Image

മയാമിയില്‍ കൗണ്ട് ഡൗണ്‍ തുടങ്ങി: സൗമ്യതയും, ശാന്തതയും കൈമുതലായി ഷാജി എഡ്വേര്‍ഡ്

Published on 27 June, 2016
മയാമിയില്‍ കൗണ്ട് ഡൗണ്‍ തുടങ്ങി: സൗമ്യതയും, ശാന്തതയും കൈമുതലായി ഷാജി എഡ്വേര്‍ഡ്
മയാമിയില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയെങ്കിലും (റോക്കറ്റ് വിക്ഷേപണ കേന്ദ്രം കേപ്പ് കനാവറല്‍ അധികം ദൂരെയല്ല) 'കൂള്‍' ആയി കാര്യങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ചെയ്യുകയാണ് ഫോമാ ജനറല്‍ സെക്രട്ടറി ഷാജിഎഡ്വേര്‍ഡ്. കണ്‍വന്‍ഷനിലെ തിരക്കും ഇലക്ഷന്റെ ബഹളവുമൊന്നും
സ്വതസിദ്ധമായ ശാന്തതയ്ക്കും പുഞ്ചിരിക്കും മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഒരര്‍ത്ഥത്തില്‍ രാമ ലക്ഷ്മണന്മാരെപ്പോലെയാണ് പ്രസിഡന്റ് ആനന്ദന്‍ നിരവേലും, ഷാജിയും. ഉറച്ച തീരുമാനങ്ങളെടുക്കുകയും, അതു നടപ്പിലാക്കുകയും ചെയ്യാന്‍ മടി കാണിക്കാത്ത പ്രസിഡന്റിന്റെ ശക്തി സ്രോതസ് ഷാജിയാണെന്ന് പറയാം. ഈ ടീം വര്‍ക്കിന്റെ മികവ് മയാമി കണ്‍വന്‍ഷന്‍ വേദിയില്‍ ഉണ്ടാകും.

കാര്യങ്ങളെല്ലാം ഭംഗിയായി പോകുന്നതായി ഷാജി പറഞ്ഞു. ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാതെയുമിരുന്നില്ല. തൈക്കുടം ബ്രിഡ്ജ് ഷോ ഒരു പ്രധാന ഇനമായിരുന്നു. അവരുടെ വരവ് വിസ പ്രശ്‌നത്തില്‍ മുടങ്ങിയതോടെ പകരം പരിപാടി ഏര്‍പ്പെടുത്തേണ്ടി വന്നു. അതു എന്തെന്നത് തത്കാലം ഗോപ്യം.

കാര്യപരിപാടികള്‍ക്ക് താത്കാലിക രൂപംകൊടുത്തിട്ടുണ്ട്. ജൂലൈ 7നു വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അതു ഏഴുമണി വരെ തുടരും. ഫോര്‍ട്ട് ലോഡര്‍ഡേല്‍ വിമാനത്താവളത്തില്‍ നിന്ന് 10 മുതല്‍ 7 വരെ ഓരോ മണിക്കൂറിലും പിക്കപ്പുണ്ട്. ഏകദേശം 35 മിനിറ്റ് എടുക്കും കണ്‍വന്‍ഷന്‍ വേദിയായ ഡുവല്‍ റിസോര്‍ട്ടില്‍ എത്താന്‍. രണ്ടു ബസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കൊണ്ടിരിക്കും. ചാര്‍ജ് കുറവായതിനാല്‍ മിക്കവരും ഫോര്‍ട്ട് ലോഡര്‍ഡേലിലേക്കാണ് വരുന്നത്. മയാമി എയര്‍പോര്‍ട്ടില്‍ നിന്ന് വേദിയിലേക്ക് അധികം ദൂരമില്ലാത്തതിനാല്‍ പിക്ക് അപ് ഉണ്ടാവില്ല.

വൈകിട്ട് സാഗരം സാക്ഷിയായ ചെണ്ടമേളവും, വര്‍ണ്ണാഭമായ ഘോഷയാത്രയുമാണ് കണ്‍വന്‍ഷന്റെ വരവറിയിക്കുക. ബീച്ചില്‍ നിന്നു ഹോട്ടലിലേക്ക് തിരമാലകളെ പൊട്ടിച്ചിരിപ്പിച്ച് കേരളത്തിലെ മുത്തുക്കുടകളും, കാവടിയും വെഞ്ചാമരവും കസവണിഞ്ഞ വനിതകളും നാടന്‍ വേഷത്തില്‍ പുരുഷന്മാരും താലപ്പൊലിയുമെല്ലാം മണല്‍ത്തിരകള്‍ക്കും കോരിത്തരിപ്പാകും. ക്യാമറകള്‍ കരുതാന്‍ മറക്കണ്ട.

ജോസ്മാന്‍ കരേടന്റെ നേതൃത്വത്തിലാണ് 50 അംഗ ചെണ്ടമേളം. ഘോഷയാത്ര വേദിയിലെത്തിയാല്‍ നിരവധി വനിതകള്‍ ഒന്നിക്കുന്ന തിരുവാതിര അപൂര്‍വ്വ ദൃശ്യമാകും. തുടര്‍ന്ന് ഉദ്ഘാടനം. ഡമോക്രാറ്റിക് നേതാവ്  ഡെബി  വാസര്‍മാന്‍, മയാമി ബീച്ച് മേയര്‍ ഫിലിപ്പ് ലെവിന്‍, മറ്റു യു.എസ് രാഷ്ട്രീയ നേതാക്കള്‍, കേരളത്തില്‍ നിന്ന് ആന്റോ ആന്റണി എം.പി, മുന്‍മന്ത്രി ബിനോയ് വിശ്വം, നടന്‍ സുരാജ് വെഞ്ഞാറമൂട്, അറ്റ്‌ലാന്റ കോണ്‍സല്‍ ജനറല്‍ നാഗേഷ് സിംഗ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, ഡി.ഐ.ജി വിജയന്‍, ഡോ. എം.വി പിള്ള, ഡോ. ആനി പോള്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുക്കും.

തുടര്‍ന്ന് സിറ്റ് ഡൗണ്‍ ഡിന്നര്‍. അതേ വേദിയിലോ, തൊട്ടടുത്ത ഹാളിലാണോ എന്നു തീരുമാനിച്ചിട്ടില്ല.

രാത്രി 9.30 മുതല്‍ 12 വരെ കലാപരിപാടികള്‍. അംഗസംഘടനകളുടെ പരിപാടികളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ചവയാണ് അവതരിപ്പിക്കുക. മികച്ച പ്രൊഫഷണലിസവും കലാമേന്മയുമുള്ള സൃഷ്ടികള്‍ക്ക് ദേശീയ തലത്തില്‍ ഫോമ വേദിയൊരുക്കുകയാണ്.

ജൂലൈ എട്ടിന് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 10 വരെ ബ്രേക്ക്ഫാസ്റ്റ്.

രാവിലെ 8.30നു അഡൈ്വസറി ബോര്‍ഡ് യോഗം കൂടും. മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് ബോര്‍ഡില്‍.

ഒമ്പത് മുതല്‍ 11 വരെയാണ് ജനറല്‍ബോഡി യോഗം. 11 മുതല്‍ ഇലക്ഷന്‍ പ്രക്രിയ ആരംഭിക്കും. സ്റ്റാന്‍ലി കളരിക്കമുറി മുഖ്യ ഇലക്ഷന്‍ കമ്മീഷണറും, സി.കെ ജോര്‍ജ്, ഗ്രേസി ജയിംസ് എന്നിവര്‍ കമ്മീഷണര്‍മാരുമായ ഇലക്ഷന്‍ സമിതി തെരഞ്ഞെടുപ്പ് നടത്തും.

12 മണി മുതല്‍ ഒരു മണി വരെ ബ്രേക്ക്. ഒരു മണി മുതല്‍ നാലു മണി വരെയാണ് വോട്ടിംഗ്. വൈകിട്ടോടെ ഫലം വരും.

ഉച്ചയ്ക്ക് 2 മുതല്‍ നഴ്‌സസ് സെമിനാറും, ഇന്‍വെസ്റ്റ്‌മെന്റ് സെമിനാറും. 3 മണി മുതല്‍ 7 മണി വരെ മിസ് ഫോമ മത്സരങ്ങള്‍. താരങ്ങളും ഗായകരുമൊക്കെ ചടങ്ങ് മോടിയാക്കാന്‍ എത്തും. വൈകിട്ട് 7 മുതല്‍ 9 വരെ ഡിന്നര്‍. ഇതിനോടൊപ്പം ബിസിനസ് സെമിനാറുമുണ്ട്.

9 മുതല്‍ 12 വരെ ഷിംഗാരി സ്‌കൂള്‍ രൂപപ്പെടുത്തിയ പ്രത്യേക ഷോ അരങ്ങേറും. 32 പേര്‍ പങ്കെടുക്കുന്ന ഈ ഷോയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും നൃത്തവുമെല്ലാം കോര്‍ത്തിണക്കിയിരിക്കുന്നു. ഫോമ വേദിക്കുവേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ പരിപാടിയാണിത്. അതിന്റെ ആദ്യാവതരണം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് കലാപ്രതിഭകള്‍. ഇതിനു പുറമെ നിഴലാട്ടം നാടകം, ഗാനമേള തുടങ്ങിയവയും ഉണ്ടാകും.

ജൂലൈ 9നു ശനിയാഴ്ച രാവിലെ ബ്രേക്ക്ഫാസ്റ്റ്. തുടര്‍ന്ന് സെമിനാറുകള്‍ക്കായി പ്രത്യേക വേദികള്‍ തുറക്കുകയായി. വനിതാഫോറം, സാഹിത്യസമ്മേളനം, മീഡിയ സെമിനാര്‍ തുടങ്ങിയവ.

ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ മലയാളി മങ്ക മത്സരം, 4 മുതല്‍ ചിരിയരങ്ങ്. 6.30ന് ബാങ്ക്വറ്റിനായി ഒരുക്കം. തുടര്‍ന്ന് വിജയ് യേശുദാസിന്റെ ഗാനമേള.

ബാങ്ക്വറ്റിനും ഗാനമേളയ്ക്കും ഏതാനും ടിക്കറ്റുകള്‍ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കും. 60 ഡോളര്‍ എന്ന ചെറിയൊരു തുകയാണ് ഇതിനുവേണ്ടി നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ ജൂലൈ 1നു മുമ്പ് പേര് കൊടുത്തിരിക്കണം. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കാന്‍ ആവശ്യമാണത്.

ശനിയാഴ്ച രാവിലെയാണ് വള്ളംകളി. ഏതാനും മൈല്‍ അകലെയാണ് ലേക്ക്. ആറു ടീമുകള്‍ ഇതിനകം മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു എന്നതാണ് പ്രത്യേകത.

ബിസിനസ് രംഗത്തുനിന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് സി.ഇ.ഒ ഡോ. റോയി സി.ജെ, ഡോ. വര്‍ഗീസ് മൂലന്‍ തുടങ്ങി ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.

കണ്‍വന്‍ഷനേക്കാളും ഇലക്ഷന് ചിലര്‍ പ്രാധാന്യം കൊടുക്കുന്നതില്‍ ഷാജിക്ക് കുണ്ഠിതമുണ്ട്. ഇത്രയ്‌ക്കൊന്നും വാശിയും വീറും കാട്ടേണ്ട ഒന്നല്ല ഇലക്ഷന്‍. പലരും ആദ്യമായി ഇലക്ഷന്‍ രംഗത്തേയ്ക്ക് വരുന്നതു കൊണ്ടാണ് ഇത്രയധികം പ്രാധാന്യം തോന്നുന്നത്.

 എല്ലാം ബൈലോയില്‍ പറഞ്ഞ പ്രകാരം മാത്രമാണ് ചെയ്തിട്ടുള്ളത്. ജനറല്‍ ബോഡി പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം ജനറല്‍ സെക്രട്ടറിയാണ് വിളിച്ചുകൂട്ടുന്നത്. എല്ലാ സംഘടനയിലും അങ്ങനെ തന്നെ. ഇലക്ഷന്‍ സമിതി ഇലക്ഷന്‍ കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്.

മുന്‍കാല നേതാക്കളെ ആദരിക്കുകയും അംഗീകരിക്കുകയുമാണ് തന്റെ ശൈലി. സംഘടന കെട്ടിപ്പെടുത്തവരെ അംഗീകരിച്ചേ പറ്റൂ. അതേസമയം പുതിയ തലമുറ വരുന്നതിനോട് എതിര്‍പ്പില്ലതാനും. തനിക്കുശേഷം മറ്റാരും വരരുത് എന്ന ചിന്താഗതി തനിക്കില്ല.

ഡെലിഗേറ്റായി വരണമെങ്കില്‍ അസോസിയേഷന്റെ പ്രസിഡന്റ് മാത്രമല്ല, സെക്രട്ടറികൂടി ഒപ്പിട്ടാലേ സ്വീകരിക്കൂ.

ഏതെങ്കിലും കാര്യം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ പരാതികള്‍ അഡൈ്വസറി ബോര്‍ഡിലും ജുഡീഷ്യല്‍ കമ്മീഷനിലും ഉന്നയിച്ച് പരിഹാരം തേടുന്നതില്‍ തെറ്റില്ല.

ഇലക്ഷന്‍ കഴിഞ്ഞാലും തമ്മില്‍ കാണേണ്ടവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരുമാണെന്നത് മറക്കരുത്. ഇലക്ഷന്‍ വരും പോകും. ഫോമയ്‌ക്കെതിരേ എന്തെങ്കിലും കേസ് ഉള്ളതായി തനിക്കറിവില്ല. സംഘടനയില്‍ എന്തോ പ്രശ്‌നമുണ്ടെന്ന ധാരണയും ശരിയല്ല. കാര്യങ്ങള്‍ ശാന്തമായാണ് പോകുന്നത്.

അഡൈ്വസറി ബോര്‍ഡിലും മറ്റും വരുന്നവര്‍ നേരത്തെ മറ്റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരായിരിക്കണം.

റീജണല്‍ കാന്‍സര്‍ സെന്റര്‍ പ്രൊജക്ടിന്റെ കെട്ടിട നിര്‍മാണം 30ന് തീരുമെന്ന് അറിയിച്ചിട്ടുണ്ട്. ഫിനിഷിംഗ് ജോലികളെ പിന്നീട് അവശേഷിക്കൂ. നിര്‍മ്മാണ ചിലവ് പ്രതീക്ഷിച്ചതില്‍ കൂടുതലായി എന്ന് അറിയിച്ചിട്ടുണ്ട്. ഒരു ലക്ഷം ഡോളറാണ് നാം കൊടുക്കാമെന്നേറ്റത്. പക്ഷെ 1,20,000ല്‍പ്പരം ഡോളര്‍ സമാഹരിക്കാനായി. അതു മുഴുവന്‍ പ്രൊജക്ടിനു നല്‍കാനാണ് തീരുമാനം.

ന്യൂയോര്‍ക്കില്‍ നിന്നുമാത്രം പ്രൊജക്ടിനു 30,000 ഡോളര്‍ സമാഹരിച്ചു. സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നു 10,000 ഡോളര്‍. ബിജു ഉമ്മന്റെ നേതൃത്വത്തില്‍ എമ്പയര്‍ റീജിയന്‍ 16,000 ഡോളര്‍ സമാഹരിച്ചു നല്‍കി. ഫ്‌ളോറിഡയില്‍ നിന്നു മികച്ച പ്രതികരണമുണ്ടാണ്ടയി.

ഫ്‌ളോറിഡയില്‍ ഇതു മാമ്പഴക്കാലമാണു. കേരളത്തിന്റെ അനുഭൂതികള്‍ പുതുക്കി സന്തോഷകരമായ കണ്‍ വഷനിലേക്കു ഏവര്ക്കും സ്വാഗതം-ഷാജി പറഞ്ഞു. 
മയാമിയില്‍ കൗണ്ട് ഡൗണ്‍ തുടങ്ങി: സൗമ്യതയും, ശാന്തതയും കൈമുതലായി ഷാജി എഡ്വേര്‍ഡ്
Join WhatsApp News
Babu Thomas Thekkekara 2016-07-02 15:47:15
Good luck for a wonderful convention and congrats to the efficient leaders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക