Image

വി.എസ്. അച്യുതാനന്ദന്‍ ജൂണ്‍ ഒന്നിന് വാടക വീട്ടിലേക്ക് മാറും

Published on 28 May, 2016
വി.എസ്. അച്യുതാനന്ദന്‍ ജൂണ്‍ ഒന്നിന് വാടക വീട്ടിലേക്ക് മാറും
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന വി.എസ്. അച്യുതാനന്ദന്‍ ജൂണ്‍ ഒന്നിനു വാടക വീട്ടിലേക്ക് മാറും. പ്രതിപക്ഷ നേതാവിന് വേണ്ടി കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കേണ്ടതിനാലാണ് വി.എസും കുടുംബവും വാടകവീട്ടിലേക്ക് മാറുന്നത്. തമ്പുരാന്‍മുക്കിലെ 'നമിത' എന്ന ഇരുനില വീട്ടിലാണ് ഇനിയുള്ള താമസം. മകന്‍ വി.എ. അരുണ്‍ കുമാറുമൊത്ത് കഴിഞ്ഞ ദിവസം വി.എസ് പുതിയവീട്ടിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ലഭിക്കാത്തതിനാല്‍ വാടക തുക സ്വന്തം കൈയ്യില്‍ നിന്ന് വി.എസിന് നല്‍കേണ്ടിവരും. എന്‍.ജി.ഒയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വി.എസ്. ഇപ്പോള്‍ മലപ്പുറത്താണ്. ജൂണ്‍ ഒന്നിന് പുതിയ വീട്ടിലേക്ക് മാറും.

നഗരത്തിലെ പല വീടുകളും നോക്കിയെങ്കിലും സൗകര്യകുറവ് കാരണം ഉപേക്ഷിക്കുകയായിരുന്നു. രാവിലത്തെ നടത്തത്തിനും മറ്റ് വ്യായാമങ്ങള്‍ക്കുമുള്ള സൗകര്യങ്ങളാണ് പ്രധാനമായും വി.എസ് ശ്രദ്ധിച്ചത്. മകന്‍ അരുണ്‍കുമാറും കുടുംബവും വി.എസിനൊപ്പം പുതിയവീട്ടില്‍ താമസിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭംമുതല്‍തന്നെ വി.എസ്. വാടകവീട് അന്വേഷിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലുമായി മാറിമാറി കഴിയുകയായിരുന്നു വി.എസും കുടുംബവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക