Image

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ; നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി സമാനത

Published on 02 May, 2016
 പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ; നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി  സമാനത
പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്നു സൂചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷ (30) അതിക്രൂരമായി കൊല്ലപ്പെട്ടത്. 

സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മാതാവ് ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്െടത്തിയത്. കഴുത്തിലും മാറിലും തലയിലും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. അടിവയറില്‍ ഏറ്റ മര്‍ദനത്തില്‍ ആന്തരീകാവയവങ്ങള്‍ പുറത്തുവന്നിരുന്നതായി പോലീസ് പറഞ്ഞു. 

ഷാള്‍ ഉപയോഗിച്ച് മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നുതിനിടെയാണ് പരിക്കുകളുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിച്ചിട്ടില്ല. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയ്ക്കാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

കൂടാതെ ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എല്‍എല്‍ബി പരീക്ഷയില്‍ ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ വീണ്ടും എഴുതാനുള്ള ശ്രമത്തിനിടെയാണ് ജിഷ കൊല്ലപ്പെട്ടത്.

see report in Mathrubhumi

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷാമോള്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ കേരളം. 2012 ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി പെരുമ്പാവൂര്‍ സംഭവത്തിന് സമാനതകള്‍ ഏറെ. മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പ് കണ്ണില്ലാത്ത ക്രൂരതകള്‍ക്ക് പെണ്‍കുട്ടി ഇരയായതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 

'നിര്‍ഭയ' എന്ന പേരില്‍ അറിയപ്പെടുന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിയെ അക്രമികള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം ബസില്‍നിന്ന് വലിച്ച് പുറത്തേക്കെറിയുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പുകമ്പി കുത്തികയറ്റിയതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ കുടല് മുറിഞ്ഞു പോയിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ഇരുമ്പിന് സമാനമായ വസ്തു കുത്തികയറ്റിയതിനെ തുടര്‍ന്ന് കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു മൃതശരീരം കണ്ടെത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ജിഷ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് ജിഷ കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൊടും ക്രൂരത നടന്നിട്ടും സമീപവാസികള്‍ ആരും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 

ഒന്നില്‍ കൂടുതല്‍പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നില്‍നിന്ന് ഷാള്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് പിടിച്ച ശേഷമായിരുന്നു ബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പൊലീസിന്റെ ഒരു തിയറി. ബലാത്സംഗശ്രമം തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന കാര്യത്തില്‍ പോലീസിന് സംശയമില്ല. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജിഷയും കുടുംബവും സാമ്പത്തികമായി ഏറെ പിന്നില്‍നില്‍ക്കുന്ന കുടുംബമാണ്. വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ മോഷണശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. 

ഒരുമുറി മാത്രമാണ് ജിഷയുടെ വീടിനുണ്ടായിരുന്നത്. ഇവിടെ മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളുണ്ട്. വീടിനുള്ളിലെ സാധനങ്ങള്‍ എല്ലാം അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റിക പോലുള്ള വസ്തുകൊണ്ട് ജിഷയുടെ മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് മൂക്ക് അറ്റുപോയതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ജിഷയുടെ ജഡം കണ്ടെത്തുന്ന സമയത്ത് ശരീരത്തില്‍ ചുരിദാറിന്റെ ടോപ് മാത്രമാണ് വസ്ത്രമായി ഉണ്ടായിരുന്നത്. ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്നാണ് കൊലപാതകം എന്ന് ബോധ്യപ്പെട്ടിട്ടും ആദ്യദിവസങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നിസംഗ സമീപനമാണുണ്ടായത്. പിന്നീട് മാധ്യമങ്ങള്‍ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ മാത്രമാണ് പൊലീസ് നടപടികള്‍ക്ക് അനക്കം വെച്ചത്. 

അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പെരുമ്പാവൂരില്‍ നടന്ന സംഭവമായതിനാല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ നടക്കുന്നത് ഇവരെ ചുറ്റിപറ്റിയാണ്. കൊലപാതകത്തിന്റെ കാടത്തസ്വഭാവം, ജിഷയുടെ ശരീരത്തിന് ഏല്‍ക്കേണ്ടി വന്ന ക്രൂരതകള്‍ എന്നിവ കണക്കിലെടുത്താണ് പോലീസ് അന്വേഷണം ഈ ദിശയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. കൃത്യത്തില്‍ ഒന്നിലേറെ ആളുകള്‍ ഉണ്ടായിരുന്നതായും സൂചനകളുണ്ട്. മാനസികരോഗി നടത്തിയ കൊലപാതകം എന്ന രീതിയിലായിരുന്നു ആദ്യം ഊഹാപോഹങ്ങള്‍ പ്രചരിച്ചതെങ്കിലും ഇത്തരം വാദങ്ങളെ തള്ളിക്കളയുന്നതാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനങ്ങള്‍. ബലാത്സംഗം നടന്ന സ്ഥലത്ത് പുരുഷബീജത്തിന്റെ അംശങ്ങളുണ്ടോ എന്ന് അറിയാന്‍ വിദഗ്ധര്‍ പരിശോധന നടത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക