Image

മുഖ്യമന്ത്രിയുടെ അഭിഭാഷകന് സോളാര്‍ കമീഷന്റെ വിമര്‍ശം

Published on 10 February, 2016
മുഖ്യമന്ത്രിയുടെ അഭിഭാഷകന് സോളാര്‍ കമീഷന്റെ വിമര്‍ശം
കൊച്ചി: സരിതയെ തേജോവധം ചെയ്യാനുളള ശ്രമമാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ നടത്തുന്നതെന്ന് സോളാര്‍ കമീഷന്റെ വിമര്‍ശം. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എസ്.ശ്രീകുമാറിനെയാണ് സോളാര്‍ കമീഷന്‍ വിമര്‍ശിച്ചത്. ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യും പോലെ സരിതയെ ചോദ്യം ചെയ്യരുതെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു. അനാവശ്യചോദ്യങ്ങള്‍ ആര് ചോദിച്ചാലും കമീഷന്‍ രേഖപ്പെടുത്തില്ല. 14 മണിക്കൂര്‍ കമീഷനില്‍ മുഖ്യമന്ത്രി ഇരുന്നത് വലിയ കാര്യമല്ല. സരിതയുടെ മറ്റ് കേസുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അനുവദിക്കില്ല. അക്കാര്യങ്ങള്‍ കമീഷന്റെ അന്വേഷണ വിഷയമല്ലെന്നും ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകനെ ഓര്‍മിപ്പിച്ചു.

സരിതയെ എന്തുംപറയാന്‍ കമീഷന്‍ അനുവദിക്കുകയാണെന്ന് അഡ്വ.ശ്രീകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചവരെ കമീഷന്‍ വിലക്കിയിട്ടില്ല. ഇത്തരത്തിലാണെങ്കില്‍ ക്രോസിങ് ഉപേക്ഷിക്കണമെന്നും ശ്രീകുമാര്‍ വാദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയോട് ആരും അനാവശ്യ ചോദ്യം ചോദിച്ചില്ലെന്ന് കമീഷന്‍ പറഞ്ഞു. കമീഷന്‍ ആന്റ് എന്‍ക്വയറീസ് ആക്ടിലെ 8ബി പ്രകാരമേ ക്രോസിങ് മാത്രമേ നടത്താന്‍ പാടുളളൂ എന്ന് സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണി ആവശ്യപ്പെട്ടു

ഇന്നലെ മുതല്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകനാണ് സരിതയെ ക്രോസ് വിസ്താരം നടത്തുന്നത്. ഇതിന് ശേഷം സര്‍ക്കാരിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും അഭിഭാഷകരടക്കം അഞ്ചോളം പേര്‍ ഇനിയും സരിതയെ വിസ്തരിക്കാനുണ്ട്. ശ്രീധരന്‍ നായര്‍ നല്‍കിയ പണം മുഖ്യമന്ത്രിക്ക് കൈമാറി എന്ന് വിസ്താരത്തിനിടെ സരിത പറഞ്ഞിരുന്നു. ഒരു കോടി 90 ലക്ഷം നല്‍കിയെന്ന മൊഴിയില്‍ സരിത ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഇന്നും തുടര്‍ന്നേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക