Image

ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് നഴ്‌­സിംഗ് സ്­കൂളില്‍ നിന്ന് കാലവും ദേശവും മറികടന്ന സൗഹൃദം

Published on 28 April, 2016
ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ്  നഴ്‌­സിംഗ് സ്­കൂളില്‍ നിന്ന് കാലവും ദേശവും മറികടന്ന സൗഹൃദം
1968­-ല്‍ ഡല്‍ഹിയിലേക്ക് തീവണ്ടി കയറുമ്പോള്‍ ജീവിതം എവിടെയൊക്കെ എത്തുമെന്ന് ആ ഒമ്പതു പേരും കരുതിയിരിക്കില്ല. ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് പഠിക്കാന്‍ പോയ അവരില്‍ എട്ടുപേര്‍ അമേരിക്കയിലെത്തി. ആദ്യകാലത്തെ കഷ്ടപ്പാടുകളുടേയും പിന്നീട് ജീവിതം പൂവണിഞ്ഞതിന്റേയും ഓര്‍മ്മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും ഹൂസ്റ്റണില്‍ ഒത്തുചേര്‍ന്നു.

ഒത്തുകൂടലില്‍ ഏഴുപേരെത്തി. ഒരാള്‍ മകളുടെ അടുത്തു പോയതാണ്. 
എല്ലാ രണ്ടുവര്‍ഷംകൂടുമ്പോഴുള്ള സംഗമത്തിന്റെ പത്താം വാര്‍ഷികം ജേക്കബ് മാത്യുവിന്റേയും ഏലിയാമ്മ മാത്യുവിന്റേയും ഭവനത്തില്‍ വെച്ചായിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. ഏലിയാമ്മ മാത്യു & ഫാമിലി (ഹൂസ്റ്റണ്‍), അന്ന മുട്ടത്ത് & ഫാമിലി (ന്യൂയോര്‍ക്ക്), ആഗ്‌നസ് ഉമ്മന്‍ & ഫാമിലി (ഹൂസ്റ്റണ്‍), ബ്രിജിറ്റ് ജേക്കബ് & ഫാമിലി (ഫ്‌ളോറിഡ), മറിയാമ്മ കുഞ്ഞാപ്പു & ഫാമിലി (ഫിലാഡല്‍ഫിയ), മറിയാമ്മ തോമസ് & ഫാമിലി (ഡാളസ്), റേച്ചല്‍ മാത്യു & ഫാമലി (ന്യൂയോര്‍ക്ക്), മറിയക്കുട്ടി സ്കറിയ & ഫാമിലി (ന്യൂജേഴ്‌സി)- എത്തിയില്ല. 

ഡല്‍ഹി വന്‍ നഗരവും ഭാഷ അപരിചിതവുമായിരുന്നെങ്കിലും പഠനകാലം പൊതുവെ സന്തോഷകമായിരുന്നെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ എഴുപതുകളില്‍ അമേരിക്കയിലെത്തിയപ്പോള്‍ സ്ഥിതി അതല്ല. ലൈസന്‍സില്ലാതെ  ജോലി കിട്ടില്ല. സഹായിക്കാന്‍ ആരുമില്ല. ഇവിടെ 
ജോലിയൊന്നും കിട്ടാതെതന്നെ വിസ കിട്ടുന്ന കാലം. രണ്ടും മൂന്നുംപേര്‍ ഒരു മുറിയില്‍ താമസിക്കേണ്ടി വന്നു. ഫാക്ടറിയില്‍ ജോലിക്കു പോയവരുണ്ട്. നഴ്‌സസ് എയ്ഡും മറ്റുമായിട്ടായിരുന്നു പലരുടേയും തുടക്കം. ലൈസന്‍സ് കിട്ടി ജോലി ലഭിക്കുംവരെ ദുരിതം തുടര്‍ന്നു.

പക്ഷെ അക്കാലത്തെ പരസ്പരമുള്ള സഹായവും കരുതലുമാണ് മറക്കാനാവാത്തത്. അതു ഇപ്പോള്‍ നഴ്‌സിംഗ് രംഗത്തില്ലെന്നു പലരും ചൂണ്ടിക്കാട്ടി.

1972-ല്‍ എല്ലാവരും ഗ്രാജ്വേറ്റ് ചെയ്തു. വൈകാതെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രോഗ്രാം പ്രകാരം ന്യൂയോര്‍ക്ക് റോക്ക്‌ലാന്റിലുള്ള അന്ന മുട്ടത്തിനും പെന്‍സില്‍വേനിയയിലുള്ള മറിയാമ്മ ജോര്‍ജ് കുഞ്ഞാപ്പുവിനും ഡെന്മാര്‍ക്കില്‍ ജോലി കിട്ടി. അവിടെ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ആരുമില്ല. ഹോസ്പിറ്റലുകാര്‍ക്ക് ടെലിഗ്രാം കിട്ടിയില്ല. ഭാഷ അറിയില്ല. എങ്ങോട്ടു പോകണമെന്നറിയില്ല. ഭാഗ്യത്തിനു ഒരു പാക്കിസ്ഥാനിയെ കണ്ടെത്തി. അയാള്‍ പണവും കൊടുത്ത് ടാക്‌സി ഏര്‍പ്പാടാക്കി തന്നു. പേടിച്ചരണ്ട ആ സാഹചര്യത്തില്‍ അയാളുടെ ഫോണ്‍ നമ്പരോ വിവരവമോ പോലും ചോദിച്ചില്ലെന്നു മറിയാമ്മ കുഞ്ഞാപ്പു പറഞ്ഞു.

ഹോസ്പിറ്റലിലെത്തിയപ്പോള്‍ താമസിക്കാന്‍ മുറിയില്ല. സുഹൃത്തായ എലിസബത്ത് അവിടെയുണ്ടായിരുന്നു. അവര്‍ വന്നു കൂട്ടിക്കൊണ്ടുപോയി.

ഭാഷ പ്രശ്‌നമിയിരുന്നെങ്കിലും ജോലി സന്തോഷകരമായിരുന്നെന്ന് മറിയാമ്മ ഓര്‍ക്കുന്നു. ബസിലാണ് ജോലിക്കെത്തിക്കൊണ്ടിരുന്നത്. പിന്നീട് ആശുപത്രി താമസ സൗകര്യമൊരുക്കി.

രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം 1975-ല്‍ മറിയാമ്മയും അന്ന മുട്ടത്തും ന്യൂയോര്‍ക്കിലെത്തി. അന്നു ജോലി കിട്ടാതെ പലരും തിരിച്ചുപോകാന്‍ ആലോചിച്ചതാണ്.

മറിയാമ്മയ്ക്ക് പിന്നീട് ഫിലാഡല്‍ഫിയയില്‍ ജോലി കിട്ടി. ബസിലും ട്രെയിനിലും ഒരുപാടു നേരം യാത്ര. പിന്നെ നടക്കണം. അതായിരുന്നു സ്ഥിതി. പിന്നീട് ലൈസന്‍സ് ലഭിച്ചു. ഡിഗ്രി എടുത്തു. അതിനുശേഷം വിവാഹിതയായി. കൊച്ചുമക്കളുമായി. റിട്ടയര്‍ ചെയ്തു.

പഠനകാലത്ത് അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നെങ്കിലും അത് എല്ലാവര്‍ക്കും ഗുണകരമായി. അന്നത്തെ ക്ലാസ്‌മേറ്റ്‌സ് എല്ലാം സഹോദരിമാരായി- മറിയാമ്മ ചൂണ്ടിക്കാട്ടി.

ഡെന്മാര്‍ക്ക് വളരെ നല്ല രാജ്യമായിരുന്നെന്ന് അന്ന മുട്ടത്ത് ഓര്‍ക്കുന്നു. സൗഹൃദവും സുരക്ഷിതത്വവും നിറഞ്ഞ സ്ഥലം. കയ്യില്‍ പണമുണ്ടായിരുന്നതുകൊണ്ട് യൂറോപ്പിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു.

പക്ഷെ അമേരിക്കയിലെത്തിയപ്പോള്‍ സ്ഥിതി മാറി. നഴ്‌സിംഗ് അസിസ്റ്റന്റായി ലൈസന്‍സ് കിട്ടുംവരെ ജോലി. വിവാഹശേഷം ഇരു കുടുംബങ്ങളിലേയും അംഗങ്ങളെത്തി. രണ്ടു ജോലിയും കഷ്ടപ്പാടുകളും പിന്നെയും കുറെ കാലത്തേക്കു കൂടി തുടര്‍ന്നു.

അടുത്തയിടയ്ക്ക് ഭര്‍ത്താവ് മരിച്ചു. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു. കാലം ഇത്ര പെട്ടെന്ന് കടന്നുപോയോ എന്ന് അതിശയത്തോടെ ഓര്‍ക്കും. കുടുംബാംഗങ്ങളെല്ലാം തന്നെ ഇവിടെയായതിനാല്‍ നാട്ടിലേക്ക് ഒരു തിരിച്ചുപോക്കില്ല- അന്ന മുട്ടത്ത് പറയുന്നു.

അക്കാലത്തെ നഴ്‌സിംഗും ഇപ്പോഴത്തെ നഴ്‌സിംഗ് രംഗവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്- അന്ന മുട്ടത്ത് ചൂണ്ടിക്കാട്ടുന്നു. അന്ന് അതു വനിതകളുടെ മാത്രം ജോലിയായിരുന്നു. ഇപ്പോള്‍ പുരുഷന്മാരും കൂടുതലായി നേഴ്‌സിംഗ് രംഗത്തു വരുന്നുണ്ട്. പണ്ട് നഴ്‌സുമാര്‍ പരിചരണവും സാന്ത്വനവുമായി വ്യക്തിപരമായ സമീപനമാണ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് യന്ത്രങ്ങളുടെ സഹായത്താലായി. മാനുഷികതയുടെ സ്ഥാനം യാന്ത്രികത അപഹരിച്ചു. പക്ഷെ നഴ്‌സുമാര്‍ക്ക് ഇന്ന് കൂടുതല്‍ ഉയര്‍ച്ചയ്ക്കുള്ള അവസരങ്ങളുണ്ട്. എന്തായാലും നഴ്‌സിംഗ് രംഗം എപ്പോഴും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കും- അവര്‍ ചൂണ്ടിക്കാട്ടി. 
തന്നെ പോലെ സംതൃപ്തമായ നഴ്‌സിംഗ് ജീവിതം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നവര്‍ ആശംസിച്ചു.

ഹൂസ്റ്റണിലുള്ള ആഗ്‌നസ് ഉമ്മന്‍ 1974-ല്‍ ആണ് അമേരിക്കയിലെത്തിയത്. സെന്റ് സ്റ്റീഫനിലെ ജീവിതം പൊതുവില്‍ സന്തോഷകരമായിരുന്നെന്ന് ആഗ്‌നസ് ഓര്‍ക്കുന്നു. ചീട്ടുകളിയായിരുന്നു വിനോദം. അന്ന് പ്രഭാത ഭക്ഷണത്തിന് ഒരു  
പൊറോട്ടയായിരുന്നു നല്കിയിരുന്നത്. കിച്ചണ് അടുത്തായിരുന്നു അഗ്‌നസിന്റേയും കൂട്ടുകാരിയുടേയും മുറി. ബ്രേക്ക് ഫാസ്റ്റ് കാര്‍ട്ട് അതിനു മുന്നിലൂടെ കൊണ്ടുപോകുമ്പോള്‍ ഇരുവരും രഹസ്യമായി പൊറോട്ട എടുക്കും! ഈ "മോഷണം' ബഹുരസമായിരുന്നു. 

ആദ്യകാലത്തെ കഷ്ടപ്പാടുകള്‍ ആഗ്‌നസും ചൂണ്ടിക്കാട്ടി. ജോലി തേടിയുള്ള അലച്ചില്‍, യാത്രയ്ക്കുള്ള അസൗകര്യം തുടങ്ങിയവ. പിന്നീട് ലൈസന്‍സ് കിട്ടി ജോലിയിലായതോടെ ജീവിതം വഴിമാറി. എന്തുകൊണ്ടും ഇന്ത്യയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് അമേരിക്കയില്‍ ജീവിക്കുന്നതുതന്നെ.

നഴ്‌സിംഗ് രംഗത്തു പഴയതുപോലുള്ള സഹായ സഹകരണങ്ങള്‍ ഇന്നില്ല. അതുപോലെ "സ്‌ട്രെസ്' കൂടുകയും ചെയ്തു. കംപ്യൂട്ടര്‍ ഇന്ന് പ്രധാന്യം നേടി. പക്ഷെ കംപ്യൂട്ടര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചെയ്തതെല്ലാം വെള്ളത്തിലാകും.

യാത്ര ചെയ്യണമെന്നും നാട്ടില്‍ കുറച്ചുകാലം ബന്ധുക്കള്‍ക്കൊപ്പം കഴിയണമെന്നും സുവിശേഷ പ്രവര്‍ത്തനം നടത്തണമെന്നുമൊക്കെ മോഹം- ആഗ്‌നസ് പറയുന്നു.

സെന്റ് സ്റ്റീഫനിലെ ക്രിസ്മസ് കാലം മറക്കാനാവാത്തതാണെന്നു ഹൂസ്റ്റണിലുള്ള ഏലിയാമ്മ മാത്യു. യൂണിഫോമിട്ട് മെഴുകുതിരികളും പിടിച്ച് വാര്‍ഡുകളില്‍ പോയി കരോള്‍ ഗാനങ്ങള്‍ ആലപിക്കും. ഹോസ്പിറ്റല്‍ തന്ന ക്രിസ്മസ് സമ്മാനവും സന്തോഷം പകര്‍ന്നു.

ബ്രോക്കണ്‍ ഹിന്ദിയും ഇംഗ്ലീഷും അന്ന് വിഷമതകളുണ്ടാക്കാതിരുന്നില്ല. അമേരിക്കയെത്തിയപ്പോഴാകട്ടെ പ്രശ്‌നങ്ങള്‍. ജോലിയില്ല. യാത്രാപ്രശ്‌നം. വളരെ ദുഖകരമായ സ്ഥിതി.

എട്ടുപേരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോഴും ജോലി ചെയ്യുന്നത്. തങ്ങള്‍ തമ്മിലുള്ള ബന്ധം ഒരിക്കലും അറ്റുപോകുകയുണ്ടായില്ലെന്ന് ന്യൂയോര്‍ക്ക് റോക്ക്‌ലാന്റിലുള്ള റേച്ചല്‍ മാത്യുവും അനുസ്മരിക്കുന്നു.

ഇന്നിപ്പോള്‍ നമുക്കു സുഖസൗകര്യങ്ങളായി. പുതുതായി വരുന്നവര്‍ പലരും നേരേ വീടുകളിലേക്കാണ് വരുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകപോലും ചെയ്യേണ്ടിവരുന്നില്ല. പക്ഷെ ആദ്യകാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല സ്ഥിതി എന്നു എത്രപേര്‍ ഓര്‍ക്കും- അന്ന മുട്ടത്ത് ചോദിക്കുന്നു.
ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ്  നഴ്‌­സിംഗ് സ്­കൂളില്‍ നിന്ന് കാലവും ദേശവും മറികടന്ന സൗഹൃദം
ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ്  നഴ്‌­സിംഗ് സ്­കൂളില്‍ നിന്ന് കാലവും ദേശവും മറികടന്ന സൗഹൃദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക