Image

എല്ലാം ശരിയാക്കും, പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തതു പോലെ ആകരുത്

അനില്‍ പെണ്ണുക്കര Published on 23 May, 2016
എല്ലാം ശരിയാക്കും, പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തതു പോലെ ആകരുത്
കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയിലാണ്. എല് ഡി എഫ് വരും എല്ലാം ശരിയാകും.  എന്തെല്ലാം കാര്യങ്ങളാണ് പിണറായിയുടെ സര്ക്കാര് ശരിയാക്കേണ്ടത് എന്ന് നമുക്ക് ഒന്ന് നോക്കാം.

രാഷ്ട്രീയ അഴിമതികള്‍, അക്രമം, വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി. സര്‍ക്കാര്‍ ആശുപത്രികളുടെ, സ്‌കൂളുകളുടെ, റോഡുകളുടെ ദയനീയാവസ്ഥ, കെ എസ് ആര്‍ ടീ സീ യുടെ പോരായ്മകള്‍, കുടി വെള്ളത്തിന്റെ, ഇലെക്റ്റ്രിസിറ്റിയുടെ  അപര്യാപ്തത, മാലിന്യ  സംസ്‌കരണം, സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളയടിക്കല്‍, കൈക്കൂലി, ആദിവാസികളുടെ പുനരധിവാസം, തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി. ആരോഗ്യമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കളി സ്ഥലങ്ങള്‍, പബ്ലിക് പാര്‍ക്കുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, സ്വയം തൊഴില്‍ പരിശീലനങ്ങള്‍, എളുപ്പത്തില്‍ സ്വയം തൊഴില്‍ ധന സഹായം ലഭിക്കല്‍, പലിശ കുറഞ്ഞ വിദ്യാഭ്യാസ വായ്പ്പകള്‍, നെല്ല്, തേങ്ങ, റബര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, കൃഷി ജല സേജനം, മണല്‍, കല്ല്, മയക്കു മരുന്ന് മാഫിയകള്‍, സ്ത്രീകള്‍ക്കുള്ള ശൌച്യാലയങ്ങള്‍, ബസ് വൈറ്റിങ്ങ് ഷെഡുകള്‍, പൊതു സ്ഥലങ്ങളില്‍ മരം നടല്‍, മദ്യ വിമുക്ത കേരളം, അങ്ങനെ നൂറു കണക്കിന് പ്രശ്‌നങ്ങളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നത്. 

പുതുതായ് ഭരണത്തില്‍ വരുന്ന എല്‍ഡിഎഫ് സര്‍ക്കാരിനോട്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി സോളാറും, ബാറും, ഭൂമിയിടപാടുകളുമായ് വന്‍കിട അഴിമതികള്‍ നടത്തി ഏകാധിപതികളെപ്പോലെ ജനങ്ങളെ വെല്ലുവിളിച്ച് ഭരിച്ച ഒരു സര്‍ക്കാരിന്റെ ഇത്തരം കൊളളരുതായ്മകളെ തുറന്ന് കാണിക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ചര്‍ച്ച ചെയ്ത് നിങ്ങള്‍ ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നു. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഒരുപാട് നിങ്ങള്‍തന്നെ കാണിച്ചും ഞങ്ങളെ കൂടുതല്‍ വിശ്വപ്പിച്ചുകൊണ്ടേയിരുന്നു.

അപ്പോഴൊന്നും ഇത്രയും ഭീകരമായ തെളിവുകള്‍ പുറത്ത് വിട്ടിട്ടും, രാപ്പകല്‍ സമരം നടത്തിയിട്ടും മന്ത്രിസഭയെ താഴെയിറക്കാനോ, കുറ്റക്കാര്‍ക്കെതിരെ
നടപടികളെടുപ്പിക്കാനോ കഴിയാതെ, പിന്നെയും തെളിവുകള്‍ കാട്ടി ഉമ്മന്‍ചാണ്ടിക്കും മറ്റുമന്ത്രിമാര്‍ക്കുമെതിരെ തെളിവുകളുടെ പെരുമഴപെയ്യിച്ചിട്ടും, യുഡിഎഫില്‍ നിന്നുളള പലരും പുറത്തേക്കിറങ്ങി വന്നു എല്‍ഡിഎഫ് നൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെയുളള അഴിമതികളുടെ തെളിവുകള്‍ നിരത്തിയിട്ടും ആര്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ജനങ്ങള്‍ വജ്രായുധം പ്രയോഗിച്ച് ഇലക്ഷനില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പരാജയപ്പെടുത്തി അധികാരം നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. ഇത്രയും കാലം നിങ്ങള്‍ ഉയര്‍ത്തികൊണ്ട് വന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ച് കൂടെനിന്നത്‌കൊണ്ട് തന്നെയാണ് ഞങ്ങള്‍ നിങ്ങളെ അധികാരം ഏല്‍പ്പിച്ചത്..

ഇനി ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് ഇലക്ഷനുമുന്‍പ് മാറി മാറി ആഭിമുഖ്യം പ്രഖ്യാപിച്ച് കൂടെ നിന്ന് ഫോട്ടോ എടുത്ത് പത്രത്തിലിട്ട് ഞങ്ങളെ കാണിച്ച് രോഷം കൊണ്ട നിങ്ങള്‍ ആ പാവം ജിഷയുടെ ഘാതകനെ പിടിക്കണം. ആ അമ്മയ്ക്കും ഇന്‍ഡ്യയിലെ പെണ്ണുങ്ങള്‍ക്ക് ഇവിടം സുരക്ഷിതമാണെന്ന് ആത്മവിശ്വാസം ഉണ്ടാവാനും, പാവപ്പെട്ടവനും പണക്കാരനും ഒരേ നിയമം തന്നെയാണെന്ന് ഞങ്ങളെ ബോദ്ധ്യപെടുത്താനും, ജിഷയുടെ ഘാതകനേയും അതിന്റെ പിന്നീലുളളവരേയും, അവര്‍ എത്ര ഉന്നതരായാലും നിയമത്ണിന്റെ മുന്നില്‍ കൊണ്ടു വരണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിലുടനീളം നിങ്ങളുയര്‍ത്തിപിടിച്ച അഴിമതിയായ സോളാറിലേയും ബാറിലേയും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കണം.

അതിന് കഴിഞ്ഞില്ലെങ്കില്‍ അവിടെ ഏതെങ്കിലും തരത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് മുതിരുകയാണെങ്കില്‍ എന്ത്പറഞ്ഞാണോ നിങ്ങള്‍ ജനങ്ങളില്‍ നിന്ന് വോട്ട് വാങ്ങിയത് അതിന്റെ ലംഘനം ആയിരിക്കുമല്ലോ. ജനങ്ങള്‍ കാത്തിരിക്കുന്നത് എത്രയും വേഗം ഇക്കാലമത്രയും കൊണ്ടാടിയ ഈ പ്രശ്‌നങ്ങളുടെ പരിസമാപ്തിക്കാണ്. അതുകഴിഞ്ഞ് മതി മറ്റെന്തും. എത്രയും വേഗം ജിഷയുടെ ഘാതകനെ പിടിക്കണം, 
സോളാര്‍, ബാര്‍, ഭൂമിയിടപാടുകളില്‍ നടപടിയുണ്ടാവണം, കുറ്റക്കാരെ ശിക്ഷിക്കണം. 

യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് കേരളം പൊതുവെ ശാന്തമായിരുന്നു. ക്രമസമാധാന രംഗത്താണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായിരുന്നത്. വലിയ തോതിലുള്ള പൊലിസ് അതിക്രമങ്ങളോ വെടിവയ്‌പ്പോ ലാത്തിച്ചാര്‍ജോ കസ്റ്റഡി മരണങ്ങളോ ഒന്നുമണ്ടായില്ല. ആദ്യം തിരുവഞ്ചൂര്‍ രാധകൃഷ്ണനും പിന്നീട് ചെന്നിത്തലയും ഇക്കാര്യത്തില്‍ വലിയ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഈ നേട്ടം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും യു.ഡി.എഫും പരാജയപ്പെട്ടു.  ഇടത് ഭരണകാലത്ത് ഉണ്ടാകാവുന്ന വലിയ പ്രശ്‌നം ക്രമസമാധാന തകര്‍ച്ചയാണ്. പ്രത്യേകിച്ച് ആര്‍.എസ്.സ്മാര്‍ക്‌സിസ്റ്റ്, മാര്‍ക്‌സിസ്റ്റ് മുസ്്‌ലിം ലീഗ് സംഘട്ടനങ്ങള്‍. അതില്‍ പൊലിസിന്റെ പക്ഷപാതപരമായ നിലപാട് എന്നിവ പ്രശ്‌നങ്ങളാകാറുണ്ട്. ആ രംഗത്ത് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പൊലിസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള സാഹചര്യം ഉണ്ടാകണമെന്നും ജനം ആഗ്രഹിക്കുന്നു. അതില്‍ തെറ്റുമില്ല.

 എല്‍ ഡീ എഫ് വരും എല്ലാം ശരിയാക്കും. കഴിഞ്ഞ അച്ചുതാനന്ദന്‍ സര്ക്കാര് തൊഴില്‍ ഇല്ലാത്ത യുവാക്കല്ക്ക്, അതും പത്തുലക്ഷം പേര്ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞാണ് ആധികാരത്തില്‍ വന്നത്.  പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കും എന്ന് പറഞ്ഞു പറ്റിച്ചത് പോലെ ആകരുത് ഇപ്പോള്‍ പറഞ്ഞ കാര്യം.'എല്‍ ഡി എഫ് വരും. എല്ലാം ശരി ആകും.'ആകെ ഒരു പ്രതീക്ഷ ആണ്.അത് ഇല്ലാതാകരുത്.അങ്ങനെ സംഭവിച്ചാല്‍ അടുത്ത തവണ യു ഡി എഫിന്റെ മുദ്രാ വാക്യം ഇതാകും 'എല്‍ ഡി എഫ് വന്നു .എന്ത് ശരിയായി'എന്ന്....
പുതിയ മന്ത്രി സഭയ്ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍ ..

എല്ലാം ശരിയാക്കും, പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തതു പോലെ ആകരുത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക