Image

പ്രൈമറി പോരാട്ടം നെവാഡയിലേയ്ക്കും സൗത്ത് കരോലിനയിലേയ്ക്കും (ഏബ്രഹാം തോമസ്)

Published on 11 February, 2016
പ്രൈമറി പോരാട്ടം നെവാഡയിലേയ്ക്കും സൗത്ത് കരോലിനയിലേയ്ക്കും (ഏബ്രഹാം തോമസ്)
അയോവയിലെ കോക്കസുകളും ന്യൂഹാംപ്‌ഷെയറിലെ പ്രൈമറിയും കഴിഞ്ഞപ്പോഴും മത്സര രംഗം അവ്യക്തമാണ്. തുറന്ന പോരാട്ടങ്ങള്‍ക്ക് കളം ഒരുങ്ങിയിരിക്കുകയാണ്. ഫ്രെബ്രുവരി 20 ന് നെവാഡയില്‍ ഡെമോക്രാറ്റിക് കോക്കസുകള്‍ നടക്കും. അതേ ദിവസം സൗത്ത് കരോലിനയില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയും ഉണ്ടാവും പ്രചരണ സംഘങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ തമ്പടിച്ച് കോലാഹലം സൃഷ്ടിക്കുകയാണ് ഇപ്പോള്‍. വ്യാഴാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സില്‍ –മില്‍വോക്കിയില്‍ ഡെമോക്രാറ്റിക് ഡിബേറ്റും ശനിയാഴ്ച സിബിഎസ് ന്യൂസില്‍ റിപ്പബ്ലിക്കന്‍ ഡിബേറ്റും ഉണ്ടാവും. രാത്രി 8 മണിക്ക് ഗ്രീന്‍വില്ലിലെ പീസ് സെന്ററിലാണ് ഈ വാഗ്വാദം നടക്കുക.

ന്യൂഹാംപ് ഷെയറിലെ ഫലത്തിന്റെ വിശദമായ വിശകലനം തുടരുകയാണ്. വോട്ടര്‍മാര്‍ മുമ്പെങ്ങും കാണാത്ത ആവേശത്തോടെ പോളിങ് സ്റ്റേഷനുകളില്‍ എത്തി ചരിത്രം സൃഷ്ടിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളില്‍ മുന്നില്‍ നിന്ന ബേണി സാന്‍ഡേഴ്‌സിനു 60% വോട്ടുകള്‍ നല്‍കി. ശേഷിച്ച വോട്ടുകളില്‍ 39 % പാര്‍ട്ടിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും നല്‍കി. ഒന്നാം സ്ഥാനത്തെത്തിയ ബേണിക്ക് സംസ്ഥാനത്തിന്റെ ഭൂരിപക്ഷം പ്രതിനിധികളെയും ലഭിക്കും. എന്നാല്‍ സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കിയ ഹിലരിക്ക് ഇതുവരെ 392 പ്രതിനിധികളെ സ്വന്തമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അയോവയില്‍ നിന്നും ന്യൂഹാംഷെയറില്‍ നിന്നും ബേണിക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത് 42 പ്രതിനിധികളെ മാത്രമാണ്. പാര്‍ട്ടി ഭരണ സംവിധാനത്തില്‍ നിന്ന് വ്യക്തമായ പിന്തുണ ലഭിച്ചിട്ടില്ലാത്ത ബേണിക്ക് സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍ ബേണിക്ക് ജന പിന്തുണ ശക്തമായി ഉണ്ടായേക്കും എന്ന സൂചനയാണ് പ്രൈമറി ഫലം നല്‍കുന്നത്. ബേണിക്ക് പുരുഷന്മാരുടെയും 45 വയസില്‍ താഴെയുളളവരുടേയും സ്വതന്ത്രരുടെയും സ്ത്രീകളുടെയും (നേരിയ മാര്‍ജിന്) ഭൂരിപക്ഷ വോട്ടുകള്‍ ലഭിച്ചതായാണ് വിശകലനം. 65 വയസിന് മുകളിലുളളവരിലും 2 ലക്ഷം ഡോളറില്‍ അധികം വാര്‍ഷിക വരുമാനം ഉളളവരിലും ഭൂരിപക്ഷം പേര്‍ ഹിലരിക്ക് വോട്ടു ചെയ്താതായാണ് കണ്ടെത്തല്‍. 10 ല്‍ 3 വോട്ടര്‍മാര്‍ തങ്ങളുടെ മൂല്യങ്ങള്‍ ബേണിയില്‍ കണ്ടെത്തിയപ്പോള്‍ 10 ല്‍ ഒരു സമ്മതിദായകനാണ് ഹിലരി തന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതായി അനുഭവപ്പെട്ടത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഡൊണാള്‍ഡ് ട്രംമ്പ് 35 % വോട്ടുകള്‍ നേടിയപ്പോള്‍ പിന്നിലെത്തിയ ജോണ്‍ കേസിക്കിന് 16 %, ടെഡ് ക്രൂസിന് 12% ജെബ് ബുഷിനും മാര്‍കോ റൂബിയോയ്ക്കും 11% വീതം എന്നിങ്ങനെയാണ് അന്തിമഫലം. അഭയാര്‍ത്ഥികളായി എത്തുന്ന മുസ്ലീങ്ങളെകുറിച്ച് ഡൊണാള്‍ഡിന്റെ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ വോട്ടറന്മാരില്‍ 3 ല്‍ 2 പേരും പൗരന്മാരല്ലാത്ത മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് താല്ക്കാലികമായി തടയണമെന്ന അഭിപ്രായക്കാരാണെന്ന് എക്‌സിറ്റ് പോളുകള്‍ കണ്ടെത്തി.

പ്രൈമറിയില്‍ വോട്ടു ചെയ്ത റിപ്പബ്ലിക്കനുകളില്‍ 10 ല്‍ 9 പേരും ഭരണ യന്ത്രത്തോട് അതൃപ്തി രേഖപ്പെടുത്തി എന്നാണ് സര്‍വ്വേകള്‍ പറയുന്നത്. പകുതിയോളം ഒരു അകത്തളക്കാരന്‍ അമരത്തെത്തുന്നതില്‍ അസഹിഷ്ണുതയുളളവരാണ്. ഇവരുടെ ശക്തനായ ആരാധ്യ പുരുഷന്‍ ഡൊണാള്‍ഡാണ്. ഡെമോക്രാറ്റുകളില്‍ പകുതിയും ഗണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. മറ്റൊരു 10 % ന് ഇക്കാര്യത്തില്‍ രോഷവുമുണ്ട് 25% പേര്‍ എസ്റ്റാബ്ലിഷ്‌മെന്റിന് പുറത്തു നിന്നൊരാള്‍ പ്രസിഡന്റായി വരണമെന്ന് ആഗ്രഹിക്കുന്നു.

റിപ്പബ്ലിക്കന്‍ വോട്ടറന്മാരില്‍ 75 % വും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ക്കുറിച്ച് വ്യാകുലരാണ്. 60 % പേര്‍ തീവ്രവാദത്തെക്കുറിച്ചും ആശങ്കപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക