Image

അഡ്വ: വിദ്യ സംഗീത് സി.പി.എമ്മിലേക്ക്‌

Published on 02 May, 2016
അഡ്വ: വിദ്യ സംഗീത് സി.പി.എമ്മിലേക്ക്‌
തൃശ്ശൂര്‍: 2010-2015 തദ്ദേശ ഭരണ കാലത്തെ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ തീപ്പൊരി നേതാവായിരുന്നു യു.ഡി.എഫിലെ അഡ്വ: വിദ്യ സംഗീത്. സി.എം.പിക്കാരിയായ വിദ്യ സംഗീത് ഇപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു എന്നതാണ് യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. തൃശൂരിലെ ജനകീയ നേതാക്കളില്‍ ഒരാളായിരുന്നു വിദ്യ സംഗീത്. 

ജില്ലാ പഞ്ചായത്തില്‍ അഴിമതിയെ എതിര്‍ക്കുന്നതില്‍ മുന്പന്തിയില്‍ നിന്ന യു.ഡി.എഫ് പ്രസിഡന്റുമാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും വിദ്യ നിരന്തം തലവേദന സൃഷ്ടിച്ചിരുന്നു. വിദ്യയുടെ പാര്‍ട്ടി മാറ്റം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ചില സ്വാധീനങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ഭയത്തിലാണ് യു.ഡി.എഫ് നേതൃത്വം. ജില്ലാ പഞ്ചായത്ത് മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്നാണ് അഡ്വ: വിദ്യ സംഗീത് സി.എം.പി സ്ഥാനാര്‍ത്ഥിയായി ജയിച്ച് ജില്ലാ പഞ്ചായത്തിലെത്തിയത്. യു.ഡി.എഫിന്റെ ഭരണകാലത്ത് അഴിമതിക്ക് എതിരായി പ്രവര്‍ത്തിച്ചതോടെ വിദ്യ അവരുടെ കണ്ണിലെ കരടായി. 

സി.എം.പി പിള്ളര്‍ന്നതോടെ ഒരു പക്ഷത്തേക്കും ചരിയാതെ യു.ഡി.എഫില്‍ തുടര്‍ന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നവരുമായി ഏറ്റവും യോജിക്കുന്നത് സി.പി.എം ആണെന്ന കാഴ്ചപ്പാടിലാണ് പാര്‍ട്ടി മാറുന്നതെന്ന് വിദ്യ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. നേരത്തെ ശോഭ സിറ്റിയ്‌ക്കെതിരെ വിദ്യ നടത്തിയ നിയമ പോരാട്ടം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാൻ CPIM ഇൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു . 
2010 ലെ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ UDF ലെ CMP എന്നപാര്‍ട്ടിയുടെ മെമ്പറായി മുളംകുന്നതുകാവില്‍ നിന്നും തൃശൂര്‍ ജില്ലാപഞ്ചായത്തിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ ഭംഗിയായി നിര്‍വഹിക്കുകയും ഒപ്പം തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനകീയ വിഷയങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിചിരുന്നതുമാണ്. UDF ന്‍റെ മെമ്പര്‍ ആയിരിക്കെ തന്നെ UDF നടത്തിവന്ന നിരവധി അഴിമതികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയും അത് ഇപ്പോഴും തുടരുന്നതുമാണ്. 

ഞാന്‍ പ്രധിനിധീകരിച്ച CMP എന്ന പാര്‍ട്ടി പിളരുകയും ഇരു വിഭാഗത്തിലും പോകാതെ UDF ഇല്‍ ഞാന്‍ തുടരുകയുമാണ് ചെയ്തത് . എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി എന്‍റെ ആശയങ്ങളുമായി യോജിക്കുന്ന അഴിമതിക്കെതിരെ ശക്തമായ നിലപാടും ജനസമ്മിതിയും ഉള്ള ഒരു പാര്‍ട്ടിയുടെ പിന്തുണ ,ആവശ്യമായതിനാല്‍ ഞാന്‍ CPIM ഇല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു .

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുക്കാന്‍ പിടിച്ചിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ മാത്രമേ നിലവിലെ കേരളത്തിലെ അഴിമതി നിറഞ്ഞ ദുര്‍ഭരണം അവസാനിപ്പിച്ച് ,അഴിമതിവിരുദ്ധ മതനിരപേക്ഷ സദ്‌ ഭരണം കാഴ്ചവെക്കാന്‍ കഴിയുകയുള്ളൂ എന്ന് കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും വിശ്വസിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി നടത്തിവരുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ CPIM ന്‍റെ പൂര്‍ണ്ണ പിന്തുണയോടെ തുടരും. 

അഴിമതിക്കെതിരെ ചിന്തിക്കുന്ന പൊതുസമൂഹം സാധാരണക്കാരന്റെ ഗവണ്മെന്റ് നിലവില്‍ വരുന്നതിനു വേണ്ടി ഇടതുപക്ഷജനാധിപത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കുന്നതിന് ഇടതു മുന്നണി യോട് ചേര്‍ന്ന് നില്‍ക്കണമെന്നും ഞാന്‍ അഭ്യർത്ഥിക്കുന്നു .                     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക