Image

യൂറോപ്പ് – വര്‍ത്തമാനകാല ദുരന്തം-ഏബ്രഹാം നടുവത്ര

ഏബ്രഹാം നടുവത്ര Published on 11 February, 2016
യൂറോപ്പ് – വര്‍ത്തമാനകാല ദുരന്തം-ഏബ്രഹാം നടുവത്ര
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ട അഭയാര്‍ത്ഥി പ്രവാഹമാണ് ലോകം ഇപ്പോള്‍ കാണുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ പലായനം മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുകയാണ്. ദിവസേന ആയിരത്തിലധികം അഭയാര്‍ത്ഥികള്‍ യു.കെ., ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഇരച്ചു കയറുകയും അവരെ ഈ രാജ്യങ്ങള്‍ രണ്ട്‌കൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അഭയാര്‍ത്ഥികള്‍ക്ക് വിസയും മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കി അവരെ പുനരധിവസിപ്പിക്കുമ്പോള്‍, കാരുണ്യത്തിന്റെ വലിയ മൂല്യങ്ങളാണ് ഈ രാജ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പക്ഷേ, അനിയന്ത്രിതമായ രീതിയില്‍, ക്രമാതീതമായി എത്തുന്ന ഈ അഭയാര്‍ത്ഥികളെ, പരിശോധന കൂടാതെ രാജ്യത്തിന്റെ കഴിവിനതീതമായി സ്വീകരിക്കുമ്പോള്‍ രാജ്യത്തിന്റെ കെട്ടുറപ്പിനു ക്ഷതം സംഭവിക്കുന്നു എന്ന സത്യം അവര്‍ തിരിച്ചറിയുന്നുമില്ല. 

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്.)

ഈ അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ആദ്യ തിരിച്ചടി കഴിഞ്ഞ ദിവസം നാം വാര്‍ത്തയിലൂടെ തിരിച്ചറിഞ്ഞു. 2015 നവംബര്‍ 13 ലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പാരീസ് ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. സിറിയയില്‍ പിറന്ന്, ഇറാഖിലൂടെ പന്തലിച്ച,് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടരാന്‍ ശ്രമിക്കുന്ന സംഘടനയായ ഐ.എസിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ കീഴിലുള്ള സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്റെ തലവനാണ് ബാഗ്ദാദി. എന്നാല്‍ ചുമതലകള്‍ വിഭജിച്ചു നല്‍കുന്ന ഭരണരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അബു മുസ്‌ലീം തുര്‍ക്ക്മാനി, അബു അന്‍ബാരി എന്നിങ്ങനെ രണ്ട് ഉപ മേധാവികള്‍, 12 ഗവര്‍ണ്ണര്‍മാര്‍, നയരൂപവല്‍ക്കരണ തീരുമാനമെടുക്കാന്‍ ശൂര കൗണ്‍സില്‍, ഓരോ മേഖലയ്ക്കും ഓരോ സുരക്ഷാ കമാന്‍ഡര്‍,  സുരക്ഷ, വിദ്യാഭ്യാസം, സേവനങ്ങള്‍ എന്നീ പ്രകാരം ഐ.എസിന്റെ ഭരണ സംവിധാനം ക്രമപ്പെടുത്തിയിരിക്കുന്നു. ഐ.എസ് നിയന്ത്രിത മേഖലകളില്‍ ജീവിക്കുന്ന ഇറാഖികളും സിറിയക്കാരും മാത്രം 80 ലക്ഷം വരും. 30 രാജ്യങ്ങളിലെ അറുപതോളം ഭീകര സംഘടനകളുടെ പിന്തുണ ഐ.എസിനുണ്ട്. 

ആക്രമണ തന്ത്രം
 
ഇസ്‌ലാമിക്ക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടനയുടെ ആക്രമണ തന്ത്രം അതിനൂതനമാണ്; ദുരൂഹവുമാണ്. അതാത് രാജ്യത്തില്‍ നിന്നുള്ളവരെ തെരഞ്ഞെടുത്ത്, പരിശീലനം നല്‍കി ആ രാജ്യത്തിനെതിരായി പ്രയോഗിക്കുന്ന ശൈലിയാണ് അവര്‍ സ്വീകരിച്ചുവരുന്നത്. എല്ലാ ആക്രമണങ്ങളും ബാഗ്ദാദി ഉള്‍പ്പെടെയുള്ളവരുടെ അനുമതി വാങ്ങണമെന്നില്ല. ബാഗ്ദാദി സൂചന നല്‍കും. മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ദൗത്യം നടത്തും. 25000 വിദേശ പോരാളികള്‍ ഐ.എസിനുണ്ട്. കൂടുതലായും ഓണ്‍ലൈന്‍ വഴി. ഇന്റര്‍നെറ്റിലൂടെ ഐ.എസിന്റെ വീഡിയോ, ചിത്രങ്ങള്‍, പ്രസ്താവന തുടങ്ങിയവ പ്രചരിപ്പിക്കും. ഇതില്‍ ആകൃഷ്ടരായവരെ കണ്ടെത്തി നിയമിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോയി പരിശീലനം നല്‍കി സംഘടനയില്‍ ചേര്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   

തലവെട്ടല്‍, വെടിവച്ചുകൊല്ലല്‍, ജീവനോടെ കത്തിക്കല്‍, കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വലിച്ചെറിയല്‍, ബുള്‍ഡോസറിനടിയിലാക്കല്‍, പട്ടിണിക്കിട്ട് കൊല്ലല്‍ തുടങ്ങിയവയാണ് ഐ.എസിന്റെ കൊലപാതക രീതികള്‍. യൂറോപ്പിലേയ്ക്കും മറ്റ് മേഖലകളിലേയ്ക്കും ആളുകള്‍ രക്ഷപെടാന്‍ തിടുക്കം കൂട്ടുന്നതിനു കാരണമിതാണെന്ന് ഇറാഖിനായുള്ള യു.എന്‍.അസിസ്റ്റന്റ് മിഷനും ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസും വ്യക്തമാക്കി. ഐ.എസ്. ഭീകരര്‍ ഉദ്ദേശം 3500 പേരെ ഇറാഖില്‍ തടവുകാരാക്കിയിട്ടുണ്ടെന്നും ഇവരിലേറെയും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും ഇവരെ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതായും അറിയിച്ചു. യുദ്ധമുന്നണിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ച 20 സ്വന്തം പോരാളികളെപ്പോലും  ശരിഅത്ത് കോടതി മുന്‍പാകെ ഹൃസ്വവിചാരണയ്ക്ക് വിധേയരാക്കി, രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞദിവസം പരസ്യമായി കഴുത്തറുത്ത് കൊന്നു.   

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭീകര സംഘടനയായ ഐ.എസിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം എണ്ണ കള്ളക്കടത്താണ്. 2015ല്‍ മാത്രം എണ്ണയില്‍ നിന്ന് ഐഎസ് 50 കോടി ഡോളറോളം സമ്പാദിച്ചു. ഇറാക്കിലും സിറിയയിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ എണ്ണപ്പാടങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍, മോഷ്ടിച്ച പുരാവസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം, കവര്‍ച്ച എന്നിവയും പണം സ്വരൂപിക്കുന്ന മാര്‍ഗങ്ങളാണ്. ഈ ധനമെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു. മിക്ക ഘടകങ്ങളും പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായിട്ടാണ്. എങ്കിലും ചിലപ്പോള്‍ കേന്ദ്ര ഘടകത്തിന്റെ സാമ്പത്തിക സഹായവും ഉണ്ടാകും. ഐ.എസ്. നിയന്ത്രിത മേഖലകളില്‍ സ്വന്തം നാണയ വ്യവസ്ഥയാണുള്ളത്. 
യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളെന്ന വ്യാജേന നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നു. ഈ പ്രവണത വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരാനാണ് സാധ്യത. അഞ്ച് വര്‍ഷമായി നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ സിറിയയില്‍ ഇതുവരെ രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തുനിന്ന് പാലായനം ചെയ്ത് യൂറോപ്പില്‍ അഭയം തേടിയവര്‍ ഒരു കോടിയാണ്. പാരിസ് ആക്രമണത്തില്‍ യൂറോപ്പില്‍ നിന്നുള്ളവരെത്തന്നെയാണ് ഉപയോഗിച്ചത്. പ്രത്യേകിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ. എട്ട് പേര്‍ നേരിട്ട് പങ്കെടുത്ത പാരിസ് ആക്രമണത്തിന് 50000 ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ)ചെലവായെന്നാണ് കണക്ക്. പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് ചെലവും വര്‍ധിക്കും. 

ബെല്‍ജിയം: യൂറോപ്പിലെ തീവ്രവാദകേന്ദ്രം

സമാധാനപ്രിയരായ, ജനനിബിഡമല്ലാത്ത ഒരു സമ്പന്നരാഷ്ട്രമാണ് ബല്‍ജിയം. അതിന്ന് യൂറോപ്പിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റം, മതവിദ്വേഷം, സാമ്പത്തികമായ അസന്തുലിതാവസ്ഥ, ദാരിദ്ര്യം, പാര്‍ശ്വവല്‍ക്കരണം ഇവയാണ് ഇവിടെ തീവ്രവാദം വളരുന്നതിനുള്ള മുഖ്യകാരണങ്ങള്‍. സിറിയയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്  ഏറ്റവുമധികം ചെറുപ്പക്കാരെത്തുന്നതും  ബല്‍ജിയത്തില്‍നിന്നാണ്.  

ബ്രിട്ടന്റെ ഭാവി
 
കഴിഞ്ഞ ആറ് മാസക്കാലം യുകെ യില്‍ സന്ദര്‍ശനത്തിലായിരുന്ന എനിക്ക് ബ്രിട്ടന്റെ ഭാവിയില്‍ ആശങ്ക ഏറെയുണ്ട്. കാരണങ്ങള്‍ നിരവധിയാണ്. അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം, ഇവര്‍ക്ക് നല്‍കേണ്ടിവരുന്ന ആനുകൂല്യങ്ങള്‍ വരുത്തി വയ്ക്കുന്ന സാമ്പത്തിക ബാധ്യതകള്‍, നിലവിലുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍, രാജ്യത്തിന്റെ പ്രതീക്ഷയായ യുവജനങ്ങളുടെ വഴിപിഴച്ച പോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ ബ്രിട്ടനെ പിടിച്ചു കുലുക്കുന്നു. 

അഭയാര്‍ത്ഥികളുടെ ആധിക്യം മൂലം ജനങ്ങളില്‍ അസ്വസ്ഥത സംജാതമായിക്കൊണ്ടിരിക്കുന്നു. ഗര്‍ഭിണികളായെത്തുന്നവര്‍ക്കും യുകെയില്‍ വന്നതിനു ശേഷവും ഇവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചുകഴിയുമ്പോള്‍ ഗവണ്‍മെന്റില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍  ഇവര്‍ ദുരുപയോഗപ്പെടുത്തുകയാണ് പതിവ്. തൊഴിലില്ലായ്മ വേതനവും മറ്റ് ആനുകൂല്യങ്ങളും വാങ്ങി ഇവരുടെ സ്വന്തം നാടുകളില്‍ പോയി അടിച്ച് പൊളിച്ച് പോക്കറ്റ് കാലിയാക്കി വീണ്ടും തിരിച്ചുവരുന്നു.

 ഇവരുള്‍പ്പെടെ നിലവിലുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ക്കെല്ലാം നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ കണക്കെടുത്താല്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള ചികില്‍സാ സൗജന്യം, ഒരു വര്‍ഷത്തെ പ്രസവാവധി, പഠനത്തിന് നല്‍കുന്ന ഫീസ് ഇളവ്, അവിഹിത ഗര്‍ഭമുള്‍പ്പെടെ വിവാഹമോചനം നേടുന്നവര്‍ക്കും കുട്ടികളുണ്ടായാല്‍ ഗവര്‍മെന്റ് നല്‍കുന്ന ഗ്രാന്റ്, ആകര്‍ഷകമായ തൊഴിലില്ലായ്മാവേതനം എന്നിവ യുവാക്കളെ അലസന്‍മാരാക്കുന്നു. ഇവര്‍ ഉപരി പഠനത്തിന് താല്‍പര്യം കാണിക്കാതെ തൊഴിലില്ലായ്മാ വേതനമായി ലഭിക്കുന്ന തുക ധൂര്‍ത്തടിച്ച് സുഖലോലുപന്‍മാരായി കഴിയുന്നു. 

പ്രായംചെന്നവര്‍ക്കുള്ള ചികില്‍സയും ശുശ്രൂഷയും ഗവണ്‍മെന്റിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്ന ഒന്നാണ്. യു.കെ.യിലെ ഏതാണ്ട് എല്ലാ നേഴ്‌സിംഗ് ഹോമുകളിലെയും പ്രായംചെന്ന അന്തേവാസികളില്‍ 80 ശതമാനം പേര്‍ക്കും ചികില്‍സാ ചെലവുകള്‍ ഗവണ്‍മെന്റാണ് വഹിക്കുന്നത്.  

ബ്രിട്ടനെ തകര്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സാമൂഹ്യ പ്രശ്‌നമാണ്. ശിഥിലമായ കുടുംബ ബന്ധങ്ങളാണധികവും. വിവാഹത്തിനുശേഷം അധികനാള്‍ കഴിയുന്നതിനു മുന്‍പേ വിവാഹമോചനം നേടുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാര്‍, ഇവര്‍ക്ക് ജനിക്കുന്ന കുട്ടികളെ വൈകാരികമായും സാമൂഹ്യമായും സാമ്പത്തികമായും തളര്‍ത്തുന്ന പുനര്‍ വിവാഹങ്ങള്‍, ഇത്തരം പ്രതികൂലമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന ഈ കുട്ടികളുടെ ഭാവി ഇരുള്‍ നിറഞ്ഞതുതന്നെയായിരിക്കും. വളരെ ചെറുപ്പത്തില്‍ തന്നെ ഇവര്‍ പുകവലി, മദ്യപാനം, മയക്കുമരുന്ന്, വ്യഭിചാരം തുടങ്ങിയ ദുര്‍വൃത്തികളിലേയ്ക്ക് വഴുതി വീഴുന്നു. പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമുറ ഒരിക്കലും പ്രയോഗിക്കാറില്ല. ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ധാരാളമായുണ്ട്. പക്ഷേ മാനസാന്തരം പ്രതീക്ഷിക്കേണ്ടതില്ല.  

ആത്മീയതലത്തിലുള്ള ഒരു മാനസാന്തരം പ്രതീക്ഷിക്കാനാവില്ല. കാരണം ആധുനിക ജീവിത ശൈലിയാല്‍, ക്രിസ്തീയ ദേവാലയങ്ങളിലെ യുവാക്കളുടെ പ്രാതിനിധ്യം വളരെ കുറഞ്ഞു. കത്തോലിക്കാ ദേവാലയങ്ങളില്‍ ഞായറാഴ്ചകളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് അറുപത് വയസ് കഴിഞ്ഞവരെയാണ്. വേദപാഠ ക്‌ളാസുകളില്‍ കുട്ടികളുടെ ശുഷ്‌കമായ പ്രാതിനിധ്യമാണ് മിക്ക പള്ളികളിലും ഉണ്ടായിരുന്നത്. നിരവധി പഴയ ദേവാലയങ്ങളും അംഗങ്ങളില്ലാത്തതിനാല്‍ നിത്യച്ചെലവിനു മാര്‍ഗമില്ലാതെ പൂട്ടിക്കഴിഞ്ഞു. ആ കെട്ടിടങ്ങളില്‍ പലതും ഇപ്പോള്‍ ക്‌ളബ് ആയിട്ടും ഓഡിറ്റോറിയമായിട്ടും മാറിയ കാഴ്ചയും നേരില്‍ കണ്ടു.  ഏക ആശ്വാസം കരിസ്മാറ്റിക് ധ്യാനഹോളുകളിലെ മലയാളി സാന്നിധ്യമാണ്. അടുത്തകാലത്തായി യു.കെ.യില്‍ പല ഇടങ്ങളിലും നടത്തിവരുന്ന കരിസ്മാറ്റിക് ധ്യാനങ്ങളില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കാണാന്‍ കഴിഞ്ഞു. 

ആറ് മാസത്തെ സന്ദര്‍ശനം കഴിഞ്ഞ് 2015 നവംബര്‍ പത്തിന് യു.കെ. യില്‍ നിന്ന്് ദുബായിലേയ്ക്ക് യാത്രയായപ്പോള്‍ ബ്രിട്ടന്റെയും യൂറോപ്പിന്റെയും സാമ്പത്തിക, സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റത്തില്‍ വല്ലാത്ത ഉല്‍ക്കണ്ഠയും നൊമ്പരവും അനുഭവപ്പെട്ടു.

ഏബ്രഹാം നടുവത്ര
Mob: 00919446777738

Courtsey: Harlin Gambhir, Researcher, Institute for the Study of War., 
Institute for Economics and Peace., UN Asstt. Mission & Human Rights. 


യൂറോപ്പ് – വര്‍ത്തമാനകാല ദുരന്തം-ഏബ്രഹാം നടുവത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക