Image

29ന് ദേശീയ പണിമുടക്കിന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നോട്ടീസ് നല്‍കി

Published on 11 February, 2016
29ന് ദേശീയ പണിമുടക്കിന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നോട്ടീസ് നല്‍കി

തൃശൂര്‍: ഈമാസം 29ന് ദേശീയ പണിമുടക്കിന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നോട്ടീസ് നല്‍കി. കോണ്‍ഫെഡറേഷന്റെ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും ധനലക്ഷ്മി ബാങ്കിലെ സീനിയര്‍ മാനേജരുമായ പി.വി. മോഹനനെ ബാങ്ക് അകാരണമായി പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചും മോഹനനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പണിമുടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മോഹനനെ പിരിച്ചുവിട്ടത്. ധനലക്ഷ്മി ബാങ്കിന്റെ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന 141 കോടി രൂപയുടെ സ്ഥിര നിക്ഷേപ വായ്പാ തട്ടിപ്പ് സംഘടനാ നേതാവ് എന്ന നിലയില്‍ 'വിസില്‍ ബ്‌ളോവര്‍' വ്യവസ്ഥ പ്രകാരം റിസര്‍വ് ബാങ്കിനെ അറിയിച്ചതിലുള്ള പ്രതികാര നടപടിയായിരുന്നു പിരിച്ചുവിടല്‍. ആദ്യം ബാങ്ക് മാനേജ്‌മെന്റിന്‍െ തട്ടിപ്പിന്റെ കാര്യം അറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സംഘടന റിസര്‍വ് ബാങ്കിനെ അറിയിച്ചത്. തട്ടിപ്പിന്റെ പേരില്‍ സി.ബി.ഐയും മുംബൈ പൊലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ചേര്‍ന്ന് മുന്‍ ഡയറക്ടര്‍ ശ്രീകാന്ത് റെഡ്ഢിയെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിനെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.

മോഹനനെ പിരിച്ചുവിട്ടതിനെതിരെ കോണ്‍ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ 33 ദിവസം പണിമുടക്കിയിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം പിരിച്ചുവിടല്‍ മരവിപ്പിച്ചെങ്കിലും രണ്ട് മാസത്തിനു ശേഷം ഇരു വിഭാഗവും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന ധാരണ ബാങ്ക് മാനേജ്‌മെന്റ് ഏകപക്ഷീയമായി ലംഘിച്ചു. ഒരു തവണ പോലും സംഘടനയുമായി ചര്‍ച്ച നടന്നിട്ടില്ല. മാത്രമല്ല, മോഹനന് ഇക്കാലം വരെ ശമ്പളമോ ശമ്പള പരിഷ്‌കാര ആനുകൂല്യമോ നല്‍കിയിട്ടില്ല. അദ്ദേഹത്തെ ബാങ്കില്‍ പ്രവേശിപ്പിക്കുന്നുമില്ല. കഴിഞ്ഞമാസം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് വിളിച്ചെങ്കിലും ബാങ്ക് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. മോഹനന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിക്ക് ബാങ്ക് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍, അദ്ദേഹത്തിനെതിരെ പ്രത്യേകിച്ച് കുറ്റമൊന്നും കണ്ടത്തെിയിട്ടില്‌ളെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മോഹനനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബി.എം.എസ് ഒഴിച്ചുള്ള ട്രേഡ് യൂനിയനുകളും മറ്റ് പൊതു സംഘടനകളും ഉള്‍പ്പെട്ട സമര സഹായ സമിതി കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലാണ്. അടുത്തമാസം 31ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയാണ് മോഹനന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക