Image

വിശപ്പ് (കവിത : തൊടുപുഴ കെ. ശങ്കര്‍)

തൊടുപുഴ കെ. ശങ്കര്‍ Published on 25 April, 2016
വിശപ്പ് (കവിത : തൊടുപുഴ കെ. ശങ്കര്‍)
വിശ്വത്തില്‍ ജന്മംനേടും ജീവജാലങ്ങള്‍ക്കെല്ലാം
വിശപ്പും കൂടെപ്പിറപ്പെന്നതു നിജമല്ലോ!
വിശക്കാനുടയവന്‍ വയറും ഘടിപ്പിച്ചു
വിയര്‍പ്പുചിന്തിയപ്പം നേടാനുപദേശിച്ചു!

ഭക്ഷണത്തിനായ് വയറോര്‍മ്മിപ്പിച്ചിടും നേരം.
ഭക്ഷണം സമ്പാദിപ്പാന്‍ വേലചെയ്യുന്നു നമ്മള്‍!
വയറ്റില്‍, ശരീരത്തില്‍, അതുപോല്‍ പ്രധാനമാം
മനസ്സില്‍ വിശപ്പെന്നുമൂന്നല്ലോ വിശപ്പുകള്‍!

വയറ്റിന്‍ വിശപ്പാറ്റാന്‍ വേലചെയ്യണമല്ലോ
വയസ്സില്‍ വ്യത്യാസമേ നോക്കാനുമാവില്ലല്ലോ!
ഉടലിന്‍ വിശപ്പാറ്റാനല്ലയോ മൃഗീയമായ്
ഉലകില്‍ നടക്കുമീയക്രമം സകലതും?

മനസ്സിന്‍ വിശപ്പാറ്റാന്‍ വിജ്ഞാനമതിമുഖ്യ
മതിനാലാത്മീയവും തത്വചിന്തയും ലഭ്യം!
ദേഹത്തിനതിപ്രിയംഭൗതികസുഖമെങ്കില്‍
ദേഹിയ ഹിതമെന്നും വൈരാഗ്യം ജിതേന്ദ്രിയം!

വിശപ്പ് (കവിത : തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക