Image

നഷ്ടസ്മൃതികളുടെ തടവറയില്‍ (കവിത : മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 27 June, 2016
നഷ്ടസ്മൃതികളുടെ തടവറയില്‍ (കവിത : മാര്‍ഗരറ്റ് ജോസഫ്)
ഓര്‍മ്മത്തിരികള്‍ കൊളുത്തിവച്ചിരിക്കുന്ന അകത്തളം,
വ്യത്യസ്തമായ ആകൃതിപ്രകൃതികളോടെ പുറത്തേയ്ക്ക് തുറന്നിരിക്കുന്ന ഒന്‍പത് വാതിലുകള്‍
സര്‍ഗ്ഗസൗന്ദര്യത്തികവാര്‍ന്ന മണ്‍കൊട്ടാരം,
മഹത്തായ മായക്കൊട്ടാരം, അതെ, ഉയിരിന്‍തുടികൊട്ടുന്ന കൊട്ടാരം;
സഞ്ചരിക്കുന്ന ഈ കൊട്ടാരത്തില്‍ അങ്കനം ചെയ്തിട്ടുള്ള അദൃശ്യഘടികാരത്തില്‍-
മാത്രാസൂചികളുടെ ചലനക്രമം- മുന്നോട്ട്.....മുന്നോട്ട് മാത്രം;
ഋതുചക്രങ്ങളുടെ ചംക്രമണത്തില്‍ വളര്‍ച്ച തളര്‍ച്ചയാകുന്ന യാത്ര.....
ദൂരം അനിശ്ചിതം....സമയം അനിശ്ചിതം.
ഈ പ്രയാണത്തിനിടയില്‍, എന്തേ വിസ്മൃതിയുടെ വഴിത്തിരിവ്?
ഗതിവേഗതയില്‍ കൈവശമുള്ളത് കളഞ്ഞുപോയെന്നോ?
ഏതോ അപരിചിതമായ തുരുത്തില്‍ ഒറ്റപ്പെട്ടുപോയെന്നോ?
അടുത്തുള്ളവര്‍ അകലുന്നുവോ? ഗതകാലത്തിലെത്തുന്നുവോ?
മുന്നില്‍ നിഴലുകള്‍ മാറിമറിയുന്നുവോ?
വിജനവീഥിയില്‍ ദിശയറിയാതെ എവിടേയ്ക്ക്?
സ്വത്വം പിടിവിട്ടകന്ന് നൂലറ്റ പട്ടം പോലെ.... അപ്പൂപ്പന്‍താടിപോലെ-
സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ,
അവ്യക്തയില്‍ തപ്പിത്തടയുന്ന!...
സങ്കീര്‍ണ്ണതകളില്‍ കുടുങ്ങിക്കിടക്കുന്ന!
ചിന്താവ്യാപാരങ്ങള്‍ ചിതറിത്തെറിക്കുന്ന!
ജീവതന്ത്രിയില്‍ ഈണങ്ങളില്ലാതെ നാദങ്ങളാവര്‍ത്തനങ്ങളാകുന്ന,
ദയനീയമായ ജന്്മനിയോഗം!
ചത്തതിനൊപ്പം ജീവിച്ചിരിക്കുന്ന അവസ്ഥ! അമ്പേ!
ഈ നഷ്ടസ്മൃതികളുടെ തടവറയില്‍; എത്ര കഷ്ടം ഈ സ്വപ്‌നാടനം!
പഞ്ചേന്ദ്രിയം വരമായ ശരീരം പാവകൂത്താടിത്തകരുന്ന വെറും കുടീരം!
മനോമണ്ഡലത്തില്‍ ഇരുള്‍ പരന്ന് ബുദ്ധിവെളിച്ചം കെട്ടുപോകുമ്പോള്‍!
രസഭാവങ്ങളും വികാരവിചാരങ്ങളും സ്ഥലകാലങ്ങളും നിഗൂഢതയിലാകുമ്പോള്‍, 
രസഭാവങ്ങളും വികാരവിചാരങ്ങളും സ്ഥലകാലങ്ങളും നിഗൂഢതയിലാകുമ്പോള്‍,
'ഞാന്‍' 'എന്നെ' യറിയാതെ കേവലം ചലിക്കുന്ന പഞ്ജരമാകുമ്പോള്‍,
സ്വന്തബന്ധങ്ങളിയാതെ നിശൂന്യതയുടെ നീരാളിക്കരങ്ങള്‍ ഞെക്കിഞെരുക്കുമ്പോള്‍,
മാനവധര്‍മ്മങ്ങള്‍ക്കര്‍ത്ഥങ്ങളില്ലാതെയാകുമ്പോള്‍,
എന്തൊരു ഭീതിദമായ സ്ഥിതിവിശേഷം!
നിത്യനിശ്ശബ്ദതയിലേയ്ക്ക് വിടചൊല്ലുംമുമ്പേ, സ്മരണകളേ, മറഞ്ഞുപോകുന്നതെവിടെ?
അതെ, ഉള്ളറയില്‍ മാറാല കെട്ടുന്ന മറവി മരണമാണ്,
ഓര്‍മ്മകള്‍ ജീവിതവും.

നഷ്ടസ്മൃതികളുടെ തടവറയില്‍ (കവിത : മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക