Image

ഏപ്രില്‍... ഏപ്രില്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 02 May, 2016
ഏപ്രില്‍... ഏപ്രില്‍ (സുധീര്‍ പണിക്കവീട്ടില്‍)
പ്രക്രുതി നവഭാവുകത്വത്തിന്റെ പുത്തന്‍ നാമ്പുകളുമായി പൊടിച്ച് നില്‍ക്കുമ്പോള്‍ ഏപ്രില്‍ മാസം ക്രൂരമാണെന്ന് എങ്ങനെ ഒരു കവിയ്ക്ക് പറയാന്‍ കഴിഞ്ഞു. ഇംഗ്ലീഷ് ഭാഷയിലെ പ്രശസ്തമായ കവിത “Wasteland” തുടങ്ങുന്നത് ഏപ്രില്‍ ക്രൂരമായ ഒരു മാസമാണെന്ന് പറഞ്ഞ്‌കൊണ്ടാണു്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി ലഭിച്ചിട്ടില്ലാത്ത ഒരു ജനതയുടെ മാനസിക വികാരങ്ങളാണു അതില്‍ പ്രകടമാകുന്നത്. മഞ്ഞ്മൂടി കിടന്ന്, അതിശൈത്യം അനുഭവിച്ച ഭൂമിയില്‍ വസന്തം പിറക്കുമ്പോള്‍ സൗന്ദര്യത്തിന്റെ പ്രഭ പരക്കുന്നു. എന്നാല്‍ ആ മുഗ്ദ്ധ ഭാവങ്ങള്‍ ആസ്വദിക്കാന്‍ ദു:ഖത്തിന്റെ ശവപ്പറമ്പുകള്‍ മനസ്സില്‍ പേറുന്ന മനുഷ്യര്‍ക്ക് എങ്ങനെ കഴിയും. മനുഷ്യരുടെ ഭാവമാറ്റങ്ങളെ പ്രക്രുതി സ്വാധീനിക്കുന്നുവെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രക്രുതിയുടെ മാറ്റങ്ങളെ വീക്ഷിക്കുമ്പോള്‍ ഒന്നുമറിയാത്തപോലെ അണിഞ്ഞൊരുങ്ങുന്ന പ്രക്രുതിയെ നോക്കി ഒരു കവിയ്ക്ക് അങ്ങനെ പറയാം.ദീര്‍ഘകാല നൈരാശ്യത്തിന്റെ മരവിപ്പില്‍ അമര്‍ന്ന്‌പോയ ഒരു മനസ്സിന്റെ മുന്നില്‍ ആഹ്ലാദദായകങ്ങളായ രംഗങ്ങള്‍ അരങ്ങേറുമ്പോള്‍ മനസ്സ് ദു:ഖത്തിന്റെ കയങ്ങളിലേക്ക് കൂടുതലായി ആണ്ടുപോകുന്നു. ചുറ്റും തുടിക്കുന്ന ഹര്‍ഷാരവങ്ങളും, മനോജ്ഞമായ ദ്രുശ്യങ്ങളും ക്രൂരമാണെന്ന് മനസ്സ് അപ്പോള്‍ വേദ നയോടെ ചിന്തിക്കുന്നു. ഒരു യുദ്ധത്തിന്റെ നാശനഷ്ടങ്ങളില്‍ തരിശ്ശായി പോകുന്ന ഭൂമിയുടെ ഒരു ചിത്രം കൂടുതല്‍ തീവ്രതയോടെ മനസ്സില്‍ അവശേഷിക്കുമ്പോള്‍ പ്രക്രുതി പൂവ്വണിയുന്നത് അസ്വസ്ഥ്തയാണുളവാക്കുക എന്നു കവി സമര്‍ഥിക്കുന്നു. എന്നാല്‍ വസന്താഗമം കവികളെ ആനന്ദിപ്പിക്കുകയും ആ അനുഭൂതിയില്‍ ലയിച്ച് ചേര്‍ന്ന് മനസ്സിനാഹ്ലാദം പകരുന്ന ധാരാളം കവിതകള്‍ അവര്‍ രചിക്കയും ചെയ്തിട്ടുണ്ട്. ഒരു പൂ വിരിഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ അത് കവികളെ മാത്രമല്ല സഹ്രുദയരായ ആരേയും ആകര്‍ഷിക്കുന്നു.

പ്രക്രുതിപ്രേമിയായ ആംഗലകവി വേഡ്‌സ്‌വര്‍ഥ് ഒരു ഏപ്രില്‍ മാസത്തില്‍ എഴുതിയ കവിതയാണു് ഡാഫോദിത്സ്. ഒരു ഏകാന്ത മേഘത്തെപോലെ അലയുമ്പോള്‍ നദീതീരത്ത് വിരിഞ്ഞ് നില്‍ക്കുന്ന കുറച്ച് ഡാഫോദിത്സ് പൂക്കളെ കവി കാണുന്നു. വെള്ളം കരയിലടുപ്പിച്ച വിത്തുകളില്‍ നിന്നും മുളപൊട്ടിയുണ്ടായ കുറച്ച് പൂവ്വുകള്‍ എന്ന് കരുതിയ കവിയെ അത്ഭുതപ്പെടുത്തികൊണ്ട് ഡാഫോഡിത്സിന്റെ ഒരു നിര അദ്ദേഹം കണ്ടു. കവി ഭാഷയില്‍ ഒറ്റ നോട്ടത്തില്‍ പതിനായിരക്കണക്കിനു പൂക്കളെ അദ്ദേഹം കണ്ടു.

അമേരിക്കയില്‍ വസന്തകാലം തുടങ്ങുന്നത് മാര്‍ച്ച് 21 നാണു. വസന്തം ആരംഭിച്ചുവെന്നതിന്റെ സൂചനയായി ഇവിടെ റോബിന്‍പക്ഷി വരുന്നു. വസന്തകാല പറവകള്‍ പാടാനെത്തും മുമ്പേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡാഫോഡിത്സ് എന്ന പൂ വിരിയാന്‍ തുടങ്ങുന്നു. കവി ഭാവനയില്‍ ആ വിടരല്‍ ഒരു പക്ഷെ മാര്‍ച്ച് മാസത്തില്‍ വീശുന്ന കാറ്റില്‍ കൊഴിയാതെ നില്‍ക്കാമോ എന്നവ പരീക്ഷിക്കുമ്പോലെയെന്നും കാണുന്നു. മലയാളനാട്ടിലെ വസന്തകാലത്തെ മാധവമാസം എന്നും പറയുന്നു. പൂങ്കുയിലുകള്‍ പാടുകയും, വര്‍ണ്ണാഭമായ പൂക്കള്‍ വിരിയുകയും, സുഗന്ധമാരുതന്‍ ചുറ്റികറങ്ങുകയും, സൂര്യരശ്മികള്‍ സ്വര്‍ണ്ണം പൂശി നില്‍ക്കുകയും ചെയ്യുന്ന അഭിരാമമായ പകലുകള്‍. എങ്ങും സൗന്ദര്യം അലയടിച്ച്‌കൊണ്ട് പ്രക്രുതി പുളകംകൊള്ളുന്ന വസന്തകാലം. പി. ഭാസ്കരന്‍ മാഷ് എഴുതുന്നു : "മാധവമാസത്തില്‍ ആദ്യം വിരിയുന്ന മാതളപൂമൊട്ടിന്‍ മണം പോലെ." അത് അനുരാഗവതിയായ കാമുകിയെ ഓര്‍ക്കുമ്പോള്‍ അതിനോട് സാദ്രുശ്യപ്പെടുത്തിയാണു്. കന്യകമാരുടെ പ്രണയവും പ്രഫുല്ലപുഷ്പ്പങ്ങളും അവയുടെ സുഗന്ധവും മദകര മധുരമായ അനുഭൂതി പകരുന്നു. .സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ കാലത്ത് വിരിയുന്ന പൂക്കള്‍ മനുഷ്യര്‍ക്ക് ഓരൊ സന്ദേശം നല്‍കുന്നു. കാറ്റില്‍ തലയാട്ടുന്ന തരുവല്ലികള്‍ക്കൊപ്പം സുഗന്ധനിശ്വാസം പുറപ്പെടുവിച്ച് നില്‍ക്കുന്ന പൂക്കളെ ശ്രദ്ധിക്കുന്നത് തന്നെ എത്രയോ സുഖകരമാണു്. പനിനീര്‍പുഷങ്ങള്‍ക്ക് മുള്ളുകള്‍ ഇല്ലായിരുന്നത്രെ. മനുഷ്യന്റെ ആദ്യത്തെ അനുസരണക്കേടില്‍ പറുദീസ നഷ്ടപ്പെട്ട് അവര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നപ്പോള്‍ പരിനീര്‍പൂക്കളില്‍ മുള്ളുകള്‍ നിറഞ്ഞു. അത് മനുഷ്യരെ ഓര്‍മ്മപ്പെടുത്തി ഇനിമുതല്‍ നിന്റെ ജീവിതത്തിനു പരിപൂര്‍ണ്ണതയില്ല. അതേസമയം ആപ്പിള്‍ പൂങ്കുലകള്‍ കാറ്റിലാടികൊണ്ട് നമ്മളോട് കിന്നാരം പറയുന്നത് " പ്രേമത്തിന്റെ അരുണിമ നിന്റെ മ്രുദുലമായ കവിളുകളില്‍ ശോണിമ പരത്തുന്നുവോ? എന്നാണു്. "കൊള്ളാം, അങ്ങനെ തന്നെ'' എന്ന് ചുവന്ന റോസാദളങ്ങള്‍ മന്ത്രിക്കുമ്പോള്‍ ശ്വേതറോസാദളങ്ങള്‍ "അല്ല'' എന്ന നിഷേധാര്‍ത്ഥത്തെ വ്യ്ജ്ഞിപ്പിക്കുന്നു. മല്ലീശ്വരന്റെ പ്രിയങ്കരിയാണു് മാധവമാസം. ഭൂമിദേവി പുഷ്പിണിയായി കാമദേവനുത്സവമായി എന്നു് അനശ്വരനായ കവി വയലാര്‍ എഴുതുന്നു. സുന്ദരികളായ പഴയകാല മലയാളനടികളെകൊണ്ട് പെണ്ണിന്റേയും പ്രക്രുതിയുടേയും മാദകത്വം അഭ്രപാളികളില്‍ പകര്‍ത്തിയിരുന്നു അന്നത്തെ അതുല്യ സംവിധായകര്‍..

അനുരാഗസുരഭിലമായ ഒരു കഥയാണു സൂര്യകാന്തിപൂക്കള്‍ക്കുള്ളത്. പൂവ്വായി വിടരുന്നതിനു മുമ്പ് അത് ഒരു ജലദേവതയായിരുന്നുവെന്നും അല്ല പുരാതനനഗരമായ ബാബിലോണിലെ ഒരു രാജകുമാരിയായിരുന്നുവെന്നും അവള്‍ അപ്പോളോ ദേവനില്‍ അനുരക്തയായിരുന്നെന്നും വിശ്വസിക്കുന്നു. പ്രണയാരംഭത്തില്‍ അപ്പോളൊ ദേവന്‍ അവളുടെ സ്‌നേഹത്തെ സ്വീകരിച്ചെങ്കിലും പിന്നീട് മടുത്ത് പോയത്‌കൊണ്ടൊ എന്തോ ദേവന്‍ അവളെ ഗൗനിക്കാതെയായി. എന്നാല്‍ അവളാകട്ടെ അപ്പോളോ ദേവന്റെ തേരു പോകുന്ന വഴിയില്‍ കണ്ണും നട്ട് അതിന്റെ ദിശയക്കനുസരിച്ച് തന്റെ ആയതനേത്രങ്ങള്‍ കൊണ്ട് കടാക്ഷമാലകള്‍ അര്‍പ്പിച്ചിരുന്നു. അവസാനം ദേവനു അവളില്‍ അനുകമ്പ തോന്നി അവളെ ഒരു പൂവ്വാക്കി മാറ്റിയത്രെ. മലയാളത്തില്‍ ജി ശങ്കരക്കുറുപ്പ് സൂര്യകാന്തി എന്ന പേരില്‍ മനോഹരമായ ഒരു കവിത എഴുതീട്ടുണ്ട്. അനുരാഗത്തിന്റെ ആദ്യനാളുകളില്‍ ദേവന്‍ പൂവ്വിനോട് ചോദിക്കുന്നു. "മന്ദമന്ദമെന്‍ താഴും മുഗ്ദ്ധമാം മുഖം പൊക്കി സുന്ദര ദിവാകരന്‍ ചോദിച്ചു മധുരമായ്' വല്ലതും പറയുവാന്‍ ആഗ്രഹിക്കുന്നുണ്ടാവാമില്ലയോ, തെറ്റാണൂഹമെങ്കില്‍ ഞാന്‍ ചോദിച്ചീലാ...

ഷേയ്ക്‌സ്പിയറിന്റെ ഒരു കഥാനായകന്‍ ഇങ്ങനെ പറയുന്നു. ഓ, ഏപ്രില്‍ മാസത്തിന്റെ അസ്ഥിരമായ ശോഭക്ക് പ്രേമവസന്തവുമായി എന്തൊരു സാമ്യം. സൂര്യ കിരണങ്ങളുടെ എല്ലാ മനോഹരിതയോടും കൂടി ഒരു ദിവസം പ്രകാശിച്ച് നില്‍ക്കുമ്പോള്‍ അതാ അതിനെ ഒരു കരിമുകില്‍ വന്ന് മറയ്ക്കുന്നു. പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ പുരുഷന്മാര്‍ ഏപ്രില്‍ മാസം പോലെയും വിവാഹിതരാകുമ്പോള്‍ അവര്‍ ഡിസംബര്‍ മാസം പോലെയും പെരുമാറുന്നു എന്ന് ഷേയ്ക്‌സ്പിയര്‍ എഴുതീട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ വസന്തം വരുന്നത്‌കൊണ്ടൊ, അപ്പോള്‍ നില നില്‍ക്കുന്ന അസ്ഥിരമായ പ്രക്രുതിയുടെ സ്വഭാവ വിശേഷം കൊണ്ടോ, എന്തുകൊണ്ടാണു കവി അങ്ങനെ എഴുതിയത്. എന്തായാലും ഏപ്രില്‍ മാസം കവികളും സഹ്രുദയരും ഒരു പോലെ ഇഷ്ടപ്പെടുന്നു. വസന്തം വരുമ്പോള്‍ വിരിയുന്ന ഒരു പുവ്വാണു് കൗസ്ലിപ്‌സ്. അതിന്റെ തണ്ടിന്റെ ഉള്‍ഭാഗത്ത് താഴെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രം കാണുന്ന പുള്ളികള്‍ ഉണ്ട്. സിംബ്ലേന്‍ എന്ന നാടകത്തിലെ വില്ലന്‍ യാക്കിമോ ഉറങ്ങികിടന്നിരുന്ന ഇമോജെന്റെ മാര്‍വ്വിടങ്ങള്‍ക്ക് താഴെയുള്ള മറുക്പുള്ളികളെ, കൗസ്ലിപ്‌സ് പൂക്കളില്‍ കാണുന്ന പുള്ളികളോട് ഉപമിക്കുന്നുണ്ട്. ഒരു മദ്ധ്യവേനല്‍ രാക്കിനാവ് എന്ന് ഈ ലേഖകന്‍ തര്‍ജ്ജ്മ ചെയ്യുന്ന ഷേയ്ക്‌സ്ഫിയരുടെ നാടകത്തിലെ ഒരു മായാമോഹിനി കൗസ്ലിപ്‌സ് പൂക്കളെ വര്‍ണ്ണിക്കുന്നു. ഞാന്‍ കുന്നുകള്‍ക്കും, താഴ്‌വരകള്‍ക്കും മേല്‍ സഞ്ചരിക്കുന്നു, കുറ്റിക്കാടുകളിലൂടെ, മുള്‍ച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന സ്തലങ്ങളിലും, ചെടികളാല്‍ പരിധി നിര്‍ണ്ണയിച്ചിട്ടുള്ള , ഉദ്യാനങ്ങളിലും,വെള്ളത്തിലും, തീയ്യിലും എല്ലാം യഥേഷ്ടം സഞ്ചരിക്കുന്നു. ഞാന്‍ ഞങ്ങളുടെ രാജ്ഞിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. തുഷാരബിന്ദുക്കള്‍ പുല്‍തുമ്പുകള്‍ക്ക് മേലേയും, പൂക്കളിലും അണിയിച്ച് അവരെ സന്തോഷിപ്പിക്കുന്നു. കൗസ്ലിപ്‌സ് പൂക്കള്‍ രാജ്ഞിയുടെ അംഗരക്ഷകരാണു്. അതിന്റെ ഇതളുകളില്‍ കാണുന്ന പുള്ളികള്‍ രാജ്ഞിക്കുള്ള രത്‌നങ്ങളാണു്. അതില്‍ കാണുന്ന പുള്ളികള്‍, അതില്‍ നിന്നും മനം മയക്കുന്ന സുഗന്ധം വരുന്നു. ഞാന്‍ പോയി തുഷാരബിന്ദുക്കള്‍ ശേഖരിച്ച് പൂക്കളുടെ ചെവിയില്‍ ചാര്‍ത്തട്ടെ. കൗസ്ലിപ്‌സ് പൂക്കളിലെ മറുക് പുള്ളികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രം പ്രത്യക്ഷമാകുന്നവ യാണു്. എന്നാല്‍ കവി അതിനെ കാണുന്നു. ഏപ്രില്‍ തെളിക്കുന്ന ചാറ്റല്‍ മഴയില്‍ ഭൂമി കോരിത്തരിക്കയും മേയ് മാസങ്ങളില്‍ മനോഹരങ്ങളായ പൂക്കള്‍ വിടര്‍ത്തി സ്‌നേഹവതിയായ ഒരു സുന്ദരിയെപോലെ സുസ്മിതം തൂകി നില്‍ക്കയും ചെയ്യുന്നു. ഏപ്രില്‍ മാസത്തെ, മാസങ്ങളില്‍ നല്ല മാസമെന്ന് പറയാമോ?

പൂക്കളും കവിതയും ഒരു സഹ്രുദയനു ഒരു പോലെ അനുഭവപ്പെടാം. വസന്തകാലം ഭൂമിയ്ക്ക് ഒരു പുഷ്പ്പസദസ്സ് ഒരുക്കുകയും അവിടെ വൈവിദ്ധ്യമാര്‍ന്ന പൂക്കളെ അവതരിപ്പിക്കയും ചെയ്യുന്നു. കാറ്റിന്റെ താളത്തിനൊപ്പം ഒരു സുന്ദരിയെപ്പോലെ ന്രുത്തം വയ്ക്കുന്നു. പ്രക്രുതിയുടെ ഈ വിനോദപ്രദര്‍ശനം (്യന്റത്സ ദ്ധത്മന്റരൂപ ) കണ്ണ് എടുക്കാതെ നോക്കി നില്‍ക്കുമ്പോള്‍ എന്തനുഭൂതിയാണു്. കവികള്‍ എഴുതി വച്ചിട്ടുള്ള, വായിച്ചിട്ടുള്ള ഹ്രുദയാവര്‍ജ്ജകമായ വരികള്‍ ഓര്‍മ്മകളിലേക്ക് ഒരു മഴചാറ്റല്‍ പോലെ ഓടിയെത്തുന്നു. വൈലറ്റ് പൂക്കളുടെ മങ്ങിയ നിറത്തെ പറ്റി പറയുമ്പോള്‍ ഷേയ്ക്‌സ്ഫിയര്‍ റോമക്കാരുടെ സുന്ദരിയായ ദേവതയുടെ കണ്‍പോളകള്‍ പോലെയാണവ എന്ന് ഉല്‍പ്രേക്ഷിക്കുന്നു. കണ്‍പോള്‍കള്‍ക്ക് വൈലറ്റ് നിറവും കണ്‍പീലികള്‍ക്ക് കറുപ്പ് നിറവും കൊടുത്ത് നയനങ്ങളെ മോടിപിടിപ്പിച്ചിരുന്നു ഗ്രീക്കിലേയും ഏഷ്യയിലേയും നാരിജനങ്ങള്‍. ഒരു പൂവ്വിന്റെ നിറം കാണുമ്പോള്‍ കവിയുടെ ഹ്രുദയം ഭാവനയുടെ അലകള്‍ ഞൊറിയുന്ന ഭംഗി വായനകാരനെ ഒരു തരം ഉന്മാദ ലഹരി പകര്‍ന്ന് കൊടുക്കുന്നു. വളരെ പ്രേമാര്‍ദ്രരാകുമ്പോള്‍ പുരുഷന്മാര്‍ സ്‌നേഹഭാജനങ്ങളുടെ കണ്ണുകളില്‍ ചുംബിക്കാറൂണ്ടല്ലോ. ഒരു പക്ഷെ ആ ആചാരത്തിന്റെ ഓര്‍മ്മയില്‍നിന്നാകാം ഈ പ്രയോഗം. വീഞ്ഞ്കുടിച്ച ചുണ്ടുകള്‍ കൊണ്ട് പ്രിയമുള്ളവളെ ചുംബിക്കരുതെന്ന വിശ്വാസം കൊണ്ട് പുരുഷന്മാര്‍ പെണ്ണിന്റെ കണ്ണുകളില്‍ മുത്തമിട്ട് അവരെ ഓമനിച്ചിരിക്കാം. ഈ പൂക്കള്‍ക്ക് ചുവപ്പ് കലര്‍ന്ന നീല നിറം കിട്ടിയതിനു പിന്നില്‍ രണ്ട് കഥകള്‍ ഉണ്ട്. ഒന്ന് വീനസ്സ് തന്റെ പുത്രന്‍ ക്യുപ്പിഡിനോട് ചോദിച്ചു. ചെറുപ്പക്കാരികളായ പെണ്‍കൂട്ടികളേക്കാള്‍ ഞാനല്ലേ അതീവ സുന്ദരി. ക്യുപ്പിഡ് പറഞ്ഞു. അല്ല. അത്‌കേട്ട് കുപിതയായി വീനസ്സ് ആ പെണ്‍കുട്ടികളെ തല്ലിച്ചതച്ചു. അങ്ങനെ അവര്‍ വൈലറ്റ് നിറത്തിലുള്ള പൂക്കളായി. വൈലറ്റ് പൂക്കള്‍ ഒരിക്കല്‍ വെള്ള നിറത്തിലായിരുന്നത്രെ. വിനയാന്വിതയായ കന്യാമതാവ് തന്റെ മകന്‍ കുരിശ്ശില്‍ കിടന്ന് അനുഭവിക്കുന്ന ക്ലേശങ്ങള്‍ കണ്ട് മനപ്രയാസത്തോടെ വിഷമിച്ചപ്പോള്‍ അതിന്റെ പ്രതിദ്ധ്വനിപോലെ സകല വൈലറ്റ് പൂക്കളും വെള്ള നിറത്തില്‍ നിന്നും വൈലറ്റ് നിറം പ്രാപിച്ചു. ഇന്നും അനുാശോചന സൂചകമായി വൈലറ്റ് പൂക്കള്‍ ഉപയോഗിക്കുന്നു.

ഈ വര്‍ഷത്തെ ഏപ്രില്‍ കഴിഞ്ഞ്‌പോയി. എങ്കിലും ഇനിയും വിട്ട്‌പോകാത്ത ഏപ്രിലിന്റെ മനോഹാരിത നുകരുക. പ്രക്രുതിയും ഋതുക്കളും മനുഷ്യമനസ്സുകളെ എന്നും ആകര്‍ഷിച്ച്‌കൊണ്ടിരിക്കുന്നു. പ്രക്രുതിയെ എന്നും സ്‌നേഹിക്കുക. വേഡ്‌സ് വര്‍ഥ് ഒരു കവിതയില്‍ ഇങ്ങനെ എഴുതുന്നു. സ്‌നേഹിക്കുന്ന ഹ്രുദയങ്ങളെ പ്രക്രുതി ഒരിക്കലും വഞ്ചിച്ചിട്ടില്ല, അതവളുടെ വിശേഷപ്പെട്ട ഒരു ആനുകൂല്യം. പ്രക്രുതിസ്‌നേഹികളായ വായനകാര്‍ക്ക്, സാഹിത്യാസ്വാദകരായ വായനകാര്‍ക്ക് ഈ ലേഖനം സമര്‍പ്പിക്കുന്നു.

ശുഭം
Join WhatsApp News
Jyothi 2016-05-02 09:11:02

എവിടെയോ വായിച്ചിട്ടുണ്ട് 
"നൃത്തം ചെയ്യുന്ന ഗദ്യമാണ് കവിത" എന്ന്.
ഇവിടെ മധുരമുള്ള ഭാഷ നൃത്തം 
ചെയ്യുന്നു ..
മനോഹരം! 
 

വിദ്യാധരൻ 2016-05-02 10:34:41
ജ്യോതിയുടെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു 

"പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി 
പൂക്കുന്നു തേന്മാവു  പൂക്കുന്നശോകം 
വയ്കുന്നു വേലിക്ക് വർണ്ണങ്ങൾ പൂവാൽ 
ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ 

എല്ലാടവും പുഷ്പ ഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു 
ഉല്ലാസംമീ നീണ്ട കൂകരവത്താലാ-
ലെല്ലാർക്കുമേകുന്നതേ കോകിലങ്ങൾ"  -  എന്ന കുമാരനാശാന്റെ കവിത ഈ ലേഖനത്തോടു ചേർത്തു വച്ചു വായിക്കാം. ലേഖകന് അഭിനന്ദനം .
Mohan Parakovil 2016-05-02 12:00:18

മതവും , രാഷ്ട്രീയവും, ആധുനികതയും നമ്മെ
മുഷിപ്പിക്കുമ്പോൾ ഇങ്ങനെ ചില ഏപ്രിൽ
മഴകൾ ഒരു സുഖമാണ്~. എഴുത്തുകാരാ , നിങ്ങളുടെ തൂലികയിൽ നിന്നും ഇനിയും
വരട്ടെ പുതുമകൾ. എനിക്കും സുഹൃത്തുക്കൾക്കും
ഇംഗ്ലീഷ് ലിറ്റരേചർ ക്ലാസ്സിൽ ഇരുന്ന ഓർമ്മ. ഞങ്ങൾ വീണ്ടും പുസ്തകം തുറന്നു. ആരോ ഇ മലയാളിയിൽ എഴുതിയ പോലെ ഞങ്ങൾ റിട്ടയർ ചെയ്തവരല്ല  വായിക്കാൻ താൽപ്പര്യമുള്ളവർ .
ഇതാ പെർദീതയു ടെ സംഭാഷണം 

 Here's flowers for you;
Hot lavender, mints, savoury, marjoram;
The marigold, that goes to bed wi' the sun
And with him rises weeping: these are flowers
Of middle summer, and I think they are given
To men of middle age. You're very welcome.

വെങ്കി. 2016-05-02 18:01:04
“ഈ വര്‍ഷത്തെ ഏപ്രില്‍ കഴിഞ്ഞ്‌പോയി. എങ്കിലും ഇനിയും വിട്ട്‌പോകാത്ത ഏപ്രിലിന്റെ മനോഹാരിത നുകരുക. പ്രക്രുതിയും ഋതുക്കളും മനുഷ്യമനസ്സുകളെ എന്നും ആകര്‍ഷിച്ച്‌കൊണ്ടിരിക്കുന്നു.” സാഹിത്യകാരന്‍ ഏതു ദന്തഗോപുരവാസിയാണോ ? ഏപ്രിലിന്റെ മനോഹാരിത. മാങ്ങാത്തൊലി. കഴിഞ്ഞ മാസം ഇരുപതാം തീയതിയില്‍ അമേരിക്കയിലെ വിവ്ധ ഭാഘങ്ങളില്‍ ഉണ്ടായ പേമാരിയുടെ കണക്കു ഇപ്രകാരമാണ്. Arkansas: 4.48 inches; Kansas: 6.52 inches; Louisiana: 6.70 inches; Nebraska: 6.25 inches; Oklahoma: 7.87 inches; Texas: 10-20 inches. സാധാരണ മനുഷ്യന്റെ വികാരം മനസ്സിലാക്കാത്ത എന്ത് സാഹിത്യകാരന്‍? ദാന്ടഗോപുരത്തില്‍ നിന്നും എന്നാണാവോ താഴെക്കിറങ്ങുക? പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മനുസ്സുകള്‍ക്ക് വേണ്ടി. വെങ്കി.
Fire Back 2016-05-02 20:30:03
ഇത്രയും മഴ പെയ്തിട്ടും നീ അതിനകത്ത് ഒലിച്ചു പോകാതിരുന്നത് കഷ്ടമാണല്ലോട വെങ്കി.  വെങ്കി. പറ്റിയ പേര് . ഇവൻ സ്കെഡ്യുൾ കാസ്റ്റ് തന്നെ.  ഒരു നല്ല രചന കണ്ടിട്ട്, അതിലെ ഭാഷ കണ്ടിട്ട് ആസ്വദിക്കണമെങ്കിൽ കാർണോമാര് പഠിക്കാൻ വിടുമ്പോൾ പഠിക്കണം. അല്ലാതെ സർക്കാരു തരുന്ന അലവൻസ് വാങ്ങി തേരാ പാരാ നടന്നാൽ ഏപ്രിൽ എന്നോ ആ മാസത്തിന്റെ പ്രത്യേകത എന്തെന്നോ എങ്ങനെ അറിയാൻ കഴിയും. ഇവന്റെ മട്ടു കണ്ടിട്ട് ആരെങ്കിലും അടിച്ച് ഓടിച്ചിട്ടുള്ള സാഹിത്യകാരനാണെന്ന് സംശയം ഇല്ല. മിക്കവാറും കണ്ടിട്ട് വിദ്യാധരൻ എടിത്തിട്ടു ചവിട്ടിയിട്ടുള്ള വല്ലവനും ആയിരിക്കും. ചവിട്ടു കൊണ്ട് വെങ്കിടാചലം വെങ്കി ആയതായിരിക്കും ബാക്കി എന്തായാലും 'ചലം' ആയി പോയി കാണും.  സുധീര് ചേട്ടൻ എഴുതിക്കോ. ഇവന്റെ കാര്യം ഞങ്ങളേറ്റു. ഇവന്റെ പള്ളിളിപ്പ് കണ്ടിട്ട് 'മങ്കി' ആണെന്ന് തോന്നുന്നു.  ചുമ്മാ മരകൊമ്പ് പിടിച്ചു കുലുക്കി പേടിപ്പിക്കാൻ നോക്കാതട മങ്കി.  ഇനി ഒരു പക്ഷെ ഡോങ്കി ആയരിക്കും . ഇവന്റ് പുറത്തു ഇരുന്ന് ഒന്ന് യാത്ര ചെയ്യണം .  നല്ല സാഹിത്യകാരന്മാരെ കുറ്റം പറഞ്ഞാൽ നിന്റെ നടു ഒടിക്കുമട  ഡോങ്കി. നീ അവസാനം തൊങ്കി പോകണ്ടാതായിട്ടു വരും .
വെങ്കിടാചലം Sr. 2016-05-03 06:11:59
മോനെ വെങ്കി നീ ഓടിക്കോ.  അഭിപ്രായ തൊഴിലാളികൾ ഇളകീട്ടുണ്ട്.  എത്ര പറഞ്ഞാലും മനസിലാകില്ല . ഇടയ്ക്കിടയ്ക്ക് ഇതുപോലെ തൊഴി കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും.
prof;Nalini Chandran;Kochi 2016-05-08 07:47:47
ലേഖനത്തിന്റെ ആരംഭത്തിൽ പറഞ്ഞത് എന്താണെന്ന് വെങ്കി വായിച്ചുവോ.
ഏപ്രിൽ ക്രൂരമായ മാസമാണെന്ന് ടി.എസ എലിയറ്റ് പറഞ്ഞത് ഉദ്ദരിച്ചിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ് അതിന്റെ കെടുതികളിൽ ലോകം അമർന്നിരിക്കുമ്പോൾ പൂക്കളും, പൂമഴയുമായി വരുന്ന ഏപ്രിലിനെ ക്രൂരം എന്ന് ഒരു കവി പറഞ്ഞു. അതിനു മുമ്പുള്ള കവികൾ പറഞ്ഞതും എഴുതിയിട്ടുണ്ട്. ലേഖകന്റെ അഭിപ്രായവും എഴുതീട്ടുണ്ട്.  അമേരിക്കയിൽ വെള്ളപ്പൊക്കവും, മഞ്ഞു ഒലിപ്പും
ഉണ്ടാകും അത് കൊണ്ട് മഴയുടെ ഭംഗി, മഞ്ഞിന്റെ ഭംഗി കുറയുന്നില്ല. കവികൾ, എഴുത്തുകാർ അത് കാണുന്നു. അത് കൊണ്ട് അവർ ചുറ്റിലും
നടക്കുന്ന ദുരന്തങ്ങൾ കാണുന്നില്ലെന്ന് അർഥമില്ല. ഏതായാലും വെങ്കിക്ക്
ഒരു സഹൃദയ മനസ്സിനേക്കാൾ ഒരു രാഷ്ട്രീയക്കാരന്റെ മനസ്സാണെന്ന് തോന്നുന്നു. കലക്കവെള്ളത്തിൽ നിന്നും മീന പിടിക്കുക. രണ്ടു വായനകാർ ലേഖനത്തെ കുറിച്ച് നല്ലതെഴുതിയപ്പോൾ, അസൂയ പൂണ്ടിരിക്കുന്ന മറ്റ്
എഴുത്തുകാരുടെ വാത്സല്യം ഏറ്റുവാങ്ങാൻ ഒരു എളുപ്പ വഴി വെങ്കി ഉപയോഗിച്ചുവെന്നു മനസ്സിലാക്കുന്നു. എപ്പോഴും ഭൂരിപക്ഷത്തിനു വിജയം. നല്ലതെന്ന് എഴുതാൻ ആളുകൾ കുറയും.  .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക