Image

ദൂരെ നിന്നെത്തേടി (കവിത:സി.ജി. പണിക്കര്‍ കുണ്ടറ)

Published on 28 April, 2016
ദൂരെ നിന്നെത്തേടി (കവിത:സി.ജി. പണിക്കര്‍ കുണ്ടറ)
ദൂരെ, നിന്നെത്തേടി, ഒരുനാള്‍, എന്‍ മിഴികള്‍ ഈ വഴിയില്‍
ചാരെ വന്നാല്‍ ഹാ എന്ത് രസം, ചേര്‍ത്തണയ്ക്കാന്‍ കൊതിച്ചെന്‍ ഹൃദയം
ചന്തമെന്ന വാക്കിനര്‍ത്ഥം, ചന്ദ്രമുഖീ, ചന്ദനമായ് നിന്നിലലിഞ്ഞു
നിന്റെ ചെഞ്ചുണ്ടിലെ പഞ്ചാരപുഞ്ചിരി, എന്‍ മനം കവര്‍ന്നു.

എന്നും ഈ പാടവരമ്പിലൂടെ നിന്നെയും തേടി നടന്നിരുന്നു.
എന്നെ കളിയാക്കി നെല്ലോലകള്‍, കണ്ടുവോ നിന്നുടെ കണ്‍മണിയെ?
ചിത്രശലഭങ്ങള്‍ എന്നെ നോക്കി ചിറകാല്‍ ചിത്രംവരച്ചെന്തോ ചൊല്ലിപ്പോയി
ചിറ്റിക്കുരുവികള്‍ എന്റെ ചുറ്റും പാറിപ്പറന്നെന്തോ പാടിപ്പോയി.

ചിത്രശലഭങ്ങളും ചിറ്റിക്കുരുവികളും പൂവും കായും തേടി
കുന്നിന്‍ചെരുവിലെ പൂമരച്ചില്ലയില്‍ തത്തിക്കളിച്ചീടവെ
കല്യാണമണ്ഡപം കണ്ടുചെന്നെത്തി, നിന്‍ കല്യാണസദ്യ അവര്‍ ഉണ്ടതാകാം.
പൂമരഛായയില്‍ മാരന്റെ മാറിലെ ചൂടില്‍ നീ മയങ്ങുന്നതും കണ്ടതാകാം.

ആര് നീ എന്നറിയാതെ ഞാനെന്‍ ആത്മാവില്‍ ആയിരംതിരിതെളിച്ചു
ആരും അറിയാതെ ഓരോ നിമിഷവും നീയെന്‍ മനസ്സില്‍ നിറഞ്ഞു നിന്നു
നിനക്കായി പാടാന്‍ മനസ്സില്‍ കുറിച്ചിട്ട പാട്ടിന്‍ വരികള്‍ മറന്നുപോയി
നീയെന്‍ ഓര്‍മ്മയില്‍ ഉണരാതെ ഇനിമേല്‍ മറവിതന്‍ മാറാപ്പില്‍ വീണു­റങ്ങൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക