Image

കെയ്‌രാനകള്‍ സത്യമോ മിഥ്യയോ? എന്താണിവയുടെ ലക്ഷ്യം?- (ഡല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 27 June, 2016
കെയ്‌രാനകള്‍ സത്യമോ മിഥ്യയോ? എന്താണിവയുടെ ലക്ഷ്യം?- (ഡല്‍ഹി കത്ത് : പി.വി.തോമസ്)
കെയ്‌രാന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഒരു മുസഫര്‍നഗറിനടുത്ത് ചെറുപട്ടണം ആണ്. ഇതേ പേരില്‍ ഒരു ലോകസഭ മണ്ഡലവും ഉണ്ട്. ഒരു മുന്നാം ഭൂരിപക്ഷ പട്ടണമാണെങ്കിലും 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യിലെ ഹുക്കും സിംങ്ങ് ആണ് ഇവിടെ വിജയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹുക്കും സിംങ്ങ് ഒരു വെടിപൊട്ടിച്ചു: കെയ് രാനയില്‍ ഭയങ്കര മുസ്ലീം പീഡനം നടക്കുകയാണ് ഹിന്ദുക്കളുടെ മേല്‍. ഇതിന്റെ ഫലമായി 350 ഹിന്ദുകുടുംബങ്ങള്‍ കെയ് റാന വിട്ട് മറ്റ് സ്ഥലങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഹിന്ദു പാലായനം ഇപ്പോഴും തുടരുകയാണ്.
ഇത് സകലരേയും ഞെട്ടിച്ചു. കെയ് രാന മറ്റൊരു കാശ്മീര്‍ ആയികൊണ്ടിരിക്കുകയാണെന്നും ഹുക്കും സിംങ്ങ് തട്ടിവിട്ടു. ഒരു എം.പി. ഇതുപോലുള്ള ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ തീര്‍ച്ചയായും അത് അര്‍ഹിക്കുന്ന ഗൗരവത്തോടെതന്നെ രാഷ്ട്രം ചെവിക്കൊള്ളും.

ഹുക്കുംസിംങ്ങിന്റെ പിന്നാലെ തൊട്ടടുത്ത സര്‍ദാന നിയമസഭ അംഗമായ സംഗീത് സോമും ഇത് ആരോപണവുമായി മുമ്പോട്ടു വന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കെയ് രാന മാത്രം അല്ല ഷാംലിയും മറ്റ് അനേകം സ്ഥലങ്ങളും ഇതേ ഹിന്ദുപാലായനത്തിന്റെ ഇരകള്‍ ആണ്.

ഹുക്കും സിംങ്ങും സംഗീത് സോമും 2013-ലെ മുസഫര്‍ നഗര്‍ വംശീയ കലാപത്തിലെ പ്രതികള്‍ ആണ്. അതിന്റെ ഫലമായിട്ടുള്ള മതധ്രൂവീകരണത്തിലൂടെയാണ് ഹുക്കും സിംങ്ങ് എം.പി. ആയത്. സംഗീത് സോമും ഇതേ പ്രക്രിയയുടെ ഉപഭോക്താവാണ്. ഇവര്‍ രണ്ടു പേരും സംഘപരിവാറും 2013-ലെ മുസഫര്‍ നഗര്‍ ഉത്തര്‍പ്രദേശ് മുഴുവനും ആവര്‍ത്തിക്കുവാന്‍ ശ്രമിക്കുകയാണ്. 2017-ല്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആണ്. അത് നരേന്ദ്രമോഡിയെയും അമിത്ഷായെയും സംബന്ധിച്ചിടത്തോളം വളരെ വളരെ നിര്‍ണ്ണായകം ആണ്. 2017-ല്‍ ഉത്തര്‍പ്രദേശ് പിടിച്ചാല്‍ 2019-ല്‍ ലോകസഭ രണ്ടാം വട്ടവും പിടിക്കാമെന്ന്.

അതാണ് കെയ് രാനിയിലെയും ഷാംലിയിലെയും ഹിന്ദു പാലായന കഥകളുടെ പിന്നില്‍.
2013- ലെ മുസഫര്‍ നഗര്‍ മതകലാപം കുപ്രസിദ്ധം ആണ്. അവിടെ അന്ന്(2013 സെപ്തംബര്‍) ഹിന്ദുക്കളും മുസ്ലീംങ്ങളും തെരുവുയുദ്ധം നടത്തി. ഹുക്കും സിംങ്ങും സംഗീത് സോമും അത് മൃഗീയമായി അസൂത്രണം ചെയ്തുവിജയിപ്പിച്ചു. 63 പേര്‍ കൊല്ലപ്പെട്ടു. ഒട്ടുമുക്കാലും മുസ്ലീങ്ങള്‍ തന്നെ. 50,000 മുസ്ലീം കുടുംബങ്ങള്‍ പാലായനം ചെയ്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിച്ചു. ഇവരില്‍ പലരും ഇന്നും അവിടങ്ങളില്‍ ജീവിക്കുന്നു, പ്രാഥമിക ജീവിതസൗകര്യങ്ങള്‍ പോലും ഇല്ലാതെ.

പക്ഷേ, മുസഫര്‍ നഗര്‍ വംശീയകലാപം മോഡിക്ക് 80-ല്‍ 71 ലോകസഭ സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ മതധ്രൂവീകരണത്തിലൂടെ നേടികൊടുത്തു. ഇത് മോഡിയോ ഷായോ ബി.ജെ.പി.യോ സംഘപരിവാറോ നിഷേധിക്കുകയില്ല.

ഇതേ ഗൂഢാലോചനയാണ് വീണ്ടും ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്നത്. ഹുക്കും സിംങ്ങിന്റെയും സംഗീത് സോമിന്റെയും പാലായന തിയറികളുടെ തൊട്ട് പിന്നാലെ വിശ്വഹിന്ദുപരിഷത്ത് അതേ തിയറിയുമായി മുമ്പില്‍ വന്നു. ഈ ഹിന്ദു പാലായന കഥകള്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങുന്നവയാണ്. അതാണ് സ്‌ക്രിപ്റ്റിന്റെ രാഷ്ട്രീയ പരിധി പ്രസക്തി. വിശ്വഹിന്ദുപരിക്ഷത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം നാല്പത് ഹിന്ദു കുടുംബങ്ങള്‍ ആണ് മുസ്ലീം പീഢനം കാരണം സഹാരന്‍പൂര്‍ എന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദേവബന്ദ് എന്ന സ്ഥലത്തു നിന്നും പാലായനം ചെയ്തിട്ടുള്ളത്. സഹാരന്‍പൂറും ദേവബന്ദും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങള്‍ ആണ്. ദേവബന്ദില്‍ ആണ് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ മുസ്ലീം മതപഠനകേന്ദ്രമായ ഭരൂള്‍ ഉലൂം സ്ഥിതിചെയ്യുന്നത്. വിശ്വഹിന്ദുപരിക്ഷത്തിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ആറ് ഹിന്ദുമത സ്ഥാപനങ്ങള്‍ മുസ്ലീങ്ങള്‍ കയ്യേറിയിട്ടുണ്ട്! പാലായനം ചെയ്ത ഹിന്ദു കുടുംബങ്ങള്‍ നാല്പതില്‍ ഒതുങ്ങുന്നില്ല. വിശദമായ വിവരകണക്ക് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അവപുറത്ത് വിടും.
വിശ്വഹിന്ദു പരിക്ഷത്തിന്റെ കണക്കെടുപ്പ് ഇവിടെ തീരുന്നില്ല. 38 ഉത്തര്‍പ്രദേശ് പട്ടണങ്ങളിലും ഗ്രാമങ്ങളിലും എങ്കിലും ഹിന്ദുജനസംഖയ കുത്തനെ താഴ്ന്നിട്ടുണ്ട് പരിഷത്തിന്റെ കണക്ക് പ്രകാരം. ഈ പട്ടണങ്ങളും ഗ്രാമങ്ങളും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥലങ്ങളില്‍ ഹിന്ദു ജനസംഖ്യ നാല്പതു മുതല്‍ അമ്പത് ശതമാനം വരെ ആയിരുന്നു. എന്നാല്‍ ഇന്ന് അത് വെറും എട്ട് മുതല്‍ പത്ത് ശതമാനം വരെ കുറഞ്ഞിരിക്കുന്നു. ഏത് ഔദ്യോഗിക കണക്കിനെയാണ് വിശ്വഹിന്ദു പരിഷത്ത് അവലംബിക്കുന്നതെന്ന് അറിയില്ല. പക്ഷേ, പരിക്ഷത്തിന്റെ അവകാശപ്പെടല്‍ പ്രകാരം നിരവധി കെയ് രാനകള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ട്. ഇവിടെ നിന്നെല്ലാം ഹിന്ദുക്കള്‍ മുസ്ലീം പീഢനത്തെ ഭയന്ന് പാലായനം ചെയ്യുകയാണ് കൂട്ടത്തോടെ.

എട്ട് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലകളില്‍ ഹിന്ദുപാലായനം തീവ്രമാണ്, വിശ്വഹിന്ദു പരിഷത്തിന്റെ കണക്ക്പ്രകാരം. മൊറാദാബാദ്, മീററ്റ്, സഹാരന്‍പൂര്‍, രാംപൂര്‍, അമറോഹ, സാമ്പല്‍ ബിജനോര്‍, ഷാംലി എന്നിവയാണ് ഇവ. ഇവിടെയെല്ലാം മിനി പാക്കിസ്ഥാന്‍ വളരുകയാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രചരിപ്പിക്കുന്നത്. വ്യാപകമായ ഹിന്ദുപീഢനം ആണ് ഈ സ്ഥലങ്ങളില്‍ നടക്കുന്നത്. അത് കാരണം ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ അറുപത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഹിന്ദുക്കളുടെ ജനസംഖ്യ പകുതിയോളം ആയിരുന്നു. ഇന്ന് അത് വെറും നാല്പത് ശതമാനത്തില്‍ താഴെ ആയിരിക്കുന്നു, വിശ്വഹിന്ദുപരിഷത്തിന്റെ കണക്ക് അനുസരിച്ച്. ബാക്കി ഹിന്ദുക്കള്‍ എല്ലാം നാട് വിട്ടിരിക്കുന്നു മുസ്ലീം പീഢനത്തെ ഭയന്നു.

എന്താണ് കെയ് രാനകളുടെ സത്യം? അവ കെട്ടുകഥയോ, യാഥാര്‍ത്ഥ്യമോ? തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കല്‍ തന്ത്രമോ പച്ചയായ സത്യമോ?
ഹുക്കുംസിംങ്ങിന്റെയും സംഗീത് സോഹന്റെയും കെയ് രാന തിയറികള്‍ പുറത്ത് വന്നയുടനെ തന്നെ മാധ്യമങ്ങള്‍ അന്വേഷണസംഘങ്ങളെ അവിടേയ്ക്ക് അയച്ചു. ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ലേഖകന്മാര്‍ വീട് വീടാനന്തരം കയറിയിറങ്ങി കെയ് രാനയില്‍ അന്വേഷണം നടത്തി. മുസ്ലീം പീഡനത്താല്‍ കെയ് രാന വിട്ട ഒരൊറ്റ ഹിന്ദു വീടും പോലും അവര്‍ക്ക് കണ്ടെത്തുവാനായില്ല. പലരും പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിപോയിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും അതില്‍പെടുന്നു. ജോലി, വിദ്യാഭ്യാസ സൗകര്യം എന്നിവ ഇതില്‍ പെടും. പക്ഷേ, ഗുണ്ടാശല്യം ഈ സ്ഥലങ്ങളില്‍ വ്യാപകം ആണ്. ഇത് മൂലം സ്ഥലം വിട്ടത് വെറും മൂന്ന് കുടുംബങ്ങള്‍ ആണ്. നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും വിവിധ രാഷ്ട്രീയ കക്ഷികളും സംസ്ഥാന ഗവണ്‍മെന്റും ജില്ലാ ഭരണകൂടവും സന്യാസസംഘവും വേറിട്ട അന്വേഷണങ്ങള്‍ നടത്തുകയുണ്ടായി. ആരും മുസ്ലീം പീഢനത്തിന്റെ കഥയെ സ്ഥിരീകരിച്ചില്ല. മറിച്ച് തള്ളി പറഞ്ഞു. അത് വ്യാജമായ ഒരു രാഷ്ട്രീയ ചൂതാട്ടം ആണെന്ന് ആരോപിച്ചു. പക്ഷേ, ബി.ജെ.പി.യും സംഘപരിവാറും ഹുക്കും സിംങ്ങും സംഗീത് സോമും ഇത് അംഗീകരിക്കുന്നില്ല. അവരുടെ ലക്ഷ്യം മിഷന്‍ 2017 ആണ്. ഹുക്കുംസിംങ്ങ് ആരംഭത്തില്‍ ഒരു മനംമാറ്റം വരുത്തി കെയ് രാന പാലായനം മതപരമല്ല അക്രമസംഭവങ്ങള്‍ കൊണ്ടാണെന്ന് തിരുത്തിയെങ്കിലും പിന്നീട് അത് മാറ്റി പറഞ്ഞു. ജൂണ്‍ മദ്ധ്യത്തില്‍ മോഡിയും ഷായും പങ്കെടുത്ത ബി.ജെ.പി.യുടെ അലഹബാദ് നാഷ്ണല്‍ എക്‌സിക്യൂട്ടീവ് കെയ് രാന പോലുള്ള ഹിന്ദുപാലായനങ്ങള്‍  ഒരു പ്രധാന വിഷയം ആയി ചര്‍ച്ച ചെയ്തു. ബി.ജെ.പി. ഒരു പ്രത്യേക അന്വേഷണ സംഘത്തെ കെയ് രാനയിലേക്ക് അയക്കുകയും ചെയ്തു.

കെയ് രാന സന്ദര്‍ശിച്ച അന്വേഷണ സംഘങ്ങളില്‍ ഹിന്ദു സന്യാസിമാരുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ആണ് ഏറ്റവും രസകരം. കെയ് രാനയിലെ ഹിന്ദുപാലായനം ബി.ജെ.പി.യുടെ ഒരു കെട്ടുകഥയായി അത് ചിത്രീകരിച്ചു. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ട് രാഷ്ട്രീയലാഭം കൊയ്യുവാനായിട്ടുള്ള വില കുറഞ്ഞ ഒരു തന്ത്രം ആയിട്ടാണ് ഹിന്ദുസന്യാസി സംഘം അതിനെ കണ്ടത്. കെയ് രാനയില്‍ നിന്നും ഗാസിയബാദിലെ ആശ്രമത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് വധഭീഷണിയും ലഭിച്ചു. പോലീസ് സംരക്ഷണയിലാണ് അവര്‍ ആശ്രമത്തില്‍ എത്തിചേര്‍ന്നത്.

പക്ഷേ ബി.ജെ.പി. അയച്ച അന്വേഷണ സംഘം സ്വാഭാവികമായും കെയ് രാനയിലെ ഹിന്ദുപാലായനം ഒരു യാഥാര്‍ത്ഥ്യം ആണെന്ന് സ്ഥിരീകരിച്ചു. കെയ് രാനയിലെ ഹിന്ദു പാലായനം ഒരു യാഥാര്‍ത്ഥ്യം ആണെന്ന് സ്ഥിരീകരിച്ചു. കെയ് രാനയിലെ ഹിന്ദുക്കള്‍ മുസ്ലീം പീഡനത്തിന്റെ നിഴലില്‍ ആണ്. രാഷ്ട്രീയ സ്വയം സേവകസംഘവും ഇതിനോട് യോജിക്കുന്നു. ബി.ജെ.പി.യും രാഷ്ട്രീയ സ്വയസേവക് സംഘവും കെയ് രാനകൡ ഒരു ഹിന്ദു 'വാപ്‌സി'(തിരിച്ചുവരവ്) ക്കായി പ്രതിജ്ഞയെടുക്കുന്നു. തെരഞ്ഞെടുപ്പു കാലം അല്ലേ ഇത് നല്ലൊരു മന്ത്രം ആണ്, തന്ത്രം ആണ്. ഘര്‍വാപ്‌സി പോലെ. ലൗ ജിഹാദ് പോലെ.

ഒരു മില്ല്യണ്‍ മ്യൂട്ടിനി(കലാപങ്ങള്‍) മനുഷ്യമനസുകളില്‍, തെരുവുകളില്‍ വിതക്കുകയാണിവരുടെ ലക്ഷ്യം. അതുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കുവാനായാല്‍ വേറെന്തു വേണം? പക്ഷേ, ഇവര്‍ സമൂഹത്തിന്റെ മനസിലേല്പിക്കുന്ന മുറിവിന്റെ ആഴം ഇവര്‍ അറിയുന്നില്ല. ഈ താല്‍ക്കാലിക വിജയങ്ങള്‍ക്ക് ശേഷം രാഷ്ട്രം തന്നെ അതിന്റെ ഇന്നത്തെ അവസ്ഥയില്‍, രൂപത്തില്‍ ഉണ്ടായെന്നിരിക്കുകയില്ല. ഒരു രാഷ്ട്രം ഒരു ഭൂപടം മാത്രം അല്ല. അതില്‍ ജീവിക്കുന്ന മനുഷ്യരാണ്. അവരുടെ വൈകാരിക ഐക്യം ആണ്. അതാണ് ഈ ഹൃസ്വവീക്ഷണക്കാരായ മത-രാഷ്ട്രീയ വൈതാളികന്മാര്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത്. കെയ് രാനകള്‍ മിഥ്യകള്‍ ആണ്. വോട്ട് രാഷ്ട്രീയത്തിന്റെ നഗ്നതാണ്ഡവം ആണ്. അവയെ നിയമപരമായും രാഷ്ട്രീയമായും മാനവീകമായും നേരിടണം.

കെയ്‌രാനകള്‍ സത്യമോ മിഥ്യയോ? എന്താണിവയുടെ ലക്ഷ്യം?- (ഡല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക