Image

ബിഗ്‌ ബജറ്റുകള്‍ ഫ്‌ളോപ്പുകളാകുമ്പോള്‍

Published on 01 February, 2012
ബിഗ്‌ ബജറ്റുകള്‍ ഫ്‌ളോപ്പുകളാകുമ്പോള്‍
വിദേശ ലൊക്കേഷനുകള്‍ ബോളിവുഡ്‌ അനുകരണങ്ങളും മലയാള സിനിമയെ വഴിതെറ്റിക്കുന്നതിന്റെ നേര്‍കാഴ്‌ചകളിലൂടെയാണ്‌ കഴിഞ്ഞ വാരങ്ങള്‍ കടന്നു പോയത്‌. മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ്‌ ബജറ്റ്‌ ചിത്രമെന്ന ലേബലില്‍ എത്തിയ കാസനോവ തീയേറ്ററില്‍ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുന്നത്‌ ഇതിന്റെ അവസാനത്തെ ഉദാഹരണവുമാകുന്നു. പൂര്‍ണ്ണമായും ദുബായിലും ബാങ്കോക്കിലുമായി ചിത്രീകരിച്ച്‌ എത്തിയ കാസനോവ പ്രേക്ഷകരെ മടുപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും സ്‌പെയിനിന്റെ സൗന്ദര്യം പകര്‍ത്തിയെന്ന അവകാശ വാദവുമായി എത്തിയ സ്‌പാനിഷ്‌ മസാല എന്ന ചിത്രത്തിന്റെ അവസ്ഥയും വ്യത്യസ്‌തമായിരുന്നില്ല.

ഈ രണ്ടും ചിത്രങ്ങളും എന്തുകൊണ്ട്‌ തീയേറ്ററില്‍ തിരസ്‌കരിക്കപ്പെട്ടു എന്നതിന്‌ ഒറ്റ ഉത്തരം മാത്രമേയുള്ളു. വമ്പന്‍ ചിത്രവിസ്‌മയം ഒരുക്കാനുള്ള തിരക്കിനിടയില്‍ സിനിമയുടെ അടിസ്ഥാനമെന്ന്‌ വിശ്വസിക്കപ്പെടുന്ന കാമ്പുള്ള കഥയെയും പ്രേക്ഷക ബുദ്ധിയെ മാനിക്കുന്ന തിരക്കഥയെയും കൈവിട്ടു കളഞ്ഞു. പ്രേക്ഷക ബുദ്ധിയെ മാനിക്കുന്ന തിരക്കഥ എന്നത്‌ സാമാന്യ ലോജിക്കുകളിലൂടെ കടന്നു പോകുന്ന തിരക്കഥ എന്നു തന്നെയാണ്‌ അര്‍ഥമാക്കുന്നത്‌. കാസനോവക്കും സാപാനിഷ്‌ മസാലക്കും ഇല്ലാതെ പോയതും ഇത്‌ തന്നെയാണ്‌. താരപരിവേഷം നിറയുന്ന വെള്ളിത്തിര, അതിന്‌ പശ്ചാത്തലമാകുന്ന വിദേശ ലൊക്കേഷനുകള്‍ ഇങ്ങനെ സിനിമയൊരുക്കാന്‍ കൊച്ചു മലയാള സിനിമ തയാറെടുക്കുമ്പോള്‍ ബജറ്റുകള്‍ കോടികള്‍ കടക്കുന്നു. കാസനോവ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകുന്നത്‌ ഇങ്ങനെയാണ്‌.

എന്നാല്‍ വിദേശ ലൊക്കേഷനുകളെ സ്വീകരിക്കുമ്പോള്‍ വിദേശ സുന്ദരികളെ അണിനിരത്തി അര്‍ദ്ധ നഗ്നനൃത്തം ഒരുക്കുമ്പോള്‍ മികച്ചൊരു കഥയൊരുക്കാന്‍ മാത്രം അണിയറപ്രവര്‍ത്തകര്‍ മറന്നു പോകുന്നു. ഇവിടെയാണ്‌ വര്‍ഷങ്ങളുടെ കലാപാരമ്പരത്തിന്റെ മേനി പറയുന്ന മലയാള സിനിമയുടെ അപചയം പൂര്‍ണ്ണമാകുന്നത്‌.

കാസനോവ എന്ന ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. ചിത്രത്തിന്റെ കഥ ഏതാണ്ട്‌ ഇങ്ങനെയാണ്‌. അന്താരാഷ്‌ട്ര തലത്തിലെ വമ്പന്‍ ഫ്‌ളവര്‍ ബിസ്‌നസുകാരനാണ്‌ കാസനോവ. ഇറ്റലിയില്‍ ജീവിച്ചിരുന്ന കാസനോവ എന്ന നിത്യഹരിത പ്രണയ നായകന്റെ ഇന്നത്തെ മുഖം. നിരവധി സ്‌ത്രീകളുമായി ബന്ധമുള്ള കാസനോവയ്‌ക്ക്‌ ആദ്യമായി ഒരു പെണ്‍കുട്ടിയോട്‌ അടുപ്പം തോന്നുന്നു. എന്നാല്‍ പ്രണയം പറയുന്നതിന്‌ മുമ്പ്‌ അവള്‍ നാല്‌ കള്ളമാരാല്‍ കൊല്ലപ്പെടുന്നു. പിന്നെ കാസനോവ അവരോട്‌ പ്രതികാരം ചെയ്യാന്‍ നടക്കുകയാണ്‌. അവസാനം കാസനോവയുടെ പ്രതികാരം പൂര്‍ത്തിയാകുന്നു. ശരാശരി നിലവാരം മാത്രമുള്ള ഒരു കൊമേഴ്‌സ്യല്‍ മസാലപ്പടം വേണമെങ്കില്‍ ഈ സിനിമയില്‍ നിന്ന്‌ രൂപപ്പെടുത്തിയെടുക്കാം. പക്ഷെ അന്താരാഷ്‌ട്ര തലത്തില്‍ ചിത്രത്തിന്‌ തിരക്കഥയൊരുക്കാന്‍ ശ്രമിച്ച ബോബി സഞ്‌ജയ്‌മാരും റോഷന്‍ ആന്‍ഡ്രൂസും ലോജിക്കുകളുള്ള ഒരു തിരക്കഥയൊരുക്കാന്‍ അമ്പേ പരാജയപ്പെടുന്നു. ഇനി മുകളില്‍ പറഞ്ഞ സിനിമയെടുക്കാന്‍ എന്തിനാണ്‌ ദുബായിലും ബാങ്കോക്കിലും പോയതെന്ന്‌ ന്യായമായും ചോദിക്കാം. കാരണം ഗോവയിലും ബാംഗ്ലൂരിലുമായി ഷൂട്ട്‌ ചെയ്‌തെടുക്കാവുന്നതില്‍ കൂടുതലൊന്നും ഈ അന്താരാഷ്‌ട്ര ചിത്രത്തില്‍ കാണാനുമാവുന്നില്ല. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ നിര്‍മ്മാതാവ്‌ സുരേഷ്‌കുമാര്‍ കാസനോവ എന്നത്‌ വെറുമൊരു തട്ടിക്കൂട്ട്‌ ചിത്രം മാത്രമാണെന്ന്‌ തുറന്നു പറയാന്‍ ധൈര്യം കാണിച്ചത്‌ ഈ സാഹചര്യത്തിലാണ്‌.

ദിലീപ്‌ നായകനായ സ്‌പാനിഷ്‌ മസാലയുടെ അവസ്ഥയും അല്‌പം പോലും വ്യത്യസ്‌തമായിരുന്നു. പൂര്‍ണ്ണമായും സ്‌പെയിനില്‍ നിര്‍മ്മിക്കുകയായിരുന്നു ഈ ചിത്രം. സ്‌പെയിനില്‍ ചിത്രീകരിച്ചു എന്ന കാരണം കൊണ്ടുമാത്രം സ്‌പെയിനിലെ പ്രശസ്‌തമായ ടൊമാറ്റോ ഫെസ്റ്റിവെലും, കാളപ്പോരുമൊക്കെ എവിടെയൊക്കെയോ കടന്നു വരുന്നുണ്ട്‌ ഈ ചിത്രത്തില്‍. എന്നാല്‍ സ്ഥിരമായി മലയാള സിനിമയില്‍ കോമഡി ചിത്രമൊരുക്കാന്‍ ഉപയോഗിക്കുന്ന ഒരു കഥയ്‌ക്കപ്പുറം സ്‌പാനിഷ്‌ മസാലെ ഒരു പ്രത്യേകതയും നല്‍കുന്നുമില്ല. ഒരു ആവറേജ്‌ ദിലീപ്‌ കോമഡി ചിത്രം മാത്രമാകുന്നു സ്‌പാനിഷ്‌ മസാല. ഇവിടെ നായിക സ്‌പെയിന്‍കാരിയാണെന്നത്‌ മാത്രമാണ്‌ സ്‌പാനിഷിലേക്ക്‌ ചിത്രം കൊണ്ടുപോകാനുള്ള കാരണം. പക്ഷെ നായിക സ്‌പെയിന്‍കാരിയാണെങ്കിലും, തമിഴ്‌നാട്ടുകാരിയാണെങ്കിലും ഗോവക്കാരിയാണെങ്കിലും പഞ്ചാബിയാണെങ്കിലും ഇതേ കഥ തന്നെ തുടങ്ങി അവസാനിക്കുകയും ചെയ്യും.

ഇവിടെ മലയാള സിനിമ പഠിക്കേണ്ട മറ്റൊരു പാഠമുണ്ട്‌. കാസനോവയും സ്‌പാനിഷ്‌ മസാലയും ചിത്രീകരണം നടന്ന നാള്‍ മുതല്‍ മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു. കാരണം മറ്റൊന്നുമല്ല. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ തന്നെയായിരുന്നു ഇതിന്‌ കാരണം. ഉദയനാണു താരം, നോട്ട്‌ ബുക്ക്‌, ഇവിടം സ്വര്‍ഗമാണ്‌ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ചെയ്‌ത റോഷന്‍ ആന്‍ഡ്രൂസും, നോട്ട്‌ ബുക്കും, ട്രാഫിക്കുമൊക്കെ രചിച്ച ബോബി സഞ്‌ജയും ഒന്നിച്ചപ്പോള്‍ മികച്ചൊരു ചിത്രം തന്നെയാണ്‌ പ്രേക്ഷകര്‍ തീര്‍ച്ചയായും പ്രതീക്ഷിച്ചത്‌. ഇതുപോലെ തന്നെ ചാന്തുപൊട്ട്‌ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം, ലാല്‍ ജോസ്‌, ബെന്നി പി.നായരമ്പലം, ദിലീപ്‌ കൂട്ടുകെട്ട്‌ വീണ്ടുമെത്തുന്നു എന്നത്‌ തീര്‍ച്ചയായും പ്രേക്ഷകരില്‍ ആവേശം പകര്‍ന്നിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത്‌ ഒരു തരത്തിലും പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ ഈ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും കഴിഞ്ഞില്ല.

ഇവിടെ മലയാള സിനിമ വ്യവസായത്തിന്‌ ഏല്‍ക്കുന്ന വലിയൊരു അപകടം കൂടി പതിയിരിക്കുന്നുണ്ട്‌. മലയാള സിനിമ എന്നും എക്കാലത്തും നിലനിന്നു പോകുന്നത്‌ വ്യക്തിത്വമുള്ള ചിത്രങ്ങളുടെ പേരിലാണ്‌. എന്നും ദേശിയ തലത്തില്‍ ഈ വളരെ ചെറിയ ഇന്‍ഡസ്‌ട്രി ശ്രദ്ധിക്കപ്പെടുന്നത്‌ കാമ്പുള്ള സിനിമകളുടെ പേരിലാണ്‌. എന്നാല്‍ അത്‌ ശ്രമിക്കാതെ പച്ചയായ ബോളിവുഡ്‌ അനുകരണങ്ങള്‍ക്ക്‌ ശ്രമിക്കുന്നത്‌ മലയാളം സിനിമ വ്യവസായത്തിന്‌ ഒരിക്കലും ഗുണകരമല്ല. ഇവിടെ ഏറ്റവും വലിയ വൈഡ്‌ റിലീസിന്‌ സാധ്യമായിരിക്കുന്ന കാസനോവയ്‌ക്ക്‌ പോലും തുടക്കം കിട്ടയത്‌ 190 റിലീസിംഗ്‌ സെന്ററുകളാണ്‌. എന്നാല്‍ ഈ വൈഡ്‌ റിലീസിന്റെ വലിപ്പം കേട്ട്‌ ഞെട്ടാന്‍ വരട്ടെ. ഇതില്‍ 70, 80 സെന്ററുകള്‍ എന്നത്‌ ആദ്യ ദിവസം മാത്രം സിനിമ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങളാണ്‌. രണ്ടാം ദിവസം തൊട്ട്‌ ഒരു നഗരത്തില്‍ ഒരു സെന്റര്‍ എന്ന നിലയിലേക്ക്‌ ചിത്രം ചുരുങ്ങും. തൊട്ടടുത്ത ദിവസങ്ങളില്‍ സെന്ററുകള്‍ വീണ്ടും ചുരുങ്ങി വരും. അങ്ങനെ നോക്കിയാല്‍ എത്ര വലിയ റിലീസ്‌ നടത്തിയാലും ഒരു മലയാള സിനിമ അത്‌ കുറഞ്ഞത്‌ അമ്പത്‌ സെന്ററുകളിലെങ്കിലും അമ്പത്‌ ദിവസങ്ങള്‍ക്ക്‌ മുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടാല്‍ ഒരു വിതരണക്കാരന്‌ പരമാവധി ലഭിക്കാവുന്ന കളക്ഷന്‍ അഞ്ചോ ആറോ കോടി രൂപമാത്രമാണ്‌. തൊണ്ണൂറുകളുടെ അവസാനത്തോടെ കേരളത്തില്‍ തീയേറ്ററുകള്‍ ഗണ്യമായി കുറഞ്ഞതാണ്‌ ഈ പ്രതിസന്ധിക്ക്‌ കാരണം. അപ്പോള്‍ പിന്നെ അഞ്ചു കോടിക്ക്‌ മുകളില്‍ ബജറ്റുമായി പോകുന്ന മലയാള സിനിമ നിര്‍മ്മാതാവിന്‌ ഒരിക്കലും ലാഭകരമാവില്ല.

അതേ സമയം ഒരു തമിഴ്‌ ചിത്രത്തിന്‌ അല്ലെങ്കില്‍ ബോളിവുഡ്‌ ചിത്രത്തിന്‌ ലഭിക്കുന്ന റിലീസിംഗ്‌ സെന്ററുകള്‍ ആയിരത്തിനും, രണ്ടായിരത്തിനും ഇടയിലാണ്‌. അടുത്തിടെ റിലീസ്‌ ചെയ്‌ത അഗ്നിപഥ്‌ എന്ന ചിത്രം 2700 പ്രിന്റുകളുമായിട്ടാണ്‌ റിലീസിനെത്തിയതെന്ന്‌ ഓര്‍ക്കണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക്‌ പടര്‍ന്നു കിടക്കുന്ന മാര്‍ക്കറ്റാണ്‌ തമിഴ്‌ സിനിമക്കും ഹിന്ദി സിനിമക്കും ഉള്ളതെന്നതും മനസിലാക്കേണ്ടതുണ്ട്‌. മാത്രമല്ല വിദേശ രാജ്യങ്ങളിലും ഈ സിനിമകള്‍ക്ക്‌ വ്യക്തമായ മാര്‍ക്കറ്റുണ്ട്‌.

എന്നാല്‍ ബോളിവുഡ്‌ സിനിമയെ ബജറ്റിലും പ്രമേയത്തിലും എന്തിന്‌ ഫ്രെയിമുകളില്‍ പോലും അനുകരിക്കാന്‍ ശ്രമിക്കുന്ന മലയാള സിനിമക്ക്‌ വെറും നാല്‌പത്‌ തീയേറ്ററുകളുടെ ശരാശരി മാര്‍ക്കറ്റ്‌ മാത്രമാണുള്ളതെന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

ഇവിടെയാണ്‌ അനുഭവ സമ്പത്തുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ലക്ഷ്യ ബോധമില്ലാതെ സിനിമകളൊരുക്കുമ്പോള്‍ അത്‌ ഒരു ഇന്‍ഡസ്‌ട്രിയെ മൊത്തത്തില്‍ തകര്‍ക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. അതുകൊണ്ടു തന്നെ തീര്‍ച്ചയായും കാസനോവ പോലെയുള്ള കെട്ടുകാഴ്‌ചകള്‍ ഇനിയെങ്കിലും മലയാളത്തില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന്‌ പ്രതീക്ഷിക്കാം.
ബിഗ്‌ ബജറ്റുകള്‍ ഫ്‌ളോപ്പുകളാകുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക