Image

എന്റെ എഴുത്ത് എന്റെ സ്വകാര്യം: ലൈല അലക്‌സ്

Published on 26 May, 2016
എന്റെ എഴുത്ത് എന്റെ സ്വകാര്യം: ലൈല അലക്‌സ്
(കഥക്കുള്ള ഇ-മലയാളിയുടെ അവാര്‍ഡ് നേടിയ ലൈലാ അലക്‌സുമായുള്ള അഭിമുഖം)
 
ജീവതാളത്തെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ച് വായനക്കാരെ നിഗൂഢതയുടെ തീരങ്ങളിലൂടെ യാത്ര ചെയ്യിക്കുന്നു ലൈല അലക്‌സ് എന്ന കഥാകാരി. വളരെ വൈയക്തികവും സ്വകാര്യവുമായ ഒരു ഹോബിയാണ് ലൈല അലക്‌സിന് എഴുത്ത്. ഭാവന ഓരോ ഫ്രെയിമിലും കടന്നുവന്ന് ആ കഥകളെ മനോഹരമാക്കുന്നു. എം കൃഷ്ന്‍ നായര്‍ “'മലയാളം പത്ര'ത്തില്‍ ലൈല അലക്‌സിന്റെ കഥകളെ അഭിനന്ദിച്ച് പറഞ്ഞത് എഴുത്തുകാരിയുടെ ടാലന്റിനെ അടിവരയിട്ടുറപ്പിക്കുന്നു. 

പത്തനംതിട്ട ജില്ലയിലെ കുമ്പനാടാണ് സ്വദേശമെങ്കിലും തിരുവനന്തപുരത്തായിരുന്നു ലൈലാ അലക്‌സിന്റെ വിദ്യാഭ്യാസകാലം. ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മാസ്‌റ്റേഴ്‌സും ഹൈദരാബാദ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗുവേജസില്‍ നിന്ന് ഇംഗ്ലീഷ് അധ്യാപനത്തില്‍ പി.ജി ഡിപ്ലോമയുമെടുത്തു. 1983-1995 കാലഘട്ടത്തില്‍ (അമേരിക്കയിലേക്ക് കുടിയേറുംവരെ) കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് ലക്ചററായിരുന്നു. നിലവില്‍ ഫിലഡല്‍ഫിയ സിറ്റിയിലെ ആരോഗ്യവകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാം അനലിസ്റ്റായി ജോലി ചെയ്യുന്നു.

ഭര്‍ത്താവ് ഫിലഡല്‍ഫിയ സിറ്റിയില്‍ നിന്ന് വിരമിച്ച് കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. മകന്‍ ലോസ് ഏഞ്ചലസില്‍
 ബാങ്ക് വൈസ് പ്രസിഡന്റാണ്.

കടല്‍ കടന്നെത്തിയ കഥകള്‍, ലിലിത് എന്നീ രണ്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ കുങ്കുമം, കലാകൗമുദി, കേരള കൗമുദി മാസികകളിലും അമേരിക്കയില്‍ മലയാളംപത്രം, കൈരളി, ഇമലയാളി വെബ്‌സൈറ്റിലും നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചു.

ഹിന്ദു പത്രത്തിന്റെ 
 'Avatars of  women's  writing  എന്ന പംക്തിയിൽ  Dr   ശ്രീദേവി നായർ  പ്രസിദ്ധീകരിച്ച  Terrains of mystery and horror' , (September 11, 2015)  ലൈലയുടെ  കൃതി കളെ കുറിച്ചുള്ള  ശ്രദ്ധേയമായ അവലോകനം ആണ്. 
എഴുത്തുവഴിയില്‍ ഡോ. മാത്യു വെല്ലൂര്‍, ഡോ.എം ആര്‍ തമ്പാന്‍ എന്നിവരുടെ പ്രോത്സാഹനങ്ങളെയും കഥാകാരി വിലമതിക്കുന്നു. 

? അംഗീകാരം അറിഞ്ഞപ്പോള്‍ എന്തു തോന്നി?
$സന്തോഷം.

? എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്തു പറയുന്നു.
$അംഗീകാരങ്ങള്‍ അര്‍ഹിക്കാത്തവര്‍ക്ക് കൊടുക്കുന്നതാണ് ഇതിന്റെ കാരണം. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി അവാര്‍ഡുദാന ചടങ്ങുകള്‍ സംഘടിപ്പിക്കാനും അവാര്‍ഡുകള്‍ വാങ്ങിക്കാനും ആളുകള്‍ ഉള്ളിടത്തോളം കാലം എതിര്‍പ്പും, പരിഹാസവും നിലനില്ക്കും. അവാര്‍ഡ് നിര്‍ണയത്തില്‍ വ്യക്തിതാല്പര്യങ്ങള്‍ കടന്നു കൂടുമ്പോള്‍ ഉണ്ടാവുന്ന മൂല്യത്തകര്‍ച്ച പരിഹസിക്കപ്പെടേണ്ടത് തന്നെയാണെന്ന് എനിക്കു തോന്നുന്നു. ഒരു കാലത്ത് 'പ്രസ്റ്റീജിയസ്' ആയി കരുതിയിരുന്ന പല അവാര്‍ഡുകള്‍ക്കും പഴയ വില ഇന്നാരും കല്പിക്കാത്തത് അവാര്‍ഡ് നിര്‍ണയത്തിലെ പാകപ്പിഴകള്‍കൊണ്ട് തന്നെയല്ലേ? 

? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടൊ?
$എന്റെ എഴുത്ത് എന്റെ സ്വകാര്യമാണ്. എനിക്ക് സന്തോഷം നല്കുന്ന ഒരു പ്രവര്‍ത്തി. അതിനു കിട്ടുന്ന പ്രതികരണങ്ങള്‍, സമൂഹത്തിന്റെ മനോഭാവം, അംഗീകാരങ്ങള്‍ എന്നതിനൊന്നും വലിയ പ്രാധാന്യം നല്കുന്നില്ല.

? അമേരിക്കന്‍ മലയാളി എഴുത്തുകാരി എന്ന് അറിയപ്പെടുന്നതോ, മലയാളത്തിലെ എഴുത്തുകാരി എന്നു അറിയപ്പെടുന്നതോ തൃപ്തികരമായി കണക്കാക്കുന്നു?
$മലയാളത്തിലെ എഴുത്തുകാരി എന്ന് അറിയപ്പെടുന്നതാണ് എനിക്ക് ഇഷ്ടം. കാരണം, അമേരിക്കന്‍ മലയാളം എന്ന് ഒരു സാഹിത്യശാഖ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രവാസ സാഹിത്യം എന്നതില്‍ തീരെയും പെടില്ല ഇവിടുത്തെ എഴുത്തുകള്‍. 

? അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/പരാതികള്‍/അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരനു പ്രോത്സാഹനമാകുക?
$വിമര്‍ശനങ്ങള്‍. ഒരു നല്ല ക്രിട്ടിക് ആയിരിക്കും എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ വളര്‍ച്ചയില്‍ സഹായിക്കുന്നത്. ഒരു സാഹിത്യ കൃതിയുടെ വിമര്‍ശനം എന്ന് പറയുന്നത് ആ കൃതിയെക്കുറിച്ച് ഒരു അഭിപ്രായം പറയല്‍ മാത്രം അല്ല. വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ നടത്താനുള്ള അറിവ്/ പരിജ്ഞാനം ക്രിട്ടിക്കിനും, മനസിലാക്കാനുള്ള ആര്‍ജവം എഴുത്തുകാരനും ഉണ്ടായിരിക്കണം. ക്രാഫ്റ്റ്, സ്റ്റൈല്‍ എന്നതിനെക്കുറിച്ചൊക്കെ പ്രാഥമികമായ അറിവെങ്കിലും വിമര്‍ശകന് ഉണ്ടായിരിക്കണം.

? അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

തീം, കഥയുടെ പശ്ചാത്തലം, കഥാപാത്രങ്ങള്‍, ഇതൊക്കെ എഴുത്തുകാരിയുടെ മനസില്‍ രൂപപ്പെടുന്നതാണ്. അമേരിക്കന്‍ മലയാളികള്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥകള്‍ എഴുതരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. മലയാളി കേരളത്തില്‍ നിന്ന് മാറിയിരുന്ന് എഴുതുന്നതില്‍ എല്ലാം ഗൃഹാതുരത്വം ആരോപിക്കുന്നതും ശരിയല്ല. ഗൃഹാതുരത്വം ഒരു സെന്‍സിബിലിറ്റിയാണ്. അത് ദേശം മാറിയതു കൊണ്ട് മാത്രം ഉണ്ടാവണമെന്നില്ല. ഇവിടെ എഴുതപ്പെടുന്നതില്‍ മിക്ക കഥകളുടെയും പശ്ചാത്തലം കേരളവും അവിടുത്തെ എഴുപതുകളിലെയും എണ്‍പതുകളിലെയും സംസ്‌കാരവും ആണെന്നല്ലാതെ, ഗൃഹാതുരത്വത്തിന്റെ ആര്‍ദ്രതയോ, നഷ്ടബോധമോ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. പല കഥകളിലും ഒരുതരം 'നിരാശ' സ്ഥായിഭാവമായി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. അത് ഗൃഹാതുരത്വം അല്ല; ആഗ്രഹിച്ചത് കൈവരിക്കാന്‍ കഴിയാത്തവന്റെ ദുഖവും, പരാജയബോധവും ആണെന്ന ്ഞാന്‍ പറയും.

? ഒരു എഴുത്തുകാരിയാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു?
$ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെ എഴുത്തുകാരിയാകാന്‍ വേണ്ടി എഴുതിയിട്ടുമില്ല. ആദ്യത്തെ രചന  Competition Success Review-
ല്‍. ഹൈസ്‌കൂളില്‍ ആയിരുന്നു, പിന്നെ,  Mirror, Treasure and Leisure. All in India and in English. Remuneration for first Rs. 25 and for second Rs 140. 

? കഥ, കവിത, ലേഖനം, നിരൂപണം, സഞ്ചാരസാഹിത്യം, നര്‍മ്മം അങ്ങനെ സാഹിത്യശാഖയിലെ മിക്ക മേഖലകളും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ മാത്രം കാണുന്ന ഒരു വിശേഷതയാണ്. എന്താണു ഒരു മേഖലയില്‍ മാത്രം കാലൂന്നി അതില്‍ വിജയം നേടാന്‍ ശ്രമിക്കാത്തത്? താങ്കള്‍ ഏത് കാറ്റഗറിയില്‍പ്പെടുന്നു?

$ ഇതില്‍ കഥ, കവിത, നര്‍മം ഒഴിച്ച് എല്ലാം ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഏതൊരാള്‍ക്കും എഴുതാന്‍ കഴിയേണ്ടതാണ്. ഭാഷാശുദ്ധിയും, അക്ഷരവും - വ്യാകരണവും തെറ്റില്ലാതെ എഴുതാനുള്ള കഴിവും വിഷയത്തില്‍ അറിവും ഉണ്ടെങ്കില്‍ അത്യാവശ്യം ഏതൊരാള്‍ക്കും എഴുതാന്‍ കഴിയും. അതുകൊണ്ട് എഴുത്തില്‍ താല്‍പര്യമുള്ള ആളുകള്‍ എല്ലാ ശാഖകളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അസാധാരണമായി ഒന്നും എനിക്കു കാണാന്‍ കഴിയുന്നില്ല. പിന്നെ, എത്രത്തോളം റീഡബിള്‍ ആയിരിക്കും എന്നയിടത്താണ് എഴുത്തുകാരന്റെ സാമര്‍ഥ്യം തെളിയുന്നത്.
ഞാന്‍ എഴുതുന്നത് 'ഫിക്ഷന്‍' ആണ്. അതിന് ഭാവനയും, 'എംപതി'യും ജന്മസിദ്ധമായി കിട്ടുന്ന കഥ പറയാനുള്ള കഴിവും വേണം. ഭാഷാശുദ്ധിയും മറ്റും വേണ്ടെന്നല്ല; അത് മാത്രം കൊണ്ട് ഒരു ഉല്‍കൃഷ്ട രചന ഉണ്ടാവുകയില്ല. ഒരു മേഖലയില്‍ മാത്രം കാലൂന്നി അതില്‍ മാത്രം വിജയം നേടാന്‍ ശ്രമിക്കുക എന്നൊക്കെ പറയുന്നതിനോട് യോജിപ്പില്ല. കാരണം 'പ്രാക്ടീസ്' കൊണ്ട് ഭാഷ. ശൈലി മുതലായവ മാത്രമേ നന്നാവുകയുള്ളൂ. ഭാവനയും, 'എംപതി'യും ഒക്കെ 'ഇന്‍ബോണ്‍' ആണ്. എഴുതി തെളിയുന്നതല്ല.

? നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? എഴുത്തുകാരന്‍?
Favorite novel: Whuthering Heights by Emile Bronte.  ഈയിടെ വായിച്ചതില്‍ ഇഷ്ടപ്പെട്ടത്: റ്റി.ഡി രാമകൃഷ്ണന്റെ നോവല്‍ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'

? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നുണ്ടോ? അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു?
$ ഇന്റര്‍നെറ്റിന്റെയും ഇ-പ്രസിദ്ധീകരണങ്ങളുടെയും ഈ കാലത്ത് രാജ്യാതിര്‍ത്തികള്‍ അനുസരിച്ച് അമേരിക്കന്‍ മലയാളസാഹിത്യം, ജര്‍മ്മന്‍ മലയാളസാഹിത്യം എന്നൊക്കെ പറയുന്നതില്‍ വലിയ അര്‍ഥം ഞാന്‍ കാണുന്നില്ല.
അമേരിക്കയില്‍ എഴുതപ്പെടുന്നതോ, പ്രസിദ്ധീകരിക്കപ്പെടുന്നതോ എന്ന അര്‍ഥത്തിലാണ് ചോദ്യം എന്നു കരുതുന്നു. ഒരുപാട് കൃതികളും പ്രസിദ്ധീകരണങ്ങളും ഉണ്ടെങ്കിലും മൂല്യമുള്ളത് എന്നു പറയാവുന്നത് വിരലില്‍ എണ്ണാവുന്നതേയുള്ളൂ. നല്ല കൃതികള്‍ കാലക്രമത്തില്‍ ഉണ്ടായേക്കാം.

? ഇ മലയാളിയില്‍ എഴുതുന്നവരുടെരചനകളെക്കുറിച്ച് തൂലികനാമത്തില്‍ കമന്റ് എഴുതുന്നവരെകുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.? അത് തുടരുന്നത് നല്ലതാണൊ? അതോ നിറുത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ?
അത് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുടെ തീരുമാനമായിരിക്കണം. പ്രസിദ്ധീകരണത്തിന്റെ മിഷന്‍, കച്ചവടസാദ്ധ്യത എന്നതിനെയൊക്കെ ആസ്പദമാക്കി പത്രാധിപര്‍ എടുക്കുന്ന തീരുമാനം, അതില്‍, ഒരു എഴുത്തുകാരന്റെ എഴുത്തുകാരിയുടെ അഭിപ്രായത്തിന് എന്തു പ്രസക്തിയുണ്ടെന്ന് അറിയില്ല. വായനക്കാരന്റെ 'ആവിഷ്‌കാര സ്വാതന്ത്ര്യ'ത്തെ ഏതു വിധത്തിലും പരിപോഷിപ്പിക്കുകയാണ് ഉദ്ദേശമെങ്കില്‍, തുടരണം.
സാഹിത്യത്തെ പോഷിപ്പിക്കുന്നോ എന്നാണ് ചോദ്യമെങ്കില്‍ 'ഇല്ല' എന്ന് പറയും


? ഇത് വരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു?
$ രണ്ടു പുസ്തകങ്ങള്‍. കഥാസമാഹാരങ്ങള്‍. 'കടല്‍ കടന്നെത്തിയ കഥകള്‍' പ്രഭാത് ബുക്‌സ് ഹൗസ് തിരുവനന്തപുരം, 'ലിലിത്' പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം.

? നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരിയോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിതിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനു പയോഗിക്കാമെന്ന ചിന്തയാണോ?
$ അല്ല. സമയം കിട്ടുമ്പോള്‍ എല്ലാം കുത്തിക്കുറിക്കാറുമില്ല. എന്തെഴുതണമെന്ന വ്യക്തമായ ധാരണയോടെയാണ് എഴുതി തുടങ്ങാറുള്ളത്. എഴുത്ത് ഒരു പേഴ്‌സണല്‍ വിനോദമായിക്കൊണ്ടു നടക്കുന്നതു കൊണ്ട് അത്ര ഗൗരവമായി കാണുന്നില്ല. എന്നാല്‍ 'ഫിക്ഷന്‍' ആയതുകൊണ്ട് എന്തും എഴുതാമെന്ന വിചാരവും ഇല്ല. കഴിയുന്നതും, എഴുതുന്ന വിഷയങ്ങളെക്കുറിച്ച് മനസിലാക്കിയ ശേഷം എഴുതാന്‍ ശ്രമിക്കാറുണ്ട്. ഫിക്ഷനായാലും 'വിഡ്ഢിത്തങ്ങള്‍' എഴുത്തിന്റെ / എഴുത്തുകാരന്റെ ക്രെഡിബിലിറ്റിയെ ബാധിക്കുമല്ലോ.
ഭാഷയോ, സാഹിത്യമോ വളര്‍ത്താന്‍ വേണ്ടിയല്ല ഞാന്‍ എഴുതുന്നത്. എഴുത്ത് എന്ന പ്രവര്‍ത്തിയില്‍ നിന്ന് കിട്ടുന്ന സംതൃപ്തിയാണ് എനിക്ക് വലുത്. പബ്ലിഷ് ചെയ്യുമ്പോഴാണ് രചന പൂര്‍ണ്ണമായി എന്ന തോന്നല്‍ ഉണ്ടാവുന്നത്. ഏത് രചനയും പബ്ലിഷ് ചെയ്യപ്പെടുന്നതുവരെ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ് എന്റെ രീതി.
ദൈവാനുഗ്രഹത്താല്‍ എഴുതിയത് എല്ലാം തന്നെ പബ്ലിഷ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

? നിങ്ങള്‍ ഇപ്പോള്‍ വായിച്ച്‌കൊണ്ടിരിക്കുന്ന പുസ്തകം ഏതാണ്. ഇ മലയാളിയില്‍ ഈയിടെ വായിച്ച നിങ്ങള്‍ക്കിഷ്ടപ്പെട്ട രചന?
$ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം: Bernard Cornwells: The Empty Throne. ഇ-മലയാളിയില്‍ വായിച്ച ഇഷ്ടപ്പെട്ട രചന: 'ഇറങ്ങിപ്പോകാന്‍ ലക്ഷ്ണമൊത്ത വീടുകള്‍' ജോണ്‍ മാത്യുവിന്റെ ചെറുകഥ.

?നിങ്ങളെ കോപിപ്പിക്കുന്ന തരത്തില്‍ നിങ്ങളുടെ രചനകള്‍ക്ക് വിമര്‍ശനം/അഭിപ്രായം ഉണ്ടായിട്ടുണ്ടോ? എങ്കില്‍ എന്താണു നിങ്ങളെ കോപിപ്പിച്ചത്?
$ ഇല്ല. വിമര്‍ശനങ്ങള്‍ എനിക്കിഷ്ടമാണ്. എന്ത്, എന്തുകൊണ്ട്, എന്ന് വ്യക്തമായി പറയാന്‍ കഴിയണം. വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്റെ 'ക്രാഫ്റ്റി'ലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത് നന്നാക്കാന്‍ ശ്രമിക്കാറുമുണ്ട്. 

? പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍, ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.?
റിട്ടയര്‍മെന്റിലെ വിരസത, ഏകാന്തത ഒക്കെ അകറ്റാനായി എഴുതി തുടങ്ങുന്നവരുണ്ട്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുമ്പോള്‍, അതുവരെ ഉള്ളില്‍ ഉറങ്ങിക്കിടന്ന കഴിവുകള്‍ പൊടിതട്ടി പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ആദ്യത്തെ കൂട്ടരെ സംബന്ധിച്ചേടത്തോളം സാഹിത്യവാസനകൊണ്ടല്ല എഴുതുന്നത്. ഏകാന്തത, വിരസത, പെട്ടെന്ന് ഉണ്ടാവുന്ന ഒറ്റപ്പെടലിന്റെ അരക്ഷിതാവസ്ഥ ഇതൊക്കെ മാറ്റാന്‍ വേണ്ടി, അതായത്, എഴുത്തിന്റെ 'തെറപ്യൂടിക് വാല്യു' വിനുവേണ്ടിയാണ് അവര്‍ എഴുതുന്നത്.
അങ്ങനെ എഴുതുന്നവരുടെ കൂട്ടത്തില്‍ സര്‍ഗപ്രതിഭ ഉള്ളവര്‍ വളരെ വളരെ കുറച്ചേ കാണൂ. എന്നാലും ആകസ്മികമായി നല്ല കൃതികള്‍ ആ കൂട്ടത്തില്‍ നിന്നു പോലും ഉണ്ടായെന്ന് വരാം.
രണ്ടാമത്തെ കൂട്ടര്‍, സര്‍ഗപ്രതിഭയുള്ളവര്‍, നല്ല കൃതികള്‍ രചിക്കും. എന്ന് എഴുതി തുടങ്ങി എന്നത് ബാധകമല്ല. ഏതിന്റെയെങ്കിലും കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറയുന്നതിനോട് യോജിപ്പില്ല; നല്ല കൃതികള്‍ കാലത്തെ അതിജീവിക്കുന്നവയാണ്.

? അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു കോക്കസ്സ് വര്‍ക്ക് ചെയ്യുന്നുണ്ടോ? അതായത് ചിലര്‍ എഴുതുന്നത് നല്ലത് എന്നു പറയാന്‍, അയാളെ സഹായിക്കുന്നവര്‍. ചിലര്‍ എത്ര നല്ല രചന നടത്തിയാലും അതിനെക്കുറിച്ച് മോശം പറയുന്നവര്‍. ഇതെപ്പറ്റി എന്താണ് അഭിപ്രായം?
$ കോക്കസ് ഉണ്ടായിരിക്കണം. നിലവാരമില്ലാത്ത കൃതികളെ പ്രോത്സാഹിപ്പിക്കാന്‍ അറിഞ്ഞോ, അറിയാതെയോ, അത് കാരണമാവുന്നുമുണ്ടാവണം. അല്ലെങ്കില്‍, 'അമേരിക്കന്‍ എഴുത്തുകാരന്‍/എഴുത്തുകാരി എന്ന ഒരു തരംതാഴ്ത്തല്‍ മറ്റു സ്ഥലങ്ങളില്‍ ഉണ്ടാവുകയില്ല.
അമേരിക്കയില്‍ രചിക്കപ്പെടുന്ന കൃതികള്‍ എല്ലാം ഒരുപോലെ തരംതാണവയാണെന്ന അഭിപ്രായം എനിക്കില്ല. നല്ല രചനകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അവയ്ക്ക് വേണ്ടുന്ന പ്രചാരം ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുപാട്, സാഹിത്യസംഘങ്ങള്‍ നിലവിലുള്ള ചര്‍ച്ചകള്‍ നടക്കുന്ന വേദികളില്‍ ഒന്നിലും ഇവിടുത്തെ ഏതെങ്കിലും ഒരു കൃതിയെക്കുറിച്ച് ആഴത്തിലുള്ള ഒരു പഠനമോ ഒന്നും ഉണ്ടായതായി അറിവില്ല. ഈ സംഘങ്ങ
ളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പത്രങ്ങളിലും മറ്റും വരുന്ന റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. അവയിലൊന്നും പഠനങ്ങളോ, നിരൂപണങ്ങളോ കണ്ടിട്ടില്ല.

? ആട് ജീവിതം പോലെ അമേരിക്കയുടെ പശ്ചാതലത്തില്‍ എഴുതാന്‍ മാത്രം ഒരു ജീവിതകഥ അമേരിക്കന്‍ മലയാളികള്‍ക്കുണ്ടോ?
$ ഇല്ല. അമേരിക്കന്‍ പ്രവാസ ചരിത്രത്തിന്, അതായത് അറുപതുകളുടെ അവസാനത്തോടെ ആരംഭിച്ച കുടിയേറ്റത്തിന് മറ്റ് സ്ഥലങ്ങളില്‍ പ്രവാസികള്‍ അനുഭവിച്ച തിക്തത ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നു മാത്രല്ല, വിട്ടുപോന്ന ഭാഷയെയും സംസ്‌കാരത്തെയും പാടെ തിരസ്‌കരിച്ച് കൊണ്ട് ഇവിടുത്തെ ജീവിതസാഹചര്യങ്ങളോട് ഇഴുകിച്ചേരാനുള്ള ആവേശമായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍ക്ക് എല്ലാം തന്നെ. ആ ആവേശത്തിന്റെ ചരിത്രത്തിന് ജീവിതഗന്ധിയായ ഒരു കഥ മെനയാന്‍ വേണ്ടുന്ന സൈക്കോളജിക്കല്‍ ഡെപ്ത് ഇല്ല.
എന്നാല്‍, അതിന് എത്രോ മുമ്പേ, തെക്കേ ഇന്ത്യയില്‍ നിന്ന് ഇവിടെ ആളുകള്‍ എത്തിയിരുന്നു. ബ്രിട്ടീഷുകരുടെ അടിമക്കൂട്ടത്തില്‍. ആ സാദ്ധ്യത അംഗീകരിക്കാന്‍ പോലും മലയാളിയുടെ ദുരഭിമാനം അനുവദിക്കുമെന്നു തോന്നുന്നില്ല. ആ പ്രവാസത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുമ്പോഴേ മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റകഥകള്‍ക്ക് തീക്ഷ്ണത ഉണ്ടാവൂ.
എന്റെ എഴുത്ത് എന്റെ സ്വകാര്യം: ലൈല അലക്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക