Image

ഉദാരവത്ക്കരണ സാമ്പത്തിക ശാസ്ത്രത്തില്‍ ദളിതരുടെ ആത്മപ്രരിതമായ ആശയങ്ങളും പ്രത്യാഘാതങ്ങളും-13 (­ജോസഫ് പടന്നമാക്കല്‍)

Published on 17 May, 2016
ഉദാരവത്ക്കരണ സാമ്പത്തിക ശാസ്ത്രത്തില്‍ ദളിതരുടെ ആത്മപ്രരിതമായ ആശയങ്ങളും പ്രത്യാഘാതങ്ങളും-13 (­ജോസഫ് പടന്നമാക്കല്‍)
ഉദാരവല്‍ക്കരണമെന്നാല്‍ െ്രെപവറ്റ് മേഖലകളിലുള്ള വ്യവസായങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളില്‍ അയവു കൊടുക്കുകയെന്നതാണ്. അതുമൂലം സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും ലാഭകരമായ വ്യവസായങ്ങള്‍ തുടങ്ങാനുള്ള അന്തരീക്ഷം ലഭിക്കുന്നു. വ്യവസായങ്ങള്‍ക്കും കയറ്റുമതി ഇറക്കുമതിയ്ക്കും നിശ്ചയിച്ചിരുന്ന നിയന്ത്രണവും മറ്റു അമിത നികുതികളും ഇല്ലാതാകും. ആഗോള വ്യവസായങ്ങള്‍ക്കും സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. കമ്പനികള്‍ക്ക് ലോകത്തുള്ള മറ്റു കമ്പനികളുമായി ഉത്ഭാദന രംഗത്ത് മത്സരിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. ഉത്ഭാദന ചെലവുകള്‍ കുറയ്ക്കാനും ലാഭമുണ്ടാക്കാനും സര്‍ക്കാര്‍ പ്രോത്സാഹനവും നല്കിവരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഉദാരവല്ക്കരണം കൊണ്ട് ദളിതരുടെ ജീവിത നിലവാരങ്ങളെ സംബന്ധിച്ച മാറ്റങ്ങളെയും അവലോകനം ചെയ്യേണ്ടതായുണ്ട്. ഉദാരവല്ക്കരണം കൊണ്ട് ഇന്ത്യയെ ബഹുരാഷ്ട്രങ്ങള്‍ക്ക് വിറ്റുവെന്നും അന്തര്‍ ദേശീയ മോണിറ്ററി ഫണ്ടിന് ഇന്ത്യാ അടിമയായെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. കുത്തക മുതലാളിമാരുടെ കൂത്തരങ്ങില്‍ ദളിതരുടെയും ദരിദ്രരുടെയും അവസ്ഥകള്‍ ശോചനീയമായിരിക്കുമെന്നു സര്‍ക്കാരിന്റെ പദ്ധതികളെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പതിറ്റാണ്ടുകള്‍ നാം വിദേശ മേല്‍ക്കോയ്മയില്‍ നിന്നും മോചനം നേടാന്‍ നടത്തിയ സമരകഥകള്‍ വാചാലമായി പ്ലാറ്റ്‌ഫോറങ്ങളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പ് ഭരണം ബ്രിട്ടീഷുകാരുടെ അധീനതയിലായതില്‍ വേദനിച്ചത്­ ജാതിയില്‍ ഉയര്‍ന്നവര്‍ മാത്രമായിരുന്നു. ബ്രിട്ടീഷ്കാര്‍ക്കു മുമ്പ് ഭരണം സവര്‍ണ്ണ ജാതികളുടെ നിയന്ത്രണത്തിലും. വാസ്തവത്തില്‍ സ്വാതന്ത്ര്യം വേണ്ടിയിരുന്നത് സവര്‍ണ്ണ ജനതയ്ക്കായിരുന്നു. അല്ലാതെ ദളിത ജനതയ്ക്കായിരുന്നില്ല. എന്നിട്ടും ദളിതര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കു ചേര്‍ന്നു. സവര്‍ണ്ണരെ വീണ്ടും അധികാരക്കസേരകളില്‍ ഇരുത്തി. സവര്‍ണ്ണരോടൊപ്പം നിന്നാല്‍ സാമൂഹികമായ സ്വാതന്ത്ര്യം കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. സവര്‍ണ്ണ നേതൃത്വം ആത്മാര്‍ത്ഥതയുള്ളവരെന്നും കരുതി. 'സാമ്പത്തിക ഭദ്രത' ദളിതരും ഉയര്‍ന്ന ജാതികള്‍ക്കൊപ്പം നേടുമെന്ന് വിചാരിച്ചു. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം എന്താണ് സംഭവിച്ചത്? കൊള്ളക്കാരും കള്ളന്മാരും നിറഞ്ഞ മാറി മാറി വന്ന ഭരണകൂടങ്ങള്‍ ദളിതരെ വീണ്ടും ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുകയാണുണ്ടായത്.

ലോക സാഹോദര്യത്തെ മുദ്രാവാക്യമാക്കിക്കൊണ്ടുള്ള 'വാസുദൈവിക കുടുംബമെന്ന 'മഹത് വാക്യത്തില്‍ മഹാത്മാഗാന്ധി ആവേശഭരിതനായിരുന്നു. എന്നാല്‍ സവര്‍ണ്ണരില്‍നിന്നും അവര്‍ണ്ണര്‍ക്ക് മുക്തി നേടുന്നതിനുപരി ഗാന്ധിജി മുന്‍ഗണന നല്കിയത് ബ്രിട്ടീഷ്കാരെ പുറത്താക്കണമെന്നായിരുന്നു. ലോകത്തില്‍ ഒരു രാജ്യവും ദളിതരുടെ വസ്തുക്കളും ധനവും മോഹിച്ച് ഇന്ത്യയെ ആക്രമിച്ചിട്ടില്ല. ബ്രിട്ടീഷ്കാര്‍ ഇന്ത്യയില്‍ കൊളോണിയല്‍ സാമ്രാജ്യം സ്ഥാപിച്ചതും ദളിതരുടെ സ്വത്തുകള്‍ കണ്ടുകൊണ്ടാല്ലായിരുന്നു. കാരണം ദളിതര്‍ക്ക് സ്വത്തുക്കളുണ്ടായിരുന്നില്ല. ഭരണ കാര്യങ്ങളില്‍ ദളിതര്‍ക്ക് പങ്കാളിത്തവും സ്വാധീനവുമുണ്ടായിരുന്നില്ല. ദളിതര്‍ ചരിത്രാദി കാലം മുതല്‍ എക്കാലവും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു കഴിഞ്ഞു കൂടിയിരുന്നത്. എന്നും ദാരിദ്ര്യം അവരുടെ കൂടെപ്പിറപ്പായിരുന്നു. ഇന്ത്യയുടെ ധനവും വജ്രവും സ്വര്‍ണ്ണവും കലാശേഖരങ്ങളും ഉയര്‍ന്ന ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. വാസ്തവത്തില്‍ ബ്രിട്ടീഷ്കാര്‍ ചോര്‍ത്തിക്കൊണ്ടു പോയ സ്വത്തുക്കള്‍ സവര്‍ണ്ണ ജാതികളുടെതു മാത്രമാണ്. കച്ചവടവും വാണിജ്യവും ഉയര്‍ന്ന ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ്­കാര്‍ ഒരു കാലത്തും ദളിതരെ തൊട്ടുകൂടാ ജാതികളെന്നു കരുതിയിട്ടില്ല. സ്വന്തം ജനതയായ സവര്‍ണ്ണരാണ് ബ്രിട്ടീഷ്­കാരെക്കാള്‍ കൂടുതലായി ദളിതരെ പീഡിപ്പിച്ചവര്‍. ആഗോളവല്‍ക്കരണത്തില്‍ വ്യാപ്രുതരായിരിക്കുന്ന വിദേശ കമ്പനികളുടെ ദളിതരോടുള്ള സാമിപ്യം വളരെ മൃദലമായ രീതിയിലായിരിക്കും. ജാതിവ്യവസ്തകളെ സംബന്ധിച്ച് അവര്‍ക്കറിവുണ്ടാകില്ല. വൈദേശീയ മേധാവിത്വം പ്രശ്‌നമാവുന്നത് സവര്‍ണ്ണര്‍ക്കു മാത്രമാണ്.

നരസിംഹറാവുവിന്റെ ഉദാരവല്ക്കരണം വന്നതിനു ശേഷം ഇന്‍ഡ്യയിലിന്ന് അനേകം ബഹുരാഷ്ട്ര കമ്പനികള്‍ താവളമടിച്ചിരിക്കുന്നത്­ കാണാം. ബഹുരാഷ്ട്ര കമ്പനികളുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയെന്നുള്ളതാണ്.അവര്‍ ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ ഇവിടെയും മറുനാടുകളിലും വില്ക്കുന്നു. ഉല്പ്പന്നങ്ങളുടെ നിലവാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെക്കാള്‍ മെച്ചമേറിയതോ മോശമായതോ ആവാം. ഉല്പ്പന്നങ്ങളുടെ വിലയും കുറവോ കൂടുതലോ ആവാം. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഉല്പ്പന്നം കൂടുതല്‍ ആകര്‍ഷകമായും തോന്നാം. അതിന്റെ വിലയും കൂടുതലോ കുറവോ ആകാം. ഗുണനിലവാരം മെച്ചമെങ്കില്‍ ഉപഭോക്താക്കള്‍ ക്രയ വസ്തുക്കളുടെ വിലയെ ഗൌനിക്കില്ല.

ആഗോളവല്ക്കരണം മൂലം ഇന്ത്യയിലെ ഭൂരിഭാഗം ദളിതരും സര്‍ക്കാര്‍ തലങ്ങളിലും സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള പൊതു സ്ഥാപനങ്ങളിലും ജോലി സാധ്യതകള്‍ കുറയുമെന്നു ഭയപ്പെടുന്നു. ഉദാഹരണമായി ലൈഫ് ഇന്‍ഷുറന്‍സിലും ആര്‍ സി എഫ്, എഫ്.എ. സി.റ്റി മുതലായ പൊതു സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാക്റ്ററികളിലും ദളിതര്‍ക്ക് റിസര്‍വേഷനുണ്ട്. ആധുനിക ടെക്കനോളജിയും ആഗോളവല്ക്കരണവും സാമ്പത്തിക മേഖല കീഴടക്കിയതോടെ കാര്യക്ഷമമല്ലാത്ത പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനിടയാകാം. ഉപഭോക്താക്കള്‍ കുറയുന്നതുമൂലം കമ്പനികള്‍ പൂട്ടേണ്ടിയും വരും. അതുമൂലം ദളിതരുടെ ജോലിയവസരങ്ങള്‍ കുറയുമെന്നുള്ളത് വാസ്തവമാണ്. അതേ സമയം ടെക്കനോളജിക്കപ്പെട്ട പുതിയ കമ്പനികള്‍ യോഗ്യരായ ദളിതര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്നു. ദളിതര്‍ക്ക് കുടില്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള സാഹചര്യങ്ങളും ലഭിക്കും. ചെടികളും പൂക്കളും നിറഞ്ഞ ഗ്രീന്‍ ഹൗസും ബയോടെക്കനോളജിയും ദളിതര്‍ക്ക് ഗുണപ്രദമാകും. ഒരിയ്ക്കലും ഭേദമാകാത്ത അസുഖങ്ങള്‍ ആധുനിക ആരോഗ്യ ഉലപ്പാദന മേഖലയുടെ ആരംഭത്തോടെ ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട്. കൃഷിടങ്ങളില്‍ പ്രാണികളുടെ ശല്യം ദൂരികരിക്കാന്‍ മരുന്നുകള്‍ മാര്‍ക്കറ്റില്‍ വന്നതോടുകൂടി മില്ല്യന്‍ കണക്കിന് കൃഷിക്കാര്‍ക്ക് കൃഷിയുല്‍പ്പാദനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാധിച്ചു. അനേക ബയോ റിഫൈനറി ഫാക്ടറികള്‍ വന്നതുകൊണ്ട് ദളിതര്‍ക്കു ജോലി സാധ്യതകളുമുണ്ടായി.

ചെറു ഗ്രാമങ്ങളില്‍ നിന്നും അറിയപ്പെടാത്ത പ്രദേശങ്ങളില്‍നിന്നും ദരിദ്രരായ ദളിതര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണത്തിനെതിരായി പ്രതിഷേധം പ്രകടിപ്പിച്ചിട്ടു വലിയ കാര്യമില്ല. സര്‍ക്കാര്‍ അക്കാര്യത്തില്‍ നിസഹായവസ്തയിലായതുകൊണ്ട് വിമര്‍ശകരുടെ സമരമുറകള്‍ ഗൗനിക്കുമെന്നും തോന്നുന്നില്ല. ഒന്നേകാല്‍ ബില്ല്യന്‍ ജനങ്ങള്‍ വസിക്കുന്ന ഭാരതത്തിന്റെ സാമ്പത്തിക തലങ്ങളില്‍ നിന്ന് ആഗോളവല്ക്കരണ നയങ്ങള്‍ ഏതു സര്‍ക്കാര്‍ വന്നാലും എടുത്തു കളയാന്‍ സാധിക്കുകയുമില്ല. അത് കേന്ദ്ര സര്‍ക്കാരെടുത്ത തീരുമാനമാണ്. അത്തരം സാഹചര്യങ്ങളില്‍ ദളിതര്‍ പ്രതിഷേധങ്ങളുമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിനു പകരം ആഗോളവല്ക്കരണം കൊണ്ട് അതിന്റെ ഗുണങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടത്. അവരുടെ പ്രശ്‌നങ്ങള്‍ ആഗോളശ്രദ്ധയില്‍ കൊണ്ടുവരാനും സാധിക്കും. അന്തസ്സായ സാമൂഹിക ജീവിതത്തിന് ആഗോളവല്ക്കരണം ഒരു വഴികാട്ടിയുമാകാം. ഇന്ത്യയില്‍ കിടന്നു പ്രതിഷേധിക്കാതെ ലോകത്തിന്റെ ശ്രദ്ധയെ നേടുകയാണ്­ ദളിതര്‍ക്ക് ഗുണം ചെയ്യുന്നത്. ഇന്ത്യയിലെ പൌരനെന്ന നിലയില്‍ ലോകത്തിന്റെ മുമ്പിലും ലോക ശ്രദ്ധയ്ക്കായും മനുഷ്യാവകാശങ്ങള്‍ക്കായും മുറവിളി കൂട്ടണം. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായ സാമൂഹിക കെട്ടുറപ്പില്‍ അന്തസ്സായി ജീവിക്കാനുള്ള അവസരങ്ങളും നേടണം.

സത്യത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വ്യവസായങ്ങളും സ്ഥാപനങ്ങളും ജാതി വര്‍ഗ വര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ളതല്ല. ആഗോള സ്ഥാപനങ്ങളില്‍ 'വര്‍ണ്ണ വ്യവസ്ഥ' വര്‍ണ്ണ ജാതികളുടെ അധീനതയില്‍ വന്നെങ്കില്‍ മാത്രമേ പ്രശ്‌നമാകുന്നുള്ളൂ. ഈ സാഹചര്യത്തില്‍ വിദഗ്ദ്ധരായ ദളിതര്‍ക്ക് വിവേചനം കൂടാതെ നല്ല ജോലികള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. നാളിതുവരെ ദളിതര്‍ക്ക് സ്വന്തം കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ വര്‍ണ്ണ ജാതികളില്‍ നിന്നും ലഭിച്ചിരുന്നില്ല. പ്രതീക്ഷകളില്ലാതിരുന്ന പലയിടങ്ങളിലും ദളിതര്‍ക്ക് സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം കൂടുതലവസരങ്ങള്‍ ലഭിക്കുന്നതും ആശ്വാസകരമാണ്. വിദേശത്തു നല്ല വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ സുരക്ഷാ പദ്ധതി ലഭിക്കുന്നതിനും കാരണമാകും. സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച മാത്രമല്ല തോട്ടിപ്പണി പോലുള്ള ജോലികള്‍ കുലത്തൊഴിലായി തലമുറകളില്‍ക്കൂടി സ്വീകരിക്കേണ്ട ആവശ്യവുമില്ല. ദളിതര്‍ ആഗോള വല്ക്കരണമെന്ന സാമ്പത്തിക ശാസ്ത്രത്തെ എതിര്‍ത്താല്‍ അതിന്റെ ഗുണങ്ങള്‍ നേടുന്നതും ഉയര്‍ന്ന വര്‍ഗക്കാരായിരിക്കും. അവര്‍ വീണ്ടും സവര്‍ണ്ണരുടെ നിയന്ത്രണത്തിലാകും. അത് സംഭവിക്കാതിരിക്കാന്‍ അവകാശങ്ങള്‍ക്കായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണെങ്കില്‍ കൂടുതല്‍ പ്രയോജനപ്രദമാകും. സ്വകാര്യവല്‍ക്കരണത്തില്‍ക്കൂടി ദളിതര്‍ക്ക് സമത്വം കൈവരിക്കാന്‍ മാര്‍ഗവുമാകാം.

ആഗോള വല്ക്കരണത്തില്‍ ലാഭം ഇച്ഛിച്ചു കൊണ്ടു തന്നെയാണ് വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നതില്‍ സംശമില്ല. ദേശീയമായ പുതിയ ഈ സാമ്പത്തിക സംവിധാനത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതും കാണാം. എന്നാല്‍ ഒപ്പം രാജ്യത്തിന്റെ പുരോഗതിയും സാധുക്കളുടെ മെച്ചമായ ജീവിത നിലവാരവും ഇതുകൊണ്ട് പ്രാപ്യമാകുന്നു. വ്യവസായിക പങ്കാളികളായ രാഷ്ട്രങ്ങളും ആഗോളവല്ക്കരണംക്കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ആഗോളവല്ക്കരണം നടപ്പാക്കിയതുമുതല്‍ ദളിതരുടെ പ്രശ്‌നങ്ങള്‍ ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു കാരണമായി. രാജ്യത്തു വരുന്ന വിദേശ കമ്പനികള്‍ സങ്കുചിതരായ സവര്‍ണ്ണര്‍ നയിക്കുന്നതല്ലെങ്കില്‍ വര്‍ണ്ണവ്യവസ്ഥയുണ്ടായിരിക്കില്ല. സമര്‍ദ്ധരായ ദളിതര്‍ക്ക് അവിടെ ജോലിസാധ്യത കൂടി വരുന്നു. ദളിതരില്‍ പലരും ആഗോളവല്ക്കരണം കൊണ്ട് വ്യവസായികളായി മാറിക്കഴിഞ്ഞു. സവര്‍ണ്ണര്‍ക്കും അവര്‍ തൊഴിലവസരങ്ങള്‍ കൊടുക്കുന്നു. ആഗോളവല്‍ക്കരണം വന്നതില്‍ പിന്നീടു നാളിതുവരെ അവസരങ്ങളില്ലാതിരുന്ന പല മേഖലകളും ദളിതര്‍ക്ക്­ നേടിയെടുക്കാന്‍ സാധിച്ചു.

എന്താണ് ആഗോളവല്ക്കരണം മൂലം ദളിതര്‍ നേടാന്‍ പോവുന്നത്? ദളിതര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭാസവും ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ സൌകര്യങ്ങളും ലഭിക്കും. ടെക്കനോളജികള്‍ നടപ്പാക്കുന്നതില്‍ക്കൂടി തോട്ടികളുടെയും കൈകള്‍കൊണ്ട് മലിന വസ്തുക്കള്‍ വൃദ്ധിയാക്കുന്നവരുടെയും സാമ്പത്തിക നിലവാരം ഉയരുക മാത്രമല്ല അത്തരം ജോലികള്‍ ഇല്ലാതാക്കാനും സാധിക്കും. ദളിതരുടെ ജീവിത നിലവാരം ഉയരുമ്പോള്‍ തോട്ടിത്തൊഴിലാളികള്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടും. എല്ലാ ജനവിഭാഗങ്ങളും ആഗോളവല്ക്കരണത്തെ എതിര്‍ക്കുന്നുവെങ്കില്‍ അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് സവര്‍ണ്ണ ജനതയ്ക്കായിരിക്കും. അവരുടെ സ്ഥാനത്ത് വര്‍ണ്ണ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരുടെ സാമ്പത്തിക പ്രസ്ഥാനങ്ങള്‍ വീണ്ടും പൊങ്ങി വരും. കഴിഞ്ഞകാലങ്ങളിലുണ്ടായ അനുഭവങ്ങള്‍ കണക്കാക്കുമ്പോള്‍ വര്‍ണ്ണ മുതലാളിമാര്‍ ദളിതരോട് മനുഷ്യ സഹജമായി പെരുമാറണമെന്നുമില്ല. ആഗോളവല്ക്കരണം കൊണ്ട് ക്ഷീണം സംഭവിക്കുന്നത്­ സവര്‍ണ്ണ ജനതയ്ക്കാണ്.

െ്രെപവറ്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസരങ്ങള്‍ക്കായും ദളിതരുടെ അവകാശങ്ങള്‍ക്കായും സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതാണ് അഭികാമ്യമായിട്ടുള്ളത്. ദളിതന് നഷ്ടപ്പെടാനൊന്നുമില്ലന്നും ചിന്തിക്കണം. ആഗോളവല്‍ക്കരണത്തെ പ്രതിക്ഷേധിക്കുന്നതിനു മുമ്പ് ദളിതര്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ്, "എനിയ്ക്ക് സ്വയം വ്യവസായം ഉണ്ടോ; കൃഷി ചെയ്തു ജീവിക്കാന്‍ ഭൂമിയുണ്ടോ; വര്‍ണ്ണരായവര്‍ അന്തസായി ജീവിക്കാനുള്ള ജോലിയവസരങ്ങള്‍ തരുമോ; ഉയര്‍ന്ന തസ്തികയിലുള്ള ജോലി ദളിതര്‍ക്ക് കൊടുക്കാന്‍ തയാറാകുമോ; ആഗോള വല്ക്കരണം വന്നതുകൊണ്ട് എനിയ്ക്ക് നഷ്ടപ്പെടുന്നത് എന്ത്? എനിയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത സ്ഥിതിക്ക്, എന്റെ നിലനില്പ്പിനു ഭീഷണിയില്ലാത്ത സ്ഥിതിയ്ക്ക് ഞാനെന്തിനു ആഗോളവല്ക്കരണത്തെ എതിര്‍ക്കണം. ആഗോളവല്ക്കരണം എന്നില്‍നിന്നു എന്താണ് എടുത്തുകൊണ്ടു പോവുന്നത്?" വര്‍ണ്ണ ജാതിയിലുള്ള വ്യവസായികളും ഭൂപ്രഭുക്കളും ആഗോളവല്ക്കരണത്തെ ഭയപ്പെടുന്നമൂലം അവര്‍ ദളിതരെ പ്രതിക്ഷേധങ്ങള്‍ക്കായുള്ള ഉപകരണങ്ങളാക്കുന്നു. വര്‍ണ്ണ ജാതികളുടെ നിലനില്പ്പിനായുള്ള സ്വാര്‍ത്ഥ താല്പര്യങ്ങളാണ്­ അതിന്റെ പിന്നിലുള്ള ലക്­ഷ്യങ്ങളെന്നും ദളിതര്‍ മനസിലാക്കണം. കഴിഞ്ഞ കാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ ദളിതര്‍ പാഠം പഠിച്ചില്ലെന്നുള്ളതും അവരുടെ ആഗോളവല്ക്കരണത്തിനെതിരെയുള്ള പ്രതിക്ഷേധങ്ങള്‍ വ്യക്തമാക്കുന്നു. ദളിതര്‍ അവരുടെ നിലനില്പ്പിനും വരുംതലമുറകളുടെ സുസ്ഥിരമായ ഭാവിക്കും ആഗോളവല്ക്കരണത്തെ അനുകൂലിക്കയാവും നല്ലത്.

ആഗോളവല്ക്കരണംകൊണ്ട് വിദേശ രാജ്യങ്ങളുടെ കുത്തക വ്യാപാര കമ്പനികള്‍ ലാഭമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നുവെന്നതും സത്യമാണ്. എങ്കിലും ആഗോളവല്‍ക്കരണമെന്ന മാക്രോ സാമ്പത്തിക ശാസ്ത്രത്തിന്റെ ഗുണ വശങ്ങളെയും ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. അതുമൂലം ദരിദ്രര്‍ക്കും മൂന്നാം ലോക രാജ്യങ്ങള്‍ക്കും മാത്രമല്ല ഗുണം ചെയ്യുന്നത് മറിച്ച് സാമൂഹിക സാമ്പത്തിക തലങ്ങളില്‍ അതാതു രാജ്യങ്ങളിലെ ദരിദ്രരും ഉയര്‍ച്ച പ്രാപിക്കും. ഭാരതത്തില്‍ ആഗോളവല്ക്കരണം വന്നതില്‍ പിന്നീടാണ് ദളിതരുടെ പ്രശ്‌നം മറ്റു രാജ്യങ്ങളുടെ ശ്രദ്ധയിലേയ്ക്കും ആകര്‍ഷിച്ചത്. ദളിത പീഡനങ്ങള്‍ ലോകമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയുമായിരിക്കുന്നു. പ്രവാസികളായി ജീവിക്കുന്ന സവര്‍ണ്ണരുടെയിടയിലും മാറ്റം വരുന്നുണ്ട്. പുതിയ തലമുറകള്‍ ഹൈന്ദവത്വത്തിന്റെ ദുഷിച്ച വര്‍ണ്ണ വ്യവസ്ഥകളെ വെറുക്കാനും തുടങ്ങി. ദളിതരുടെ സാമൂഹിക പ്രശ്‌നങ്ങള്‍ ഐക്യരാഷ്ട്ര സഭ വരെ ചര്‍ച്ച ചെയ്യുന്നതു രാജ്യം ഭരിക്കുന്ന വര്‍ണ്ണാശ്രമ പ്രഭുക്കള്‍ക്ക് അപമാനകരവുമാകുന്നു.

റിസര്‍വേഷന്‍ മുഖേന ദളിതരില്‍ അനേകമാളുകള്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സോളാര്‍ ഊര്‍ജവും ശാസ്ത്രീയ കൃഷികളും ആരംഭിക്കുന്ന മൂലം ദളിതരും അവിടെ പുതിയ അവസരങ്ങള്‍ തേടി പങ്കാളികളാവുകയാണ്. വിദേശികള്‍ ആരംഭിക്കുന്ന അത്തരം പ്രസ്ഥാനങ്ങളില്‍ വര്‍ണ്ണ വ്യവസ്ഥ കാണില്ല. സവര്‍ണ്ണര്‍ നടത്തുന്ന കമ്പനികള്‍ക്ക് വ്യത്യസ്തമായി ദളിതരും ദളിതരല്ലാത്തവരും ഒന്നിച്ചു ജോലി ചെയ്യുന്ന കാരണം അവിടെ വര്‍ണ്ണ വിത്യാസങ്ങള്‍ ഇല്ലാതാവുന്നു. തലമുറകളായി മണ്ണിനോടു പടവെട്ടി വിയര്‍ത്തു ജീവിച്ചിരുന്ന ദളിതര്‍ സവര്‍ണ്ണ മേധാവിത്വത്തില്‍ നിന്നും മോചിതരുമാവുന്നു.

ആഗോള വല്‍ക്കരണത്തില്‍ വര്‍ണ്ണാശ്രമത്തില്‍ കാണുന്ന പോലെ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസം കാണില്ല. വിദേശ കമ്പനികള്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ വേതനം നല്കുന്നു. സ്ത്രീ വിമോചനം കൂടിയാണത്. വിദേശികളുടെ ആധുനികരിച്ച ഫാക്റ്ററികളില്‍ വര്‍ണ്ണ വിവേചനവും ഉണ്ടാവില്ല. അതുകൊണ്ട് ആഗോളവല്ക്കരണത്തെ ഭയപ്പെടേണ്ടതില്ല. അതുമൂലം കിട്ടുന്ന അവസരങ്ങള്‍ ദളിതര്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ വൈദേശീയ കൂട്ടായ്മയില്‍ക്കൂടി വ്യത്യസ്ഥമായ ഒരു സാമൂഹിക കാഴ്ചപ്പാടും ആഗോള സാഹോദര്യത്തിനും വഴി തെളിയിക്കും.

ഉദാരവല്‍ക്കരണം ദളിതര്‍ക്കും ദരിദ്രര്‍ക്കും ഗുണപ്രദമായിരുന്നെങ്കിലും ദോഷങ്ങളുമുണ്ടാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ധനികരും പരിഷ്കൃതലോകവും നേട്ടങ്ങള്‍ കൊയ്‌തെന്നതും വാസ്തവമാണ്. ആധുനികതയുടെ മറവില്‍ പരമ്പരാഗതമായ ചെറുകിട വ്യവസായങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വന്‍കിട കമ്പനികളുടെ സൂപ്പര്‍ മാര്‍ക്കറ്റിനോടും തുണിവ്യവസായങ്ങളോടും മത്സരിക്കാന്‍ സാധിക്കാത്തതുകൊണ്ട് സാധാരണക്കാരായ ബിസിനസുകാര്‍ സാമ്പത്തികമായി തകരാനും കാരണമായി. അവരെ ആശ്രയിച്ചു ജീവിച്ചു വന്ന ദളിതരുടെ ജീവിതാവസ്ഥകളും പരിതാപകരമാവുകയും ചെയ്തു. ദളിതര്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ചെറു കിട കുടില്‍ വ്യവസായങ്ങളായ നെയ്ത്തു പണി, കൈകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന കര കൌശല വസ്­തുക്കള്‍, ലതര്‍, കൈത്തറി, പാത്രങ്ങളുണ്ടാക്കല്‍ മുതലായവകള്‍ പ്രശ്‌നത്തിലുമായി. ഇങ്ങനെ സാമ്പത്തിക മേഖലകളില്‍നിന്നും പുറം തള്ളപ്പെട്ട ദളിതരെ പുനരധിവസിപ്പിക്കുന്നതിനായി കാര്യമായ പദ്ധതികളൊന്നും നാളിതുവരെയായി സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.

ഉദാരവല്‍ക്കരണത്തിന്റെ മറവില്‍ കമ്പനികളുടെയും ഫാക്റ്ററികളുടെയും ഇടിച്ചു തള്ളല്‍ കാരണം ദളിതരുടെ ഭൂമി കൈവശപ്പെടുത്തുകയും അനേകര്‍ ഭവനരഹിതരാവുകയുമുണ്ടായി. സര്‍ക്കാര്‍ ചെലവില്‍ െ്രെപവറ്റ് കമ്പനികള്‍ക്ക്­ വൈദ്യുതിയും ഊര്‍ജവും ഭൂമിയും നികുതിയിളവും നല്കുന്നു. വിദേശ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ റോഡുകളും ­ നിര്‍മ്മിച്ചു കൊടുക്കുന്നു. ഹൈദ്രബാദില്‍ അനേക െ്രെപവറ്റ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ഭൂമി നല്കി. സാധുക്കളും ദളിതരും വസിച്ചിരുന്ന പട്ടണത്തിലെ ചേരിയിലുള്ള വസ്തുക്കള്‍ വ്യവസായികള്‍ക്കും കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തകര്‍ക്കും നല്കിയും സാധുക്കള്‍ വസിക്കുന്ന ചേരി പ്രദേശങ്ങള്‍ ഇടിച്ചു നിരത്തുകയുമുണ്ടായത് ദളിതരോടുള്ള ക്രൂരപ്രവര്‍ത്തികളായിരുന്നു. ദളിതരിലെ കൃഷിക്കാരെയും ഭൂമി രഹിതരെയും സര്‍ക്കാരിന്‍റെ നയം മൂലം ദുരിതത്തിലാക്കുകയും ചെയ്തു. ആഗോളവല്ക്കരണം വന്നതില്‍ പിന്നീട് ഭൂരഹിതരായ വലിയൊരു ദളിതസമൂഹവും സാമൂഹിക നേട്ടങ്ങള്‍ക്കായി പടപൊരുതുന്നുമുണ്ട്.

െ്രെപവറ്റ് കമ്പനികളില്‍ 'ടാറ്റായും' 'വീഡിയോ കോണും' ഒഴിച്ചു ദളിതര്‍ക്കു റിസര്‍വേഷനുണ്ടായിരുന്നില്ല. യാതൊരു കമ്പനികളും അവരുടെ ജോലിക്കാരെ നിയമിക്കാന്‍ റിസര്‍വേഷന്‍ നയം അനുവദിക്കില്ല. കൂടാതെ സര്‍ക്കാരിന്റെ നിയന്ത്രണമുള്ള എല്ലാ പബ്ലിക്ക് കമ്പനികളിലും ജോലിക്കാരെ നിയമിക്കുന്നത് കോണ്‍ട്രാക്റ്റ് വ്യവസ്ഥയിലായിരിക്കും. ഉയര്‍ന്ന ജാതികള്‍ നിയന്ത്രിക്കുന്ന കമ്പനികളില്‍ ദളിതരെ നിയമിക്കാനുള്ള സാധ്യതയും കുറവാണ്. ഭൂരിഭാഗവും െ്രെപവറ്റ് കമ്പനികളും ഉയര്‍ന്ന ജാതികളുടെ നിയന്ത്രണത്തിലാണ്. അവിടെയും ഉയര്‍ന്ന ജാതികളെ മാത്രമേ ജോലിക്കായി പരിഗണിക്കുള്ളൂ. ആഗോളവല്‍ക്കരണത്തിലും ദളിതരോട് വിവേചന സാധ്യതകളുണ്ടെന്നും അവര്‍ ഭയപ്പെടുന്നു.

ഉയര്‍ന്ന ജാതികള്‍ക്ക് െ്രെപവറ്റിലും പബ്ലിക്കിലും കമ്പനികള്‍ തുടങ്ങാന്‍ കോടിക്കണക്കിന് ഡോളര്‍ ബാങ്കുകളില്‍ നിന്നും കടം കിട്ടും. ദളിതര്‍ ബാങ്കില്‍ നിന്നും കടമെടുക്കാന്‍ ചെന്നാല്‍ അവരെ നേരാംവിധം ബാങ്കുകാര്‍ പരിഗണിക്കാറില്ല. വ്യവസായ കമ്പനികള്‍ തുടങ്ങാന്‍ ദളിതര്‍ക്ക് ഈടു കൊടുക്കാന്‍ സ്ഥാവര സ്വത്തുക്കളില്ലാത്തതു കൊണ്ട് ലോണ്‍ കൊടുക്കുകയുമില്ല. ഉയര്‍ന്ന ജാതികള്‍ക്ക്­ വിശ്വാസ തീറിന്റെ പേരില്‍ ബാങ്ക് ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടുമുണ്ടാവില്ല. ഇത്തരം വര്‍ണ്ണ വ്യവസ്ത നിലകൊള്ളുന്ന ഒരു രാജ്യത്ത് ഇങ്ങനെയുള്ള അസ്വമത്വങ്ങള്‍ ദളിതരെ മാനസികമായി തകര്‍ക്കുകയും ചെയ്യുന്നു. സെക്യൂരിറ്റിയില്ലാതെ എങ്ങനെ ദളിതര്‍ക്ക് ബാങ്കില്‍ നിന്നും കടമെടുക്കാന്‍ സാധിക്കും. ഉദാരവല്ക്കരണം കൊണ്ട് അവിടെയും സമ്പന്നര്‍ക്കു മാത്രം പ്രയോജനം ലഭിക്കുന്നു.

ആഗോളവല്ക്കരണം ദളിതരെ പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ബാധിക്കാറുണ്ട്. പൊതു സ്ഥാപനങ്ങള്‍ െ്രെപവറ്റ് സ്ഥാപനങ്ങളാകുമ്പോഴും ഫാക്റ്ററികള്‍ നിര്‍ത്തല്‍ ചെയ്യുമ്പോഴും ദളിതര്‍ തൊഴില്‍ രഹിതരാകുന്നു. ലാഭം ഉണ്ടാക്കിക്കൊണ്ടിരുന്ന ഭാരതീയ ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ്­ കമ്പനി (ബി.എച്ച് .ഇ. എല്‍) വില്ക്കുകയോ െ്രെപവറ്റാക്കാനോ പദ്ധതികളുണ്ടായിരുന്നു. അന്ന് യൂ.പി.എ സര്‍ക്കാരുമായി കൂട്ടുകെട്ടുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തു. കമ്മ്യൂണിസ്റ്റുകള്‍ പ്രതികൂലിച്ചതു കാരണം കമ്പനി വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണുണ്ടായത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ലാഭം കൊയ്തുകൊണ്ടിരുന്ന ഭാരതീയ ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് കമ്പനി വിറ്റുപോകുമായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ദളിതര്‍ ജോലി നഷ്ടപ്പെടുമോയെന്നും ഭയപ്പെട്ടിരുന്നു. പുതിയതായി വരുന്ന മുതലാളിമാര്‍ സവര്‍ണ്ണരായതു കൊണ്ട് ദളിതരെ തിരികെ അതേ കമ്പനിയില്‍ വിളിക്കാനും സാധ്യത കുറവായിരുന്നു.

ആഗോളവല്‍ക്കരണം വന്നതിനുശേഷം സര്‍ക്കാര്‍ ഓഫീസുകളിലെ ജോലിക്കാരെ ചുരുക്കിയത് സവര്‍ണ്ണരെയും ദളിതരെയും ഒന്നുപോലെ ബാധിച്ചു. റിസര്‍വേഷനില്‍ക്കൂടി ദളിതര്‍ വിദ്യാഭ്യസം നേടിയതുകൊണ്ട്­ അവരുടെയിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. ദളിത്­ ജനതയ്ക്ക് വിദ്യാഭ്യാസമില്ലാതിരുന്ന കാലത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സുലഭമായുണ്ടായിരുന്നു. ഇന്ന് ദളിതരുടെയിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. ജോലികളുണ്ടെങ്കില്‍ തന്നെയും ദളിതര്‍ക്കു ലഭിക്കുന്നത് താല്ക്കാലിക ജോലിയോ കോട്രാക്‌ററ് ജോലികളോ ആയിരിക്കും. ജോലിക്ക് യാതൊരു സ്ഥിരതയുമില്ല. ഒരു വര്‍ഷത്തെ താഴെയുള്ള നിയമനമായിരിക്കും കൂടുതലും തൊഴില്‍ മേഖലകളില്‍ കാണപ്പെടുന്നത്. ഒരേ ആള്‍ക്ക് അതേ ജോലി പിറ്റേ വര്‍ഷം പുതുക്കി കൊടുക്കാന്‍ യാതൊരു ഉറപ്പും കാണില്ല. കോണ്‍ട്രാക്­റ്റ് ജോലിയാകുമ്പോള്‍ റിസര്‍വേഷന്‍ നയങ്ങളും കാണില്ല. കൂടാതെ തൊഴിലുകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടായിരിക്കുകയുമില്ല. ഇഷ്ടമില്ലാത്ത ജോലിയാണെങ്കിലും മറ്റു വഴികളില്ലാത്തതുകൊണ്ട് കിട്ടുന്ന ജോലി കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം. ദളിതര്‍ ജോലി ചെയ്തിരുന്ന പ്യൂണ്‍ പോസ്റ്റുപോലും ലഭിക്കാന്‍ ഉയര്‍ന്ന ജാതികള്‍ ശ്രമിക്കുന്ന കാരണം ദളിതര്‍ക്കുള്ള ജോലിയവസരങ്ങള്‍ക്ക് തടസവുമാകുന്നു.

വിഷയത്തില്‍നിന്നും വിട്ട് കവിയായ ഒരു ദളിതന്‍ പാടിയ പാട്ടിന്റെ സാരം ഇവിടെ സംഗ്രഹിക്കുന്നു. "ധര്‍മ്മവും കര്‍മ്മവും വര്‍ണ്ണമെന്ന കപടതയില്‍ കോലരക്കിലിട്ടടച്ചിരിക്കുകയാണ്. മനുഷ്യന്റെ കൈകളില്‍ ഗീതയും ഖുറാനുമല്ല എറിയാനുള്ള കല്ലുകളാണുള്ളത്. നൂറായിരം മതങ്ങള്‍, അതുകൊണ്ട് നൂറായിരം ദൈവങ്ങള്‍. മനുഷ്യന്‍ മനുഷ്യനോടു തന്നെ വ്യത്യസ്തവും. നശിച്ച മനുഷ്യത്വം അവന്റെ കൂടപ്പിറപ്പായി ഒപ്പം സഞ്ചരിക്കുന്നു. നാക്കിലുറപ്പുള്ളവര്‍ പറയട്ടെ, മനുഷ്യന്റെ കാഷ്ടവും ചീഞ്ഞളിഞ്ഞ ചത്ത ശരീരവും ഒഴുകുന്ന ഗംഗാനദി ശുദ്ധീകരിക്കാന്‍ ചന്ദനത്തടികളും തുളസിയിലകളും മതിയാവുമോ? അറിയാതെ ദളിതന്റെ കാല്‍പ്പാദങ്ങള്‍ നിന്റെ വീട്ടില്‍ പതിഞ്ഞാല്‍ നിനക്ക് ചാണക വെള്ളം കൊണ്ട് ശുദ്ധിയാക്കണം പോലും. നിന്റെ വീട് വാടകയ്ക്ക് ചോദിച്ചാല്‍ 'പറയപ്പട്ടി' യെന്നു വിളിച്ച് നീ ആക്ഷേപിച്ച് ആട്ടിയോടിക്കും. നിനക്കറിഞ്ഞു കൂടാ, നീ വസിക്കുന്ന പുരയിടം ദളിതന്‍ ശ്വസിച്ച വായുകൊണ്ട് ദുഷിച്ചതാണ്. നിന്റെ വീടിന്റെ പടുത്തുയര്‍ത്തിയ ഇഷ്ടികകള്‍ തൊട്ടുകൂടാത്തവനായ അവന്‍റെ കൈകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. നിനക്ക് സുന്ദരമായ ഒരു വീടുണ്ട്. ഇന്ന് നീ പറയുന്നു, തൊട്ടു കൂടാത്തവര്‍ മനുഷ്യരല്ല, മറിച്ച് മൃഗങ്ങളെക്കാളും ഹീന ജാതികളാണ്. സര്‍, താങ്കള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ചുമരുകളൊന്നു തുളച്ചു നോക്കൂ. അതിലെ ഓരോ പൊടിയിലും ദളിതന്റെ മാധുര്യമേറിയ മണമുണ്ട്."പടുത്തുയര്‍ത്തുന്ന ഉദാരവല്‍ക്കരണത്തിലും ആഗോളവല്‍ക്കരണത്തിലും ദളിതന്റെ രക്തം ചീന്തിയേ മതിയാവൂ.

('ദളിതരുടെ ചരിത്രം, ഒരു പഠനം' ­ ലേഖന പരമ്പര അവസാനിപ്പിക്കുന്നു. ക്ഷമയോടെ എന്റെ ലേഖനങ്ങള്‍ വായിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക