Image

തിരുവനന്തപുരത്തിന്റെ വികസനത്തിന് ജയലളിതയുടെ പ്രത്യേക പാക്കേജ്

Published on 02 May, 2016
തിരുവനന്തപുരത്തിന്റെ വികസനത്തിന് ജയലളിതയുടെ പ്രത്യേക പാക്കേജ്
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആലോചിക്കാനുമായി തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത തിരുവനന്തപുരത്തെ എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ഡോ.ബിജു രമേശിനെ അടിയന്തരമായി കോയമ്പത്തൂരിലേക്ക് വിളിപ്പിച്ചു.  പ്രചാരണ പരിപാടികള്‍ എല്ലാം മാറ്റിവെച്ചുകൊണ്ട് രാത്രി തന്നെ അദ്ദേഹം കോയമ്പത്തൂരിലേക്ക് പോവുകയും ചെയ്തു. ജയയുമായി ദീര്‍ഘനേരം ബിജു രമേശ് ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാന്‍ പ്രത്യേക വികസന പാക്കേജുതന്നെ ഉണ്ടാക്കാനാണ് നീക്കം.ഇതിനുള്ള എല്ലാ സഹായവും തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കും.തുടക്കത്തില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വികസന രൂപരേഖയാണുണ്ടാക്കുക.

ബിജുരമേശ് വിജയിച്ചാല്‍ അക്കമിട്ട് നിരത്തി ലക്ഷ്യബോധത്തോടെ പദ്ധതികള്‍ നടപ്പാക്കും. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി കാത്തു നില്‍ക്കില്ല. ഒരു രൂപയ്ക്ക് ഇഡലിയും ചായയും അഞ്ചു രൂപയ്ക്ക് സാമ്പാര്‍സാദവും മൂന്നു രൂപയ്ക്ക് തൈര് സാദവും നല്‍കുന്ന അമ്മ ഹോട്ടലുകളായിരിക്കും ആദ്യം സ്ഥാപിക്കുക.വിദ്യാഭ്യാസ പദ്ധതികള്‍ ഉള്‍പ്പെടെ എല്ലാം തന്നെ തമിഴ് നാട്ടില്‍ നടപ്പാക്കിയ മോഡലില്‍ പ്രാവര്‍ത്തികമാക്കും. പലിശരഹിത സ്വയം തൊഴില്‍ വായ്പകള്‍, ഗര്‍ഭിണികള്‍ക്ക് 15000 രൂപ കുഞ്ഞു ജനിച്ചാല്‍ 2000 രൂപ, പെണ്‍കുട്ടിജനിച്ചാല്‍ 30000രൂപയുടെ സ്ഥിര നിക്ഷേപം,അമ്മ വെള്ളം,അമ്മ മരുന്നു കടകള്‍, വീടു നിര്‍മ്മിക്കാന്‍ 170 രൂപയ്ക്ക് സിമെന്റ്, 5000രൂപയും നാലുഗ്രാം സ്വര്‍ണ്ണവും വിവാഹ സഹായം തുടങ്ങി വൈവിധ്യങ്ങളായ അമ്മ ഭരണ പരിഷ്‌ക്കാരങ്ങളാണ് കേരളത്തില്‍ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ കോളനി നവീകരണത്തിന് പ്രത്യേക പാക്കേജും കൊണ്ടുവരും.ഇതിനെല്ലാം പുറമെ ബിജു രമേശ് ജയിച്ചാലും തോറ്റാലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സമഗ്രമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പാക്കും. പൂര്‍ണ്ണമായും തമിഴ്‌നാട് സര്‍ക്കാരിന്റെ പങ്കാളിത്തത്തോെടയായിരിക്കും ഇതു നടപ്പാക്കുക. നഗരമാലിന്യങ്ങള്‍ പൂര്‍ണ്ണമായും സംസ്‌ക്കരിക്കുന്നതിനായി അത്യാധുനീക സംസ്‌ക്കരണ ശാലയായിരിക്കും സ്ഥാപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക