Image

നാളെ ഈ വീട്ടില്‍ ഒരു ഡോക്ടര്‍ അന്തിയുറങ്ങും: സഹായവുമായി ഗ്രെയ്റ്റര്‍ റോച്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍

അനില്‍ പെണ്ണുക്കര Published on 28 June, 2016
നാളെ ഈ വീട്ടില്‍ ഒരു ഡോക്ടര്‍ അന്തിയുറങ്ങും: സഹായവുമായി ഗ്രെയ്റ്റര്‍ റോച്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍
മന്ത്രി തോമസ് ഐസക് വേറെ ഒരു ലെവലാണ്. തന്റെ ഫേസ് ബുക് കുറിപ്പുകള്‍ എല്ലാം ഒരു ഫോസിറ്റിവ് എനര്‍ജി അതു വായിക്കുന്നവര്‍ക്ക് ഉണ്ടാകണം എന്നു വിചാരിച്ചു എഴുതും പോലെ. ഇന്ന് അദ്ദേഹം കുറിച്ച പോസ്‌റ് അമേരിക്കന്‍ മലയാളി സംഘടന ആയ ഗ്രെയ്റ്റര്‍ റോച്ചസ്റ്റര്‍ മലയാളി അസോസിയേഷനെ കുറിച്ചായിരുന്നു.  (Greater Rochester Association of Malayalees in Rochester NY)അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കുന്ന സുഖം വാര്‍ത്ത വായിച്ചാല്‍ കിട്ടില്ല. അദ്ദേഹം ഇങ്ങനെ കുറിക്കുന്നു.

'എസ് എസ് എല്‍ സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവരെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ആണ് രാഗശ്രീയുടെ വീട്ടില്‍ എത്തിയത്. അപ്പോഴാണ് ഈ ചെറിയ കുടിലില്‍ നിന്ന് രാഗശ്രീയുടെ ചേച്ചി ശ്രുതി എം ബി ബി എസിന് പഠിക്കുന്ന വിവരം ഞാന്‍ അറിയുന്നത് . കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ എന്നെ സമീപിച്ചപ്പോള്‍ ഇവരുടെ വീടും പരിഗണിക്കാന്‍ തീരുമാനിച്ചത് അങ്ങിനെയാണ്. 

അമേരിക്കയില്‍ നിന്നുള്ള പ്രവാസി മലയാളി കൂട്ടായ്മ ആയ GRAMNY (Greater Rochester Association of Malayalees in Rochester NY)ആണ് എം ബി ബി എസ് വിദ്യാര്‍ഥിനി ആയ ശ്രുതിക്കും അനുജത്തിക്കും വേണ്ടി ഒരു മനോഹരമായ വീട് നിര്‍മ്മിക്കാന്‍ ഉള്ള സാമ്പത്തീക സഹായം നല്‍കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ആണ് ഈ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംബന്ധിച്ചത്. വീടിന്റെ പണി പാതിവഴി എത്തിയിരിക്കുന്നു. പാതിരപ്പള്ളിയിലെ സ്‌നേഹജാലകത്തിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം അഞ്ഞൂറ് ചതുരശ്രയടി വലുപ്പത്തില്‍ ആണ് വീട് നിര്‍മ്മിക്കുന്നത്. ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ വീട് ആണിത് . 

ആഗസ്ത് ആദ്യവാരം പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്ന വിധത്തില്‍ ആണ് പണി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഈ പ്രതികൂല കാലാവസ്ഥയിലും ഷെഡ്യൂള്‍ പാലിക്കാന്‍ പണിക്കാരും സ്‌നേഹജാലകം ടീമും ഒരുമിച്ച് ഉത്സാഹിക്കുന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്ന ഭവന നിര്‍മ്മാണ പ്രോജെക്ടുകളിലും ഇത് പോലെ ഷെഡ്യൂള്‍ ഉണ്ടാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന 'എല്ലാവര്‍ക്കും ഭവനം' എന്ന ആശയം സാക്ഷാല്‍ക്കരിക്കാന്‍ വലുതായി ബുദ്ധിമുട്ടേണ്ടി വരില്ല.'

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.

വീടില്ലാത്തവര്‍ക്ക് വീട് വേണം. പഠിക്കാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് അതിനുള്ള സൗകര്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ നാട്ടാരും അറിയണം. ഒരു ചെറിയ കുറിപ്പ് കൊണ്ടു എത്രയോ ജന്മങ്ങള്‍ക്കു തണല്‍ കിട്ടുന്നു. മന്ത്രിയുടെ കുറിപ്പും ഈ വാര്‍ത്തയും മറ്റൊരാള്‍ക്കു ഒരു കൂര ലഭിക്കുവാന്‍ പ്രചോദനമാകട്ടെ .

നാളെ ഈ വീട്ടില്‍ ഒരു ഡോക്ടര്‍ അന്തിയുറങ്ങും: സഹായവുമായി ഗ്രെയ്റ്റര്‍ റോച്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക