Image

ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 23 May, 2016
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
വിശുദ്ധ നാട്ടിലേയ്ക്ക് ഒരു യാത്ര ഏറെ ആഗ്രഹിച്ചിരുന്നതാണ്. മാനവചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഒരു ചെറു ഭൂവിഭാഗം, ലോകത്തിലെ പ്രബലമതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാമതം എന്നിവയുടെ ജന്മസ്ഥലം. മതങ്ങള്‍ മനുഷ്യരെ സന്മാര്‍ഗ്ഗത്തിലേയക്കും സമാധനത്തിലേയ്ക്കും  നയിക്കാന്‍ രൂപം കൊണ്ടതാണ് എന്നാല്‍ ഈ മതങ്ങളുടെ കേന്ദ്രം ഇന്ന് അസമാധാനങ്ങളുടെ പ്രഭവ കേന്ദ്രമായിതീര്‍ന്നത് വിരോധഭാസമായി തോന്നുന്നു.

യാത്രകളെന്നും ഹരമായിരുന്നു, എന്നാല്‍ ദൈനംദിന ജീവിത വ്യവഹാരങ്ങളില്‍പ്പെട്ട് പലതും  പലപ്പോഴും നടക്കാതെ പോകുന്നു. മുന്‍കൂട്ടി തീരുമാനിയ്ക്കുന്ന യാത്രകളേക്കാള്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങളാണ് കൂടുതലും നടന്നിട്ടുള്ളത്. യാദൃശ്ചികമായി 'ഇ-മലയാളിയില്‍' Magi Holidays-ന്റെ പരസ്യം കാണുന്നു, വിശുദ്ധ നാടുകളിലും യൂറോപ്പിലും, തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിയ്ക്കുന്ന ജെയിസണ്‍ അലക്‌സിനെ വിളിച്ചപ്പോള്‍ അടുത്തറിയാവുന്ന സുഹൃത്താണെന്ന് മനസ്സിലായി പിന്നെയുള്ള കാര്യങ്ങള്‍ എളുപ്പത്തിലായി. 

കുട്ടികള്‍ രണ്ടും കോളേജിലായപ്പോള്‍ അവോരോടൊത്തുള്ള യാത്രകളുടെ കാലം കഴിഞ്ഞു. സുഹൃത്തായ ബാബു സാറും, അമ്മിണിസാറും കൂടെ പോരാമെന്ന് സമ്മതിച്ചപ്പോള്‍ സന്തോഷമായി. എന്നാല്‍ ടര്‍ക്കിഷ് എയര്‍ ലൈന്‍സിലാണ് ടിക്കറ്റെന്ന് കേട്ടപ്പോള്‍ എല്ലാവരും തെല്ലൊന്ന് പേടിച്ചു, കാരണം ഈസ്റ്റാന്‍ബുള്‍ വഴിയാണ് യാത്ര. ഈ അടുത്തകാലത്ത് ഒരു റഷ്യന്‍ യാത്രാ വിമാനം ടര്‍ക്കി വെടിവെച്ചിട്ടതും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പിന്നെ ഐ.സി.സ്. എന്ന ഭീകരസംഘടനകളുടെ താവളം, ഈ ആവലാതികളുമായി ഭാര്യ സെലിന്‍, വിശുദ്ധനാട്ടിലേക്കാണ് നമ്മള്‍ പോകുന്നത് അവിശുദ്ധമായ യാതൊരു ചിന്തകളും വേണ്ടെന്ന് ഞാനും, യാത്രക്കുള്ള ഒരുക്കങ്ങള്‍ ചെയ്ത് 2016 ഏപ്രില്‍ 13-ാം തീയ്യതി രാത്രി 11.45- ന് ന്യൂയോര്‍ക്കില്‍ നിന്ന് ഈസ്റ്റാന്‍ബൂളിലേയ്ക്കുള്ള വിമാനത്തില്‍ കയറി, ന്യൂയോര്‍ക്കില്‍ വച്ച് ജോണ്‍ പയ്യപ്പിള്ളി ഫാമിലിയും ഞങ്ങളോടൊപ്പം ചേര്‍ന്നു. പിറ്റെ ദിവസം രാത്രി 8.45 ന് ഈസ്റ്റാന്‍ ബൂളിലെത്തി, ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ആതിഥ്യപൂര്‍വ്വമായ പെരുമാറ്റം ഭയാശങ്കകള്‍ക്ക് അറുതി വരുത്തി. ഈസ്റ്റാന്‍ബൂളിലെ മൂന്ന് മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങള്‍ എത്തിചേരേണ്ട സ്ഥലമായ ജോര്‍ദാനിലെ അമാനിലേയ്ക്ക് വിമാനം കയറി. അവിടെ ടൂര്‍ ഓപ്പറേറ്ററുടെ പ്രതിനിധിയും ജോര്‍ദ്ദാന്‍ സ്വദേശിയുമായ 'ജിഹാദ്' എന്നൊരാള്‍ ഞങ്ങളെ കാത്ത് നിന്നിരുന്നു. പേര് കേട്ടപ്പോഴെ എല്ലാവരും പേടിച്ചുപോയി കാരണം 'വിശുദ്ധയുദ്ധം' എന്നര്‍ത്ഥമുള്ള ആ പേര്, എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ ആ പേടി മാറി. ഇംഗ്ലീഷും, അറബിയും സംസാരിക്കുന്ന സൗമ്യനായ ചെറുപ്പക്കാരന്‍. മുന്‍വിധിയോടെ ഓരോ നിഗമനങ്ങളാല്‍ എത്തുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണല്ലോ എന്നു കരുതി സമാധാനിച്ചു.

എല്ലാവരും അവരവരുടെ പെട്ടികളുമായി എമിഗ്രേഷന്‍ ക്ലിയര്‍സിന് ചെല്ലണം എന്നാല്‍ വളരെ നേരം കാത്തിരുന്നിട്ടും എന്റെ പെട്ടി വന്നില്ല, കാരണമറിയാതെ ഉഴലുമ്പോള്‍ തങ്ങളുടെ എജന്റ് ജിഹാദ് എന്നെയും കൂട്ടി എമിഗ്രേഷന്‍ ഓഫീസിലെത്തിയപ്പോഴാണറിയുന്നത് എന്റെ പെട്ടി അവിടെ പിടിച്ചുവെച്ചിരിയ്ക്കുന്നു. സ്‌ക്കാനിംഗില്‍ എന്തോ കണ്ടെന്നും ്ത് കൊണ്ട് പെട്ടി തുറന്നു പരിശോധിക്കണം, അറബിയും ഇംഗ്ലീഷും കലര്‍ത്തിയ ചോദ്യങ്ങള്‍ക്കവസാനം പെട്ടിതുറക്കാന്‍ ആവശ്യപ്പെട്ടു. തുറന്നു പരിശോധിച്ചപ്പോള്‍ ഒരു ബൈനോക്കുലര്‍ കണ്ടെത്തി. ഇതുപോലുള്ള ഉപകരങ്ങള്‍ കൊണ്ടു വരാന്‍ പാടില്ല എന്നൊരു നിയമം ഉള്ളതിനെപ്പറ്റി അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ബൈനോക്കുലര്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ല എന്നും എന്നാല്‍ അതിന്റെ ദൂരകാഴ്ചയ്ക്ക് പരിധിയുണ്ടെന്നും അത് നിയമവിരുദ്ധമാണെന്നും പറഞ്ഞു, ഇതിനിടയില്‍ ജിഹാദ് ഇടപ്പെട്ട് സംസാരിച്ച് അവസാനം ഒരു പേപ്പറില്‍ എഴുതി എന്റെ ഒപ്പും വാങ്ങി അവര്‍ അതു കണ്ടു കെട്ടി, തിരികെ ഈ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തിരിച്ചു തരാമെന്നും പറഞ്ഞു.  ബൈനോക്കുലര്‍ പോയതില്‍ ഒട്ടും തന്നെ പരിഭവമുണ്ടായില്ല കാരണം ഓരോ നാട്ടിലെ നിയമങ്ങള്‍ അനുസരിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണല്ലോ എന്ന് സമാധാനിച്ചു.
രാത്രി രണ്ടു മണിയോടെ ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി, രാവിലെ ഏഴ് മണിക്ക് ടൂര്‍ പരിപാടികള്‍ ആരംഭിക്കേണ്ടതുകൊണ്ട് ഉടന്‍ തന്നെ ഉറങ്ങാന്‍ കിടന്നു. ആറു മണിക്ക് വേയ്ക്കപ്പ് കോള്‍ വന്നു, ഒരുങ്ങി  ഹോട്ടല്‍ ലോബിയിലെത്തിയപ്പോള്‍ ഞങ്ങളോടൊപ്പം ചേരാന്‍  കേരളത്തില്‍ നിന്നും മുപ്പതു പേരുടെ ഗ്രൂപ്പും എത്തി ചേര്‍ന്നിരുന്നു. എറണാകുളത്തുനിന്നും, കൊല്ലത്തുനിന്നും വന്നവരില്‍ 12 വയസ്സു മുതല്‍ 75 വയസ്സുവരെയുള്ളവര്‍. അവരോടൊപ്പം ലാറ്റിന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ട രണ്ടു പുരോഹിതരും ഉണ്ടായിരുന്നു. 

ബ്രേക്ക്ഫസ്റ്റു കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങളെയും കാത്ത് ഡേവിഡ് എന്നു പേരുള്ള ജോര്‍ദ്ദാന്‍ക്കാരനും കത്തോലിക്കനുമായ ഗൈഡ് ബസ്സിനരുകില്‍ ഉണ്ടായിരുന്നു. ബസ്സിന്റെ പേര് ശ്രദ്ധിച്ചപ്പോള്‍ അതില്‍ ഫിലാഡല്‍ഫിയ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് കൗതുകത്തിന് ഡേവിഡിനോടു പറഞ്ഞ ഞങ്ങള്‍ ഫിലാഡല്‍ഫിയായില്‍ നിന്നാണെന്ന് അപ്പോള്‍ അദ്ദേഹം വിവരിച്ചു. അമേരിക്കയിലെ ഫിലാഡല്‍ഫിയയ്ക്ക്  300 വര്‍ഷത്തെ പഴക്കമുള്ളൂ എന്നാല്‍ ജോര്‍ദ്ദാനിലാണ് ഫിലാഡല്‍ഫിയ എന്ന നാമം ഉടലെടുത്തത് ഗ്രീക്ക് ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടറിന്റെ പടയോട്ടത്തില്‍ മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ പിടിച്ചടക്കി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ടോളമി ക്രിസ്തുവിന് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തെ അമാന്‍ കേന്ദ്രമാക്കി സ്ഥാപിച്ച നഗരമാണ് ഫിലാഡല്‍ഫിയാ. ഗ്രീക്കില്‍ അതിന് 'സാഹോദര്യ സ്‌നേഹത്തിന്റെ നഗരം' എന്നാണ് അര്‍ത്ഥം അമേരിയ്ക്കയിലെ ഏറ്റവും പഴക്കമുള്ള, അമേരിയ്ക്കന്‍ സ്വാതന്ത്ര്യം ആദ്യം വിളംബരം ചെയ്ത നഗരമെന്ന് അഭിമാനിച്ചിരുന്ന എനിയ്ക്ക് ഡേവിഡിന്റെ വിവരങ്ങള്‍ കേട്ടപ്പോള്‍ ഒന്നും പറയാനില്ലാതെയായി.

ആദ്യമായി ഡേവിഡ് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത് 'നേബു' മലയിലേക്കാണ് അവിടെ വച്ചാണ് ദൈവം മോസസ്സിനെ വാഗ്ദത്തഭൂമി കാണിച്ചു കൊടുത്തത്. കാര്‍മേഘങ്ങളില്ലാത്ത തെളിഞ്ഞ അന്തരീക്ഷത്തില്‍ അവിടെനിന്നും നോക്കിയാല്‍ വിശുദ്ധ നാടിന്റെ എല്ലാ ഭാഗങ്ങളും കാണാന്‍ സാധിയ്ക്കും. ഇവിടെയാണ് സര്‍പ്പദംശനത്തില്‍ നിന്ന് രക്ഷ നേടാന്‍ മോസസ്സ് പിത്തള സര്‍പ്പത്തെ ഉയര്‍ത്തിയത്, അതിന്റെ പ്രതീകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് പോയത് ബൈസ്ന്റയന്‍ കാലഘട്ടത്തില്‍(അഞ്ചാം നൂറ്റാണ്ട്) പണികഴിപ്പിച്ച 'മാഡബ' എന്ന ദേവാലയത്തില്‍ മൊസൈക്കില്‍ രൂപകല്‍പ്പന ചെയ്ത വിശുദ്ധനാടിന്റെ ഭൂപടം കാണുന്നതിനാണ്, ആ കാലഘട്ടത്തില്‍ മൊസൈക്കില്‍ പണിതീര്‍ത്ത, നിരവധി ബൈബിളുമായി ബന്ധപ്പെട്ട രൂപങ്ങള്‍ കാണാന്‍ കഴിഞ്ഞു. 'മൗണ്ട് നേബോ' മോസസ്സിന്റെ മെമ്മോറിയല്‍ സ്ഥലമായി അറിയപ്പെടുന്നു.

ഉച്ചഭക്ഷത്തിനുള്ള സമയമായി, മുന്‍ക്കൂട്ടി നിശ്ചയിച്ച പ്രകാരം ജോര്‍ദ്ദേനിയന്‍ വിഭവങ്ങളൊരുക്കിയ റസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഒലിവ് കൃഷി പെയ്യുന്ന രാജ്യങ്ങളിലൊന്നായ ജോര്‍ദാനിലെ എല്ലാം ഭക്ഷണ വിഭവങ്ങളും ഒലിവെണ്ണയില്‍ പാകം ചെയ്തതാണ്. സൂപ്പും, സാലഡും, ഹമ്മസും, കുഫൂസും, ചോറും പിന്നെ അവരുടെ പ്രിയ ഡെസേര്‍ട്ടായ ബക്കവയും കൂട്ടത്തില്‍ ഒരു കുപ്പി ജോര്‍ദേനിയന്‍ വൈനും കൂടിയായപ്പോള്‍ പുതിയൊരനുഭവമായി. ഭക്ഷണത്തിനുശേഷം അമാന്‍ നഗരം കാണുന്നതിനായി പുറപ്പെട്ടു. രണ്ടാം നൂറ്റാണ്ടില്‍ റോമാക്കാര്‍ പണികഴിപ്പിച്ച 6000 പേര്‍ക്കിരിക്കാവുന്ന ആംഫി തിയേറ്ററിന്റെ അവശിഷ്ടങ്ങള്‍ ചരിത്രസ്മരണകള്‍ ഉയര്‍ത്തി പഴയ ഗ്രീക്ക് നഗരമായിരുന്ന ഫിലാഡല്‍ഫിയായില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ആലസ്യത്തിലും തലേദിവസത്തെ യാത്രക്ഷീണം കൊണ്ടും ഗൈഡ് ഡേവിഡ് പറയുന്നതൊന്നും ശ്രദ്ധിയ്ക്കാന്‍ മെനക്കെടാതെ പലരും ഉച്ചമയക്കത്തിലാണ്ടു വണ്ടിയിലിരുന്നു.

കായിക ആഭ്യാസത്തിനും പൊതുസമ്മേളനങ്ങള്‍ക്കും, മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഏറ്റു മുട്ടുന്ന ക്രൂര വിനോദങ്ങള്‍ക്കുമായി പണിക്കഴിപ്പിച്ച ആംഫീ തിയേറ്ററിനെപ്പറ്റിയുള്ള ചിന്തയില്‍ ഞാനും മയക്കത്തിലാണ്ടു. വണ്ടി അഞ്ചു മണിയോടെ ഹോട്ടലിലെത്തി അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു.

(തുടരും)
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
5th Century Mosaic work of Holly land inside the church in Jordan
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
Front of Madaba Church in Jordan
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
Memorial of Moses in Jordan
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
Mosaic Map Photo of Holly Land
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
Moses see the Promise Land from Here
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
Remains of the Amphitheater in Philadelphia, Jordan
ഞാന്‍ കണ്ട വിശുദ്ധ നാട് - ജോര്‍ജ്ജ് ഓലിക്കല്‍
The place where Moses lifted up Brass Snake to save people from snake bite
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക