Image

വനിതാ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ നൈജീരിയയില്‍ 58 പേര്‍ കൊല്ലപ്പെട്ടു

Published on 11 February, 2016
വനിതാ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ നൈജീരിയയില്‍ 58 പേര്‍ കൊല്ലപ്പെട്ടു
മെയ്ദുഗുരി: വനിതാ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ നൈജീരിയയില്‍ 58 പേര്‍ കൊല്ലപ്പെട്ടു. ബൊക്കോഹറാം ഭീകര സംഘടനയുടെ ആക്രമണത്തില്‍ ഭവനരഹിതരായവരുടെ ക്യാമ്പിലാണ് സ്‌ഫോട­നു­മു­ണ്ടാ­യ­ത്. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാന തലസ്ഥാനമായ മെയ്ദുഗുരിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ദിക്വയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞാഴ്ച നൈജീരിയന്‍ സൈന്യം ബൊക്കോഹറാമിന്റെ ശക്തികേന്ദ്രങ്ങള്‍ അക്രമിച്ചതിന്റെ പകവീട്ടലാണ് ഈ ആക്രമണം എന്നാണ് കരുതുന്നത്.

ആക്രമണം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഘടനയ്‌ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കലാപത്തിനിടയില്‍ തട്ടികൊണ്ടുപോയ ആളുകളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. വീടു നഷ്ടപ്പെട്ട് അഭയാര്‍ത്ഥകളായി കഴിയുന്ന ജനങ്ങളോട് ആക്രമണം അഴിച്ചുവിടുന്ന ഹൃദയമില്ലാത്ത തീവ്രവാദികളുടെ പ്രവര്‍ത്തിയില്‍ അപലപിക്കുന്നതായി വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബാജോ പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് കണ്ടെത്തും. ക്യാമ്പിനും പരിസരപ്രദേശങ്ങളിലും ശക്തമായ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 53,600ഓളം പേര്‍ അഭയാര്‍ത്ഥികളായുള്ള ക്യാമ്പില്‍ നിന്ന് 35 മൃതദേഹങ്ങള്‍ കണ്ടെത്തി. ആക്രമണത്തില്‍ 78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക