Image

ഒരു നേഴ്‌സിന്റെ കരളലിയിക്കുന്ന ജീവിതകഥ! (ലേഖനം)തോമസ് ഫിലിപ്പ് റാന്നി

തോമസ് ഫിലിപ്പ് , റാന്നി Published on 28 April, 2016
ഒരു നേഴ്‌സിന്റെ കരളലിയിക്കുന്ന ജീവിതകഥ! (ലേഖനം)തോമസ് ഫിലിപ്പ് റാന്നി
ഒരു നേഴ്‌സിന്റെ കരളലിയിക്കുന്ന ജീവിതകഥ! (ലേഖനം)തോമസ് ഫിലിപ്പ് റാന്നി
കര്‍ണ്ണാടകയിലെ ഷിമോഗ ഹാല്‍ദിപ്പൂര്‍ ഗ്രാമത്തില്‍ നിന്നും അരുണ ഷാന്‍ബാഗ് എന്ന യുവതി 1966-ല്‍ ബോംബെയിലെ കെ.ഇ.എം.ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. 1973 ഡിസംബറില്‍ ആ ഹോസ്പിറ്റലിലെ തന്നെ ഒരു ഡോക്ടറുമായി അവളുടെ 1973 നവംബര്‍ 27 വൈകീട്ട് 4.50 ന് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിലെ താഴെയുള്ള ഒരു മുറിയില്‍ യൂണിഫോം മാറ്റുമ്പോള്‍ ആ മുറിയില്‍ പാത്തിരുന്ന സോഹന്‍ലാല്‍ അവളുടെ മേല്‍ ചാടി വീണു. അതിക്രൂരമായി അവളെ മാനഭംഗപ്പെടുത്തിയിട്ട് അവന്‍ ഇരുളില്‍ ഓടി മറഞ്ഞു.

താലി കെട്ടേണ്ട അവളുടെ സുന്ദരമായ കഴുത്തില്‍ ആ മനുഷ്യപ്പിശാച് നായ്ത്തുടലിട്ടു മുറുക്കി. തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ മുറിഞ്ഞ് ഓക്‌സിജന്‍ കിട്ടാതെ അവളുടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നുപോയി. കാഴ്ചശക്തിയും സംസാരശേഷിയും നിലച്ചു. പിറ്റേദിവസം രാവിലെ 8.30 ന് ചങ്ങലയാല്‍ കഴുത്ത് കുരുങ്ങി രക്തത്തില്‍ കുളിച്ചു കിടന്ന അരുണയെ സഹപ്രവര്‍ത്തകര്‍ കണ്ടെത്തി.

ഇതിവിടെ ചുരുക്കാം. കേവലം 25 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന യൗവ്വനയുക്തയായ ഒരു യുവതിയുടെ ജീവിതം അങ്ങനെ എന്നെത്തേക്കുമായി പിച്ചിച്ചീന്തപ്പെട്ട ഈ ദൃശമായി കുരുന്നിലേ കൊല ചെയ്യപ്പെട്ടിട്ടുള്ള എത്രയോ അസംഖ്യം ജീവിതങ്ങള്‍ നമ്മുടെ ധര്‍മ്മരാജ്യത്തിലുണ്ടെന്നോ? മൃതിയേക്കാള്‍ ഭയാനകമാണെന്നോ ജിവിച്ചിരിക്കുന്നത്? ബലാല്‍ക്കാരത്തില്‍ അരുണ മരിച്ചില്ല. സുദീര്‍ഘമായ 42 വര്‍ഷത്തോളം വെറുമൊരു ജീവച്ഛവമായി കഴിഞ്ഞ അവളുടെ കദനകഥ മനസ്സാക്ഷിയുളള ഏത് മനുഷ്യനെയാണ് വേദനിപ്പിക്കാതിരിക്കുന്നത്? ഒരേ കിടപ്പ് കിടന്നും ജീവന്‍ ക്ഷയിച്ചും അവളുടെ സുസ്‌മേരവദനവും കൈകളും കോടിയും 2015 മെയ് 18 തിങ്കളാഴ്ച രാവിലെ 8.30 ന് (ഞാന്‍ അന്ന് നാട്ടിലുണ്ട്) അവള്‍ അന്ത്യശ്വാസം വലിച്ചു. ആരാണ് ഈ അരുണ? നമ്മുടെ ആരുമല്ലല്ലോ. അതുകൊണ്ട് ആര്‍ക്ക് എന്തു ദുഃഖം? മരിച്ചത്  താന്‍ അല്ലല്ലോ! അല്ലേ?

അരുണയെ അതിനീചമായി ബലാല്‍ക്കാരം ചെയ്ത ആ ദുഷ്ടന് ബോംബെ കോടതി വിധിച്ച ശിക്ഷയോ വെറും 7 വര്‍ഷവും! ഇന്ത്യയില്‍ ബലാല്‍ക്കാരം പെരുകുന്നതിന് കാരണം ഇതിന് ഇത്രയ്ക്കിത്രയേ ശിക്ഷ ഉള്ളൂ എന്ന് ആളുകള്‍ മനസ്സിലാക്കുന്നതുകൊണ്ടുമാണ്. ഒരു കൊച്ചു കുട്ടിയെ ബലാല്‍ക്കാരം ചെയ്ത ഒരമേരിക്കക്കാരന് അമേരിക്കന്‍ കോടതി ഈ അടുത്ത സമയത്ത് നല്‍കിയ ശിക്ഷ 200 വര്‍ഷത്തെ തടവെന്ന് ഞാന്‍ പേപ്പറില്‍ വായിക്കുകയുണ്ടായി. ഈ രാജ്യത്തിന്റെ മഹത്വം വിട്ടുവീഴ്ചയില്ലാത്ത നീതിന്യായ നിയമപാലനങ്ങളാകുന്നു. മന്ത്രിമാരോ രാഷ്ട്രീയ നേതാക്ക•ാരോ സമൂഹത്തിലെ ഉന്നത•ാരോ ആണ് പ്രതിയെങ്കില്‍ ബലാല്‍ക്കാരങ്ങള്‍ക്കും എത്ര വലിയ അഴിമതികള്‍ക്കും അവര്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെടുകയില്ല! ജയലളിത ശിക്ഷിക്കപ്പെട്ടിട്ട് എന്തുണ്ടായി? 

തന്റെ വിവാഹ ഒരുക്കങ്ങള്‍ക്കു വേണ്ടി ജോലി കഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന സൗമ്യ എന്ന സാധു യുവതിയെ ബലാല്‍ക്കാരം ചെയ്ത് കൊന്ന തമിഴനും കഠിന ശിക്ഷയൊന്നും വിധിക്കപ്പെടാതെ കേരളത്തിലെ ഒരു ജയിലില്‍ സസുഖം വാഴുന്നെന്ന് അറിയുന്നു.
സ്ത്രീകള്‍ക്ക് പകല്‍പ്പോലും സുരക്ഷിതത്വം ഇല്ലാത്ത നാടാണ് ഇന്ന് കേരളം. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധമാര്‍ വരെ അവിടെ ബലാല്‍ക്കാരം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നും ലഹരിയില്‍ രമിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം മലയാളികള്‍ക്കും മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിക്കാതെ അവര്‍ക്ക് ഉറക്കം കിട്ടുകയില്ല. ഈ അടുത്ത സമയത്തിനായി 9 പേരെ തലയ്ക്കടിച്ചു കൊന്ന എറണാകുളം തേവര മമ്മാഞ്ഞി മുക്ക് കിണറ്റിങ്കല്‍ കുഞ്ഞുമോന്‍ എന്ന പൊന്നുമോന്‍ ചോദ്യം ചെയ്യലിനിടയില്‍ പോലീസിനോട് പറഞ്ഞത് കൊല ചെയ്യാതെയും ചോര കയ്യില്‍ പുരളാതെയും എനിക്ക് രാത്രി കിടന്നുറങ്ങാന്‍ പറ്റുകയില്ല സാറേ എന്നായിരുന്നു. ഇതുപോലുള്ള പൊന്നുമോന്‍ മാര്‍ക്കും പൊന്നുമോള്‍മാര്‍ക്കും സുഖിച്ചു വിലസാന്‍ കേരളം പോലെ കൊള്ളാവുന്ന മറ്റൊരു പറുദീസ്സായും ലോകത്തില്‍ ഇല്ലല്ലോ!

കേരളത്തില്‍ അഭൂതപൂര്‍വ്വമായി പെരുകിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും ആരും കൊലകള്‍ക്കും അധര്‍മ്മങ്ങള്‍ക്കും എതിരായിട്ട് ഒരു ശബ്ദമോ ആത്മരോഷമോ ജനങ്ങളുടെ ശക്തമായ ഒരു പ്രതിഷേധ പ്രകടനമോ അഭ്യസ്തവിദ്യരുടെ നാടായ കേരളത്തില്‍ നിന്നും ഒരിക്കലും ഉണ്ടായികാണാത്തതില്‍ ഞാന്‍ അതിശയിക്കുന്നു! കേരളത്തിലെ സാംസ്‌കാരിക ആത്മീയ മണ്ഡലങ്ങളില്‍ നിന്നുപോലും പ്രതികരണങ്ങള്‍ ഉണ്ടാകാറില്ലല്ലോ!

മുന്‍പ്  ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കൂട്ടബലാല്‍ക്കാരത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയ്ക്കുവേണ്ടി ഡല്‍ഹിയെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ച് ആഞ്ഞടിച്ച പ്രതിഷേധ കൊടുങ്കാറ്റിന്റെ പിന്നിലെ നോര്‍ത്തിന്ത്യാക്കാരുടെ ആത്മരോഷം, എന്തെല്ലാം സംഭവിച്ചാലും നാട്ടില്‍ ജീവിക്കുന്ന മലയാളികളില്‍ നിന്നും എന്നെങികിലും ഉണ്ടാകുമോ? കേരളത്തിന്റെ ഇന്നത്തെ ആവശ്യം നിസ്വാര്‍ത്ഥ ഹൃദയരായി ജനസേവനം ചെയ്യുവാന്‍ സല്‍മനസ്സും ധര്‍മ്മബോധവുമുള്ള നേതാക്ക•ാരെയാകുന്നു. ശ്രീ.കെ.പി.കേശവമേനോന്‍, മാമ്മന്‍മാപ്പിള, ചാവറയച്ചന്‍, മന്നത്തു പത്മനാഭന്‍, യൂഹാനോന്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്താ, ഏ.കെ.ഗോപാലന്‍, എം.പി.മന്മഥന്‍, മുതലായ ധര്‍മ്മിഷ്ഠരും മനുഷ്യ സ്‌നേഹികളുമായ സാമൂഹിക നേതാക്കന്മര്‍ ഒരിക്കല്‍ കേരളത്തിനുണ്ടായിരുന്നു. അങ്ങനെയുള്ള എത്ര സുകൃതാത്മാക്കള്‍ കേരളത്തിന് ഇന്നുണ്ട്? 

ബോംബെ, കെ.ഇ.എം ഹോസ്പിറ്റലില്‍ മനുഷ്യനെ സേവിച്ച് മരിച്ച അരുണയുടെ കഥയാണ് പറഞ്ഞോണ്ടു വന്നത്. ഇന്ത്യയിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളെ ആഴമായി സ്പര്‍ശിച്ച ഒരു മഹാദുരന്തമായിരുന്നു അരുണയുടേത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വര്‍ത്തമാനപ്പത്രങ്ങളെല്ലാം അവളുടെ ദാരുണാന്ത്യം ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കയുണ്ടായി. മനോരമ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പല പത്രങ്ങളും അരുണയെപ്പറ്റി മുഖപ്രസംഗങ്ങള്‍ വരെ എഴുതി. ഓര്‍ക്കുക, 25-ാം  വയസ്സുമുതല്‍ 67-ാം വയസ്സു വരെ 42 ഓളം വര്‍ഷം, തിന്നാതെ, കുടിക്കാതെ, കുളിക്കാതെ, മിണ്ടാതെ, സ്വന്തക്കാരെപ്പോലും കാണാതെ, ലോകം അറിയാതെ വെറുമൊരു ശ്വാസമായി അവള്‍ ഒരേ കിടപ്പില്‍ ജീവിച്ചു! അരുണാ ഷാന്‍ ബാഗ് എന്ന ഈ കര്‍ണ്ണാടകക്കാരി നേഴ്‌സിന്റെ കരള്‍ അലിയിക്കുന്ന ദാരുണ കഥ, മാധ്യമപ്രവര്‍ത്തകയായ പിങ്കി വിരാനി 'അരുണാസ് സ്റ്റോറി' എന്ന ഹൃദയസ്പര്‍ശിയായ പുസ്തകത്തിലൂടെ ലോകത്തോട് പറയുന്നു.

(മനോരമയോട് കടപ്പാട്)


ഒരു നേഴ്‌സിന്റെ കരളലിയിക്കുന്ന ജീവിതകഥ! (ലേഖനം)തോമസ് ഫിലിപ്പ് റാന്നി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക