Image

കാല­ഭേ­ദ­ങ്ങളും ഭാഷാ­നി­യ­മ­ങ്ങളും (ജോണ്‍ മാത്യു)

Published on 08 February, 2016
കാല­ഭേ­ദ­ങ്ങളും ഭാഷാ­നി­യ­മ­ങ്ങളും (ജോണ്‍ മാത്യു)
എന്തൊരു തുടക്കം? കാലാ­വ­സ്ഥയും ഭാഷാ­നി­യ­മ­ങ്ങ­ളു­മായി ബന്ധമോ? അതു­ത­ന്നെ­യാണ് കേവലം ഭ്രാന്ത­മെന്ന് തോന്നി­ക്കുന്ന ഈ ലേഖ­ന­ത്തിന്റെ വിഷ­യം.

ഇന്ന് ഇതെ­ഴു­തു­മ്പോള്‍ ജനു­വ­രി­മാസം അവ­സാ­നത്തെ ആഴ്ച. വിന്റ­റിന്റെ പിന്മാ­റ­ലോ­ടു­ചേര്‍ന്ന് ഏതു നിമി­ഷ­ത്തിലും ഒരു കനത്ത പ്രഹരം ഇനിയും പ്രതീ­ക്ഷി­ക്കാ­വു­ന്ന­താണ്. പക്ഷേ, ഈ വര്‍ഷം ധ്രുവ­ക്കാ­റ്റു­ക­ളുടെ തീവ്രത തട­യ­പ്പെ­ട്ടി­രി­ക്കു­ന്നു. ഈ പ്രതി­ഭാ­സ­ത്തിനു അറി­ഞ്ഞു­കൊ­ണ്ടോ, അതോ അറി­യാ­തെയോ അല്ലെ­ങ്കില്‍ കാലാ­വ­സ്ഥ­യില്‍വ­രുന്ന ഏറ്റ­ക്കു­റ­ച്ചി­ലു­കള്‍ക്ക് "എല്‍ നീനോ' എന്ന പേരും കൊടു­ത്തി­രി­ക്കു­ന്നു. പാവം "എല്‍ നീനോ', പാവം ആണ്‍കുട്ടി. എന്നും പൊതു­ജ­ന­മ­ദ്ധ്യ­ത്തി­ലേക്ക് ചാടി­യി­റ­ങ്ങേ­ണ്ടത് ആണ്‍കു­ട്ടി­ക­ളാ­ണ­ല്ലോ. "ലാ നീനോ'ക്ക് ഈ ഭാര­മൊന്നും ഏറ്റെ­ടു­ക്കേ­ണ്ട, പാര­മ്പ­ര്യ­മ­നു­സ­രിച്ച് പെണ്‍കുട്ടി അട­ങ്ങി­യൊ­തുങ്ങി ജീവി­ച്ചാല്‍ മതി.

ഹൂസ്റ്റ­നിലെ ശീത­കാ­ല­ത്തിന്റെ പ്രത്യേ­ക­ത­യാ­യി­രുന്നു ലേഖനം തുട­ങ്ങു­മ്പോള്‍ മന­സ്സില്‍. ശിശിരം മുതല്‍ ശീതം­വരെ ഇപ്പോള്‍ ഏതാനും മാസ­ങ്ങള്‍ കഴി­ഞ്ഞി­രി­ക്കു­ന്നു. നിദ്രാ­വ­സ്ഥ­യില്‍ ആയി­രി­ക്കുന്ന ഇല­കള്‍ കാലാ­വ­സ്ഥയെ അഭി­മു­ഖീ­ക­രി­ക്കാനും പിന്നീടു ചത്തു­വീ­ഴാ­നു­മുള്ള തയ്യാ­റെ­ടു­പ്പി­ലാ­ണ്. ഇനിയും താപ­നില ഉയര്‍ന്നാല്‍ പഴയ ഇല­കളെ അവ­ഗ­ണിച്ച് തളി­രു­കള്‍ പൊട്ടി­വി­ട­രു­ക­യാ­യി, പൂമൊ­ട്ടു­കള്‍ വിട­രാന്‍ വെമ്പു­ക­യാ­യി. അപ്പോ­ഴാണ് ഓര്‍ക്കാ­പ്പു­റത്ത് ഒരു ധ്രുവ­ക്കാ­റ്റ്. വസ­ന്ത­ത്തിന്റെ തുട­ക്ക­മാ­ണെ­ന്നോര്‍ത്ത് പറ­ന്നെ­ത്തിയ കിളി­കള്‍ക്ക് സ്ഥല­കാ­ല­ബോധം നശി­ക്കു­ന്നു. ഇതി­നി­ട­യി­ലാണ് വട­ക്കന്‍ പ്രദേ­ശ­ങ്ങ­ളില്‍ രണ്ടോ മൂന്നോ അടി കന­ത്തില്‍ മഞ്ഞു­വീ­ഴ്ച­യും, മറ്റു ചില­ടത്ത് അപ്ര­തീ­ക്ഷിത മഴ­യും. ഇതി­നു­ത്ത­ര­വാദി ആരെന്ന ചോദ്യ­ത്തി­നു­ത്ത­ര­മാണ് "ആണ്‍കു­ട്ടി.'

കാലാ­വ­സ്ഥ­യുടെ ചര്‍ച്ച­യില്‍നിന്ന് നമുക്ക് ഭാഷ­യിലെ "ജെന്‍ഡറി'ലേക്ക് കട­ക്കാം. മല­യാ­ളവും ഇംഗ്ലീഷും മാത്രം വശ­മു­ള്ള­വര്‍ വ്യാക­ര­ണ­ത്തിലെ "സ്ത്രീലിം­ഗ­-­പു­ല്ലിംഗ പ്രയോ­ഗ­ങ്ങള്‍ അത്ര ശ്രദ്ധി­ക്കാ­റി­ല്ല. "നാമ'ത്തിലു­ണ്ടാ­കുന്ന ലിംഗ­വ്യ­ത്യാസം പല­പ്പോഴും "ക്രിയ'യെ ബാധി­ക്കാ­റു­മി­ല്ല. കവി­ത­യിലോ ഗാന­ങ്ങ­ളിലോ "വന്നാന്‍' "വന്നാള്‍' പ്രയോ­ഗ­ങ്ങള്‍ എപ്പോ­ഴെ­ങ്കിലും കണ്ടാ­ലാ­യി. ചില ഭാഷ­ക­ളില്‍ നാമ­ത്തിനു കല്പി­ച്ചു­കൊ­ടു­ത്തി­രി­ക്കുന്ന ലിംഗ­ഭേ­ദ­മ­നു­സ­രിച്ച് ക്രിയയും രൂപ­പ്പെ­ടു­ത്തേ­ണ്ട­താ­യു­ണ്ട്.

മല­യാ­ളി­കള്‍ ഹിന്ദി­ഭാഷ പഠി­ക്കു­മ്പോ­ഴത്തെ ഒരു കീറാ­മു­ട്ടി­യാണ് ഈ ജന്‍ഡെര്‍ പ്രശ്‌നം. എനി­ക്കൊരു സുഹൃ­ത്തു­ണ്ടാ­യി­രുന്നു: രാമ­കൃ­ഷ്ണന്‍. ഇംഗ്ലീഷ് ഒന്നാം­ത­ര­മായി കൈകാര്യം ചെയ്യുന്ന അദ്ദേ­ഹ­ത്തിന് ഹിന്ദി കഷ്ടി. ബസു­കേ­റാന്‍ കാത്തു­നി­ല്ക്കു­മ്പോള്‍ പറഞ്ഞുപഠി­ച്ചു­വെ­ച്ചി­രുന്ന ഹിന്ദി മറ­ന്നു. "ബസ്' എന്ന നാം സ്ത്രീലിം­ഗമോ പുല്ലിം­ഗമോ? കൂടെ­ച്ചേര്‍ക്കേ­ണ്ടത് "രഹ'യോ "രഹി'യോ. അടു­ത്തു­നിന്ന മനു­ഷ്യ­നോട് ഇംഗ്ലീ­ഷില്‍ ചോദി­ച്ചു­വത്രേ: "എക്‌സ്യൂസ് മീ സര്‍, ഈസ് ദിസ് ബസ് എ മാന്‍ ഓര്‍ വുമണ്‍?'

ലാറ്റിന്‍ പാര­മ്പ­ര്യ­മുള്ള ഭാഷ­കള്‍ക്കും ഈ പ്രശ്‌ന­മു­ണ്ട­ത്രേ. ഫ്രഞ്ചില്‍ നമുക്ക് ഏറ്റവും പരി­ചി­ത­മായ വാക്കാണ് Les Misarable. ‘Les’ ന്യൂട്ടര്‍ ജന്‍ഡെര്‍ സൂചി­പ്പി­ക്കു­ന്ന­താ­ണ്. ഘല പുല്ലിംഗവും ഘമ സ്ത്രീലി­ഗ­വും. അതേ­സ­മയം ഇംഗ്ലീ­ഷില്‍ എത്രയോ സൗക­ര്യം. ഒരൊറ്റ "ദ' കൊണ്ട് പ്രത്യേ­കത സൂചി­പ്പി­ക്കു­ന്നു.

പറ­ഞ്ഞു­വ­ന്നത് സ്പാനീഷ് വാക്കായ ആണ്‍കു­ട്ടി­യെ­പ്പ­റ്റി­യാ­യി­രു­ന്ന­ല്ലോ. "എല്‍ നീനോ.' ഇനിയും "ലാ നീനോ' എന്ന പെണ്‍കു­ട്ടി­യും. ഇവ തെക്കേ അമേ­രി­ക്ക­യുടെ ഫസ­ഫിക്ക് തീര­ത്തുള്ള കട­ലൊ­ഴു­ക്കു­കള്‍. ഇതില്‍ "എല്‍നിനോ'യാണ് തീരം­പ­റ്റി­യൊ­ഴുകി വടക്കേ അമേ­രി­ക്ക­യുടെ കാലാ­വ­സ്ഥയെ നിയ­ന്ത്രി­ക്കു­ന്ന­ത്. വരള്‍ച്ചയും മഴയും ശീതവും മഞ്ഞും അതെ­ന്താ­യാലും ഉത്ത­ര­വാദി ഈ ആണ്‍കു­ട്ടി­യാ­ണ­ത്രേ. അതു­കൊ­ണ്ടാണ് ഞാന്‍ നേരത്തെ വിശേ­ഷി­പ്പി­ച്ചത് "പാവം ആണ്‍കുട്ടി'യെന്ന്.

ഇതെല്ലാം വെറും നിരീ­ക്ഷ­ണ­ങ്ങള്‍! കാല­വ­സ്ഥ­യു­ടെയും വ്യാക­ര­ണ­ത്തി­ന്റെയും ശാസ്ത്ര­ങ്ങ­ളി­ലുള്ള എന്റെ അറിവ് വട്ട­പൂ­ജ്യം. അതു­കൊണ്ട് ഞങ്ങള്‍ക്ക് ഹൂസ്റ്റ­നില്‍ തണു­ത്തു­റ­ച്ചു­പോ­കുന്ന ദിന­ങ്ങള്‍ ഇല്ലെ­ന്ന­തിന്റെ ഉത്ത­ര­വാ­ദിത്തം "എല്‍ നീനോ'യുടെ തോളില്‍ വെച്ചു­കെ­ട്ടു­ന്നി­ല്ല, പകരം ബാക്ക്‌യാര്‍ഡിലെ ചെറു­ചൂ­ടില്‍ ഒരു കസേര വലി­ച്ചിട്ട് ഇരി­ക്കാ­നാണ് ഏറെ താല്പര്യം; തളി­ര­ല­ക­ളെയും പൂമൊ­ട്ടു­ക­ളെയും കാത്ത്, വിത്തു­കള്‍ മുള­ക്കു­ന്നതും കാത്ത്, തേന്‍നു­കരും കുരു­വി­കള്‍ മട­ങ്ങി­യെ­ത്തു­ന്നതും കാത്ത്!
കാല­ഭേ­ദ­ങ്ങളും ഭാഷാ­നി­യ­മ­ങ്ങളും (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക