Image

തലവെട്ടാന്‍ ആവശ്യപ്പെടും മുമ്പ്... (ജയമോഹനന്‍ എം)

Published on 26 June, 2016
തലവെട്ടാന്‍ ആവശ്യപ്പെടും മുമ്പ്... (ജയമോഹനന്‍ എം)
ഗോവിന്ദച്ചാമിമാര്‍, അമിറുള്‍മാര്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നതിന് കാരണമായി ഇപ്പോള്‍ മിക്കവരും ചൂണ്ടിക്കാട്ടുന്നത് ശിക്ഷയിലെ പോരായ്മയാണ്. ശിക്ഷ വര്‍ദ്ധിപ്പിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കുറയും, കുറ്റവാളികള്‍ ഭയന്ന് നന്നാകും നമുക്കിവിടെ സുഖമായി ജീവിക്കാം എന്നതാണ് പൊതുസമൂഹം മുമ്പോട്ടു വെക്കുന്ന ആശയം. സൗദി അറേബ്യയിലെ നിയമം വേണം ഇന്ത്യയിലും എന്നാല്‍ സുരേഷ് ഗോപി ജിഷാ കൊലക്കേസ് സമയത്ത് ആവശ്യപ്പെട്ടത്. അതായത് തലവെട്ടിക്കൊന്ന് നിയമം നടപ്പാക്കുന്ന ശൈലി. നിയമം ശിക്ഷിച്ച ശേഷം ഗോവിന്ദച്ചാമിമാര്‍ ജയിലില്‍ സുഖമായി നികുതിപ്പണം കൊണ്ട് തിന്ന് സുഖിച്ചു കിടക്കുന്നു എന്നാണ് നടന്‍ ദിലീപിന്റെ പരാതി. തട്ടിക്കളയാന്‍ പാടില്ലേ എന്നാണ് ചോദ്യം.
പിണറായി വിജയന് മോഹന്‍ലാല്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നത് സ്ത്രീകളോടുള്ള ക്രൂരതയുടെ അവസാനമില്ലാതെ തുടരാന്‍ കാരണം നമ്മുടെ നിയമ വ്യവസ്ഥയായിരിക്കാം എന്നാണ്. നിയമത്തിന് കടുപ്പമില്ല എന്നത് തന്നെ ലാലിന്റെ പരാതി. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ മഞ്ജുവാര്യയെയും ഭയപ്പെടുത്തുന്നുണ്ട്. കാലങ്ങളായുള്ള അപചയത്തില്‍ വഴിതെറ്റിപ്പോയ സാമൂഹിക വ്യവസ്ഥിതിയുടെ അനന്തരഫലമാണ് ഈ അവസ്ഥയെന്നാണ് മഞ്ജു പരിതപിക്കുന്നത്.
കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും പൊതുബോധം മേല്‍പ്പറഞ്ഞ വ്യക്തികളുടെ അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുമെന്നതാണ് ശരി. പക്ഷെ ഇങ്ങനെ അഭിപ്രായം വെച്ചലക്കുന്നവര്‍ മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട് ജിഷമാര്‍ ആവര്‍ത്തിക്കപ്പെടുന്നതിന് പിന്നില്‍ നിയമത്തിന്റെ അപര്യാപ്തതയോ, കേവലും ക്രിമിനലുകളോ മാത്രമല്ല ഉള്ളത്. സുരേഷ് ഗോപിയും, ദിലീപും, മോഹന്‍ലാലും മഞ്ജുവാര്യരും തുടങ്ങി മൂന്നരക്കോടി മലയാളികളും അടങ്ങുന്ന ഈ സമൂഹവും കൂടിയുണ്ട്.
ഒരു സ്ത്രീ ബലാല്‍ക്കാരം ചെയ്യപ്പെടുമ്പോള്‍ അത് ചെയ്ത കുറ്റവാളിയോളം തന്നെ അതില്‍ പങ്കാളിയാകുന്ന മറ്റൊരാള്‍ കൂടിയുണ്ട്. അത് ഈ സമൂഹമാണ്. കുറ്റവാളി എന്ന പ്രതിയുടെ കുറ്റവാസനയുള്ള മനോഘടനയോളം തന്നെ പ്രധാനമാണ് സ്ത്രീയെ ഉപഭോഗവസ്തുവായി കാണാന്‍ അയാളെ പ്രേരിപ്പിക്കുന്ന മനോനിലയും. ആ മനോനിലയിലേക്ക് അയാള്‍ പൊടുന്നനെ വന്ന് വീഴുന്നതല്ല. ഈ സമൂഹത്തിന്റെ പൊതുബോധം അയാളെ എത്തിക്കുന്നതാണ്. ചെറുതും വലുതുമായി സമൂഹം അനുവര്‍ത്തിക്കുന്ന ഓരോ സ്ത്രീവിരുദ്ധ നിലപാടുകളും പ്രസ്തുത ക്രിമിനലിനെ ഒരു ബലാല്‍ക്കാരമെന്ന ക്രൈമിലേക്ക് എത്തിക്കുകയാണ്. (ഏതൊരു ക്രൈമിനു പിന്നിലും സമൂഹത്തിന്റെ ഇത്തരം അദൃശ്യമായ കരങ്ങളുണ്ട്) സ്ത്രീ വിരുദ്ധത പുറമേക്ക് പ്രകടിപ്പിക്കാതെ ഉള്ളിലടക്കുന്ന ബഹുഭൂരിപക്ഷത്തേക്കാള്‍ അയാള്‍ക്ക് കൂടുതലായിട്ടുള്ളത് നേരിട്ട് ക്രൈം ചെയ്യാനുള്ള ക്രിമനല്‍ വാസന മാത്രമാണ്.
നമ്മുടെ സമൂഹത്തിന്റെ ഒരു പ്രധാന ഭാഗമായ സിനിമയെ തന്നെയെടുക്കാം. സമൂഹം പ്രാക്ടീസ് ചെയ്യുന്ന പുരുഷാധിപത്യ സ്വഭാവത്തെ അതല്ലെങ്കില്‍ ക്രൂരമായ സ്ത്രീവിരുദ്ധതയെ തമാശരംഗങ്ങളിലൂടെയും സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനത്തിലൂടെയും കൈയ്യാളുന്ന ഒരു മേഖലയാണ് സിനിമ. പോപ്പുലര്‍ സിനിമയ്ക്ക് സ്ത്രീവിരുദ്ധമായ സാമൂഹിക മനോനില രൂപപ്പെടുത്തുന്നതില്‍ ഉള്ള പങ്ക് ചെറുതല്ല. അഥവാ സ്ത്രീവിരുദ്ധമായ മനോനില വെച്ചുപുലര്‍ത്തുന്ന എഴുത്തുകാരും സംവിധായകരും നടന്‍മാരുമൊക്കെ പടച്ചു വിടുന്ന പോപ്പുലര്‍ സിനിമയിലെ രംഗങ്ങള്‍ കണ്ട് കൈയ്യടിക്കുന്ന ഒരു പുതിയ തലമുറ സ്ത്രീ വിരുദ്ധതയെ തുടര്‍ന്നും പ്രാക്ടീസ് ചെയ്യാനുള്ള മനോനിലയിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
ഇവിടെ ദിലീപ് സിനിമകളില്‍ സ്ത്രീകളെ തരംതാഴ്ത്തുന്ന ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കേട്ട് കൈയ്യടിക്കുമ്പോള്‍ ഒരിക്കലെങ്കിലും ദിലീപ് സ്വയം ചോദിച്ചിട്ടുണ്ടോ താന്‍ ഈ സമൂഹത്തിന് നല്‍കുന്നത് എന്താണെന്ന്. വൈകിട്ടെന്താ പരിപാടി എന്ന ചോദ്യത്തിലൂടെ വൈകുന്നേരം ആഘോഷമാക്കാന്‍ ആഹ്വാനം ചെയ്യുന്ന ലാല്‍ പ്രതിലോമകരമായ ആശയത്തെ പങ്കുവെച്ചില്ല എന്ന് പറയാന്‍ കഴിയുമോ.
സ്വര്‍ണ്ണമില്ലാതെ പിന്നെന്ത് പെണ്ണ് എന്ന് പ്രചരിപ്പിക്കുന്ന സ്വര്‍ണ്ണക്കടയുടെ പരസ്യവുമായി മഞ്ജു എത്തുമ്പോള്‍ സ്ത്രീധനം എന്ന വിപത്തിനെ തന്നെയാണ് താന്‍ പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്നത് എന്ന് മഞ്ജു ഓര്‍മ്മിക്കാറുണ്ടോ?. സ്ത്രീധനം സമൂഹത്തെ അപചയിപ്പിക്കുന്നത് പോലെ മറ്റൊരു വിപത്തില്ല എന്ന് മഞ്ജുവിന് അറിയാത്തതാണോ.
ഈ ചോദ്യങ്ങള്‍ന നേരിടുമ്പോള്‍ സമൂഹത്തിന്റെ പിഴവുകളെ പഴിചാരി കുറ്റവാളിയെ നിസാരവല്‍ക്കരിക്കുകയാണോ എന്ന് ദിലീപിനും മഞ്ജു വാര്യര്‍ക്കും സംശയം തോന്നാം. എന്നാല്‍ ഒരു പരിഷ്‌കൃത ജനാധിപത്യ സംവിധാനം എന്നാല്‍ എന്താണെന്ന് ആലോചിക്കുക. ഇവിടെ നിയമ നിര്‍മ്മാണം, നീതി നിര്‍വഹണം, നിയമപരിപാലനം, തിരുത്തല്‍ (ജയില്‍) എന്നീ ഭരണഘടനാ സംവിധാനങ്ങളുണ്ട്. (അതെ പരിഷ്‌കൃത സമൂഹത്തില്‍ ജയില്‍ എന്നാല്‍ കുറ്റവാളിക്ക് തിരുത്തലിനുള്ള അവസരം നല്‍കേണ്ട ഇടമാണ്). (എന്നുവെച്ചാല്‍ സൗദി അറേബ്യയുടെ സാമൂഹിക ഘടനയും ഇന്ത്യയുടെയും തമ്മില്‍ അജഗജാന്തര വിത്യാസം ഉണ്ടെന്ന് ചുരുക്കം)
അതുപോലെ വിദ്യാഭ്യാസം മുതല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എല്ലാം തന്നെ പഠിപ്പിക്കുന്ന ഇടങ്ങളുണ്ട്. പിന്നെ പ്രകൃതിയിലെ ഏതൊരു മൃഗത്തെയും പോലെ മനുഷ്യനും സ്വാഭാവികമായി ഉണ്ടാകാവുന്ന ഹിംസാചോദനകളെ ഇല്ലാതാക്കാനുള്ള സാമൂഹിക സംവിധാനങ്ങളുണ്ട്. ഏറ്റവും പ്രധാനം മനുഷ്യന് സംതൃപ്തമായ ജീവിത സാഹചര്യം ഒരുക്കാന്‍ വേണ്ടിയുള്ള വിഭവങ്ങളുടെ തുല്യനീതി നടപ്പാക്കാന്‍ ബാധ്യസ്ഥമായ ഭരണകൂടമുണ്ട്. ഇതിനെല്ലാം പുറമെ സാംസ്‌കാരമായ എത്രയോ സംവിധാനങ്ങള്‍. ഇതിനും പുറമെ ദൈവഭയവും മതഭയവും കര്‍ശനമായ പുരോഹിതസമൂഹവും. ദൈവ വിശ്വാസികളല്ലാത്തവര്‍ക്ക് കോസ്മിക്ക് ഇന്റലിജന്‍സിലേക്കുള്ള സയന്‍സിന്റെ വിശാലമായ അറിവുകള്‍. പിന്നെയും മനുഷ്യന്റെ എനര്‍ജിയെ വലിച്ചെടുക്കാന്‍ എന്റര്‍ടെയിന്‍മെന്റ് മേഖലകള്‍, കായിക മേഖലകള്‍ തുടങ്ങിയവ വേറെയും എന്തെല്ലാം എന്തെല്ലാം.
ഇങ്ങനെയുള്ള സകലസംവിധാനവും നിലനില്‍ക്കുമ്പോഴും ഒരു ക്രിമിനല്‍ ജനിക്കുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ പ്രസ്തുത വ്യക്തയെ രൂപപ്പെടുത്തുന്നതില്‍ പിഴച്ചു പോയി എന്നും കൂടി അനുമാനിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ പ്രസ്തുത വ്യക്തിയിലേക്ക് എത്തിച്ചേര്‍ന്നില്ല എന്ന് കണക്കാക്കണം. അതിന്റെ ഉത്തരവാദിത്വം തീര്‍ച്ചയായും സ്റ്റേറ്റിനാണ്. അപ്പോള്‍ സമൂഹം തന്റെ ഉള്ളിലേക്ക് നോക്കി പരിഷ്‌കരിക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ സൗദി അറേബ്യയിലെ പോലെ തലവെട്ടണമെന്നാണ് ആവശ്യമെങ്കില്‍ മറ്റൊരു ചോദ്യം നേരിടണം. സൗദി അറേബ്യയിലേത് പോലെ നിരവധി പൗരസ്വാതന്ത്ര്യങ്ങളും ഒഴിവാക്കാന്‍ നിങ്ങള്‍ തയാറുണ്ടോ. സിനിമ തന്നെ വേണ്ടെന്ന് വെക്കാന്‍ കഴിയുമോ. അപ്പോള്‍ പിന്നെ ദിലീപും മോഹന്‍ലാലും എന്ത് ജോലി ചെയ്ത് ജീവിക്കും. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹമായതിനാല്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും പ്രതിലോമകരമായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പോലും ഇന്ത്യയില്‍ നടപ്പാക്കപ്പെടുന്നത്. അതേ പരിഷ്‌കൃത ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ് കുറ്റവാളി തിരുത്തപ്പെടേണ്ടവനാണ്, അതിനുള്ള വഴിയാണ് ജയിലും ശിക്ഷയുമെന്നത്. അല്ലാതെ കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന പ്രാചീന ഗ്രോത സംസ്‌കാരമല്ല ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റേത്.
അപ്പോള്‍ തലവെട്ടാന്‍ മുറവിളി കൂട്ടുന്നവര്‍ സ്വയം ആലോചനകളിലേക്ക് മടങ്ങേണ്ടതുണ്ട്. സമൂഹത്തെ ക്രമപ്പെടുത്തുന്നതില്‍ തന്റെ പങ്ക് ശരിയായി നിര്‍വഹിക്കപ്പെട്ടിട്ടുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഗോവിന്ദച്ചാമിമാര്‍ ഇല്ലാത്ത സമൂഹത്തെ നിര്‍മ്മിക്കാന്‍ കഴിയുകയുള്ളു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക