Image

കളക്ടറുടെ ഉത്തരവ് പാലിക്കാതെ അവധിക്കാല ക്ളാസ് നടത്തിയ സ്കൂള്‍ പൂട്ടി

Published on 02 May, 2016
 കളക്ടറുടെ ഉത്തരവ് പാലിക്കാതെ അവധിക്കാല ക്ളാസ് നടത്തിയ സ്കൂള്‍ പൂട്ടി
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ ഉത്തരവ് പാലിക്കാതെ അവധിക്കാല ക്ളാസ് നടത്തിയ ചിറയന്‍കീഴിലെ സ്വകാര്യ സ്കൂള്‍ ജില്ലാ ഭരണകൂടം പൂട്ടി. ചൂട് കനത്തതിനാല്‍ ഈ മാസം 20 വരെ അധ്യയനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വകവയ്ക്കാതെ അധ്യയനം നടത്തിയ ചിറയന്‍കീഴിലെ ഗോകുലം പബ്ളിക് സ്കൂളാണ് പൂട്ടിയത്. സ്കൂളിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ജില്ലാ ഭരണകൂടം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കുകയും ചെയ്തു. അതേസമയം വേനല്‍ കടുത്തതോടെ കോട്ടയം, കൊല്ലം, ഇടുക്കി കളക്ടര്‍മാരും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെയാണ് കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി. കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് മേയ് 20 വരെയാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. ഈ മാസം ഒന്‍പതു വരെയാണ് ഇടുക്കിയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക