Image

'വേലി'ക്കകത്തല്ല, ജാഗ്രതയുടെ കേരള കാസ്‌ട്രോ (എ.എസ് ശ്രീകുമാര്‍)

Published on 24 May, 2016
'വേലി'ക്കകത്തല്ല, ജാഗ്രതയുടെ കേരള കാസ്‌ട്രോ (എ.എസ് ശ്രീകുമാര്‍)
കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള ജനതയുടെ ഹൃദയവികാരം നെഞ്ചേറ്റിയ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ 'വേലിക്കകത്തേയ്ക്ക്' ഇല്ല. പ്രായത്തിന്റെ കേവലം സാങ്കേതിക ഘടകമുന്നയിച്ച് വി.എസിനെ ഒഴിവാക്കി പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയതോടെ വെറും എം.എല്‍.എ മാത്രമായിമാറിയ അച്യുതാനന്ദന്‍ തന്റെ തട്ടകം തിരുവനന്തപുരത്തു നിന്നും മാറ്റി ജന്മനാടായ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ നയവും നിലപാടുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് 93 വയസിന്റെ ചെറുപ്പമുള്ള കരുത്തനായ പുന്നപ്ര-വയലാര്‍ സമരനായകന്‍.

അതായത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ആയിരുന്ന കാലത്ത് എപ്രകാരം പ്രവര്‍ത്തിച്ചുവോ അതേ നാണയത്തില്‍ തന്നെ ജനകീയ പ്രശ്‌നങ്ങളിലും കോഴ കുംഭകോണങ്ങളിലും രാഷ്ട്രീയ അഴിമതികളിലും തിരുത്തല്‍ ശക്തിയായി തുടര്‍ന്നും ഇടപെടാനാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ഇന്ന്(മെയ് 24) വി.എസ്  ഇപ്രകാരമാണ് ട്വിറ്ററില്‍ കുറിച്ചത്...''വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍. അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്. അതിന് നമ്മള്‍ ജാഗരൂഗരായിരിക്കും...'' പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ തൊട്ടു തലേ ദിവസമാണ് വി.എസിന്റെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

ഈ തിരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് ഒട്ടേറെ ആലോചനകള്‍ക്ക് ശേഷമാണ്. അതുകൊണ്ട് ആദ്യഘട്ടത്തില്‍ ഒരു നിശ്ചിതകാലം വി.എസ് മുഖ്യമന്ത്രിയും പിണറായി ആഭ്യന്തര മന്ത്രിയും ആകുമെന്നും പിന്നീട് പിണറായിക്കായി വി.എസ് സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നുമായിരുന്നു സി.പി.എം വൃത്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതിനോട് വി.എസിനും അനുകൂല മനോഭാവമായിരുന്നുവത്രേ. പക്ഷേ പിണറായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. അതിനാല്‍ വി.എസിനെ അനുനയിപ്പിച്ച് പ്രതിസന്ധിയുടെ കുരുക്കഴിച്ച പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തിലാണ് പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

പിറ്റെ ദിവസം നിയുക്ത മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ തന്റെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത് കന്റോണ്‍മെന്റ് ഹൗസിലെത്തി വി.എസുമായുള്ള കൂടിക്കാഴ്ചയോടെയാണ്. പത്തു മിനിറ്റു നേരത്തെ സൗഹാര്‍ദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ...''ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായ ആളാണ് വി.എസ്. ഏറ്റവും പ്രായോഗിക അനുഭവ സമ്പത്തുള്ള അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക പ്രധാനമാണ്. അദ്ദേഹത്തില്‍ നിന്ന് പലതും മനസ്സിലാക്കുന്നുണ്ട്. ഞാനൊരു പുതുക്കക്കാരനെന്ന മട്ടിലുള്ള ആളാണ്...''

തന്നെ വന്നു കണ്ട പിണറായിയോട്, സ്ത്രീ സുരക്ഷ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഏറെ ശ്രദ്ധിക്കണമെന്ന് വി.എസ് നിര്‍ദേശിക്കുകയുണ്ടായി. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണിവ. സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വി.എസ് എന്നും ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും എന്നതിന്റെ സൂചനയായിരുന്നു പിണറായിയോടുള്ള ആദ്യത്തെ ഈ നിര്‍ദേശം. അച്യുതാനന്ദന്റെ ഊര്‍ജസ്വലമായ സാന്നിദ്ധ്യം കേരളം മനസാലേ അംഗീകരിക്കുന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ്. അത് അദ്ദേഹം മുഖ്യമന്ത്രിയോ, പ്രതിപക്ഷ നേതാവോ ആയിരുന്നതിന്റെ പേരിലല്ല എന്ന കാര്യം ജനങ്ങള്‍ക്ക് ഉത്തമ ബോധ്യവുമുണ്ട് താനും.

ഉചിതമായ സമയത്ത് കൃത്യമായ രീതിയില്‍ ഓരോ വിഷയങ്ങളിലും ഇടപെടാനുള്ള രാഷ്ട്രീയ സന്നദ്ധതയും കാര്യശേഷിയുമാണ് വി.എസ് എന്ന ജനകീയ നേതാവിനെ വേറിട്ടു നിര്‍ത്തുന്നത്. ആ സാന്നിദ്ധ്യം നാട്ടില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ നിരന്തരമായി, സക്രിയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പിണറായി വിജയന്റെ കന്റോണ്‍മെന്റ് ഹൗസ് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളെ കണ്ട വി.എസ് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള നന്ദി പ്രസ്താവന വായിച്ചു. അതിലെ പ്രസക്തമായ ഭാഗമിതാണ്...'' ജനകീയ വിഷയങ്ങളും ഇടതുപക്ഷ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് ഞാന്‍ കേരളത്തിലെ ജനങ്ങളുടെ കാവലാളായി നിലകൊള്ളും. ഒരു സ്ഥാനമാനങ്ങളും പ്രതീക്ഷിക്കുന്ന ആളല്ല ഞാന്‍. ഇനിയും തിരുവനന്തപുരത്ത് തന്നെയുണ്ടാവും...'' പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് വിടവാങ്ങിക്കൊണ്ട് വി.എസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ താമസംവിനാ നടപ്പാക്കണമെന്ന് പിണറായി വിജയനെ ഉപദേശരൂപേണ ഓര്‍മപ്പെടുത്തുകയും ചെയ്തു. ഇതും അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഭാഗമാണെന്ന് കണക്കാക്കേണ്ടതുണ്ട്.

കേരളത്തിലിന്ന് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം സ്ത്രീ സുരക്ഷ തന്നെയാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി വീടുകളില്‍ താമസിക്കാനും നിര്‍ഭയമായി ജീവിക്കാനും തങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനും പറ്റുന്ന തരത്തിലുള്ള ഒരു സാമൂഹികാന്തരീക്ഷം അടിയന്തിരമായി വേണം എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആവശ്യം. അതു കൊണ്ടാണ് അക്കാര്യം വി.എസ്. അടിയന്തിര പ്രാധാന്യത്തോടെ മുന്നോട്ടു വച്ചത്. അതുപോലെ തന്നെ സാധാരണക്കാരായ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം വിലക്കയറ്റമാണ്. പട്ടിണിയും പരിവട്ടവുമില്ലാതെ ജീവിക്കാന്‍ പറ്റാത്ത രീതിയിലേയ്ക്ക് സാമൂഹിക സാഹചര്യം പ്രകാശവേഗത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ പോരാടുകയെന്നത് ഒരു യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ കടമയാണ്. അത് തെറ്റിച്ചാല്‍ താന്‍ ഇടപെടുമെന്നുള്ള സന്ദേശവും അച്യുതാനന്ദന്‍ നല്‍കുന്നുണ്ട്.

താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊക്കില്‍ ശ്വാസമുള്ളിടത്തോളം കാലം പോരാട്ടം തുടരുമെന്നും, കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ചരിത്രപരമായ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതെന്നും വി.എസ് വ്യക്തമാക്കുമ്പോള്‍ പ്രായത്തിന്റെ പേരില്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തിയവര്‍ക്കുള്ള പരോക്ഷ മറുപടി കൂടിയായി അത്. ''ഇപ്പോഴത്തെ ചരിത്ര മുഹൂര്‍ത്തത്തില്‍ കേരളത്തില്‍ ഇടതു ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഏഴരപ്പതിറ്റാണ്ട് കാലമായി അവിശ്രമം ചെങ്കൊടി പിടിക്കുന്ന എന്റെ കടമയായിരുന്നു...'' വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജനകീയ പ്രശ്‌നങ്ങളിലും പൊതുതാത്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിച്ചുകൊണ്ടാണ് വി.എസ് ജനഹൃദയങ്ങളില്‍ അംഗീകാരത്തിന്റെയും ആദരവിന്റെയും കൂടുകൂട്ടിയത്. മതികെട്ടാനിലെ ഭൂമികൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചു. ഇടമലയാര്‍ അഴിമതികേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാരാഗൃഹവാസമൊരുക്കിയതിനു പിന്നില്‍ വി.എസാണ്. സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ച സോളാര്‍ കേസ്, ബാര്‍കോഴ, ഭൂമി പതിച്ചു നല്‍കല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലും വി.എസിന്റെ പോരാട്ട വീര്യമുണ്ടായിരുന്നു.

പാര്‍ട്ടിക്കുള്ളിലും സന്ധിയില്ലാ സമരത്തിന്റെ തീപ്പൊരിയായി അദ്ദേഹം. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വി.എസിനെ, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യപ്രസ്താവനയിലൂടെ പ്രകടിപ്പിച്ചതിന്റെ പേരില്‍ സമിതിയില്‍ നിന്നും 2007ല്‍ പുറത്താക്കി കേന്ദ്ര കമ്മറ്റിയിലേയ്ക്ക് തരം താഴ്ത്തി. പക്ഷേ, മുഖ്യമന്ത്രിയായി തുടര്‍ന്നു. 2012ല്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി അച്ചടക്കലംഘനത്തിന്റെ പേരില്‍ അച്യുതാനന്ദനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.

ഇക്കഴിഞ്ഞ ഇരുപതാം തീയതി പിണറായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി വി.എസിനെ വിശേഷിപ്പിച്ചത് 'കേരള കാസ്‌ട്രോ' എന്നാണ്. ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നതുപോലെ വിപ്ലവ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നായിരുന്നു യെച്ചൂരിയുടെ കോംപ്ലിമെന്റ്. എന്നാല്‍ ഈ കോംപ്ലിമെന്റിനു പിന്നാലെ വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും പ്രതികരണങ്ങളുടെയും പ്രവാഹമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തിറങ്ങുന്ന കാസ്‌ട്രോയെപ്പോലെ വി.എസിന് ഇനി അകത്തിരിക്കേണ്ടി വരും, അല്ലെങ്കില്‍ അദ്ദേഹത്തെ അകത്തിരുത്തിക്കഴിഞ്ഞു എന്ന തരത്തിലുള്ളതായിരുന്നു പരിഹാസം. എന്നാല്‍ അങ്ങനെ തളയ്ക്കപ്പെടാന്‍ നിന്നുകൊടുക്കില്ല അദ്ദേഹം. മറിച്ച് പാര്‍ട്ടി, മുന്നണി, അല്ലെങ്കില്‍ സര്‍ക്കാര്‍ വഴിതെറ്റിയാല്‍ അതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഇടപെടലുകളും വി.എസിന്റെ ഭാഗത്തു നിന്നുണ്ടാവും. ആ ജനകീയ ജാഗ്രതയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും കരുത്ത്.

വി.എസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്...''ഇതുവരെയുള്ള എന്റെ പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങള്‍...കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍...

അതെ, വി.എസ് ചുവടുറപ്പിച്ചു കഴിഞ്ഞു, ഇനിയുമേറെ അങ്കങ്ങള്‍ക്ക് ബാല്യമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.... 

'വേലി'ക്കകത്തല്ല, ജാഗ്രതയുടെ കേരള കാസ്‌ട്രോ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
സരസന്‍ 2016-05-24 12:42:43
ഉത്സവം  കഴിഞ്ഞു ,
കോലം വീണ്ടും  നിലവറയില്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക