Image

അമേരിക്ക(നോവല്‍-9) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 02 May, 2016
അമേരിക്ക(നോവല്‍-9) മണ്ണിക്കരോട്ട്
അമ്മിണിയും റോസിയും ലില്ലിക്കുട്ടിയും അപ്പാര്‍ട്ടുമെന്റ് അന്വേഷണം തുടങ്ങി. അത് മൗണ്ട് സെനായ് മെഡിക്കല്‍ സെന്ററിന് അടുത്തായിരിക്കണം.

ആശുപത്രിയുടേതായ അപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടെന്നവര്‍ മനസ്സിലാക്കി. മൗണ്ട് സെനായ് അപ്പാര്‍ട്ട്‌മെന്റ്‌സ്. അവിടത്തെ ജീവനക്കാര്‍ക്കു വേണ്ടി ഉള്ളതാണത്. 

തങ്ങള്‍ ജോലിക്കു ചെന്ന ഉടനെ അത് കിട്ടുമോ? കിട്ടാനുള്ള വഴികളെന്താണ്? ആരോടു ചോദിക്കും? ഏതായാലും അമ്മിണി അവരുടെ സൂപ്പര്‍വൈസറോട് സങ്കടങ്ങളെല്ലാം അറിയിച്ചു.

മദാമ്മയ്ക്ക് ദയവു തോന്നി. അവര്‍ അപ്പാര്‍ട്ടുമെന്റ് മാനേജരെ ടെലിഫോണില്‍ വിളിച്ചു. ഭാഗ്യമെന്നു പറയട്ടെ, ഒരു വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റ് ഒഴിവുണ്ട്. മദാമ്മയുടെ ശുപാര്‍ശകൊണ്ട് അത് അവര്‍ക്ക് കൊടുക്കാമെന്നായി.

അമ്മിണിയും റോസിയും ലില്ലിക്കുട്ടിയും സന്തോഷത്തില്‍ പുളകിതരായി.

വൈകീട്ട് അവര്‍ ഫര്‍ണിച്ചര്‍ നിരത്തിയിട്ടിരിക്കുന്നു. ഓരോന്നും കണ്ടിട്ട് എത്ര മനോഹരമായിരിക്കുന്നു. 

ഇങ്ങനെയുള്ളതൊക്കെ നാട്ടില്‍ സ്വപ്നത്തില്‍ പോലും കാണാന്‍ കിട്ടുകയില്ലെന്ന് അവര്‍ക്ക് തോന്നി.

വില നോക്കിയപ്പോഴാണ് അന്തം വിട്ടുപോയത്. എത്രമാസം പണി ചെയ്താല്‍ ഒരു വീട്ടിലേയ്ക്ക് വേണ്ട ഫര്‍ണിച്ചറൊക്കെ വാങ്ങിക്കാമെന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല. അത്രയും പണം നാട്ടിലെ രൂപയുമായി തട്ടിച്ചു നോക്കിയാല്‍....? അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഫര്‍ണിച്ചര്‍ ഷോപ്പിംഗ് അങ്ങനെ നില്‍ക്കട്ടെ.

നിലത്തിരുന്ന് ഭക്ഷണം കഴിക്കും. നിലത്തു കിടക്കും. എന്നാലും മാറുക തന്നെ. അവര്‍ നിശ്ചയിച്ചു.

അടുത്ത ദിവസം അവര്‍ അപ്പാര്‍ട്ടുമെന്റ് കാണാന്‍ പോയി. അറുപത്തഞ്ച് നിലകളില്‍ ഒരു കൂറ്റന്‍ ബില്‍ഡിംഗ്. അതില്‍ നാല്പത്താറാമത്തെ നിലയിലാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്ന യൂണിറ്റ്. 

മാനേജര്‍, അപ്പാര്‍ട്ടുമെന്റ് കാണിച്ചു കൊടുത്തു കൊടുത്തു. പോളിന്റെ ബ്രോണ്‍സ് വ്യൂ അപ്പാര്‍ട്ടുമെന്റിലും നല്ലത്.  അവിടെയാണെങ്കില്‍ എപ്പോഴും എട്ടും പത്തും പേരുവീതം. ഇവിടെ തങ്ങള്‍ മൂന്നുപേര്‍ മാത്രം. 

അവിടെ ലിവിങ് റൂമില്‍ ഒരു സോഫാ കിടക്കുന്നു. അവര്‍ അതില്‍ ആര്‍ത്തിയോടെ നോക്കി.
അപ്പോള്‍ മാനേജര്‍ അറിയിച്ചു.

ഇത് ഇതിനു മുന്‍പ് താമസിച്ചിരുന്നവര്‍ കളയാനിട്ടിട്ടു പോയതാണ്. ഇന്നു തന്നെ മാറ്റിയേക്കാം. പിന്നെ തങ്ങളുടെ ഫര്‍ണിച്ചര്‍ കൊണ്ടിടാം.

ദൈവമെ! ഇത് കളയാന്‍ പോകുന്നോ? നാട്ടില്‍ ഇത്രയും നല്ല ഒന്ന് കാണാന്‍പോലും കിട്ടുകയില്ല.
അത് കളയാതെ തങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍! ചോദിക്കാന്‍ മടി. ചോദിക്കുന്നത് ആക്ഷേപമാണോ എന്ന സംശയം.

എന്തായാലും അമ്മിണി വിവരം പറഞ്ഞു.

മാനേജര്‍ക്ക് സന്തോഷം. അത് എടുത്തു കളയുന്ന പണി ഒഴിവായി.

അയാള്‍ അവരുടെ അവസ്ഥ മനസ്സിലാക്കി. ഒരു ചെറിയ ഡൈനിംഗ് സെറ്റുകൂടി കൊണ്ടുകൊടുത്തു.

ഇതും സ്റ്റോറില്‍ കളയാനിട്ടിരുന്നതാണ്. ഇനിയും നിങ്ങള്‍ക്കുപയോഗിക്കാം. അമ്മിണിക്കും മറ്റുള്ളവര്‍ക്കും സന്തോഷമായി. മാനേജര്‍ തുടര്‍ന്നു. ഇന്നലെ ആയിരുന്നെങ്കില്‍ ബെഡ്ഡും തരാമായിരുന്നു. ഇന്നു രാവിലെ നാല് ബെഡ്ഡ് എടുത്തുകളഞ്ഞു സാരമില്ല. അന്വേഷിച്ചാല്‍ പലരുടെ പക്കലും പഴയതും കണ്ടേക്കും. അല്ലെങ്കില്‍ വളരെ കുറഞ്ഞ വിലയ്ക്ക് പഴയത് വില്‍ക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെ നിന്ന് വാങ്ങിക്കാം.

ഇന്നലെ ചെല്ലാത്തതില്‍ അവര്‍ക്ക് സന്താപം തോന്നി. 

മാനേജര്‍ വിശദീകരിച്ചു.

'... ... അമേരിക്കക്കാര്‍ സഞ്ചാരപ്രിയരാണ്. സാഹസികരാണ്. മിക്കവാറും എല്ലാ മൂന്ന് വര്‍ഷങ്ങളിലും അവര്‍ പട്ടണം മാറും. അപ്പോള്‍ പുതിയതും വളരെ നല്ലതുമായ സാധനങ്ങളെ കൂടെ കൊണ്ടുപോകൂ. അല്ലാത്തതൊക്കെ കളയും. അല്ലെങ്കില്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കും. അങ്ങനെയാണ് പഴയതൊക്കെ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്.

'അടുത്ത തിങ്കളാഴ്ച നിങ്ങള്‍ക്കു മാറാം. അപ്പോഴേക്കും എല്ലാം ക്ലീന്‍ ചെയ്തു ശരിയാക്കിയിട്ടേക്കാം.'
അടുത്ത ദിവസം അവര്‍ മദാമ്മയോട് അപ്പാര്‍ട്ട്‌മെന്റ് കിട്ടിയ വിവരം ഗാരേജില്‍ കളയാനിട്ടിരിക്കുന്നു. ഒരു ക്യൂന്‍ സൈസ് ബെഡ്ഡ്. 

നാട്ടിലെ രണ്ട് ഡബിള്‍ ബെഡ്ഡിന്റെ വലിപ്പമുണ്ട്. സായിപ്പിന്റെയും മദാമ്മയുടെയും സുഖസുഷുപ്തിക്ക്  അതു പോരായെന്ന് തോന്നി. അതിലും വലിയ കിംഗ് സൈസ് ബെഡ്ഡ് വാങ്ങി. 

പഴയ ബെഡ്ഡ് സായിപ്പുതന്നെ അവരുടെ അപ്പാര്‍ട്ടുമെന്റില്‍ കൊണ്ടിടാമെന്നേറ്റു.

ഇനി പോളിനെ വിവരം അറിയിക്കണം. അല്ലാതെ മാറാനൊക്കില്ല. എവിടെ പോയാലും അയാള്‍ കണ്ടുപിടിക്കും. ജോലി ചെയ്യുന്നിടത്ത് വന്ന് ആക്ഷേപിക്കും. അയാളോട് പറയുന്ന കാര്യം ഓര്‍ക്കും തോറും അവര്‍ക്കു ഭയം തോന്നി.

രണ്ടു മൂന്നു ദിവസം കൊണ്ട് ശക്തി സംഭരിച്ചു. ഞായറാഴ്ചയായി. നാളെയാണ് മാറേണ്ടത്. വൈകുന്നേരം റോസി പോളിനെ ടെലിഫോണില്‍ വിളിച്ചു.

വിവരം കേട്ടപ്പോള്‍ അയാള്‍ ഒരക്ഷരം പറഞ്ഞില്ല. ഫോണ്‍ താഴെ വച്ചു. ഒന്നും പറയാതിരുന്നപ്പോള്‍ അവര്‍ക്കു വീണ്ടും ഭയമായി. എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം...?

എന്തെങ്കിലുമാകട്ടെ. അവര്‍ സാധനങ്ങളെല്ലാം പെട്ടിയിലാക്കി. കൂടുതലൊന്നും കൊണ്ടുപോകാനില്ല. നാട്ടില്‍ നിന്ന് കൊണ്ടു വന്നിട്ടുള്ളതിനാല്‍ പലതും കളഞ്ഞു. ബാക്കി ഉള്ളത് രണ്ടു മൂന്നു യൂണിഫോമും. 
രാത്രി എട്ടുമണിയായി. അവിചാരിതമായി പോള്‍ അവിടെ പ്രത്യക്ഷമായി. അവരുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.

അയാള്‍ യാതൊന്നും പറയുന്നില്ല. എന്നാല്‍ അടുത്ത ദിവസത്തേതും ചേര്‍ത്തുള്ള ചെലവിന്റെ കണക്കു കൊടുത്തു. 

അവന്റെ ഒടുക്കത്തെ കണക്ക്.

അത് എത്ര മാസത്തിനകം കൊടുക്കണം. എങ്ങനെ കൊടുക്കണം. നിബന്ധനകളും പറഞ്ഞുകൊടുത്തു. 
അല്ലാതൊന്നും പറഞ്ഞില്ല.

ദൈവത്തിന് സ്‌ത്രോത്രം!

കണക്കിനോടൊപ്പം ഇന്‍ഷ്വറന്‍സ് കൊടുക്കാനും പോള്‍ മറന്നില്ല.

അതും എഴുതി തയ്യാറാക്കിക്കൊണ്ടാണ് വന്നിരിക്കുന്നത്. 

അവര്‍ പോകുന്നതുകൊണ്ട് അയാള്‍ക്ക് യാതൊരു കുറവും വരാനില്ല. അവിടെ പിന്നെയും ധാരാളം നേഴ്‌സുമാര്‍ വന്നിട്ടുണ്ട്. ഇനിയും വരാനിരിക്കുന്നു. ഇപ്പോള്‍ത്തന്നെ പലരും നിലത്തു ഷീറ്റു വിരിച്ചാണ് കിടക്കുന്നത്.

മോനിയേയും കൊണ്ട് പോള്‍ പോയി. അമ്മിണിയും റോസിയും ലില്ലിക്കുട്ടിയും അടുത്ത പ്രഭാതത്തിനായി കാത്തു കിടന്നു.

അവര്‍ അതിരാവിലെ എഴുന്നേറ്റു. അന്ന് വളരെ നേരത്തെ ജോലിക്കു തിരിച്ചു. കൂട്ടത്തില്‍ സാധനങ്ങളൊക്കെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവയ്ക്കണം.

പെട്ടികളും തൂക്കി സബ് വേയില്‍ കയറാന്‍ അവര്‍ വളരെ ബുദ്ധിമുട്ടി. അവ അപ്പാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ അതിലേറെ ബദ്ധപ്പെട്ടു.

അപ്പോഴേയ്ക്കും അവര്‍ നന്നേ വിയര്‍ത്തു. എങ്കിലും ആശ്വാസം തോന്നി. അല്പനേരം വിശ്രമിച്ചശേഷം അവര്‍ ജോലിക്കു പോയി.

അന്ന് വൈകീട്ട് അവര്‍ അടുത്തുള്ള ഷോപ്പിംഗ് സെന്ററില്‍ പോയി അത്യാവശ്യത്തിനുള്ള സാധനങ്ങളും പാത്രങ്ങളും വാങ്ങിച്ചു.

പുതിയ അപ്പാര്‍ട്ടുമെന്റില്‍ പാചകം തുടങ്ങി. നോബ് തിരിച്ചാല്‍ തനിയെ കത്തുന്ന ഗ്യാസടുപ്പ്. എന്തൊരു സൗകര്യം.

അത്താഴത്തിന് ചോറുണ്ടാക്കി. ചില്ലറ കറികള്‍ വച്ചു. ഒരു പുതിയ ജീവിതം തുടങ്ങുകയായി.

ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. എല്ലാവര്‍ക്കും ശമ്പളവും കിട്ടിക്കൊണ്ടിരുന്നു. ഡോളര്‍ ചെക്കാണ് കയ്യില്‍ കിട്ടുന്നത്. കണക്കു കൂട്ടി നോക്കി. ഡോളര്‍ ത രൂപ = ? എത്ര വലിയ സംഖ്യ.

ചിലരെങ്കിലും പറഞ്ഞു. ഇന്ത്യന്‍ പ്രസിഡന്റിന്റെ ശമ്പളമുണ്ട്. കൊള്ളാം. നമ്മളത്ര മോശക്കാരോ? 
പാവം നടിച്ചിരുന്നവരുടെ മുഖത്ത് ഗൗരവം. സംസാരത്തിലും പെരുമാറ്റത്തിലും നടത്തത്തില്‍ പോലും മാറ്റം . പലരുടെയും പെരുമാറ്റത്തിനും പൊടി അമേരിക്കന്‍ രീതി കണ്ടുതുടങ്ങി.

ഓരോരുത്തരും ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. അമേരിക്കയില്‍ കാറില്‍ ഇരുന്നുകൊണ്ടും ബാങ്ക് കാര്യങ്ങള്‍ നടത്താമെന്നവര്‍ മനസ്സിലാക്കി. (ങീീേൃ ആമിസ) പക്ഷെ, നമ്മുടെ നേഴ്‌സുമാര്‍ക്കു കാറില്ലാത്തതു കൊണ്ട് അത് കഴിഞ്ഞില്ല.

എല്ലാവര്‍ക്കും സ്വന്തം പേരും വിലാസവും അച്ചടിച്ച് പല നിറങ്ങളും പടങ്ങളും കൊണ്ട് അലങ്കരിച്ച ചെക്ക് ബുക്കും കിട്ടി. അമേരിക്കന്‍ ചെക്കുകള്‍ നാട്ടില്‍ കിട്ടിയപ്പോള്‍ അവരും ഗുണിക്കാന്‍ തുടങ്ങി.
വീട്ടുകാരും നിമിഷം കൊണ്ട് ആള് മാറുന്നു. 

ചേട്ടന്‍ മുതലാളിയാകുന്നു. ചേട്ടത്തി കൊച്ചമ്മയാകുന്നു. എവിടെ ചെന്നാലും ആരേ കണ്ടാലും അമേരിക്കന്‍ കാര്യങ്ങളേ പറയാനുള്ളൂ. ഭൂപടത്തില്‍പോലും അമേരിക്ക എവിടെയാണെന്നറിയാത്തവരാണ് അമേരിക്കന്‍ വിശേഷങ്ങള്‍ തട്ടി മൂളിക്കുന്നത്. എല്ലാം പോയി കണ്ടനുഭവിച്ച മട്ടുണ്ട്.

നാട്ടിലുള്ള ഭര്‍ത്താക്കളുണ്ടോ കുറയുന്നു. അവരും മേല്‍ക്കൂരവരെ ഉയര്‍ന്നു. ഉടനെ അമേരിക്കയില്‍ കടക്കുമെന്ന മധുരസ്വപ്നം.

**************************



അമേരിക്ക(നോവല്‍-9) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക