Image

കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന 26-മത് വാര്‍ഷികാഘോഷം

Published on 27 April, 2016
കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
ഏപ്രില്‍ 23 ശനിയാഴ്ച കേരളാ സെന്ററിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികല്‍ക്കും ആഹഌദത്തിന്റെയും ആത്മസംതൃപ്തിയുടെയും ദിനമായിരുന്നു. ഏതാള്‍ക്കൂട്ടത്തിലും ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി സംയമം പാലിച്ചു നില്‍ക്കുന്ന കൂലീനയും ശാലീനയുമായ ഒരു തരുണിയെപ്പോലെ നഗരത്തിന്റെ കോലാഹലങ്ങളില്‍ നിന്നെല്ലാം അകന്നു നിലകൊള്ളുന്ന കേരളാസെന്റര്‍ അതിന്റെ ഇരുപത്തിയാറാം ജന്മദിനമാഘോഷിക്കുന്നു.

കേരളാസെന്റര്‍ ഇന്നു നാം കാണുന്ന രൂപഭംഗിയില്‍ എത്തും മുമ്പ് ഒട്ടനവധി ക്ലേശങ്ങളും ബാലാരിഷ്ടതകളും അതിനു സഹിക്കേണ്ടിവന്നു. അപ്പോഴെല്ലാം ത്യാസന്നദധത കൈമുതലാക്കി പ്രതിസന്ധിയില്‍ തളരാതെ, തകരാതെ ഇതിനെ വളര്‍ത്തിയുയര്‍ത്താന്‍ സഹായിച്ച കുറച്ചുപേര്‍ ഉണ്ടായിരുന്നു. ചിലര്‍ ദിവംഗതരായി. മറ്റു ചിലര്‍ കൃത്യാന്തരങ്ങളില്‍ പെട്ടും കൃതകൃത്യരായും പിന്‍വാങ്ങി. എന്നാല്‍ ഇപ്പോഴും നിഷ്ഠയില്‍ നിന്ന് ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂഗരായിയിരിക്കുന്നവരുണ്ട്. അവരുടെ നിസ്വാര്‍ത്ഥ സേവനം അനുസ്യൂതം തുടരുന്നു എന്നു പറയാന്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

ശനിയാഴ്ച നടന്ന വാര്‍ഷികസമ്മേളനം എല്ലാം കൊണ്ടും മുന്‍ കൊല്ലങ്ങളിലേതിനേക്കാള്‍ ശ്രദ്ധേയവും സ്മരണീയവുമായി. ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം ശ്രീ എബ്രഹാം തോമസ് പതിവുപോലെ സമ്മേളനത്തിന്റെയും കലാപരിപാടികളുടെയും നേതൃത്വവും ഭക്ഷണകാര്യം ട്രസ്റ്റിയംഗം  ജയിംസ് തോട്ടവും ഏറ്റെടുത്ത് പരിപാടികള്‍ വിജയപ്രദമാക്കി.

മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഡോ.സി.ആര്‍. ആനന്ദബോസിന്റെ സാന്നിധ്യം സമ്മേളനം ചിരസ്മരണീയമാകാന്‍ മറ്റൊരു കാരണമായി. ജാഡകളേതുമില്ലാതെ സാധാരണക്കാരനായി കേരളത്തില്‍ നിന്നും വന്ന അദ്ദേഹത്തോടൊപ്പം പത്മശ്രീ പുരസ്‌ക്കാര ജേതാവായ പ്രൊഫ.സോമസുന്ദരനും (കൊളംബിയ യൂണിവേഴ്‌സിറ്റി) ആദ്യന്തം സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

പ്രസിഡന്റ് ശ്രീ തമ്പി തലപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ വൈകീട്ട് 7.30ന് യോഗനടപടികള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ഉപക്രമ പ്രസംഗത്തിനുശേഷം പരിപാടികളുടെ സ്റ്റേജ് അറേഞ്ച്‌മെന്റ് അനൗണ്‍സ്‌മെന്റ് ആദിയായ കാര്യങ്ങള്‍ കുമാരിമാര്‍ മേരി ആന്‍ കോട്ടത്തറ, മറീന ഫിലിപ്പ് എന്നിവര്‍ ഏറ്റെടുത്തു.

കുമാരി ലൊറേന്‍ വട്ടക്കളത്തിന്റെ ദേശീയഗാനാലാപം, കുമാരി ജയ്മി ഏബ്രഹാം പെരുമന്നിശ്ശേരിയുടെ പൂജാ നൃത്തം എന്നിവയ്ക്കുശേഷം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മധു ഭാസ്‌ക്കര്‍ സദസ്സിനെ സ്വാഗതം ചെയ്തു.  

 ഫൗണ്ടര്‍ പ്രസിഡന്റ് ശ്രീ. ഈ.എം.സ്റ്റീഫന്‍ അടുത്തിടെ ദിവംഗതനായ പ്രൊഫ.എം.ടി.ആന്റണിയെ അനുസ്മരിച്ചു അദ്ദേഹത്തിന്റെ  വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആന്റണിമാഷ് സെന്ററിനു വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെയും, മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകളെയും പ്രകീര്‍ത്തിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ് ശ്രീ അലക്‌സ് എസ്തപ്പാന്‍ കാവുപുറത്തിന്റെ ഹ്രസ്വപ്രഭാഷണത്തിൽ  സെന്ററിന്‍രെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനത്തിന്റെ ഒരു സംക്ഷിപ്തരൂപം-യൂത്ത് വിംഗിന്റെ മാനസികവും കായികവുമായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, വര്‍ഷങ്ങളോളം നടത്തിയ മലയാളം ക്ലാസ്സുകള്‍ ആന്റണിച്ചേട്ടന്റെ പ്രിയപത്‌നി ഡോ. തെരേസാ ആന്റണി കൃത്യനിഷ്ഠയോടെ താല്‍പര്യപൂര്‍വ്വം നടത്തുന്ന യോഗാക്ലാസ്, എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി നടത്തുന്ന വിവിധ വിനോദപരിപാടികള്‍- എല്ലാന്റിനെക്കുറിച്ചും പരാമര്‍ശിക്കയുണ്ടായി.

 ഹിന്ദിയിലും മലയാളത്തിലുമുള്ള ലൊറേന്‍ വട്ടക്കുളത്തിന്റെ ഹൃദ്യമായ ഗാനാലാപവും ക്‌നാനായ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങളുടെ ഫോക്ക്ഡാന്‍സ് ആദിയായ മനോഹരങ്ങളായ നൃത്തപരിപാടികളും കലാവിരുന്നായി .

ഡോ.പ്രൊഫ.സോമസുന്ദന്‍ മുഖ്യപ്രഭാഷകന്‍ ഡോ. ആനന്ദ ബോസിനെ സദസ്യര്‍ക്കു പരിചയപ്പെടുത്തി. പ്രശസ്തനും പ്രഗത്ഭനും, ലാളിത്യത്തിന്റെ ആള്‍രൂപവും പ്രസംഗകലയില്‍ നിഷ്ണാതനുമായി മാത്രമല്ല, രണ്ടു ഡസനിലധികം കൃതികളുടെ കര്‍ത്താവുമായ ബോസ് ഔദ്യോഗിക കാര്യനിര്‍വ്വഹണാര്‍ത്ഥം ഇവിടെയെത്തിയതാണ്. അദ്ദേഹത്തെ സെന്ററിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി ലഭിച്ചത് ഭാഗ്യമായിയെന്നു പ്രൊഫ.സോമസുന്ദന്‍ അനുസ്മരിച്ചു.

ആനന്ദബോസിന്റെ പ്രഭാഷണം സോമസുന്ദരം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു. സദസ്യരുടെ ഒന്നടങ്കം മനസ്സും ഒരുപോലെ കയ്യടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സാംസ്‌ക്കാരിക വകുപ്പു സെക്രട്ടറിയായിരുന്ന  അദ്ദേഹം   കവികകളും  കലാകാരന്മാരും  സെനറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ പാസില്ലാതെ കടക്കാനാവാതെ തടഞ്ഞുനിര്‍ത്തപ്പെട്ടതും,  പാലം പണിതുകൊടുത്തിട്ടും അതിന്റെ തണല്‍പറ്റി ആളുകള്‍ അക്കരെയിക്കരെ നീന്തിക്കടക്കുന്നതുമൊക്കെ സരസമായി പറഞ്ഞു സദസ്യരുടെ മനം കവർന്നു.  പ്രസംഗത്തിലുടനീളം സദസ്യര്‍ സ്വയംമറന്ന് ആഹ്ലാദിച്ച അപൂര്‍വ്വ നിമിഷങ്ങള്‍!

ഡോക്ടര്‍ ബോസിന്റെ പുതിയ പുസ്തകം 'പാര്‍പ്പിടം' കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധപ്പെടുത്തിയതിന്റെ പ്രകാശനകര്‍മ്മം നടത്താന്‍ ഭാഗ്യമുണ്ടായതും കേരളാസെന്ററിനാണ്. മുപ്പതില്‍പ്പരം രാജ്യങ്ങളില്‍ പര്യടനം നടത്തി സ്വരുകൂട്ടിയ പഠനം വാസ്തുശില്പകലയ്ക്ക് എങ്ങനെ ഉപയുക്തമാക്കാം എന്ന ക്ലേശകരമായ അന്വേഷണത്തിന്റെ പക്വഫലമാണ് ഈ വിലപ്പെട്ട കൃതി. വാസ്തുകലാപഠിതാക്കള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥവും. 

പ്രൊഫ.സോമസുന്ദരന്‍, സെന്ററിന്റെ ഔദ്യോഗിക ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ശ്രീ തമ്പിക്ക്  കോപ്പി  നല്‍കികൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ആഘോഷകമ്മറ്റി ഭാരവാഹി ശ്രീ. ഏബ്രഹാം തോമസ് യൂത്ത് വിംഗ് ഭാരവാഹികളെ  സ്‌റ്റേജിലേക്ക് ആനയിക്കുകയും അതിഥികളും ബോഡ് ചെയര്‍മാന്‍ മധുഭാസ്‌ക്കറും ചേര്‍ന്ന് ഓരോരുത്തര്‍ക്കും മെഡല്‍ നല്‍കി ആദരിക്കുന്ന ചടങ്ങും മറ്റൊരു അപൂര്‍വ്വ ദൃശ്യമായി.

സെന്ററിന് ആശംസയര്‍പ്പിച്ച സര്‍ഗ്ഗവേദി പ്രസിഡന്റ് ശ്രീ.മനോഹര്‍ തോമസ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി തന്റെ നേതൃത്വത്തില്‍ സെന്ററില്‍ നടന്നു വരുന്ന അക്ഷര സപര്യയെപറ്റി പറഞ്ഞു.  അകലെ സ്റ്റാറ്റന്‍ ഐലന്റ് നിവാസിയായ അദ്ദേഹത്തിന് ഇവിടെയെത്തി തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ കൃത്യാന്തര ബാഹുല്യങ്ങള്‍ തടസ്സമാകുന്നില്ലെന്നും അത് അഭംഗുരും തുടരുന്നതില്‍ സന്തുഷ്ടനാണെന്നും മനോഹര്‍ പറഞ്ഞു. 

സെന്ററിന്റെ ഗാനകോകിലം ജയ്മി എബ്രഹാം ഹിന്ദി ഗാനമാലപിച്ചു. പിന്നീട് ആശംസപ്രശംസയുടെ അവാസന ഊഴം  ഡോ  എന്‍.പി.ഷീലയ്ക്കായിരുന്നു.  സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ണ്ണ-വര്‍ഗ്ഗ-വംശ-ദേശ-ഭാഷകള്‍ക്കതീതമായി കൂടുതല്‍ വിശാലതയിലേക്കും വികാസത്തിലേക്കും ആഴങ്ങളിലേക്കും പരപ്പിലേക്കും ഉന്നതങ്ങളിലേക്കും വ്യാപിക്കട്ടെ എന്നാശംസിച്ചു . ബോസിന്റെ പ്രസംഗകലയിലെ പാടവത്തെ മുക്തകണ്ഠം ശ്ലാഘിക്കയും താന്‍ അദ്ധ്യാപികയാകയാല്‍ നൂറില്‍ നൂറുമാര്‍ക്കും കൊടുക്കുന്നുവെന്നും ഗ്രേസ്മാര്‍ക്കുകൂടി നല്‍കുന്നതില്‍ പിശുക്കു കാണിച്ചത് 'കമലാസന്‍' സൃഷ്ടിയില്‍ ഒന്നിനും പൂര്‍ണ്ണത നല്‍കാത്തതിനാലാണെന്നും കേരളാസെന്ററിന്റെ വകയായി ഒരു ഡോക്ടറേറ്റു കൂടി നല്‍കുന്നതായും പ്രസ്താവിച്ചു.

സെന്ററിന്റെ സെക്രട്ടറി ശ്രീ. ജിമ്മി ജോര്‍ജ്ജ് സദസ്സിനു കൃതജ്ഞത പ്രകാശിപ്പിച്ചു.  ഏകദ്ദേശം 10-30 ന് യോഗം സമംഗളം സമാപിച്ചു.
വായനക്കാരുടെ സൗകരാര്‍ത്ഥം കേരളാ സെന്‍രര്‍ യൂത്ത്വിംഗിന്റെ ഭാരവാഹികളുടെ ലിസ്റ്റ് 
പ്രസിഡന്റ് : ജേക് തോട്ടം, വൈസ് പ്രസിഡന്റ്: ജാസ്മിന്‍ ഊരാളില്‍
സെക്രട്ടറി: നോയല്‍ കുഴിപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി: മറീനാ ഫിലിപ്പ്
ട്രഷറാര്‍: അമൃതാ ഏബ്രഹാം പുല്ലനാപ്പള്ളില്‍
കള്‍ച്ചറല്‍ പ്രോഗ്രാം: ലോറന്‍ വട്ടക്കളം, അനഹ ബാബു
സ്‌പോര്‍ട്‌സ്: മെല്‍വിന്‍ മനങ്കല്‍, അനില്‍ ജോയി പാറാടിയില്‍
ചാരിറ്റി: ജോപ്പന്‍ ടി തോമസ് & നെയില്‍ ചാക്കോ

കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
KC Youth leders 2016
കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
കാല്‍ നൂറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി കേരളാ സെന്ററിന്റെ വര്‍ണപ്പകിട്ടാര്‍ന്ന  26-മത് വാര്‍ഷികാഘോഷം
Dr. Anad Bose's Book Parpidam Being Released in New York at the Kerala Center on April 23, 2016
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക