Image

ചെരിവില്ലാത്തൊരു വ്യക്തിത്വമേ... ശ്രീ ജോസ് ചെരിപുറമേ.... സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 25 May, 2016
ചെരിവില്ലാത്തൊരു വ്യക്തിത്വമേ... ശ്രീ ജോസ് ചെരിപുറമേ....  സുധീര്‍ പണിക്കവീട്ടില്‍
ശ്രീ ജോസ് ചെരിപുറം നീണാള്‍ വാഴട്ടെ!! രാജ്യഭരണം നിലവിലിരുന്ന കാലത്ത് രാജാക്കന്മാരെയാണു ഇങ്ങനെ ജനം ആശംസിച്ചിരുന്നത്. പിറന്നാള്‍ ആശംസകളോടൊപ്പം ആയുഷ്മാന്‍ ഭവ: എന്നും പറയണമല്ലോ. അദ്ദേഹം ആയുരാരോഗ്യങ്ങളോടെ നീണാള്‍ വാഴട്ടെ. വാഴുക എന്ന് പറയുമ്പോള്‍ ജീവിക്കുക എന്ന പോലെ തന്നെ ഭരിക്കുക എന്നും അര്‍ത്ഥമുണ്ട്. രണ്ടും ശ്രീ ജോസിനു ചേരുന്നു. ശ്രീ ജോസ് രാജാവാണു്, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന രാജാവ്. ഒരു സര്‍ഗ്ഗ സാമ്ര്യജത്തിന്റെ ചക്രവര്‍ത്തി. സ്വപ്നസൂര്യന്‍ അസ്തമിക്കാത്ത, നിഴലും നിലാവും കൈകോര്‍ത്ത് നിന്ന്  സൗന്ദര്യത്തിന്റെ ഈണങ്ങള്‍ പാടി രസിക്കുന്ന,  മ്രുണാളകോമളമായ സങ്കല്‍പ്പങ്ങള്‍ വിടര്‍ന്ന് നില്‍ക്കുന്ന ഒരു ലോകം ശ്രീ ജോസ് സൃഷ്ടിക്കുന്നു. അവിടെ ജോസ് സദസ്സില്‍ (രാജസദസ്സില്‍) കാവ്യനര്‍ത്തികളുടെ നിലക്കാത്ത നൃത്യനൃത്തങ്ങള്‍, മായികമായ നൂപുരധ്വനികള്‍.  ശ്രീ ജോസിന്റെ കവിത ടൈപ്പ്‌സെറ്റ് ചെയ്യുന്ന ത്രുശൂര്‍ക്കാരന്‍ സുഹുര്‍ത്ത് ഒരിക്കല്‍ ഈ ലേകനോട് പറഞ്ഞു. 'ജോസേട്ടന്‍ പൊടി റൊമാന്റിക്കാണു അല്ലേ''? പൊടിയല്ല മുഴുവനുമാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ റഷ്യന്‍ കവി അലെക്‌സാണ്ഡര്‍ പുഷികിനെ ആലോചിച്ചു. ബൈബിള്‍ പറയുന്നു മനുഷ്യാ നീ മണ്ണാകുന്നുവെന്ന്, എന്നാല്‍ പൂഷികന്‍ പറഞ്ഞു ഞാന്‍ മുഴുവനായി മണ്ണല്ല. ശരിയാണു് ശരീരം മണ്ണില്‍ ചേരുമ്പോള്‍ അവ പുഴുക്കള്‍ക്ക് ആഹാരമാകുന്നു. എന്നാല്‍ കവി കുത്തികുറിച്ച് വച്ചിരിക്കുന്ന അക്ഷരങ്ങള്‍, വാക്ക് സൂചിപ്പിക്കുന്ന പോലെ, നശിക്കുന്നില്ല.


കേരളത്തില്‍ പാലായിലെ കാത്തലിക്ക് കുടുംബത്തിന്‍ ജനിച്ച ശ്രീ ജോസ് ജാതകമെഴുതിയിട്ടില്ല. എന്നാലും ജനന തിയ്യതി അനുസരിച്ച്  ശ്രീ ജോസിന്റെ നക്ഷത്രം പൂരുരുട്ടാതിയാണു്. പുരുഷപ്രജകള്‍ക്ക് ജനിക്കാന്‍ നല്ല നക്ഷത്രമാണത്രെ അത്.  ഇംഗ്ലീഷ്‌കാരുടെ പന്ത്രണ്ടുരാശിപ്രകാരം ശ്രീ ജോസ് ജെമിനിയാണ്. ജെമിനിയെന്നാല്‍ ഇരട്ടകള്‍, എപ്പോഴും എതിര്‍ലിംഗകാരെ കൂടെ കൊണ്ട്‌നടക്കുന്നവര്‍.  കൂടാതെ ഇവര്‍ ശുഭാപ്തിവിശ്വാസകാരും, തുറന്ന് പറയുന്നവരും, ഭാവനാലോലരും, നര്‍മ്മപ്രിയരുമൊക്കെയാണു്. ഈ  വിശേഷണങ്ങള്‍ മുഴുവന്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ശ്രീ ജോസ് പ്രകടിപ്പിക്കുന്നു. പ്രായം കലണ്ടറിലും, ശരീരത്തിലും അടയാളപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇദ്ദേഹത്തിന്റെ  മനസ്സ് ചെറുപ്പം വിടാതെ ചുറ്റികറങ്ങുന്നു. ബാല്യകാലസഖികളേയും, സഹപ്രവര്‍ത്തകരായിരുന്ന സുന്ദരിമാരേയും ഓര്‍മ്മിക്കയും അന്നത്തെ ബാലിശമായ, യുവമാനസ ചാപല്യങ്ങളേയും നഷ്ടവേദനയോടെ ഓര്‍ക്കുകയും അതെക്കുറിച്ച് സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്യുക ശ്രീ ജോസിന്റെ പ്രകൃതിയാണു്. കവിത എഴുതുന്നപോലെ തന്നെ കവിതകള്‍ കേട്ടിരിക്കുന്നതും ഇദ്ദേഹത്തിന്റെ വിനോദമാണു്. കേരളത്തില്‍ ആദ്യമായി ചെരുപ്പ് ധരിച്ച കുടുംബമായിരിക്കും ശ്രീ ജോസിന്റേത്. അങ്ങനെ ജനങ്ങള്‍ അവരെ ചെരിപ്പിട്ടവര്‍ എന്ന്പറഞ്ഞ് അത് ചെരിപ്പിന്‍ പുറത്ത് നടക്കുന്നവര്‍ എന്നായി പിന്നെ അത് ചെരിപുറമെന്നായതാകാം എന്ന് ഒരു എഴുത്തുകാരന്റെ ഭാവനയ്ക്ക് സഞ്ചരിക്കാം. എന്തായാലും തീരുമാനങ്ങളില്‍, ചിന്തകളില്‍ ഉറച്ച് നില്‍ക്കുന്നു ശ്രീ ജോസ്. 'ഋജുവായ രേഖകളില്‍ നിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വത്തിനുടമ. ചെരിവില്ലാത്ത വ്യക്തിത്വം, ചെരിപുറത്തിന്റെ മേന്മ.

പ്രിയ സുഹ്രുത്തേ.. താങ്കള്‍ക്ക് എഴുപത് വയസ്സ് ഈ മേയ്മാസത്തില്‍ തികയുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസപ്പെട്ടു. പുഷികിനെപോലെ എന്റെ സ്വപനങ്ങള്‍, എന്റെ സ്വപനങ്ങള്‍, അവയുടെ മധുരിമയ്ക്ക് എന്തുപ്പറ്റി, ശരിയ്ക്കും എന്റെ യുവത്വത്തിനു എന്താണു സംഭവിച്ചത് എന്ന് ഒരു പക്ഷെ ഈ എഴുപതാം പിറന്നാല്‍ ദിനത്തില്‍ താങ്കള്‍ ചിന്തിക്കുന്നുണ്ടോ? ന്യൂയോര്‍ക്കില്‍ തോരാതെ മഴപെയ്യുന്ന സമയങ്ങളില്‍ 'അടപട മഴയും, അടച്ചിട്ട മുറിയും, അടുത്തൊരു പെണ്ണുമെന്ന്' മോഹിക്കുന്ന താങ്കള്‍ക്ക് നിത്യയൗവ്വനം നേര്‍ന്നുകൊണ്ട്, ആയിരം പൂര്‍ണ്ണചന്ദ്രന്മാരെയല്ല അതിനെക്കാളും കൂടുതല്‍ കാലം ആയുരരോഗ്യത്തോടെ താങ്കള്‍ ഈ വസുന്ധരയില്‍ സുഖമായി കഴിയുക എന്നാശംസിച്ച്‌കൊണ്ട്..

ശുഭം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക