Image

നിര്‍ഭയ മോഡല്‍ കൊലപാതകത്തിന്റെ നടുക്കം മാറാതെ കേരളം

Published on 02 May, 2016
നിര്‍ഭയ മോഡല്‍ കൊലപാതകത്തിന്റെ നടുക്കം മാറാതെ കേരളം
പെരുമ്പാവൂരിലെ നിര്‍ഭയ മോഡല്‍ കൊലപാതകത്തിന്റെ നടുക്കം മാറാതെ കേരളം: ജിഷാ മോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മുറിവിലൂടെ കുടല്‍ പുറത്തുവന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായ ജിഷാമോള്‍ കൊലചെയ്യപ്പെട്ടത് അതിക്രൂരമായ രീതിയിലായിരുന്നെന്ന് വ്യക്തമാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ മോഡല്‍ ബലാത്സംഗത്തേക്കാള്‍ പ്രാകൃതമായ രീതിയിലായിരുന്നു പെരുമ്പാവൂരിലെ വട്ടോളിപ്പടി കനാല്‍ ബണ്ടിനടുത്ത് ജിഷാമോളുടെ കൊലപാതകം.

ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചതുള്‍പ്പെടെ 30 ലധികം കുത്തേറ്റ മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം.

കൊല്ലപ്പെടുന്നതിനു മുമ്പ് മൃഗീയമായ രീതിയില്‍ ബലാത്സംഗത്തിനു പെണ്‍കുട്ടി ഇരയായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ശരിവെക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വയര്‍ കുത്തി കീറി കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്ക് തെറിച്ചുപോയി.

ജിഷമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും ഈ മുറിവിലൂടെ വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഒരു മുറിവ് കരളില്‍ വരെയെത്തി.

തലയിലും മുഖത്തും ഇരുമ്പ് കമ്പികൊണ്ട് അടിച്ച പാടുണ്ട്. തലയ്ക്ക് പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. ജിഷയ്ക്ക് ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ തന്നെ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ടായിരുന്നു.

ജിഷ പഠിച്ച ലോ കോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാകാം പ്രാകൃത ബലാത്സംഗം നടത്തിയതെന്ന പ്രാഥമിക നിഗമനത്തില്‍ മാത്രമാണ് പോലീസെത്തിയത്.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് അമ്മയായ രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. രാജേശ്വരിക്ക് ചെറിയ മാനസികാസ്വസ്ഥതകളുണ്ട്. വീട്ടു ജോലിക്ക് പോയിട്ടാണ് ഇവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് താമസിച്ചു വരികയാണ്. കൂലിപ്പണിക്ക് പോയിരുന്ന രാജേശ്വരി വ്യാഴാഴ്ച വൈകിട്ട് എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയനിലയിലായിരുന്നു.

തുടര്‍ന്ന് സമീപവാസികളെ വിളിച്ച് വാതില്‍ തുറന്നു നോക്കുമ്പോള്‍ ജിഷ മരിച്ചനിലയിലായിരുന്നു. ദേഹത്ത് ചുരിദാറിന്റെ ഷാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. വീടിനുള്ളിലെ സാധനങ്ങള്‍ എല്ലാം അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളുണ്ട്. വെള്ളിയാഴ്ച പൊലിസ് നായ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പ് വടിയും കണ്ടെത്തിയിട്ടുണ്ട്.

ജിഷയെ ശ്വാസംമുട്ടിക്കുകയും പല തവണ കുത്തുകയും ചെയ്തതായി പോലീസ് പറയുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും 5 മണിക്കും ഇടയില്‍ സംശയിക്കപ്പെടുന്ന ഒരു സാഹചര്യവും ഉണ്ടായില്ലെന്നും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പെരുമ്പാവൂരില്‍ നടന്ന സംഭവമായതിനാല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ ഈ വഴിക്കാണ് നീങ്ങുന്നത്. കൊലപാതകത്തിന്റെ മൃഗീയസ്വഭാവവും ക്രൂരതകളും കണക്കിലെടുത്താണ് പോലീസ് അന്വേഷണം ഈ ദിശയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണത്തില്‍ അലംഭാവം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസില്‍ ശരിയായ അന്വേഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക