Image

തൈക്കുടം ഷോ വൈകാതെ എത്തുമെന്ന് ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ്

എം.മുണ്ടയാട് Published on 13 June, 2016
തൈക്കുടം ഷോ വൈകാതെ എത്തുമെന്ന് ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ്
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന തൈക്കുടം ബ്രിഡ്ജ് ഷോ വൈകുന്നതില്‍ സംഘാടകരായ ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഖേദം പ്രകടിപ്പിച്ചു. സെപ്റ്റംബറിലോ ഒക്ടോബറിലോ ഷോ അവതരിപ്പിക്കാനുകുമെന്ന് കരുതുന്നതായി ഫ്രീഡിയ അധികൃതര്‍ പറഞ്ഞു. 

'ഹൈ വോള്‍ട്ടേജ്' സംഗീത നൃത്തശില്‍പമായ തൈക്കുടം ബ്രിഡ്ജ് കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുവാന്‍ സാങ്കേതിക വിദഗ്ധരുടെ നീണ്ടനിര തന്നെ വേണം. സാങ്കേതിക മികവും ശബ്ദമിഴിവുമാണു ഷോയെ ഹൃദയാവര്‍ജ്ജകമാക്കുന്നത്. 

മൊത്തം 22 അംഗ ടീമില്‍ ആറുപേരാണ് സാങ്കേതിക സ്റ്റാഫ്.  സൗണ്ട് എന്‍ജിനീയര്‍മാര്‍, ബാക്ക് അപ് വോക്കല്‍ തുടങ്ങിയവര്‍. എന്നാല്‍ ഒരു ഷോയ്ക്ക് ഇത്രയും സാങ്കേതിക വിദഗ്ധര്‍ ആവശ്യമില്ലെന്നാണ് കോണ്‍സുലേറ്റ് നിലപാട്.  ഷോയുടെ പ്രത്യേകത കോണ്‍സുലേറ്റ് അധികൃതര്‍ കണക്കിലെടുക്കില്ലെന്നര്‍ത്ഥം. ഒരു സൗണ്ട് എന്‍ജീനീയര്‍ക്കും രണ്ട് ബാക് അപ് വോക്കല്‍ സിംഗേഴ്സിനുമാണ് വിസ ലഭിച്ചത്. മെയിന്‍ മിക്സ് സൗണ്ട് ടെക്ക്, സബ് മിക്സ് സൗണ്ട് ടെക്ക്, മോണിട്ടര്‍ മിക്സ് സൗണ്ട് ടെക്ക് എന്നിവരില്‍ ഒരാള്‍ക്ക് മാത്രം ആണ് വിസ ലഭിച്ചത്.

എന്നാല്‍ സ്റ്റാഫ് കുറയുമ്പോള്‍ ഷോയുടെ മേന്മയും കുറയും. ഇവിടെ നിന്ന് സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിക്കാന്‍ പലവിധ പ്രയാസങ്ങളുമുണ്ട്. 

ഈ സാഹചര്യത്തിലാണ് ഷോ മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഫ്രീഡിയ അധികൃതര്‍ പറഞ്ഞു. ഷോയില്‍ വേണ്ട മാറ്റംവരുത്തി കൂടുതല്‍ സാങ്കേതിക വിദഗ്ദ്ധരെ ഇവിടെ നിന്നുള്‍പ്പെടുത്തി സെപ്‌റ്റെമ്പെര്‍ ഒക്ടോബര്‍ മാസങ്ങളിലേക്ക് കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ഇത്തരമൊരു അനുഭവം തങ്ങള്‍ക്ക് ഇതാദ്യമാണെന്നും ഷോയ്ക്ക് പണം നല്‍കിയവര്‍ക്ക് അതു മടക്കി നല്‍കുമെന്നും ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ് പറഞ്ഞു. തങ്ങളോട് സഹകരിക്കുന്ന മലയാളി സമൂഹത്തിനും സ്പോണ്‍സര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

വാര്‍ത്ത തയ്യാറാക്കിയത് : എം.മുണ്ടയാട് 

തൈക്കുടം ഷോ വൈകാതെ എത്തുമെന്ന് ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക