Image

തൃശ്ശൂരിന്റെ ഓര്‍മകളില്‍, പൂരത്തിന്റെയും (അടി കൊണ്ടതിന്റെയും) സാം നിലമ്പള്ളില്‍.

Published on 24 April, 2016
തൃശ്ശൂരിന്റെ ഓര്‍മകളില്‍, പൂരത്തിന്റെയും (അടി കൊണ്ടതിന്റെയും) സാം നിലമ്പള്ളില്‍.
തൃശ്ശൂര്‍ പൂരത്തെപ്പറ്റി ഡോക്ട്ടര്‍ കുഞ്ഞാപ്പുവിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെചിന്തകള്‍ ഏകദേശം അന്‍പത് വര്‍ഷങ്ങള്‍ പിന്നോട്ടുപോയി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ ഞാന്‍ ബി.എക്ക് പഠിച്ച മൂന്ന് വര്‍ഷങ്ങളില്‍ തൃശ്ശൂര്‍പൂരം കാണാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. പൂരത്തിന്റെ ഓര്‍മ്മകളില്‍ ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നത് ഒരുപ്രാവശ്യം അടിയുണ്ടാക്കിയതാണ്. 

അന്ന് കമ്പക്കെട്ടുകാണാന്‍ ഞാനും സുഹൃത്തുക്കളായ മുഹമ്മദാലിയും ശശിധരനുംകൂടിയാണ് പോയത്. മുഹമ്മദാലിയേയും ശശിധരനെപ്പറ്റിയും പിന്നീട് പറയാം. കമ്പക്കെട്ട് തുടങ്ങാറായപ്പോള്‍ ഞങ്ങള്‍ മൂന്നുപേരുംകൂടി കറണ്ട്ബുക്ക്‌സിന്റെ സമീപത്തുള്ള ഒരു കടയുടെ മുന്‍പില്‍ സ്ഥലംപിടിച്ചു. അവിടെ ഒരു ബഞ്ചിട്ട് അതിനുമുകളില്‍ രണ്ടുമൂന്നുപേര്‍ നില്‍പുണ്ടായിരുന്നു. ഇനി കിലുക്കം സിനിമയിലെ രേവതിയുടെ ഭാഷയില്‍ വര്‍ണ്ണിക്കാം. ബഞ്ചില്‍ അല്‍പസ്ഥലം ബാക്കിയുണ്ടായിരുന്നതിനാല്‍ ഞാനും അതിനുമുകളില്‍ കയറിനിന്നു.. അപ്പോള്‍ ഒരുത്തന്‍ എന്നോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു. അയാളുടെ കൂട്ടുകാരനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു. കൂട്ടുകാരന്‍ വന്നിട്ട് താഴെയിറങ്ങാമെന്ന് ഞാന്‍. 

 അന്നേരം അവനെന്നെ പിടിച്ചുതള്ളി. ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്കായതുകൊണ്ട് ഞാന്‍ നിലംപതിച്ചില്ല. ഞാന്‍ വേറെയൊന്നും ചെയ്തില്ല. എഴുന്നേറ്റുവന്ന് അവന്റെ കരണത്തൊന്ന് പൂശി. എന്നെ തല്ലാന്‍ ഓങ്ങിയ അവന്റെ കൈ ഞാന്‍തടഞ്ഞു. പെട്ടന്നാണ് വേറൊരുത്തന്‍ പിന്നില്‍നിന്ന് എന്റെ പിടലിക്ക് അടിച്ചത്. രണ്ടാമത് അടിക്കാനോങ്ങിയ അവന്റെ കൈ മുഹമ്മദാലി തടഞ്ഞു. അവര്‍ നാലഞ്ചുപേര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവിടെനില്‍ക്കുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ ഞങ്ങള്‍ അവിടെനിന്നും മുങ്ങി ആള്‍ക്കൂട്ടത്തില്‍ ലയിച്ചു. അടികൊണ്ടവിവരം ആരോടും പറയരുതെന്ന വ്യവസ്ഥയോടുകൂടി ഞങ്ങള്‍ കമ്പക്കെട്ടുകണ്ടശേഷം ഞാന്‍ എന്റെ ലോഡ്ജിലേക്കും മുഹമ്മദാലി ഹോസ്റ്റലിലേക്കും ശശി അവന്റെ വീട്ടിലേക്കും പോയി.

പൂരംകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അടികൊണ്ടവിവരം കോളജില്‍ പാട്ടായി. എന്റെ നിര്‍ഭാഗ്യത്തിന് മുകളില്‍നിന്ന് ഒരാള്‍ സംഭവം വീക്ഷിക്കുന്നുണ്ടായിരുന്നു. സുവോളജി ക്‌ളാസ്സിലെ കൃഷ്ണകുമാരി സംഭവംനടന്ന കടയുടെ മുകളിലത്തെ നിലയില്‍ നില്‍പുണ്ടായിരുന്നത് ഞങ്ങള്‍ അിറഞ്ഞില്ല. പെണ്‍കുട്ടികള്‍ എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം പെണ്‍കുട്ടികളുടെ ഇടയിലേക്കും ക്രമേണ ആണ്‍കുട്ടികളിലേക്കും വാര്‍ത്ത പരന്നു. കോളജുമാഗസീനിലും മറ്റും ഞാന്‍ കഥകള്‍ എഴുതിയിരുന്നതുകൊണ്ട് എന്നെ അറിയാത്തവര്‍ കോളജില്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് വാര്‍ത്ത ചൂടപ്പംപോലെ ചിലവാകാന്‍ അധികസമയം വേണ്ടിവന്നില്ല.

കേരളവര്‍മ്മയിലെ മൂന്ന് വര്‍ഷങ്ങളായിരുന്നു എന്റെ വിദ്യാഭ്യാസജീവിതത്തിലെ ഏറ്റവുംനല്ല കാലഘട്ടം. അന്നത്തെ എന്റെ സുഹൃത്തുക്കളുമായി ഇന്നും ഞാന്‍ ബന്ധംപുലര്‍ത്തുന്നുണ്ട്. കൃഷണകുമാരി ഗുരുവായൂര്‍ കോളജിലെ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തതിനുശേഷം ഫിലാഡെല്‍ഫിയായിലെ മകളെക്കാണാന്‍ വന്നപ്പോള്‍ എന്നെ വിളിക്കുകയുണ്ടായി. അന്നത്തെ അടിയുടെ വേദന ഇപ്പോഴുമുണ്ടോയെന്ന് ചോദിച്ചു. കേരളവര്‍മ്മ കോളജ് സുന്ദരികളായ പെണ്‍കുട്ടികളാല്‍ അലംകൃതമായ കലാലയമായിരുന്നു. അതിലൊരു സുന്ദരിയായിരുന്നു കൃഷ്ണകുമാരി.

കോളജില്‍നിന്ന് പിരിഞ്ഞതിനുശേഷവും മുഹമ്മദാലിയുമായി കത്തുകളിലൂടെ ഇടക്കിടെ ബന്ധപ്പെട്ടിരുന്നു. രണ്ടായിരത്തി നാലിലാണെന്ന് തോന്നുന്നു നാട്ടില്‍പോയപ്പോള്‍ അവന്റെയൊരു ബുക്കിന്റെ പ്രകാശനം തൃശ്ശൂര്‍ സാഹിത്യ അക്കാഡമിയില്‍വെച്ച് നടക്കുന്നതചടങ്ങില്‍ സംബന്ധിക്കാന്‍ ഞാനും പോയിരുന്നു. അതിന്റെ പിറ്റേന്നാണ് കേരളവര്‍മ്മ ഓള്‍ഡ് സ്റ്റുഡന്‍സിന്റെ സംഘടനയായ ‘സൗഹൃദം’ സംഘടിപ്പിച്ച മീറ്റിങ്ങില്‍ പങ്കെടുത്തതും പഴയ സുഹൃത്തുക്കളെ വീണ്ടും കാണാന്‍ ഇടയായതും. എന്റെ ഫോണ്‍ നമ്പര്‍ കൃഷ്ണകുമാരിക്ക് കൊടുത്തത് അവിടെ വെച്ചാണ്.

ഒരുവര്‍ത്തിനുശേഷം മറ്റൊരു സുഹൃത്തായ സദാനന്ദനെ വിളിച്ചപ്പോളാണ് മുഹമ്മദാലി മരിച്ചവിവരം അറിയുന്നത്. തൃശ്ശൂരിയെ ഒരു ലോഡ്ജില്‍കിടന്ന് വിഷംകഴിച്ച് മരിച്ചെന്നാണ് അവന്‍ പറഞ്ഞത്. എന്തിന് അവനത് ചെയ്‌തെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല. നല്ലൊരു കുടുംബജീവിതമാണ് അവന്റേതെന്ന് അവന്‍തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. പെണ്‍മക്കളെയെല്ലാം കെട്ടിച്ചയച്ചു. രണ്ട് ആണ്‍മക്കള്‍ ഗള്‍ഫില്‍ നല്ലജോലിയിലാണ് എന്നെല്ലാം അവന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനെന്നുള്ളത് കടംകഥയായി അവശേഷിക്കുന്നു.

മുഹമ്മദാലി പുന്നയൂര്‍ക്കുളംകാരനായിരുന്നു. അബ്ദു പുന്നയൂര്‍ക്കുളം എന്നപേര് പത്രത്തില്‍ കണ്ടതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. മുഹമ്മദാലിയെ അറിയുമോയെന്ന് ചോദിച്ചു. അവിടെനിന്നാണ് അബ്ദുവുമായിട്ടുള്ള സൗഹൃദത്തിന്റെ തുടക്കം. പൂരത്തിന് അടിയുണ്ടായപ്പോള്‍ കൂടെയുണ്ടായിരുന്ന ശശിധരന്‍ കേരളമുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോന്റെ അനന്തരവനായിരുന്നു. അവന്‍ പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളജില്‍ ഇംഗ്‌ളീഷ് പ്രൊഫസറായി. സദാനന്ദന്‍ വലിയൊരു പാട്ടുകാരനായിരുന്നു, മധുരമനോഹരമായ ശബ്ദത്തിന്റെ ഉടമ. അവന്‍ സിനിമയില്‍ പിന്നണിഗായകനായിത്തീരുമെന്ന് ഞങ്ങളെല്ലാം വിശ്വസിച്ചു. മറ്റൊരു യേശുദാസെന്നാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ കരുതിയത്. പക്ഷേ, ഒന്നും നടന്നില്ല.

കേരളവര്‍മ്മ കോളജിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും ഇന്നത്തെപ്പോലെ വഷളായിരുന്നില്ല. ഞാനവിടെ പഠിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഒറ്റദിവസമാണ് സമരം നടന്നത്. ഞാനന്ന് കെ എസ് യുവില്‍ പ്രവര്‍ത്തിച്ചിരുന്നു. വി.എം. സുധീരന്‍ സെന്റ് തോമസ് കോളജിലും. സുധീരനുമായി അല്‍പം ഉടക്കേണ്ട സന്ദര്‍ഭം ഉണ്ടായത് ഓര്‍ക്കുന്നു. കോളജുയൂണിയന്‍ ഇലക്ഷന് ഞങ്ങള്‍ കെ എസ് യുക്കാര്‍ ഒരു പാനല്‍ തയ്യാറാക്കി. 

 അന്ന് ജില്ലാ സെക്രട്ടറി ആയിരുന്ന സുധീരന്‍ തന്റെ അടുപ്പക്കാരനായിരുന്ന മറ്റൊരു വ്യക്തിയുടെ പാനല്‍ മത്സരിച്ചാല്‍ മതിയെന്ന് വാശിപിടിച്ചു. അന്നേ കടുംപിടുത്തക്കാരനായിരുന്ന സുധീരനാണ് ഇന്ന് കേരളരാഷ്ട്രീയത്തിലും തന്റെ തനിസ്വഭാവം കാണിക്കുന്നത്. ഞങ്ങള്‍ സുധീരന്റെ വാക്കുകേഴ്ക്കാതെ റിബലായിമത്സരിച്ചു. മറ്റേ വ്യക്തി ഔദ്യോഗിക പാനലിലും. റിസല്‍റ്റ് പ്രഖ്യാപിച്ചപ്പോള്‍ എല്ലാസീറ്റിലും ഞങ്ങള്‍ വിജയിച്ചു. എന്നെ ചെയര്‍മാനായിട്ടും തെരഞ്ഞെടുത്തു. കോളജ് വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയത്തിലുള്ള എന്റെ താല്‍പര്യം ഇല്ലാതായി. പിന്നീട് വടക്കേ ഇന്‍ഡ്യയില്‍ എം ഏക്ക് പോയപ്പോള്‍ പഠിത്തത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. 
തൃശ്ശൂരിന്റെ ഓര്‍മകളില്‍, പൂരത്തിന്റെയും (അടി കൊണ്ടതിന്റെയും) സാം നിലമ്പള്ളില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക