Image

സംസ്‌ഥാനത്തെ സാമ്പത്തിക നില ദയനീയമെന്ന് ധവളപത്രം

Published on 30 June, 2016
സംസ്‌ഥാനത്തെ സാമ്പത്തിക നില ദയനീയമെന്ന് ധവളപത്രം
തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ പുറത്തിറക്കിയ ധവളപത്രം. ധനമന്ത്രി തോമസ് ഐസക്കാണ് സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചുള്ള ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഒന്നരലക്ഷം കോടി രൂപ സംസ്‌ഥാനത്തിന് പൊതുകടമുണ്ടെന്നും 8,199.14 കോടി രൂപയുടെ ധനക്കമ്മിയുണ്ടെന്നുമാണ് ധവളപത്രത്തിലെ പ്രധാന വിവരം. വിവിധ ക്ഷേമപദ്ധതികൾക്കും പെൻഷനും നൽകുന്നതിന് 6,302 കോടി രൂപ ഉടൻ ആവശ്യമുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നികുതി വരുമാനത്തിൽ ഇടിവുണ്ടായതാണ് സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി മോശമാക്കിയത്. വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ പണം കണ്ടെത്തിയില്ലെന്നും ധവളപത്രം ആരോപിക്കുന്നു. 

യുഡിഎഫ് സർക്കാർ നികുതിയിളവുകൾ അനാവശ്യമായി നൽകിയതും സാമ്പത്തിക ബാധ്യത വർധിക്കാൻ ഇടയാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 17.4 ശതമാനമായിരുന്ന നികുതി പിരിവ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് 12 ശതമാനമായി ചുരുങ്ങി. ഇത് അഴിമതിയും കെടുകാര്യസ്‌ഥതയും മൂലമാണെന്നാണ് തോമസ് ഐസകിന്റെ ധവളപത്രത്തിലെ പ്രധാന വിമർശനം. നികുതി പിരിവ് കുറയുകയും ചെലവുകൾ നിയന്ത്രിക്കാൻ കഴിയാതെ വരുകയും കൂടി ചെയ്തതോടെ സംസ്‌ഥാനം വലിയ സാമ്പത്തിക ബാധ്യതയിലെത്തി. കാർഷിക മേഖലയിലെ പദ്ധതികൾക്ക് വേണ്ടി സർക്കാർ തുക വകയിരുത്തിയില്ല. സ്വജനപക്ഷാപാതവും അഴിമതിയും കാരണം നികുതി പിരിവ് ശരിയായി നടന്നില്ല. 10 വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചയിലേക്ക് സംസ്‌ഥാനം ചുരുങ്ങിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക