Image

സാഹിത്യത്തിന് മഹത്തായ ഒരു പൂക്കാലമൊരുക്കി ഇ-മലയാളി സാഹിത്യപുരസ്‌കാരം(അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 30 April, 2016
സാഹിത്യത്തിന് മഹത്തായ ഒരു പൂക്കാലമൊരുക്കി ഇ-മലയാളി സാഹിത്യപുരസ്‌കാരം(അനില്‍ പെണ്ണുക്കര)
ഇത് എഴുത്തിന്റെ പൂക്കാലം. സാഹിത്യത്തിന്റെയും അക്ഷരം മരിക്കുന്നു ഒപ്പം സാഹിത്യവും  എന്നു പരിഭവിക്കുന്നവര്‍ക്ക് കരുത്തായി ഒരു ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ പ്രധാനവാര്‍ത്തയായും, ഫീച്ചറായും സാഹിത്യത്തിനും, സാഹിത്യപ്രേമികള്‍ക്കും പ്രധാനതാള്‍ നീക്കിവെച്ച് ആദ്യത്തേയും അവസാനത്തെയും ഓണ്‍ലൈന്‍ പത്രമാണ് ഇ- മലയാളി. 

സാഹിത്യത്തിലെ വലുപ്പച്ചെറുപ്പമില്ലാതെ എഴുത്തിനെ നേരിന്റെ വാക്കായി മാത്രം കണ്ടുകൊണ്ട് ഓരോ എഴുത്തുകാരനേയും അവരുടെ വാക്കുകളെ മാത്രം പരിഗണിച്ചുകൊണ്ട് പ്രവാസ സാഹിത്യത്തിന് ഒരു മാനിഫെസ്റ്റോ ഉണ്ടാക്കുകയാണ് ഞങ്ങള്‍. 

മെയ് 14-ന് സാഹിത്യപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അവാര്‍ഡ് ലഭിച്ചവരേക്കാള്‍ ഉപരി ഇ- മലയാളിയുടെ പേജുകളില്‍ സ്ഥാനം പിടിച്ച പ്രതിഭകള്‍ക്കുള്ള ആദരവ് കൂടിയായി മാറും ആ ചടങ്ങ്.

അമേരിക്കന്‍ മലയാളിയുടെ കഴിഞ്ഞു പോയ നാളുകളിലും വരാനിരിക്കുന്ന നാളുകളിലും ഇ- മലയാളിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമാണ്. എഴുത്തുകാര്‍ സംഘടനകള്‍ തുടങ്ങി പ്രവാസി കൈ തൊടുന്ന ഇടങ്ങളില്‍ മാത്രമല്ല, മലയാളികളുടെ സമസ്തമേഖലകളിലും ചെറിയ തോതിലെങ്കിലും ഈ ഓണ്‍ലൈന്‍ മാധ്യമം ഇഴയിണക്കത്തോടെ കടന്നു വരുന്നു. അവിടെ എഴുത്തിന്റെയും അവ സൃഷ്ടിക്കുന്ന വാക്കുകളുടെയും ശക്തി അപരിമേയമാണ്.

ആര്‍ക്കവൈസിലെ പഴയ റഫറന്‍സുകള്‍ തേടി സാഹിത്യം രചിക്കുന്ന തിരക്കിലാണ് ഇന്ന് മലയാളഭാഷ. പക്ഷെ, ഭാഷാസാഹിത്യത്തിലെ അനുഭവദാരിദ്ര്യം പുതിയ മില്ലേനിയത്തില്‍ നികത്താന്‍ ശക്തമായി എത്തുന്ന ഒരു ധാര മലയാളത്തിലെ പ്രവാസസാഹിത്യമാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. മസറയിലെ രൂക്ഷഗന്ധം ശ്വസിക്കുമ്പോഴും അവന്‍ ആടുകള്‍ക്ക് മുഖച്ഛായ കണ്ടെത്തുന്നത് മോഹന്‍ലാലിലും, ഇ.എം.എസ്സിലുമാണ് എന്ന് ബെന്യാമിന്റെ ഭാവനാലോകം.

എന്റെ മുറ്റത്തെ മാഞ്ചോട്ടിലിരുന്നേ എനിക്ക് സാഹിത്യം എഴുതാനാകൂ എന്ന് ഉദ്‌ഘോഷിച്ച എഴുത്തുകാര്‍ നമുക്കു ചുറ്റുമുണ്ട്. തന്റെ അല്ലെങ്കില്‍ തനിക്കു ചുറ്റുമുള്ള ഒരു അനുഭവ ലോകമാണത്. അനുഭവങ്ങളില്ലാതെ സാഹിത്യം രചിക്കുവാന്‍ തുടങ്ങിയപ്പോള്‍ മലയാള സാഹിത്യം ശുഷ്‌കമായി പോകുന്നു എന്നു ഞാന്‍ കരുതുന്നു. ഇവിടെയാണ് ചെറിയ ചെറിയ അനുഭവങ്ങളിലൂടെ അമേരിക്ക പുതിയ മാനം കണ്ടെത്തണമെന്നത്. അടിമ വംശത്തിലൂടെ മലയാളസാഹിത്യത്തിനും വിപ്ലവചിന്തകള്‍ക്കും പുതിയ ഗതി തുറന്നുവിട്ട രതീദേവിയുടെയും, വാക്കുകളിലൂടെ മലയാള സാഹിത്യത്തെ അമേരിക്കന്‍ മലയാളികളിലെത്തിച്ച ഡോ.എം.വി.പിള്ളയും, കവിതയ്ക്ക് പുതുവസന്തം രചിച്ച ചെറിയാന്‍. കെ.ചെറിയാനും തുടങ്ങി ഇപ്പോള്‍ മലയാള മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമായ റിനി മാമ്പലം മുതല്‍ മുരളി.ജെ.നായര്‍ വരെയുള്ള എഴുത്തുകാര്‍. സാഹിത്യത്തില്‍ ഭാവനയ്ക്ക് പ്രസക്തിയുണ്ടെന്നും പക്ഷെ, അത് അനുഭവവുമായി കോര്‍ത്തിണക്കുമ്പോഴേ അത് ശക്തമാകൂ എന്നും ഇവരുടെയൊക്കെ രചനകള്‍ നമ്മെ പഠിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു.

ഇ- മലയാളി എന്ന ഓണ്‍ലൈന്‍ പത്രം വാര്‍ത്തകള്‍ക്കൊപ്പമാണ് കഥയ്ക്കും, കവിതയ്ക്കും, ഫീച്ചറുകള്‍ക്കും സ്ഥാനം നല്‍കുന്നത്. ഒരു പ്രത്യേക ടൈറ്റിലും നല്‍കി ഒരു ചതുരപ്പെട്ടിയിലേക്ക് മാറ്റപ്പെടുന്നതിനു മുമ്പ് വായനക്കാരന്റെ ദൃഷ്ടിമണികളില്‍ അവ എത്തിക്കും, അവരെകൊണ്ട് അത് വായിപ്പിക്കുക എന്ന ദൗത്യം കൂടി ഏറ്റെടുക്കുന്നു ഇ- മലയാളി. വാര്‍ത്തകളും, സംഘടനാ, മതവാര്‍ത്തകളും തിരയുന്നതിനിടയ്ക്ക് അരോചകമായിത്തന്നെ തന്റെ സഹമുറിയന്റെ കഥയോ കവിതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം ഒരു നോട്ടം പിന്നീടെപ്പോഴോ ഒരു വായന ഇതുമാത്രമാണ് ലക്ഷ്യവും.

പുരസ്‌കാരം ലഭിച്ചവരുടെ കുറിപ്പുകളും, രചനകളും നിങ്ങള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താനാകാത്ത ജീവിതത്തിന്റെ മുഖപ്പുകളായിരിക്കും. അതിനു കാരണം, കാലഘട്ടത്തോട് നീതി പുലര്‍ത്തുന്ന ജീവിതത്തിന്റെ പുതിയ ബിംബകല്‍പ്പനകള്‍ ഈ രചനകളില്‍ ഉള്ളതുകൊണ്ടാണ്. സാഹിത്യത്തില്‍ പുതിയ സെന്‍സിബിലിറ്റി തേടുന്നവര്‍ ഇതു കാണട്ടെ എന്ന് ആഗ്രഹിക്കുന്നു.

അന്‍പതു വര്‍ഷം പിന്നിടുന്ന അമേരിക്കന്‍ ജീവിതം തന്റെ മാഞ്ചുവടായി പരിണമിക്കുന്നുവെങ്കില്‍ അത് അമേരിക്കന്‍ പ്രവാസിയുടെ അനുഭവലോകമല്ലേ? ഈ അനുഭവലോകത്തിന് താങ്ങാനാകുവാനാണ് ഇ-മലയാളി  ശ്രമിക്കുന്നത്. താരപ്പൊലിമകളില്ലാതെ, കൊട്ടും കുരവയുമൊന്നുമില്ലാതെ എഴുത്തിനെ അംഗീകരിക്കുന്നു. ഹൃദയം തുറന്നുവെച്ച്.

ഒരു എഴുത്തുകാരന്‍ നോക്കി കാണുന്ന, മനസ്സില്‍ പതിയുന്ന ജീവിതമാണ് അയാളുടെ രചന. ഒരു ജ•ം അയാള്‍ അനുഭവിച്ച് തീര്‍ക്കുകയാണ്. അനേകം കാലുകള്‍, ഭൂഖണ്ഡങ്ങള്‍, അവിടെ കുടിയേറിയ ജീവിതങ്ങള്‍ അവരൊക്കെ ഈ എഴുത്തുകാരോട് പല രൂപത്തില്‍ സംവദിച്ചുകൊണ്ടിരിക്കുന്നു. അനുഭവിച്ചു തീര്‍ത്തത് പലരൂപത്തില്‍ -കഥയായും, കവിതയായും,യാത്രാവിവരണമായും, ലേഖനമായുമൊക്കെ പുറത്തുവരുന്നു. ഇവയൊക്കെ വായിച്ചു തീര്‍ക്കാന്‍ വായനക്കാരും ഒരു പക്ഷെ അശക്തനാകാം.

മുന്നില്‍ രണ്ട് ഭാഗം വെള്ളമാണ് സുഹൃത്തേ, അനന്തമായ കടലുകള്‍. കടലുകളുടെ തീരങ്ങളെപ്പറ്റി ചെറിയ വന്‍കരകള്‍. ആ തീരങ്ങളില്‍ നക്ഷത്രക്കണ്ണുമായി ഞാനും നീയും എന്നു പറയുന്നിടത്ത് ജീവിതത്തിന്റെ വിശാലതയും വ്യര്‍ത്ഥതയും മോഹവും മോഹഭംഗങ്ങളും എല്ലാം കുഴഞ്ഞുകിടക്കുന്നു. ഓരോ എഴുത്തുകാരന്റെയും മനസ്സില്‍ കനത്തു നില്‍ക്കുന്നൊരു ആകാശം പെയ്‌തൊഴിയാന്‍ കാത്തുകിടക്കുന്നു. ജീവിതത്തിന്റെ ഉള്‍ച്ചൂടുള്ള ഒരു പെയ്ത്തിലൂടെ മാത്രമേ നല്ല രചനകള്‍ സാധ്യമാകൂ എന്ന് ഈ മലയാളിക്ക് ഒരിക്കല്‍ കൂടി ബോധ്യമാകുന്നു. അവിടെത്തന്നെയാണ് പുതിയ സെന്‍സിബിലിറ്റിയും പ്രത്യക്ഷമാകുന്നത് - പുരസ്‌കാരജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക