചു. 

അമ്മിണി കൂടെ താമസിച്ച് പരീക്ഷയ്ക്ക് പോയവരെ വിളിച്ചു. അവരെല്ലാം അത്ഭുതമെന്നോണം പാസ്സായിരിക്കുന്നു. എന്ന് മാത്രമല്ല. അപ്രാവശ്യം അനേകം മലയാളികള്‍ പാസ്സാവുകയും ചെയ്തു. അതെങ്ങനെ സാധിച്ചു...?

അപ്പോഴാണ് മലയാളികളുടെ ഇടയില്‍ ഒരു വാര്‍ത്ത പരന്നത്. അപ്രാവശ്യം ചോദ്യങ്ങള്‍ ചോര്‍ന്നുപോയിരുന്നു.

അമേരിക്കയില്‍ അങ്ങനെയും സംഭവിച്ചോ? തോറ്റവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവസാനം വിശ്വസിക്കേണ്ടിവന്നു. പല പ്രാവശ്യം വരച്ച് ഒരു വിഷയം പോലും കിട്ടാത്തവരും ആദ്യം ചേര്‍ന്നവരുമൊക്കെ ഒറ്റയടിക്കെങ്ങനെ പാസ്സായി. അതും ആരേക്കൊണ്ടും അമക്കാന്‍ കഴിയാത്ത സൈക്കിനേയും പിടിച്ചടക്കിക്കൊണ്ട്.

സ്റ്റേറ്റ് ബോര്‍ഡില്‍ നിന്ന് ആരോ ചോദ്യങ്ങള്‍ ചോര്‍ത്തി. അത് പലരും പണം കൊടുത്ത് വാങ്ങിച്ചു.

അമ്മിണി ആലോചിച്ചു നോക്കി. കൂടെ താമസിച്ചിരുന്നവര്‍ ഒന്നായിരുന്ന് പഠിക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ചില കോഡ് ഭാഷകള്‍ ഉപയോഗിക്കുന്നത് കേള്‍ക്കാം. 

പലപ്പോഴും പതുക്കെപതുക്കെ കുശുകുശുക്കുന്നതും കണ്ടിട്ടുണ്ട്. പഠിക്കുന്നതു തന്നെ വളരെ രഹസ്യംപോലെ ആയിരുന്നു. അമ്മിണി അടുത്തുചെന്നാല്‍ പേജുകള്‍ മറിച്ചുകളയും.

എന്തെങ്കിലും ചോദ്യങ്ങള്‍ അറിയാമെങ്കില്‍ എനിക്കുകൂടി പറഞ്ഞു തരണേ.
അമ്മിണി ചോദിച്ചിട്ടുണ്ട്.

അയ്യോ ഞങ്ങള്‍ക്കെന്തറിയാം. സിറ്റിയില്‍ താമസിക്കുന്ന നിങ്ങള്‍ക്കല്ലിയോ അതിനൊക്കെ അവസരമുള്ളത്.

അതിഥികള്‍ നിരപരാധികള്‍ ചമഞ്ഞു. അമ്മിണി ധൃതിപിടിച്ച് ചോറും കറികളും വച്ചു. അതിഥികള്‍ അതും കഴിച്ചുകൊണ്ട് വരാന്‍ പോകുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചു.

മറ്റു സ്ഥലങ്ങളില്‍ നിന്നുവന്ന നേഴ്‌സുമാരെ താമസിപ്പിക്കാന്‍ വേണ്ടി ആന്റണിയും കുട്ടികളും അപ്പാര്‍ട്ടുമെന്റ് മാറിക്കൊടുത്തു.

ലില്ലിക്കുട്ടിക്കും അതേ അനുഭവം തന്നെ. ഒരു പാത്രത്തില്‍ നിന്നും ഉണ്ടവര്‍. ഒരേ കിടക്കയില്‍ കിടന്നവര്‍.

എത്ര നിയന്ത്രിച്ചിട്ടും അമ്മിണിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞില്ല. വേണമെങ്കില്‍ പണം കൊടുക്കാമായിരുന്നു. മറ്റുള്ളവര്‍ക്കൂടി പാസ്സായിരുന്നുവെങ്കില്‍ ആര്‍ക്കെന്തു നഷ്ടം? 

പക്ഷേ, കൂടെ കഴിഞ്ഞവര്‍ ചേതമില്ലാത്ത ഉപകാരം ചെയ്തില്ല. സത്യം മറച്ചുപിടിച്ചു.
മലയാളികള്‍ ഇത്രയും കഠിനഹൃദയരും നന്ദിഹീനരുമോ? അതോ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകുന്നതിലുള്ള അസൂയയോ? കൂട്ടുകാരെന്നും സ്വന്തമെന്നും നടിച്ചു നടക്കുന്നവരിലധികവും കപടതയുടെ പര്യായമാണെന്ന് അമ്മിണിക്ക് തോന്നി. പുറത്ത് പുന്നാര ചിരിയും അകത്ത് അരിവാളും. ഇതാണോ മലയാളികള്‍? മലയാളികള്‍ അവസരവാദികളാണോ? ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അമ്മിണിയും ലില്ലിക്കുട്ടിയും മറ്റു തോറ്റവരും അടുത്ത പ്രാവശ്യത്തേയ്ക്ക് ആശയുറപ്പിച്ചു.

ആന്റണിയുടെ കഴിവും സാമര്‍ത്ഥ്യവും ബുദ്ധിയും ജോലിയില്‍ തെളിഞ്ഞുകണ്ടു. അതുപോലെ സൗമ്യസ്വഭാവവും. ഭാഷയ്ക്കും പ്രശ്‌നമില്ല. ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവര്‍ക്കും അയാളെ വലിയ ഇഷ്ടമായി. ഫോര്‍മാനില്‍ നിന്നും ചീഫ് എഞ്ചിനീയറില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ വാരിക്കൂട്ടി.

അയാളുടെ കഴിവ് മറ്റു പല മലയാളികള്‍ക്കും പ്രയോജനപ്പെട്ടു. പലരേയും അവിടെ ജോലിയില്‍ കയറ്റി. ആന്റണിക്കു ശേഷം അവിടെ ആദ്യം വന്ന മലയാളിയാണ് അച്ഛന്‍കുഞ്ഞ്.

എഞ്ചിനീയറിംഗോ മെക്കാനിസമോ ആയിട്ട് യാതൊരു ബന്ധവുമില്ലാത്ത മലയാളി. കേരളത്തില്‍ നിന്ന് നേരിട്ട് വന്നയാള്‍. ഭാഷയും വശമില്ല. ആന്റണിയെ പരിചയപ്പെട്ടു. കാലുപിടിച്ചു പറഞ്ഞു. ആന്റണി സഹായിച്ചു. 

ആന്റണി അച്ചന്‍കുഞ്ഞിനെ ജോലിയൊക്കെ പഠിപ്പിച്ചു. അയാള്‍ക്ക് ആന്റണിയോട് സ്‌നേഹവും ബഹുമാനവും തോന്നി. പക്ഷേ, ക്രമേണ അതിനു മാറ്റമുണ്ടായി.

ദിവസങ്ങള്‍ കഴിഞ്ഞു. അച്ചന്‍കുഞ്ഞ് പണികളൊക്കെ നന്നായി പഠിച്ചു. പലരുമായി പരിചയപ്പെട്ടു. ഇംഗ്ലീഷില്‍ പുതിയ വാക്കുകളൊക്കെ ഉച്ചരിക്കാന്‍ തുടങ്ങി. അപ്പോള്‍ താനും ആശാനായെന്നൊര തോന്നല്‍.

അങ്ങനെ ആശാനായ അച്ചന്‍കുഞ്ഞ് നോക്കിയപ്പോള്‍ തനിയ്ക്കവിടെ യാതൊരു സ്ഥാനവുമില്ല. ആന്റണിയാണ് അവിടെ എല്ലാം.

അത് അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ പാടില്ല. താനും അയാളെപ്പോലൊരു മലയാളി.
പക്ഷേ, അച്ചന്‍കുഞ്ഞിന് ജോലിയില്‍ സാമര്‍ത്ഥ്യം തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിന് ഓടിസിനെ പിടിച്ചു. ഓടിസ് ക്യാംബെല്‍. അവിടുത്തെ മറ്റൊരു ജോലിക്കാരന്‍ കറുമ്പന്‍. 

ആന്റണിയുടെ കഴിവിലും സാമര്‍ത്ഥ്യത്തിലും അസൂയയുള്ളവന്‍. ഒരു അന്യരാജ്യക്കാരന്‍ തങ്ങളുടെ സ്ഥാനം അപഹരിച്ചെന്ന് ഉള്ളിലിരിപ്പുള്ളവന്‍. 

അച്ഛന്‍കുഞ്ഞും ആ കറുമ്പനും കൂടി ആന്റണിക്കെതിരെ പാരകള്‍ നിരത്തി. കള്ളക്കഥകള്‍ കെട്ടിച്ചമച്ചു. അച്ചന്‍കുഞ്ഞ് കൈമണിയടിച്ചും കള്ളം പറഞ്ഞും ഫോര്‍മാനും ചീഫ് എഞ്ചിനീയറുമായൊക്കെ അടുപ്പം കൂടാനുള്ള ശ്രമമായി. ആ ശ്രമം ബലപ്പെടുത്താന്‍ മറ്റു ചില ഉപാധികളും കണ്ടുപിടിച്ചു. പാരിതോഷികമെന്ന മയക്കുവേല. ആനക്കൊമ്പുകൊണ്ടും മറ്റുമുള്ള അലങ്കാരവസ്തുക്കളും ചില്ലറ സ്വര്‍ണ്ണ ഉരുപ്പടികളും കൊടുത്തു തുടങ്ങി. കൊള്ളാം. സായിപ്പന്മാര്‍ക്കു സന്തോഷം. അച്ചന്‍കുഞ്ഞ് മിടുക്കന്‍.

പോരാത്തതിന് ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും വിളമ്പി ഇടയ്ക്കിടയ്ക്ക്. പുഴുങ്ങിയത് മാത്രം കഴിച്ചുകൊണ്ടിരുന്ന അമേരിക്കക്കാര്‍ പാകത്തിന് പാകം ചെയ്ത ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍ ആര്‍ത്തിയോടെ അകത്താക്കി. കൊള്ളാം. അച്ചന്‍കുഞ്ഞും കൊള്ളാം.

അധികൃത സായിപ്പന്മാര്‍ക്ക് പുതിയ അറിവുകള്‍. ഇന്ത്യാക്കാരുടെ പക്കല്‍ ആനക്കൊമ്പ്. ചന്ദനം മുതലായവ കൊണ്ടുള്ള അലങ്കാരവസ്തുക്കളുണ്ട്. ഇരുപത്തി രണ്ടു കാരറ്റിന്റെ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. (അമേരിക്കന്‍ കമ്പോളത്തില്‍ 18 കാരറ്റുവരെയുള്ള ആഭരണങ്ങളേ കിട്ടുകയുള്ളൂ) പുതുതായി ജോലിക്കു വരുന്നവരോട് അതൊക്കെ വാങ്ങിച്ചെടുക്കാം. അത് സായിപ്പിന് പ്രയാസമെങ്കില്‍ അച്ചന്‍കുഞ്ഞുതന്നെ വേണ്ടതു പോലെ കൈകാര്യം ചെയ്യാമെന്നായി.

ചില്ലറ കൈക്കൂലി എന്തെന്നറിയാതിരുന്ന സായിപ്പിന് ക്രമേണ അതൊക്കെ കൊള്ളാമെന്ന് തോന്നിത്തുടങ്ങി.

ആന്റണി പുറംതള്ളപ്പെട്ടു. പക്ഷേ, അയാള്‍ കൂട്ടാക്കിയില്ല. പഴയതുപോലെ ജോലികള്‍ തുടര്‍ന്നു. ഒപ്പം പഠിക്കുകയും ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗില്‍ ഡിഗ്രി എടുക്കാനുള്ള ശ്രമത്തിലാണ്.

മാസങ്ങള്‍ കടന്നുപോയി. ആയിടയ്ക്ക് അവിടെ ഫോര്‍മാന്റെ പോസ്റ്റ് ഒഴിവായി.

ആര്‍ക്കായിരിക്കും പ്രമോഷന്‍? ജോലിക്കാരുടെ ഇടയില്‍ സംസാരമായി. 

മുമ്പായിരുന്നെങ്കില്‍  അത് തീര്‍ച്ചയായും ആന്റണിക്കായിരുന്നു. ഇപ്പോള്‍ സംശയമായി.

അച്ചന്‍കുഞ്ഞ് അധികൃതരെ മുറയ്ക്ക് കണ്ടു. കൈമണികള്‍ കിലുങ്ങി. ഗിഫ്റ്റുകള്‍ കൊടുത്തു. ഭക്ഷണം വിളമ്പി. മേലധികാരികള്‍ക്ക് സന്തോഷം. പ്രമോഷന്‍ തനിക്കുതന്നെ. 

അച്ചന്‍കുഞ്ഞ് തീര്‍ച്ചപ്പെടുത്തി. ഇടയ്ക്കിടയ്ക്ക് ഫോര്‍മാന്‍ കളിച്ചുനോക്കുകയും ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി. പേര് പുറത്തുവരുന്നില്ല. അധികൃതരെ വീണ്ടും കണ്ട് കാര്യം ചോദിച്ചു. തക്കസമയത്ത് പേരു പുറത്തുവരുമെന്ന് സായിപ്പ•ാര്‍ ഉറപ്പുകൊടുത്തു.

ഉറപ്പുകൊടുത്തതുപോലെ പ്രമോഷന്‍ പ്രഖ്യാപിച്ചു. അത് 
അച്ചന്‍കുഞ്ഞായിരുന്നില്ലെന്നുമാത്രം. ആന്റണിയും ആയിരുന്നില്ല. ഫ്രാന്‍സിസ് ഫോസ്റ്റര്‍. മറ്റൊരു സായിപ്പ്.

എല്ലാവരും അതിശയിച്ചു. കോളേജ് വിദ്യാഭ്യാസമില്ല. തെമ്മാടിയും കള്ളുകുടിയനുമാണ്. ബലാല്‍സംഗക്കേസില്‍ ജയിലില്‍ പോയിട്ടുണ്ട്. 

എങ്കിലും സായിപ്പന്മാര്‍ക്കു സന്തോഷം. അച്ചന്‍കുഞ്ഞിനരിശം. ആന്റണിക്ക് അവിശ്വസനീയം.

ജോലിയില്‍ യാതൊരു പക്ഷഭേദങ്ങളും പാടില്ലെന്ന് ഓഫീസില്‍ എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ട്. അങ്ങനെയാണ് പറയുന്നതും. സ്വാതന്ത്ര്യത്തേയും സമത്വത്തേയും കാണിക്കുന്ന സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി തൊട്ടപ്പുറത്ത് നില്‍ക്കുന്നു. പക്ഷേ, നടക്കുന്നതെല്ലാം മറിച്ചാണെന്നു മാത്രം. കാര്യത്തോടത്തപ്പോള്‍ സായിപ്പിന് തൊലിയുടെ നിറമായിരുന്നു മറ്റെന്തിനെക്കാളും വലുത്. പുറത്തു വെളുത്ത തൊലിയും തുറന്ന ചിരിയും. അകത്ത് കപടതയുടെ കലവറയും.

 എന്തുപറഞ്ഞാലും പ്രയോജനം ഉണ്ടാകുകയില്ലെന്ന് ആന്റണിക്കറിയാമായിരുന്നു. 

അച്ചന്‍കുഞ്ഞിന്റെ അരിശം നിരാശയായി. ആ പഹയ•ാര്‍ക്കു വേണ്ടി എന്തെല്ലാം ചെയ്തു. എന്തെല്ലാം വാരിക്കൊടുത്തു. തന്നെക്കൊണ്ട് അവര്‍ മുതലെടുക്കുകയായിരുന്നു. സമയമായപ്പോള്‍ സായിപ്പ് ഒരു ഇന്ത്യാക്കാരനായ തന്നെ പരസ്യമായി മൂ....

അച്ചന്‍കുഞ്ഞും ചീഫ് എഞ്ചിനീയറെ പോയിക്കണ്ടു. പരാതി പറഞ്ഞു. സായിപ്പ് സൗമ്യനായിരുന്നു. മധുരമായി മറുപടി പറഞ്ഞു. 

അച്ഛന്‍കുഞ്ഞ് നോക്കു. ആന്റണിക്ക് നിങ്ങളെക്കാള്‍ പഠിത്തവും അറിവും ഉണ്ടെന്ന് നിങ്ങള്‍ക്കുതന്നെ അറിയാം. അങ്ങനെയിരിക്കുമ്പോള്‍ ഈ സ്ഥാനം ഞാന്‍ നിങ്ങള്‍ക്കു തന്നാല്‍ അയാള്‍ പരാതിപ്പെടും. മാത്രമല്ല, ഇക്കാര്യത്തിലൊക്കെ ഞാന്‍ വളരെ നിഷ്പക്ഷനാണ് എന്നുമാത്രമല്ല പക്ഷഭേദം പാടില്ലെന്നും നിയമമുണ്ട്. 

നിയമവിരുദ്ധമായിട്ട് എനിക്കൊന്നും ചെയ്യാനൊക്കുകയില്ലല്ലോ. എന്നാലും എനിക്കു നിങ്ങളെ വളരെ ഇഷ്ടമാണ്. നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. സാരമില്ല. 
ഇനിയും എന്തെങ്കിലും അവസരമുണ്ടായാല്‍ ഞാന്‍ നിങ്ങളെ വളരെ ഇഷ്ടമാണ്. 

നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. സാരമില്ല. ഇനിയും എന്തെങ്കിലും അവസരമുണ്ടായാല്‍ ഞാന്‍ നിങ്ങളെ പ്രത്യേകം പരിഗണിക്കുന്നതായിരിക്കും. ഓ.കെ.ഹാവ് ഏ നൈസ് ഡേ.

അച്ചന്‍കുഞ്ഞ് പുറത്തിറങ്ങി. അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.
അതിനുശേഷം ആന്റണി അച്ചന്‍കുഞ്ഞിനെ ചെന്നുകണ്ടു. സമാധാനമായി സംസാരിച്ചു. 
ഇപ്പോള്‍ അയാള്‍ ആന്റണിയെ ശ്രദ്ധിക്കാന്‍ തയ്യാറായി. ആന്റണി ഉപദേശിച്ചു.

അച്ചന്‍കുഞ്ഞേ നമ്മള്‍ ഈ രാജ്യത്ത് വന്നിട്ട് അധികം നാളായില്ല. ഇവിടെയുള്ളവരുടെ മനഃശാസ്ത്രം മനസ്സിലാക്കാതെയാണ് നമ്മളില്‍ അധികം പേരും പെരുമാറുന്നത്. ആന്റണി തുടര്‍ന്നു.

സഹപ്രവര്‍ത്തകരോടുള്ള ആദരവും സൗഹാര്‍ദ്ദവും മേലുദ്യോഗസ്ഥരുടെ രീതിയാണ്. അവര്‍ നമ്മളില്‍ ഒരാളെപ്പോലെ പെരുമാറും. അതുകണ്ട് നമ്മള്‍ തെറ്റിദ്ധരിക്കും. അവരെ സ്വാധീനിക്കാമെന്ന് ധരിക്കും. അവിടെയാണ് നമുക്ക് തെറ്റുപററുന്നത്.

കാര്യത്തോടടുക്കുമ്പോഴാണ് ഇവിടുത്തുകാരുടെ യഥാര്‍ത്ഥമുഖം നാം മനസ്സിലാക്കുന്നത്. അവിടെ വിട്ടുവീഴ്ചയില്ല. പിന്നെ ഒരു കാര്യമുണ്ട് എന്തൊക്കെയായാലും സ്വന്തം ആളുകളോട് ഒരു പ്രത്യേക പരിഗണന ഉണ്ടായേക്കാം. മാത്രമല്ല നമ്മള്‍ പുതിയ ആളുകളാണെന്നുള്ള സത്യം മറുന്നുകൂടാത്തതുമാണ്.

നമ്മുടെ കഴിവുകള്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കണം. ഇപ്പോള്‍ അവഗണിക്കപ്പെട്ടെന്ന് ധരിക്കുന്നെങ്കില്‍ നിസാരമായി കണക്കാക്കണം. ഇനിയുമെങ്കിലും ആരെയും ആവശ്യമില്ലാതെ സ്വാധീനിക്കാന്‍ ശ്രമിക്കാതെ നമ്മള്‍ ചെയ്യേണ്ട ഉത്തരവാദിത്വം ഭംഗിയായി ചെയ്യുക. പതുക്കെയായാലും ഉയര്‍ച്ച തീര്‍ച്ചയാണ്..

ആന്റണി പറഞ്ഞു നിര്‍ത്തി. അച്ചന്‍കുഞ്ഞ് ഒന്നും പറഞ്ഞില്ല. അയാളുടെ മുഖം വിളര്‍ത്തിരുന്നു.

(തുടരും.....)




അമേരിക്ക(നോവല്‍-18) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക